Sunday, December 30, 2007

ഞാന്‍ വീണ്ടും വരും

കയറിവരുമ്പോള്‍
കാഴ്ചയുടെ തുമ്പത്ത്‌
ശവക്കൂനകള്‍ക്കു മേലേനാട്ടിയ
കുരിശുപോലെ
പഴയതിനെക്കാള്‍ പഴയതായ
ഒരുപള്ളി

'അരാജകവാദികളുടെ
രാജാവേ
നിന്റെ രാജ്യം വരേണമേ
സ്വര്‍ഗത്തിലും
ഭൂമിയിലെപ്പോലെ
നരകം വരേണമേ'

പ്രാര്‍ഥിച്ചിറങ്ങുമ്പോള്‍
പടവുകള്‍ക്കു കീഴേ
പഴയൊരു കാര്‍
കാത്തുകിടന്നിരുന്നു

അവള്‍ ചിരിച്ചു:
'ഉപേക്ഷിക്കപ്പെട്ടതാണ്‌
പ്രേതങ്ങളാണ്‌
മറിച്ചുവില്‍ക്കാന്‍
ബുദ്ധിമുട്ടായിരിക്കും'

പള്ളിവാങ്ങണമെന്നു തോന്നിയില്ല
അവനെ വാങ്ങാനാണ്‌ വന്നത്‌

വീടുപേക്ഷിച്ച്‌
ഓടിപ്പോയിരിക്കുന്നു
കുരിശുകളുടെ ആശാരി
ഭീരു.

Sunday, December 23, 2007

വൃത്തി

മരിച്ചവരുടെ ഓര്‍മകള്‍,
ആശുപത്രി മാലിന്യങ്ങള്‍
ദരിദ്രരുടെ പര്യമ്പുറങ്ങളില്‍
കൊണ്ടുചെന്നു തട്ടുന്ന
നഗരസഭാ ജീവനക്കാരന്റെ അശ്രദ്ധയോടെ,
ആരോ തൂത്തുവാരിയെടുക്കുന്നുണ്ട്‌.

നേരേ
കടല്‍നോക്കി
നടന്നുപോകുന്നുണ്ട്‌

അമ്മയുടെ മുലകള്‍ക്കിടയിലെ
സൂര്യോദയം
ഒന്നാം ക്ലാസിലെ രണ്ടാമത്തെ ബുക്കിന്റെ
മൂന്നാമത്തെ പേജിലെ നാലു കാക്കകള്‍,
മുഷ്ടിയില്‍ നിന്ന്‌
തിരിച്ചുപോയ ഗോട്ടികള്‍, ലങ്കോട്ടികള്‍
നൂറുനൂറായിരം മഴകള്‍
മഴപ്പാറ്റകള്‍, കുടകള്‍
കൂവലുകള്‍
കൈവെള്ളയിലെ
ലിംഗത്തിന്റെ രേഖാചിത്രം
പിണങ്ങിപ്പോകലുകള്‍
മടങ്ങിപ്പോകായ്മകള്‍
മറ്റുള്ളവരുടെ മരണങ്ങള്‍
ഉറ്റവരുടെ പ്രേതങ്ങള്‍.

മരിച്ചവരുടെ ഓര്‍മകള്‍,
ആരും സ്നേഹിക്കാനില്ലാത്തവരുടെ
ഉറക്കം ഞെട്ടലുകള്‍ പോലെ
മേതില്‍ രാധാകൃഷ്ണന്റെ
പഴുതാരയെപ്പോലെ,
ജീവിച്ചിരിക്കുന്നവരുടെ താരയിലേക്ക്‌
ഇന്ത്യന്‍ ഭരണഘടന ഭേദിച്ച്‌
കടന്നു വരുന്നു

മരിക്കാത്തവരുടെ ഓര്‍മകളിലേക്ക്‌
കയറിപ്പോകുന്നു
ഓര്‍മകളുടെ ഓര്‍മയായി തിരിച്ചെത്തുന്നു.

കടല്‍ കാണാനെത്തിയവര്‍ക്കൊപ്പം
ഒഴിഞ്ഞകൂടയുമായി
ഒരു നഗരസഭാ ജിവനക്കാരനും
തിരിച്ചുപോകുന്നു.

Saturday, December 15, 2007

വേറേതോ നഗരത്തിലിരുന്ന് പഴയകാലത്തിന്റെ കഞ്ചാവുബീഡികള്‍ വലിക്കുന്നവര്‍ക്കിടയില്‍, ആളൊഴിഞ്ഞ പ്ലാറ്റ്ഫോമുകള്‍ കാട്ടുന്നത് എന്തത്ഭുതമാണ് ?



