Wednesday, December 16, 2009

കാര്‍ണിവല്‍

രാത്രിയിലിടവഴിയിലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്

ഒരാള്‍ വഴുതിവീഴുന്നു

അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു

ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം
പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍

കള്ളന്‍, കൊടുവാളിന്റെ കാമുകന്‍

ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെ
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല

ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു

വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും

വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?

Saturday, December 5, 2009

ഉപമകള്‍ വില്‍പനയ്ക്ക്

കാപ്പികുടിക്കുകയായിരുന്നു
പതിവുപോലെ
ആളൊഴിഞ്ഞ,
നിറയെ കെട്ടിടങ്ങള്‍ക്കിടയിലെ
ഒറ്റവരിപ്പാതയ്ക്കപ്പുറത്തെ
മരത്തണലില്‍ നമ്മള്‍

പഴക്കമേറിയ മറ്റേതോ
കോഫീഷോപ്പിന്റെ
അഗാധമായ ഒച്ചയില്ലായ്മ
നമുക്കുചുറ്റം

നടന്നിടത്തേക്കു തന്നെ വീണ്ടും
നടക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങള്‍
മരക്കൊമ്പത്തെ പക്ഷികള്‍
ചില്ലകള്‍ക്കിടയിലെ വെളിച്ചം
ഇലകളിലെ ദൈവങ്ങള്‍
അങ്ങനെനിറയെപ്പേര്‍
വരുമെന്നും ശേഷം
സുഖകരമാകുമെന്നും
നമ്മള്‍ പരസ്പരം, ഒരേസമയം

അതിനുശേഷം നമ്മുടെ കാപ്പിക്കട
ഒരു ജൂതത്തെരുവ്
വന്നുപോയതിന്റെ മൗനം
അവിടവിടെ തൂവിക്കിടക്കുന്ന
ഉറുമ്പുകളുടെ ഹൈവേ
കൈകളില്‍ ബിയര്‍കുപ്പികളുമായി
ഇലകള്‍, ദൈവങ്ങള്‍
നമ്മുടെ കടയ്ക്കുചുറ്റം
ഉമ്മകള്‍ വില്‍ക്കുന്ന വെയില്‍കൂട്ടങ്ങള്‍

അതിനിടയില്‍ നമ്മള്‍
കെട്ടിടങ്ങള്‍ക്കിടയിലെ
ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്
ആലോചിച്ചിരിക്കുന്നു

നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം

തൊട്ടാവാടിപ്പൂക്കളിലെ കാറ്റ്
ഈ കൊമ്പ് ആ കൊമ്പ്
അതിരാവിലെ പൊഴിഞ്ഞുവീഴുന്ന
ബാക്കിരാത്രികള്‍
അങ്ങനെനിറയെപ്പേര്‍

അതിനുശേഷം നമ്മുടെ
പട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍...

Thursday, October 22, 2009

ധ്വനിപ്പിച്ചില്ല എന്നുമാത്രം പറയരുത്‌

ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌

അതിനിടയില്‍ നിന്ന്‌,
പ്രയോഗങ്ങളെ
അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്‌
ചില ഒറ്റമൂലികളാണ്‌
ഞാന്‍ ചിന്തിക്കുന്നത്‌

മൃഗശാലയില്‍,
വന്യതയാര്‍ന്ന കാട്‌ ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ

പുറത്തേക്ക്‌ പുറത്തേക്ക്‌
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌
തിരമാല പോലെ വന്നടിച്ച്‌
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്‌

ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പ്‌ : -
വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം

ഉദാഹരണത്തിന്‌
വെരുക്‌ - പി രാമകൃഷ്ണന്‍
കൂട്‌ - മറിയാമ്മ ജോസഫ്‌
അല്ലെങ്കില്‍ വെരുക്‌ - മറിയാമ്മ ജോസഫ്‌
കൂട്‌ - പി രാമകൃഷ്ണന്‍

കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ്‌

കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക

Tuesday, October 13, 2009

രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി

ചിലപ്പോള്‍ അവളൊരു പാലം
ചിലപ്പോള്‍ അവളിലൂടെയൊരു പാലം

ഉറങ്ങിയാലോ എന്ന്‌
ആദ്യത്തെ ശലഭം ചോദിക്കുമ്പോള്‍
ഇടത്തേക്കണ്ണ്‌ വലത്തേക്കണ്ണിനോട്‌
അവളിലൂടെ എന്തോ പറയും

