Sunday, March 21, 2010

ഒളിവുകാലങ്ങളില്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്നു

വസന്തം തുടങ്ങുന്നു

അടച്ചു തുറക്കുമ്പോള്‍ എല്ലായ്പ്പോഴും കൃത്യമായ സമയം കാണിക്കുന്ന ഈ കമ്പ്യൂട്ടര്‍ ആരെയും ഭയപ്പെടുത്തേണ്ടതാണ്. ഒരേയളവില്‍ ഒരേ കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച് കഴിച്ചുകൂട്ടുന്നവ പലപ്പോഴും ഭയപ്പെടുത്തുന്ന പലതിനെയും കുറിച്ചുള്ള ഭയമാണ് എന്ന ആമുഖം അടച്ചു തുറക്കുമ്പോള്‍ എല്ലാവരുടെയും സമയം കാണിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉണ്ട് എന്നത് രാത്രിപോലെ അവ്യക്തമായി തുടരേണ്ട കാര്യമെന്താണ്? ഇത്രവിശാലമായ ഭാവനയുടെ സഹായത്തോടെ ജീവിച്ചിരിക്കുന്ന നമുക്കെല്ലാം നമ്മുടേതു മാത്രമായ സമയങ്ങള്‍ ഇല്ല എന്നത് ക്രൂരമാണ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വാങ്ങിയിരുന്ന കളിവാച്ചുകള്‍ നമ്മുടെ പലരുടേയും കുട്ടിക്കാലത്തെ മഞ്ഞയിലും കടും പച്ചയിലും രസിപ്പിച്ചത് അത്രവേഗം മറക്കുന്നതെന്തിനാണ്? സുജാതയുടെ വാച്ചില്‍ എല്ലായ്പ്പോഴും നാലരയായിരുന്നു. എന്റെതില്‍ അര്‍ധരാത്രിയും. ഇരുസമാന്തര രേഖകള്‍ എന്നൊരിക്കലും ഞങ്ങള്‍ക്ക് കള്ളം പറയേണ്ടി വന്നിരുന്നില്ല.

ബോംബയില്‍ നിന്നും റയ്ബാന്‍ ഗ്ലാസിലൊളിച്ചിരുന്ന് അവധിക്കാലങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്ന അമ്മാവന്മാരോ കഷണ്ടി കയറിയ മറ്റ് ബന്ധുക്കളോ അയല്‍വാസികളോ ഉണ്ടായിരുന്നിരിക്കണമെല്ലോ നമുക്കെല്ലാം. അവരിലൊരാള്‍ ആദ്യമായി, സ്റ്റീലിന്റെ കെട്ടുവള്ളിയുള്ള ആ വാച്ച് കയ്യില്‍ കെട്ടിത്തന്ന ദിവസം ഓര്‍മയുണ്ടോ? കളിയിടങ്ങളിലേക്കും പൊന്തക്കാടുകളുടെ പിന്‍വശത്തേക്കും കൃത്യസമയമുള്ള കൈത്തണ്ടയുമായി നമ്മളില്‍ നിന്നെല്ലാവരില്‍ നിന്നും ഓടിയിറങ്ങിപ്പോയ സുജാതയെയും എന്നെയും ഓര്‍മയുണ്ടോ? ആദ്യത്തെ ഒറ്റുകാര്‍ അവരാണ്, സുജാതയും ഞാനും. അത്ര ഗൂഢമായ ഒരാലോചന കൂട്ടുകാരെകാട്ടി ആളായത് ഞങ്ങളാണ്. കൃത്യസമയത്ത് തിരിച്ചു പോകാന്‍ തിരുവല്ലയിലോ, ആലുവയിലോ കൊച്ചുവേളിയിലോ തിവണ്ടികാത്തു നില്‍ക്കുന്ന ആ അമ്മാവന്‍ ഇല്ലാത്ത ഒന്നിന്റെ പേരില്‍ അഹങ്കാരപ്പെടുവാന്‍ നടത്തുന്ന ദൈന്യശ്രമം, അന്നുമുതല്‍ നമ്മുടെയെല്ലാം കൈത്തണ്ടയില്‍.

ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തലകുടയുന്നു. ഇല്ല ഇല്ല ഇല്ല ഉണരാതിരിക്കില്ല

വസന്തം

ഒളിച്ചിരുന്നാണ് ഇതെഴുതുന്നത്. രാത്രികളിലേക്ക് പകലുകളും പകലുകളിലേക്ക് രാത്രികളും വരുന്നു, പോകുന്നു. നിറയെ വള്ളിപ്പടര്‍പ്പുകളുള്ള കുറ്റിക്കാടുകളില്‍ നിന്നും അണ്ണാന്‍പൊത്തുകളില്‍ നിന്നും ആത്മഹത്യാശ്രമങ്ങളില്‍ നിന്നും വരുന്നു, പോകുന്നു. പെട്ടന്ന് ഒരു മഴ ചാറുന്നു. ചെറുവെയിലില പൊഴിയുന്നു. നിന്നെ കാണാന്‍ തോന്നുന്നു എന്നെഴുതി വയ്ക്കുന്നു. ഏത് സമയത്ത്, എവിടെ വരും എന്ന ചോദ്യത്തിന് പിറകിലൊളിക്കുന്നു. ഒളിച്ചിരുന്നാണ് നമ്മളെല്ലാവരും ഇതെഴുതുന്നത്.

ടെറസുകളില്‍ ക്രിക്കറ്റു കളിക്കുന്നവരെ നോക്കിയിരിക്കുന്നു, സായന്തനങ്ങളില്‍ നമ്മുടെ ആകാശം. പെട്ടന്ന് ആരിലോ പഴയ ഉത്സവപ്പറമ്പുകള്‍ ഉണരുന്നു. പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധമുള്ള അര്‍ഥരാത്രിയില്‍ ഗാനമേള കേള്‍ക്കാന്‍ കുന്തിച്ചിരുന്നവരില്‍ നിന്നൊരാള്‍ എല്ലാവരെയും മറന്ന് കാലുകളില്‍ നിന്ന് മുകളിലേക്ക് ഇളകുന്നു. ടെറസുകളുടെ വിശാലതയ്ക്കുമേലേ ഒരു പന്ത് പറന്നു പോകുന്നു. നമ്മുടെ സൂര്യന്‍ താണുതാണു പോകുന്നു. കടലിലാരോ ഒരു പന്ത് തിരയുന്നു. പല നിറങ്ങളില്‍ ഉലയുന്നു നിന്റെ പാവാട. പഴയ മുറികളില്‍ നിന്നിഴഞ്ഞിറങ്ങി വരുന്നു ടാറുപാകിയ നിരത്തുകളിലേക്ക് പല്ലികള്‍, പഴുതാരകള്‍, കാട്ടുപൂവിന്‍ പാട്ടുകള്‍. നമ്മളെ മണത്തു നോക്കുന്നു. നമ്മളില്‍ നിന്ന് നമ്മളിലേക്ക് വരുന്നു, പോകുന്നു.

എല്ലാം ശരിയാകുമെന്ന് തോന്നിത്തുടങ്ങുന്നു. അതിനിടയില്‍ നിന്നെയോര്‍ക്കുന്നു. നിന്നെ കാണാന്‍ തോന്നുന്നു. നീ, മറ്റൊരു കാലം. ചലിക്കാത്ത രഹസ്യം. ആരിലും ഒരിക്കലും വളര്‍ന്നിട്ടേയില്ലാത്ത ആറ്റിറമ്പിന്റെ നീല. നിന്നെ കാണാന്‍ തോന്നുന്നു. നിന്നിലൂടെ കാണാന്‍ തോന്നുന്നു. ഹോ, രോമാഞ്ചം തുടങ്ങുന്നു.

