Sunday, October 7, 2007

ഗോത്രയാനം

ആണുങ്ങളും പെണ്ണുങ്ങളും
ഒരുമിച്ചു കുളിക്കുന്ന
പൊട്ടക്കിണറായ
ഞങ്ങളുടെ പുഴ
മുന്നറിയിപ്പില്ലാതെ
സീബ്രാവര കടക്കാതെ
കടലായി മാറി.

ഇഞ്ചയും താളിയുമായി
കുളിക്കാനെത്തിയവരും
കുളി കാണാനെത്തിയവരും
വീതിയിലൊഴുകുന്ന
പുഴകണ്ട്‌ പകച്ചു.

നേരംവെച്ചു കുളിച്ച്‌
ആറിനക്കരയിലെ
ഗോത്രങ്ങളുമായി ചിരിച്ചും
'ഇന്ന്‌ നേരത്തെയാണോ'
എന്ന്‌ കൈവീശിയും
ഉണ്ടാക്കിയെടുത്ത പരിചയങ്ങള്‍
കടലിനക്കരെയായി.

മാനത്തു കണ്ണനേയും
തുപ്പലുവെട്ടിയേയും
കുരുക്കാന്‍ വെച്ച
ചിരട്ടക്കെണിയില്‍
തിമിംഗലം, സ്രാവ്‌, അയല, മത്തി.

എഴുത്തോലയുമായി
പുഴകടന്നു പോയിരുന്ന
കുട്ടികള്‍
മറൈന്‍ ബയോളജിസ്റ്റുകളായി;
ഞണ്ടിനും കക്കയ്ക്കും കല്ലിന്മേക്കായ്ക്കും
ഹാ എന്തു രുചി!

കടല്‍ കടന്നെത്തിയവരോട്‌
നാണം, സന്ധി
ഉപ്പു സമരം.
സൂര്യന്‍ കടലില്‍ താഴുന്നു
കടലില്‍ നിന്ന്‌ പൊന്തുന്നു.
കപ്പല്‍ചേതം വന്നവരെക്കുറിച്ച്‌
കവിത, കഥ, കഥയില്ലായ്മ.
കടല്‍ക്കരയില്‍ കാമം
കടല്‍പ്പോലീസ്‌.

ഹോ എന്തെന്ത്‌
ചരിത്രസന്ധികളിലൂടെയാണ്‌
പിന്നീട്‌
ഞങ്ങളുടെ പുഴ-
പുഴയായിരുന്ന ഗ്രാമം.

14 comments:

കുഞ്ഞന്‍ said...

നല്ലൊരു കവിത..!

പെട്ടെന്നോടിയെത്തിയത് അവളായിരുന്നു, നിള.. മരിച്ചുകൊണ്ടിരിക്കുന്ന മരിക്കാതെ ജീവിക്കുന്ന പ്രിയപ്പെട്ടവള്‍..!

ശ്രീ said...

കൊള്ളാം...

:)

Latheesh Mohan said...

ടെസ്റ്റ് ഡോസ് ഓണ്‍ലി..

aneeshans said...

അപ്പോ ശരിക്കുമുള്ള കളി തുടങ്ങുന്നേയുള്ളൂ ?

ഇതു നല്ല കവിത, ഇനി വരുന്നതും ഒരുപാട് നല്ലത്
ആവട്ടെ.

സ്നേഹത്തോടെ

ആരോ ഒരാള്‍

Kuzhur Wilson said...

ടെസ്റ്റ് ഡോസ് എന്നൊന്നും പരുങ്ങണ്ട.
നിന്റെ കവിത
ഇവിടെ മലയാളപ്പെടുന്നതും കാത്തിരിപ്പായിരുന്നു.

ഒഴുകട്ടെ

സജീവ് കടവനാട് said...

കടലെടുക്കാത്തതായി എന്തെങ്കിലും ശേഷിക്കുമായിരിക്കും.

വിശാഖ് ശങ്കര്‍ said...

നന്നാ‍യി ലതീഷ്.

Latheesh Mohan said...

പരീക്ഷണങ്ങള്‍ തുടരുന്നു

ടെസ്റ്റിംഗ് 2

Sanal Kumar Sasidharan said...

ഈ സിന്ധുവിനെക്കാണാന്‍ വൈകി.നന്നായിരിക്കുന്നു.ചരിത്രവും ജീവിതവും ആവാഹിച്ച കവിത

രാജ് said...

ആദിമദ്രാവിഡന്‍ അങ്ങനെ ഒരു ഐഡിയില്‍ ഈ കവിത വന്നപ്പോഴേ ശ്രദ്ധിച്ചിരുന്നു.. ലതീഷേ ഗോത്രായനം മാറ്റത്തെ ‘പെരുക്കം’ അനുഭവപ്പെടുത്തുന്നു.

Latheesh Mohan said...

പെരിങ്ങോടന് നന്ദി.
കാണാനില്ലല്ലോ എന്ന് ആലോചിച്ചിരിക്കുക ആയിരുന്നു

steephengeorge said...

Great work man !!!

Aisibi said...

എഴുത്തോലയുമായി
പുഴകടന്നു പോയിരുന്ന
കുട്ടികള്‍
മറൈന്‍ ബയോളജിസ്റ്റുകളായി;
ഞണ്ടിനും കക്കയ്ക്കും കല്ലിന്മേക്കായ്ക്കും
ഹാ എന്തു രുചി!

:) sundaram!

sreejith ariyallur said...

ഡാ...നിന്നെ വീണ്ടും വായിച്ചു തുടങ്ങുന്നു...!അതിന്റെ പ്രസരിപ്പില്‍ ഈ ലോകത്തെ,ജീവിതത്തെ നോക്കി കാണുമ്പോള്‍ എന്തൊരു ഉണര്‍വ് ...?