Saturday, December 7, 2013

രണ്ടു പോലീസുകാര്‍ പാടം മുറിച്ചു കടന്നുപോകുമ്പോള്‍, മറഞ്ഞിരുന്നു ഞാന്‍ കൊറ്റികളെക്കുറിച്ച് പാടുന്നു


- - - ഇന്നീ വരമ്പത്ത് പൂത്തേ
കൊറ്റികള്‍ രണ്ടെണ്ണം പൂത്തേ
കാറ്റിലുലഞ്ഞ് നിരന്നേ
അവരവരോടു മാത്രം കയര്‍ത്തേ - - -

സത്യം പറയാമെല്ലോ ഒച്ചയെക്കുറിച്ചാണ് ശങ്ക
താളത്തിലായാലുള്ള കുഴപ്പമിതാണ്
ഒച്ചയെവിടെയെന്ന് അറിയാനാവാതെപോകും
ആസക്തിയാല്‍

ആരെങ്കിലും കേട്ടുവന്നാല്‍

എന്തിനാണ് ഒളിച്ചിരുന്നു പാടുന്നത്
ഒന്നുമെടുക്കാതിരുന്നിട്ടും
എന്തിനാണ് പോലീസുകാരെ പേടിക്കുന്നത്
എന്നൊക്കെ വിശദീകരിക്കേണ്ടി വരും

ആരും വരാതെ പോയാല്‍
ഒന്നും ചോദിക്കാതിരുന്നാല്‍
തവളയ്ക്കു തുല്യമാകും നില :
വെറും പാട്ട് - കേള്‍വിക്ക് ഭൂമി
- കേട്ടുവരുന്നവര്‍ക്ക് വേട്ട

ഒച്ച കുറയ്ക്കാനാവില്ല അതിനാല്‍
കൂട്ടാനുമാവില്ല അതിനാല്‍ തന്നെ

Friday, December 6, 2013

സൂര്യനും മറ്റ് യാത്രികരും


മുപ്പതിനും നാല്‍പ്പതിനും ഇടയില്‍
ഒരു നദിയൊഴുകുന്നു
നദിക്കുമീതെ നിറയെപ്പേര്‍
ചേര്‍ന്നു പണിയുന്നു തടിപ്പാലം
പാലത്തിനു മുകളില്‍ വളഞ്ഞു നില്‍ക്കുന്നു
ആകാശത്തിനക്കരെയിക്കരെ പോകുന്ന
സൂര്യനോടനുതാപമുള്ളവര്‍
പണിഞ്ഞ മഴവില്ലു പാലം
അതിനെല്ലാം താഴെ
വളരെപ്പഴക്കമുള്ള ഒഴുക്കുനീറ്റില്‍
ചെറിയ തോണികള്‍ തുഴയുന്ന
കുട്ടികള്‍, വൃദ്ധര്‍

അതിലൊരു തോണിയില്‍
മുപ്പതില്‍നിന്നും ഭീതികൊണ്ട്
നാല്‍പ്പതിലേക്കു നടക്കുന്നു
നമ്മുടെ നായകന്‍, ദിവാകരന്‍

അദ്ദഹമെല്ലാക്കാലവും
കട്ടിയുള്ള കാലുറകള്‍ക്കുള്ളിലും
തന്നെക്കാള്‍ വലിപ്പമുള്ള
ഉടുപ്പുകള്‍ക്കുള്ളിലും
കൃത്യമായി വെട്ടിയ മുടിക്കു താഴെയും
കട്ടിക്കണ്ണടയ്ക്കു പിറകിലും
മടിയിലൊരു തുണിസഞ്ചിയുമായി
വെറുതേയിരുന്നു

ഒരരികില്‍ നിന്നും മറ്റേ അരികിലേക്ക്
അദ്ദേഹത്തെയും കൊണ്ടുപോകുന്നു
ചെറിയ തണുപ്പുള്ള ഈ നദി