വസന്തത്തിന് ദേഷ്യം വരുന്നു

ജനലിലൂടെ നോക്കുമ്പോള്‍, ദൂരെയേതോ കുന്ന്, രാത്രിയില്‍ തീ പിടിച്ച ശരീരവുമായി കുതറിയോടുന്നു. പന്തംകൊളുത്തി നൃത്തംചെയുന്ന നാടോടികള്‍ ജനലിലൂടെ കടന്നു വരുന്നു. അടഞ്ഞു കിടക്കുന്ന മറ്റൊരു ജനല് തുറന്നു നോക്കുമ്പോള്‍ വേറേതോ സിനിമ, തെങ്ങിന്‍ തുഞ്ചത്ത് കാറ്റിനൊപ്പം ചിറകിളക്കുന്ന പരുന്തുകള്‍ എന്നൊമറ്റോ പതിഞ്ഞ താളത്തില്‍‍. കാറ്റ് വെള്ളം പോലെ നിറയുന്നു. മുറി ഒഴുകി നീങ്ങുന്നു. നീന്തല്‍ പഠിക്കുന്നു. വേരുകളിലൊരു പന്ത് തടയുന്നു.

ഇത്ര തിരക്കിട്ട് ഏത് യുദ്ധകാലത്തിലേക്കാണ് എന്ന ചോദ്യം എത്രകാലമായി ചോദിക്കുന്നു, മറ്റെന്തെങ്കിലും ചെയ്തുകൂടേ എന്നു ചോദിക്കുന്നു. ജനാലകളിലൊരു പരുന്ത് ചിറകുചിക്കുന്നു. കുറേനേരമായി അവിടെത്തന്നെയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും നോക്കുന്നു. വെയിലിലകള്‍ പെറുക്കിക്കൂട്ടി അനേകായിരം മഞ്ഞപ്പാവാടകള്‍ കുന്നിന്‍മുകളിലൂടെ നടന്നു പോകുന്നു.

പഴയ വാച്ചുകള്‍ റിപ്പയറു ചെയ്യുന്ന കടയടച്ച് സുജാതയും ഞാനും ഞങ്ങളിലേക്ക് മടങ്ങുന്നു.

Monday, March 1, 2010

പ്രളയത്തിനുമീതേ പൊങ്ങുതടികള്‍ കാക്കകള്‍

ഒരു നിലയുള്ള വീട്ടില്‍ നിന്നും ആയിരത്തൊന്ന് നിലകളുള്ള വീട്ടിലേക്ക് കയറി താമസിച്ചതിന്റെ അന്നുമുതല്‍, എത്രകാലത്തേക്ക് സഹിക്കാന്‍ കഴിയും 'എത്ര ഉയരത്തില്‍ പറക്കാന്‍ കഴിയും എനിക്ക്, കാക്കകള്‍ക്ക്' എന്ന ചോദ്യത്തെ?

അലട്ടലൊഴിഞ്ഞിട്ട് പോകാന്‍ കഴിയില്ല എങ്ങും എന്നായപ്പോള്‍, കഥപറഞ്ഞുപറഞ്ഞ് ഉറങ്ങിപ്പോയവളെ അവിടത്തന്നെയുപേക്ഷിച്ച് ആയിരത്തിരണ്ട്, മൂന്ന് എന്നിങ്ങനെ വീണ്ടും പണിതുതുടങ്ങി, നിലകള്‍

പണിതുപണിത് എണ്ണം തെറ്റി
ജലമോഹം വെടിഞ്ഞ് തലകീഴ്
ധ്യാനത്തില്‍ നമുക്കുചുറ്റും,
വേരുകള്‍

ഇപ്പോള്‍ സൂര്യനെ ഞരമ്പിലെക്കടല്‍ കാട്ടിക്കൊടുക്കാം. മേഘങ്ങളില്‍ മേയാനിറങ്ങുന്ന ദൈവങ്ങളെ നടുവിരലുയര്‍ത്തിക്കാട്ടാം. അനന്തവും അജ്ഞാതവും വര്‍ണനീയമായ അവസ്ഥയില്‍ പറക്കാന്‍ കഴിയാത്ത കൈവിരിപ്പില്‍ ഒതുക്കത്തോടെ, വളരെ വളരെ മുകളില്‍.