ഇപ്പോള്‍ വേണ്ട എന്ന്‌
പരസ്പരം കണ്ണിറുക്കും

എത്രനേരം തുറന്നിരിക്കാന്‍ കഴിയും
ഉള്ളിലെ മാറാലയെ ആരുനോക്കും
വൃത്തികെട്ടുപോയാല്‍ വരാതാകില്ലേ
അതിഥികള്‍, അത്യാഹിതങ്ങള്‍
നിങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളില്‍
എത്രകാലം തടഞ്ഞുനില്‍ക്കും
ഉള്ളിലേക്കുള്ളിലേക്കുള്ള
ഭയത്തിന്‍ ഗതാഗതം : -
അവസാനത്തെ ശലഭം കണ്ണുരുട്ടുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലെന്റെ പെണ്‍കുട്ടി
ആര്‍ത്തു ചിരിക്കുന്നു
കണ്ണുകള്‍ കൂടെച്ചിരിക്കുന്നു
മൂക്കില്‍ നിന്ന്‌ ചെവികളിലേക്ക്‌
മുടിയിഴയിലേക്ക്‌
ചെറിയൊരു പിടച്ചില്‍ പടര്‍ന്നിറങ്ങുന്നു
ഉച്ചത്തിലുച്ചത്തില്‍പിടഞ്ഞുതുടങ്ങുമ്പോള്‍
നീലഞ്ഞരമ്പുകള്‍ വലിച്ചുകെട്ടിയ
നിരവധി വയലിനുകള്‍
താഴേക്ക്‌ താഴേക്ക്‌
പടര്‍ന്നുലയുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലൊരു പൊട്ടിച്ചിരി,
കൊടുങ്കാറ്റിന്റെ ഒരല

ബാക്കിയാവുന്നു

Friday, September 4, 2009

ബ്യൂഗിള്‍

മറ്റേചങ്ങാതിയുടേ പാട്ടില്ലേ
അതൊന്ന്‌ ശ്രദ്ധിച്ച്‌ കേട്ടുനോക്കൂ
വളരെച്ചെറിയ ഒച്ചയില്‍
ബ്യൂഗിള്‍,

ഞാന്‍ പറയുകയായിരുന്നു.

വീണ്ടും വീണ്ടും കേട്ടിട്ട്‌
എന്നെത്തന്നെ നോക്കിയിരിക്കുന്നു
എന്താണ്‌ ബ്യൂഗിള്‍
എന്നുവരെ സംശയംവന്നതുപോലെ
എന്തുതരം ബ്യൂഗിള്‍ എന്ന്‌
ചോദിക്കുകപോലും ചെയ്തു

നീ പോയപ്പോള്‍
ഞാനൊരു
മേഘത്തെ വളര്‍ത്തി
നീ വന്നിട്ടും പെയ്തൊഴിയുന്നില്ല

എന്ന്‌ ഒച്ചതാഴ്ത്തി പാടുമ്പോള്‍
അങ്ങൂദൂരെനിന്നെന്നവണ്ണം
നീയില്ലാത്തപ്പോഴും നീയുള്ളതുപോലെ
അടിവയറ്റില്‍ നിന്ന്‌
ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കുന്ന ഒച്ചപോലെ
ഒന്നുകൂടി കേട്ടുനോക്കൂ

ഇല്ലേ ബ്യൂഗിള്‍?

അവള്‍ക്ക്‌ ചെവിവേദനിച്ചിട്ടുണ്ടാകണം
മേലുനനച്ചിട്ട്‌ വരാം ഞാനൊന്ന്‌
എന്ന്‌ തുറന്നടയുന്നു
കുളിമുറിവാതില്‍

അപ്പോഴവളുടെ പാട്ടുപെട്ടിയെടുത്ത്‌
കേട്ടുനോക്കി, മറ്റേചങ്ങാതിയുടെ പാട്ട്‌

അത്ഭുതം

അത്രപഴകിയിട്ടില്ല
അവളിലോര്‍മകള്‍ !

