Pages

Friday, February 29, 2008

കടല്‍

ഇത്രനേരം
നോക്കിയിരുന്നാല്‍
വീട്ടിലേക്ക് കൂട്ടുപോരും

അത്രവലിയൊരു
അതിഥിക്ക്
വിരുന്നൊരുക്കാന്‍

ഏതു മത്സ്യമാണ്
നിന്റെ അക്വേറിയത്തില്‍?

Wednesday, February 20, 2008

അവരൊരുമിച്ച്‌ പോകുകയും കേള്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു?

ചേമ്പിലത്തുമ്പത്ത്‌
കാറ്റിനെക്കാള്‍ വേഗമേറിയ
ഒരോര്‍മയുടെ പച്ചപോലെ
പമ്പരം താളത്തില്‍
കറങ്ങിത്തിരിഞ്ഞ്‌
ഒരേയൊരു പാവാടയുടെ
വൃത്തമൗനത്തില്‍
ഒരു പെണ്‍കുട്ടി:

എവിടെപ്പോകുന്നു?

ചെമ്മണ്ണുപാതയില്‍
പരിണാമവേദനയുടെ പൂജ്യം
നീളത്തില്‍ പായിച്ച്‌
ഭൂമിയെക്കാള്‍ നഗ്നനായി
പെണ്‍കുട്ടിയെക്കാള്‍ വേഗത്തില്‍
കടലുതൊട്ട്‌ തിരിച്ചുവന്ന്‌
പാറയില്‍ മുഖമമര്‍ത്തി
രാത്രിയെക്കാള്‍ വെളുത്തവനായ
ഒരു ആണ്‍കുട്ടി:

എന്തു കേള്‍ക്കുന്നു?

കടലില്‍ നിന്നും തിരിച്ചുവരുന്നവര്‍
കൊതുമ്പുവള്ളങ്ങളില്‍ നിന്ന്‌
കപ്പലുകള്‍ ഇറക്കിവെച്ച്‌ മടങ്ങുന്നതില്‍
കൗതുകം കുരുങ്ങാതെ
മട്ടുപ്പാവിന്റെ മുകളില്‍ നിന്ന്‌
നഗരം കാണുന്നു.

ആരും വന്നുപോകാത്തതിനാല്‍
'പണ്ട്‌ വഴിയായിരുന്നു'
എന്ന്‌ ഖേദിച്ച്‌
കരിയിലകള്‍ക്കടിയില്‍
ചുരുണ്ടുകൂടിക്കിടക്കുന്ന
പ്രണയത്തെ ഓര്‍ക്കുന്നു.

Thursday, February 7, 2008

ആമരമീമരം

തലയില്‍ പച്ചത്തലപ്പിന്‍
കുട്ടയുമായി
ഒരുവള്‍
നിന്നു കുണുങ്ങുന്നു.
ഏതു കാലത്തില്‍ നിന്ന്‌
ഏതു കാലത്തിലേക്ക്‌
ചരക്കു കടത്തുന്നതിനിടയില്‍
ഇവള്‍ ഉറഞ്ഞുപോയി?
ഏതോര്‍മയില്‍ നിന്ന്‌
ഏതോര്‍മയിലേക്ക്‌
അരക്കെട്ടിളക്കുന്നതിനിടയില്‍
എന്നെന്നേക്കും സംഗീതമായി?

തലയില്‍
ചുമടുമായി നീ
നഗ്നയായി നീ
ചൂളംകുത്തുമ്പോള്‍
തണല്‍ത്തോര്‍ച്ചയില്‍
എന്റെ ബോധിസത്വന്‍
എങ്ങനെ ശാന്തനായുറങ്ങും?

കോഫിഹൗസ്‌

വിപ്ലവത്തിനു മിനുട്ടുകള്‍ക്കു മുമ്പ്‌
പാരീസിലെ ചെറുപ്പക്കാര്‍
ചെയ്തതിന്റെ ഓര്‍മയില്‍
കോഫിഹൗസുകളില്‍ ഞങ്ങള്‍.
ജാലകത്തിലൂടെ കടന്നുവരുന്നൂ
തെരുവ്‌, രീതികളില്‍ നിറയുന്ന ജീവിതം.

ഏറെ സംസാരിച്ച്‌
അധികം തര്‍ക്കിച്ച്‌
ഉത്തരങ്ങളില്ലാതെ
ഞങ്ങള്‍ ഇറങ്ങിനടക്കുന്നു-
ജാലകത്തിനു പുറത്തെ തെരുവിലേക്ക്‌,
രീതികളിലെ ജീവിതത്തിലേക്ക്‌.

വിപ്ലവത്തിനു മിനുട്ടുകള്‍ക്കു മുമ്പ്‌
കോഫിഹൗസുകളില്‍ ഇരിക്കാന്‍
ഞങ്ങള്‍ക്ക്‌ കഴിഞ്ഞതേയില്ല.
കോഫിഹൗസുകള്‍ക്ക്‌ പുറത്ത്‌
അരാജകവാദികളുടെ കമ്യൂണ്‍
ഞങ്ങള്‍ക്കായി പണികഴിക്കപ്പെട്ടില്ല.

അതുകൊണ്ട്‌,
പാരീസിലെ ചെറുപ്പക്കാരെക്കാള്‍
മോശമാണ്‌ ഞങ്ങളെന്ന്‌ വരുമോ?

Monday, February 4, 2008

മഴയില്‍ ഒരുവന്‍

വീടു നഷ്ടപ്പെട്ടവന്റെ
ആകുലതകളിലേക്ക്‌
തെരുവ്‌
ഒരു വഴിയാത്രക്കാരനായി
കടന്നുവരും.

എത്ര നടന്നാലും ചെന്നെത്തുകില്ല
ഇനിയുമേറെയുണ്ടെല്ലോ എന്ന്‌
ഓരോ ദുരന്തവും ഓര്‍മിപ്പിക്കും.

രതിയും പ്രണയവും
വിയര്‍ത്തു തുടങ്ങുമ്പോഴെല്ലാം
സത്രങ്ങളും റസ്റ്റോറന്റുകളും
മോഹിപ്പിക്കും.
കടലും കവിതയും കേട്ടിരുന്നാലും
ഉള്ളില്‍, പിരിഞ്ഞുപോന്ന
വസന്തത്തിന്റെ കരിയിലകള്‍
പൊടിയാതെ കിടക്കും.

എന്നിട്ടും,
കയറിനിന്നിട്ടേയില്ല
ഒരു കടത്തിണ്ണയിലും
ഇതേവരെ.

കുടപിടിച്ച്‌ വേനല്‍ക്കാലം
നടന്നു പോകുന്നത്‌ കാണണം
ഓരോ മഴയിലും.