സൂര്യനും മറ്റുയാത്രികരും
എന്നദ്ദേഹം പറയുന്നു
അയച്ച അമ്പുകള്‍
നിങ്ങളെന്നാളുകളെ
പറഞ്ഞു പറ്റിക്കുന്നു
തറഞ്ഞു നില്‍ക്കുമ്പോഴെങ്കിലും ഓര്‍ക്കണേ
പൊട്ടിത്തെറിയുടെ ഈശനെ
അടങ്ങിയിരിക്കുന്നവരില്‍
നിന്നടര്‍ന്നു പോരുന്ന
നാലുകാല്‍ ചാട്ടങ്ങളെ
എന്നു പോലും പറയുന്നു

പഴയ കാമുകിയെ അദ്ദേഹം പക്ഷേ
മറന്നിരിക്കുന്നു
/ എന്തൊരു തീരാത്ത തീരാത്ത ശോകം /
എന്ന പാട്ടുപോലും
മറന്നിരിക്കുന്നു

Friday, November 29, 2013

എന്താണു നിറം എന്നാരെങ്കിലും ചോദിച്ചാല്‍

1

അഴിഞ്ഞസാരിപോല്‍
പതിയെ വീഴുന്ന
ഇളംനീല
ഏതും തിരിയാതെയീ
സന്ധ്യയ്ക്കുറപ്പില്ലാത്ത
രാത്രിയെ

തുരുതുരായെറിയുന്നു

നേര്‍ത്ത തൂവലാല്‍
കേള്‍ക്കാത്ത പാട്ടിനാല്‍
ചുറ്റിപ്പിണഞ്ഞുള്ളില്‍
പടരുന്ന പാമ്പിനാല്‍

2

നിന്നനില്‍പ്പില്‍
മഷിപോലെ പടരുന്നു
നിറയെ കുരങ്ങന്മാര്‍
തൂങ്ങുമീ ആല്‍മരം
പാഞ്ഞെത്തും പക്ഷികള്‍
കുഴങ്ങുന്നു

വരൂ വന്നിരിക്കൂ
എല്ലാം പഴയപോലെയാക്കൂ
ഒരടര് തെറ്റിയാല്‍ പിന്നെ
തുരുതുരാഅടരുമതിനാല്‍
തിരിച്ചുവന്നിരിക്കൂ

ഉള്ളില്‍ പടരുന്ന പാമ്പിനേയും
നീ പിടിക്കൂ
ദൂരെമാറിയിരിക്കൂ
പാമ്പാട്ടിയാകൂ

3

എങ്ങോട്ടാണ് ഈ വഴികളെ
കണ്ണുകാണിച്ചു മയക്കി കൊണ്ടുപോകുന്നത്
നില്‍ക്കൂ,
ഞാന്‍ പറയുന്നതുകൂടി കേള്‍ക്കൂ

പാമ്പുകളിലേക്ക് തിരിച്ചുപോകൂ

Saturday, July 13, 2013

ആരോ വീശുന്നു കാറ്റ്‌


കാലമേറെപ്പോയീ നമുക്കിടയില്‍
ഇപ്പോള്‍ അനക്കമറ്റ കാറ്റ്‌ 
നീന്തിപ്പഠിച്ചതിനാല്‍
വെള്ളത്തിനുമീതേ പൊങ്ങിക്കിടക്കും
സ്വസ്ഥകാലത്തെ തോണികള്‍ 

ഇരിപ്പുറയ്‌ക്കാതിളകും
ജലത്തിനുമീതേ പാഞ്ഞെത്ര
കാലം പോയി 
ഇടനെഞ്ചിലെ കുരുവി
കുറുകിക്കുറുകിയെത്ര
പുകക്കുഴലുകള്‍ നമ്മളൂതി 
പുലര്‍ക്കാലത്തലര്‍ച്ച സ്വപ്‌നം 
പേടിച്ചെത്രകാലം
നേരംവെളുത്തതിനു ശേഷം
മാത്രമുറങ്ങി 