കാക്കകള്‍, അതിനും മുകളില്‍, കാക്കകള്‍
പ്രളയത്തിനുമീതേ
പൊങ്ങുതടികള്‍, കാക്കകള്‍

തലയ്ക്കുമീതെ, തലേവരയ്ക്കു മീതെയൊരു
ഒറ്റയാന്‍ പരുന്തിനെ കൂട്ടംചേര്‍ന്ന്
തുരുത്തുന്നു, ഉറക്കത്തില്‍ കാക്കകള്‍
തോറ്റുപോയ ദൈവത്തിന്റെ അസ്വാസ്ഥ്യം
എണ്ണമില്ലാത്ത നിലകളില്‍ നിന്ന്
താഴേക്കോടിയിറങ്ങുന്നു
ഉറക്കംതെറ്റിയ രാത്രികളില്‍

ഉള്ളവയ്ക്ക് പകരമാവുകയില്ല
ഏച്ചുകെട്ടലുകള്‍,
തോറ്റുതളര്‍ന്ന് ഫ്‌ളൈ ഓവറിനു കീഴെയുള്ള
ബാറില്‍
താഴേക്ക് വളരുന്ന
ബിയര്‍ കുപ്പിയെയും
ഏതോപാട്ടില്‍ മുടിനീളത്തില്‍
കറങ്ങിയെത്തുന്ന പെണ്ണിനെയും
'അത്ഭുതം തന്നെ' എന്ന്
നോക്കിയിരിക്കുന്നു

അപ്പോള്‍,

എതിര്‍ സീറ്റിലിരുന്ന്
'കൈവെള്ളയിലെ രേഖകളെക്കാള്‍
വിചിത്രമായി എന്തുണ്ട്?
അത്രയടുത്ത് അറിയാമായിരുന്നിട്ടും
മറ്റുള്ളവരാല്‍ വിശദീകരിക്കപ്പെടേണ്ട
ഇന്നലെയും നാളെയുമാണ് അതെന്നു വരുമ്പോള്‍
കൈവെള്ളയിലെ രേഖകളെക്കാള്‍ വിചിത്രമായി
എന്തുണ്ട്'
എന്ന് ബിയറിരമ്പും കണ്ണിറുക്കുന്നു
അതിശയോക്തി ഒട്ടുമില്ലാത്ത ഒരു കാക്ക

നാല്‍പത് ഡിഗ്രിയില്‍ പഴുക്കുന്ന
നമുക്കെല്ലാം അറിയുന്ന നമ്മുടെയീ നഗരത്തില്‍
നമ്മള്‍ക്കാര്‍ക്കുമറിയാത്ത ഒരു റഫ്രിറജറേറ്റര്‍ കട
ഒളിച്ചിരിപ്പുണ്ടെന്ന് അതിനുശേഷമാണ് ഞാന്‍ പറഞ്ഞു തുടങ്ങിയത്
ഇരുന്നുപഴകിയ ആ കടയ്ക്കുള്ളില്‍ ഒരു നാലുവയസ്സുകാരി
പതുങ്ങിയിരിപ്പുണ്ടെന്നും ഞാന്‍ പറയാറുണ്ട്
അതിശൈത്യം വരുന്നു, അതിശൈത്യം വരുന്നു
എന്ന് ഫ്‌ളൈഓവറിന് കീഴെയുള്ള ബാറില്‍ നിന്നും
ഞാനിറങ്ങിയോടിയെന്നതും സത്യം തന്നെ

പുതിയ സത്യങ്ങളൊന്നുമില്ലേ ഇപ്പോള്‍
എന്നു പരിഭവിക്കരുത്

ചിറകുമുളച്ചുകാണണം അതിനുശേഷം