പതിവുപോലെ
മദ്യശാലതന്നെ ഇപ്പോഴും
ഓര്‍മ കട്ടപിടിച്ചു നില്‍ക്കുന്ന
ചിരിതന്നെ ഇപ്പോഴും
പഴയതുപോലെ തന്നെ എല്ലാം

കുടിക്കുന്നു
ചിരിക്കുന്നു
പറയാതെ പോകുന്നു പലതും

അവസാനത്തെ ട്രയിന്‍ പോയതിനു ശേഷം, കുട കണ്ടുപിടിക്കുന്നതിനു മുമ്പത്തെ മഴപോലെ, ആരും വെല്ലുവിളിക്കാനില്ലാതെ ആരെയും വെല്ലുവിളിക്കാനില്ലാതെ അതിവിദൂരമായ എന്തിനെയോ നോക്കിച്ചിരിച്ച്‌, ഞാനൊരു ഒഴിഞ്ഞ പെപ്സി ടിന്‍ പ്ലാറ്റ്ഫോമില്‍ നിന്നും താഴേക്ക്‌ തട്ടിയിട്ടു,
ഏതോ പടിഞ്ഞാറന്‍ പാട്ടുകാരനെ അനുകരിച്ചു

നീ പോയത്‌ എന്നെ വേദനിപ്പിക്കുന്നില്ല
എല്ലാം പഴയതുപോലെ എന്നയറിവ്‌
സന്തോഷിപ്പിക്കുന്നില്ല
നീ പോയപ്പോള്‍ ഞാനാണു പോയതെന്ന്‌
ഞാന്‍ പറയില്ല
നമ്മള്‍ കുടിച്ചുതീര്‍ത്ത രാത്രികള്‍ നാളെകളെ മുറിച്ചുകടക്കാനുള്ള ഒറ്റത്തടിപ്പാലമാണെന്ന്‌ ഞാന്‍ പറയില്ല

'എനിക്കു പുല്ലാണെ'ന്ന്‌ നീ പറയുമെന്ന്‌ എനിക്കറിയാം അതുകൊണ്ടാണ്‌ ഞാന്‍ ഒന്നും പറയാത്തതും

പറയാന്‍ മറന്ന ഒരു തമാശ, നമ്മുടെ ഭൂതകാലത്തെ സാധൂകരിക്കുന്നത്‌:

"നീ പോയതിനു ശേഷം ഞാന്‍ തിരിച്ചെത്തുമ്പോള്‍, ഒരുവന്‍, കൂട്ടുകാരനായ ഒരുവന്‍, കക്കൂസിലിരുന്ന്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിക്കുന്നു, കമ്പിപ്പുസ്തകങ്ങള്‍ അവനു മടുത്തുവത്രെ, സ്വയംഭോഗത്തിന്‌ സാധ്യത കൂടുതലുണ്ടത്രെ!!!!!"

ആരൊക്കെയോ മരിക്കുന്നുണ്ട്‌, മറക്കുന്നുമുണ്ട്‌.

Wednesday, December 5, 2007

സീറോ പോയിന്റില്‍ ഗൃഹാതുരത്വം

ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ
ഹസ്തരേഖവായിച്ച്‌
രണ്ടു കണ്ണുകള്‍.
എന്തു പറഞ്ഞാണ്‌
ഇവനെ ഭയപ്പെടുത്തുക.
ആരുടെ അസാന്നിധ്യമാണ്‌
ഇവന്റെ ഏകാന്തത

----------

നിരീശ്വരന്റെ
ആത്മാവു തുളച്ച്‌
വൈദ്യുത കമ്പിയിലൂടെ
ദൈവത്തെ കാത്തിരിക്കുന്നവന്‍
ഓര്‍മ തെറ്റുന്നതിനിടയില്‍
സംശയാലുവായേക്കും.

ആ കത്ത്‌ അവള്‍ക്കു തന്നെ
കിട്ടിയിരുന്നെങ്കില്‍
എന്റെ മാന്യത
എത്ര നിര്‍ലജ്ജമായേനേ
എന്ന്‌ നാണിക്കുന്നതിനിടയിലും
ഒറ്റ മഴ എല്ലാ മഴകളും
സെപ്റ്റിക്‌ ടാങ്കിലൂടെ
ആദ്യകാമുകിയിലേക്ക്‌
കടലാസുവഞ്ചിയാകുമെന്ന്‌
ഈശ്വരന്‍ പോലും
സംശയാലുവായേക്കും.

ഈശ്വരനും നിരീശ്വരനുമിടയില്‍
ഗൃഹാതുരത്വമല്ലാതെ
മറ്റെന്താണ്‌ ഗണ്‍പോയിന്റില്‍?

--------

ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ
ഭാവിയെക്കുറിച്ച്‌
എന്താണു പറയാനുള്ളത്‌.
ഇന്നത്തെ അന്നം
ഇവന്റെ കയ്യില്‍
കൊടുത്തയച്ചത്‌
ഏതു പൊട്ടന്‍ തെയ്യമാണ്‌?