അക്കാലം പോയി
ഭിത്തിയില്‍
ചിത്രമായി തൂങ്ങി 

അതിവേഗത്തില്‍ നമുക്കുചുറ്റം
പാഞ്ഞ വെളിച്ചം 
നിന്ന മാത്രയില്‍ നില്‍ക്കുന്നു
സ്വസ്ഥകാലം വന്നുനില്‍ക്കുന്നു
നീളത്തില്‍ വീഴുന്ന നിഴലുകള്‍
ഇനി വളരാത്ത അറിവുകള്‍
കണ്ണിറുക്കിച്ചിരികള്‍

ഇനി വരും
സ്വപ്‌നങ്ങളൊക്കെയും
നേര്‍ത്ത ശബ്ദത്തിലായിരിക്കും
കാഴ്‌ചകണ്ടേ കിടക്കും
നമ്മളിലുറക്കത്തില്‍
പൂത്തു നില്‍ക്കും
പുതിയ മരുന്നുകള്‍ പേറുന്ന ചെടികള്‍
അവയിലോര്‍ത്തിരിക്കുന്ന
പക്ഷികള്‍

പതുക്കെത്തുടങ്ങീ നമ്മളില്‍ 
നോക്കിയിരുപ്പ്‌
മിന്നല്‍ മിന്നലെന്നോടുന്ന
ചെക്കനെ, പെണ്ണിനെ -
കാത്തുകാത്തിരിക്കുന്ന സന്ധ്യയെ -
പതിയെ പതിയെ
പുല്ലില്‍ ചാടുന്ന ജീവിയെ 
വെള്ളയും പച്ചയും
കുതിരയായി
വലുതിലും ചെറുതിലും
ചെത്തിത്തേച്ചെടുക്കുന്ന -

കാറ്റനക്കത്തെ

Tuesday, June 4, 2013

ഞാനവള്‍ മരം

ഞാവല്‍മരം ഞാന്‍
നീല രാത്രികള്‍ നീ
കടിച്ചുകറപ്പിച്ച
വയലറ്റ് ചുണ്ടുകള്‍
നമ്മുടെ വിത്തുകള്‍

.

Sunday, April 14, 2013

സിംഹത്തിനോട് രണ്ടു ചോദ്യങ്ങള്‍


1 : ആരാണ് കാട്ടിലെ രാജാവ് ?
ഉ : മനുഷ്യരിലെ ആണ്

2 : എന്താണ് കാട് ?
ഉ : ചിത്രകഥകള്‍, മൃഗശാലകള്‍
പൂച്ചയുടെ പുലരികള്‍
എലികളുടെ സായന്തനങ്ങള്‍ **
നിന്നിലെ കുട്ടി ചവുട്ടിത്താഴ്ത്തിയ
ഭൂമിയും ആകാശവും പാതാളവും

........................

** എലികളുടെ സായന്തനങ്ങളെ
പുച്ചയുടെ നിഴല്‍ വിഴുങ്ങുന്നു
പൂച്ചയുടെ പുലരികള്‍
എലികളുടെ തുഷാരഗീതകങ്ങള്‍-
   തൂത്തെറിയുന്നു

( രാജാക്കന്മാരും പ്രഭുക്കളും / ഡി വിനയചന്ദ്രന്‍ ) 

Friday, March 29, 2013

ഉപകരണം

പൂച്ച ഒരു ഉപകരണമല്ല ;
മരിച്ചു കിടക്കുമ്പോള്‍,
കേടായ ഒരു റേഡിയോയെ
അത് ഓര്‍മിപ്പിക്കുന്നില്ല

പൂച്ചയുമായി നടക്കുന്നൊരാള്‍
മരിച്ചുകിടക്കുമ്പോള്‍
പൂച്ച, പൂട്ടിപ്പോയ റേഡിയോ നിലയം,
പ്രപഞ്ച സത്യങ്ങളുടെ കലവറ
മഴവരുന്നതും പോകുന്നതും
പണ്ടറിഞ്ഞിരുന്ന

ഉപകരണം

Tuesday, March 26, 2013

രാത്രി നിന്നെപ്പുതയ്ക്കുന്നു / നീ രാത്രിക്കുമേല്‍ വീണ കരിമ്പടം

ഉണര്‍ന്നിരിക്കുമ്പോള്‍
അരികത്തിരുന്നു
ചിരിക്കും
ഉറക്കത്തിലെ സ്വപ്നമേ

ഇന്നലെ രാത്രിയില്‍
നീ എന്നിലൂടോടിച്ച
പെണ്‍കുട്ടിക്കെന്തു പറ്റി ?
അവളേതോ
മതിലിലിടിച്ചു വീഴുമ്പോള്‍
ഉണര്‍ന്നിരിന്നരികത്തിരുന്നു
ചിരിക്കും
സ്വപ്നമേ

തരികെനിക്കവളുടെ
വിലാസം
പാവം ഞാന്‍ ;
ഉറക്കിലെന്നിലൂടോടുന്നവര്‍
അറിയിപ്പില്ലാതിറങ്ങിയോടാന്‍
പാടില്ലെന്നൊരു
ശബ്ദസന്ദേശം
അവള്‍ക്കയച്ച്

ചെയ്യാത്ത കുറ്റത്തിന്
തുടര്‍ച്ചയായെന്നെ
കഥപറഞ്ഞു തോല്‍പ്പിച്ചുത്തരത്തിന്
കാത്തുണര്‍ന്നരികത്തിരിക്കും
ഇന്നലെ രാത്രിയിലെ
വേതാളമേ

പോയിക്കിടന്നുറങ്ങുക

ശമിക്കാതുള്ളില്‍
മിടിക്കുമാകാംക്ഷ
നിനക്കു വടിവാള്‍ തുന്നുന്നു

പണികിട്ടുന്നതിനു മുമ്പ്
പോയിക്കിടന്നുറങ്ങുക

Sunday, March 24, 2013

ആരോ ഇവള്‍ ആരോ, എന്ന പേരോ


വഴിയില്‍വെച്ചു കണ്ടപ്പോള്‍
നേരിട്ടുതന്നെ ചോദിച്ചു
പശ്ചാത്തലത്തില്‍
വാദ്യവാദികള്‍ മൂന്നുപേര്‍
തുലാമഴയ്‌ക്കൊപ്പം പൊട്ടിവീണ
ശബ്ദമേഘത്തെ
കരഞ്ഞുതോല്‍പിക്കുന്ന
തവളകളെ പോലെ
അതുതന്നെ ചോദിച്ചു

ആരോ നീയാരോ
എന്ന പേരോ

ശബ്ദം താഴ്ത്തി
കാല്‍വിരല്‍കൊണ്ടെന്റെ
മോന്തയ്ക്കു തോണ്ടി
കാലങ്ങളായി തൊണ്ടയില്‍
വീണുകിടക്കുന്ന
ശബ്ദത്തില്‍
പുഴപോലെ നീളത്തില്‍
അപ്പോള്‍ വരുന്നു
മറുപടി

ശരിക്കുകേള്‍ക്കാത്തതിനാല്‍

പാട്ടല്ല അമ്മാളേ
പേരാണ് ചോദിച്ചതെന്ന്
തവളകള്‍
ഇനി കേള്‍ക്കാഞ്ഞിട്ടാകുമോ
എന്നോര്‍മിപ്പിച്ചു

ചെറിയ കുടുമവെച്ച്
നീല ജീന്‍സും
വെള്ളഷര്‍ട്ടും ധരിച്ച്
വഴിയരികില്‍ തന്നെ നില്‍ക്കുന്നു
ഞാന്‍
എന്റെ കയ്യില്‍
വായിക്കാനറിയാത്തവരുടെ വയലിന്‍
ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍
നീട്ടിയടിച്ച സംഗീതം

അറിവില്ലാത്തവര്‍ക്ക്
ആയിക്കൂടെന്നോ
അനുരാഗം

പറയമ്മാളേ
പേരു പറയമ്മാളേ,
പിരിഞ്ഞുപോയീടട്ടേ
ഞാ,നെന്റെ തവളകള്‍

Thursday, March 21, 2013

അരണവാല്‍ മോതിരം


എല്ലാദിവസവും രാവിലെ
ആനയെ കാണാന്‍
പോകുമായിരുന്ന കുട്ടി
വളരെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍
വീണുകിട്ടിയ
ആനവാലുമായി തിരിച്ചുപോകുമ്പോള്‍

ആളുമനക്കവും അരണ്ടവെളിച്ചവും
തീര്‍ന്നതിന് ശേഷമൊരിടവഴിയില്‍
വാലില്‍ കുത്തനെ നില്‍ക്കുന്നു
അരണകള്‍
ഒന്നേ രണ്ടേ എന്ന് വരിവരിയായി

കുട്ടി നില്‍ക്കുന്നു
നിന്നോര്‍ത്തു നോക്കുന്നു
ആനവാലില്‍ ഇനിയെന്തിന് മോതിരം
തുമ്പിക്കയ്യില്‍ പണ്ടൊരാളെ
ചുറ്റിയെടുത്തതിനര്‍ഹിച്ച കാലം
മോതിരവിരലില്‍
കഴിഞ്ഞുപോയിക്കാണില്ലേ
ആരോട് തീര്‍ക്കാനാണ്
ആനവാലിലിനിയും മോതിരം

എത്രയലക്ഷ്യം
എത്രഅനേകായിരം
അരണകള്‍
എന്തഹങ്കാരം ഇവറ്റകള്‍ക്കി,
വയില്‍ നിന്നും വേണ്ടയോ
മോതിരം
കുട്ടി ഞെട്ടുന്നു
മിടുക്കന്‍ നീയെന്ന്
സ്വയം തോളത്ത് തട്ടുന്നു

ഒന്നേ രണ്ടേ എന്നടുക്കിവച്ച തടികള്‍
ഒന്നൊന്നിലേക്ക് മറിയുംപോലെ
അരണകള്‍ പരസ്പരം നോക്കി
കുട്ടിയെ നോക്കി
മുന്നോട്ട് നടക്കുന്നു
ഓരോ അടിയിലും
കുറേശ്ശെ കുറേശ്ശയായി മറക്കുന്നു

അധികമകലെയല്ല
നമ്മുടെ കുട്ടി ഇപ്പോള്‍
കുറേനേരം കൂടി ഇതേ തത്വം
അവനിലോടിയാല്‍

നിശ്ചയം അടുത്തചന്തയ്ക്ക്
നമ്മള്‍വാങ്ങിവെയ്ക്കും

അരണവാല്‍ മോതിരം

(ഭാഷാപോഷിണി)

Sunday, March 17, 2013

കാണ്‍മാനില്ല

മറ്റുപലതിലും നില്‍ക്കാത്ത താല്‍പര്യം ,
വെറുതേ ഇങ്ങനെ സന്ധ്യയ്ക്കിടവഴിയിലൂടെ
പോകുമ്പോള്‍ ,
പെട്ടന്നതില്‍ തടയുന്നു
വിചിത്രം അമ്പമ്പോ വിചിത്രം
എന്നു നമ്മള്‍ നില്‍ക്കുന്നു
അത്ഭുതം നമ്മെയഭിനയിച്ചുകാട്ടി
ദൂരെമാറി നില്‍ക്കുന്നു

പിന്നെയാകാശം നോക്കി
അവിടെനിന്ന് താഴേക്ക് വീഴുന്ന
ഓറഞ്ച് വരകള്‍ നോക്കി
ചൂളംകുത്തി നമ്മള്‍
പോകുമ്പോള്‍
താല്‍പര്യം വീണ്ടും നില്‍ക്കുന്നു
വിചിത്രം അതിവിചിത്രം
ചെമ്പോത്തിന്റെ കണ്ണുകള്‍
പിന്നെവീണ്ടും ആകാശം നോക്കി
ചുവന്നവരകള്‍ നോക്കി
തൊട്ടടുത്ത നിമിഷത്തിലെന്തെങ്കിലും കാട്ടി
ഭൂമി മന്ദമാക്കുന്നതുവരെ
കാലുകളാട്ടി
കയ്യിലെ വടി താളത്തില്‍ ചുഴറ്റി
അതാ പോകുന്നു

അതിനിടയിലെല്ലാം
അനുദിനം
കാണുന്നതിനാല്‍ മാത്രം
ഉള്ളയിടങ്ങളില്‍ തന്നെ
ഇല്ലാതദൃശ്യമായി നില്‍ക്കും
എല്ലാതിനും
ഈ പ്രണയകാവ്യം

കാണിച്ചുകൊതിപ്പിക്കാതെ
കൊതിപ്പിച്ചുവാട്ടാതദൃശ്യമായി
കണ്ടതിന്‍ശേഷം വസ്തുക്കള്‍

ഭൂമിയില്‍ കാലും
വായുവില്‍ വിചാരവും

ഇല്ലാതായ കണ്ണുകളും

Monday, March 11, 2013

ശിവന്‍ കോവില്‍ തെരുവ് : പരിപൂര്‍ണ വിവരണം


46 കെട്ടിടങ്ങള്‍ മൊത്തം
30 വീടുകള്‍
പത്ത് കടകള്‍
ഒരു ആശുപത്രി
രണ്ട് മദ്യക്കട
മൂന്ന് അമ്പലങ്ങള്‍
മൊത്തം ജനസംഖ്യ 600
അറുപതിലധികം കഴുതകള്‍
പൊടി
പൊടിഞ്ഞ വഴികള്‍
കുമ്മായം പൂശിയ ഭിത്തികള്‍
ഓലമേഞ്ഞ വീടുകളിലാളുകള്‍
ഓടിട്ട വീടുകളില്‍ ദൈവങ്ങള്‍
ആസ്ബറ്റോസ് കെട്ടിടങ്ങളില്‍ കഴുതകള്‍

ഇടയിലൊറ്റയ്‌ക്കൊരു മരം
മരത്തിലസഖ്യം കിളികള്‍
കിളികള്‍ക്കിടയില്‍ രാത്രി
ഉറക്കത്തില്‍ സ്വപ്നങ്ങള്‍
ഒരേ ഉറക്കം ; ഒരേ ഉണര്‍ച്ച
ഒരേ രോഗങ്ങള്‍
ആരും മറുപടി പറയാനില്ലാത്ത അലര്‍ച്ചകള്‍
തെരുവുനായ്ക്കള്‍

കൊയ്തുകഴിഞ്ഞ നമുക്കുമീതേ
പറന്നിറങ്ങുന്ന പകലുകള്‍

നമ്മളറുന്നൂറുപേര്‍
നമ്മുടെ ദൈവം, ലിംഗം
നമ്മുടെ തെരുവില്‍
കണക്കില്ലാതെ ആമകള്‍
ആമയുടെ തെരുവിലും
നമ്മളറുന്നൂറുപേര്‍
അറുപതാം വയസ്സില്‍
നമ്മളില്‍ നിന്നില്ലാതാവുന്നു
നമ്മുടെ ദൈവം
അറുന്നൂറാം വയസ്സില്‍
ആമയില്‍ നിന്നും പോകുന്നു
നമ്മുടെ ദൈവം

ഒരിക്കലും പോകാതെ
നമ്മളിലെപ്പോഴും
ആമയുടെ ദൈവം, ശവം