Monday, August 31, 2009

:ഉ: ള്ളിലേക്കൊതുങ്ങിയ ചോദ്യചിഹ്നം

രാജകുമാരനായി വെളിപ്പെട്ട
തവളയെക്കുറിച്ചുള്ള കഥകള്‍
കേട്ടുകേട്ടാണ്‌
ജീവശാസ്ത്രം പഠിക്കുന്നതിനിടയില്‍
ആലീസ്‌
തവളകളെക്കുറിച്ചുള്ള കൌതുകം
വികസിപ്പിച്ചത്‌

എന്നെങ്കിലുമൊരിക്കല്‍
മരിച്ചുപോയ മുത്തശ്ശിയുടെ കിടക്കയില്‍
രാജകുമാരന്‍ വരുന്നതിന്റെ രസം
ഞരമ്പിലാകെ ഇരമ്പിയപ്പോള്‍
അവളൊരു ചൊറിത്തവളയോട്‌
പാഠങ്ങളെക്കുറിച്ച്‌ വിവരിച്ചു തുടങ്ങി

ഉഭയജീവിതം
കണ്ണിലിരുട്ട്‌ കയറ്റുന്ന വെളിച്ചം
മൊട്ടുസൂചിയിലേക്ക്‌ വലിച്ചുകെട്ടിയ
ഇന്ത്യയുടെ ഭൂപടം
എന്നിങ്ങനെ
പത്തുമാര്‍ക്കിലൊതുങ്ങാത്ത അറിവുകള്‍
കണ്ണുംമിഴിച്ച്‌ കേട്ടിരിക്കുന്നു
അമര്‍ ചിത്രകഥകളുടെ ഔദാര്യത്തില്‍
ഒരു നിരാമയന്‍

അത്ഭുതങ്ങളുടെ ചരിത്രം
കിടപ്പുമുറികളിലേക്ക്‌ തളയ്ക്കപ്പെട്ടതിനെക്കുറിച്ച്‌
പിന്നീടൊരിക്കല്‍
ആലീസ്‌
'ലിംഗം ഒരുഭയജീവി' എന്ന തലക്കെട്ടില്‍
അതേമുറിയിലിരുന്ന്‌ എഴുതുമ്പോള്‍

ഉദാസീനരുടെ വിപ്ളവജാഥയ്ക്കിടയില്‍ നിന്ന്‌
അവള്‍ക്കൊരു
അശ്ളീല സന്ദേശം ടൈപ്പ്‌ ചെയ്യുന്നു
മറ്റൊരു ഉഭയജീവി

അവര്‍ക്കിടയില്‍

വല്ലതും നടക്കുമോ?
എന്ന ചോദ്യത്തിന്റെ അറ്റത്ത്‌
ഉള്ളിലേക്കൊതുങ്ങി
മടിപിടിച്ച്‌

ഉ എന്ന ചിഹ്നം

ഒച്ചിലേക്കും ഒച്ചയിലേക്കും എതിര്‍പരിണാമം

Monday, August 3, 2009

സാധ്യതയുടെ ബൈബിള്‍

ഭക്ഷണത്തോടുള്ള സ്വാഭാവിക പ്രതികരണം
നിലവില്‍
അസാധ്യമായ ഒന്നാണെങ്കില്‍
(ചൂണ്ടയില്‍ പുളയുന്ന മണ്ണിരയില്‍
ആനന്ദം തിരഞ്ഞ മത്സ്യം
മുദ്രമോതിരം വിഴുങ്ങിയിട്ടുണ്ടെങ്കിലെന്ത്
ഇല്ലെങ്കിലെന്ത്)
അസാധ്യതയുടെ ബൈബിള്‍
ഇപ്പോളെഴുതി,തുടങ്ങണം

സ്വാഭാവികമായി സാധ്യമല്ലാത്തതിനെക്കുറിച്ച്
ലീല, രാജപ്പന്‍, പുഷ്പാംഗദന്‍
തുടങ്ങിയവരുടെ ദൃക്‌സാക്ഷി വിവരണം
ചേര്‍ത്ത് തുടങ്ങാം

സ്വാഭാവികമായി എല്ലാം അസാധ്യമാണെന്നും
അസ്വാഭാവികമായി എല്ലാം സാധ്യമാണെന്നും
പാസ്റ്റര്‍ ജോണിന് വെളിപാടുണ്ടാകുന്നതിന്റെ
വീഡിയോ, അടക്കിപ്പിടിച്ച ചിരികള്‍
എന്നിവയും ചേര്‍ക്കാം

പതിയെ പതിയെ
ഏത് ചേര്‍ക്കണം
ഏത് ഒഴിവാക്കണം
എന്ന് തര്‍ക്കമുണ്ടാവും
അതിനു ശേഷവും ആലോചിച്ചാല്‍
ആലോചന ഒര,സാധ്യത
എന്തോ വലുത്
ഇനിയും കിട്ടാനുണ്ടെന്ന
വൃഥാവ്യഗ്രത

അസാധ്യതയുടെ ബൈബിള്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളും
ഏതുവേണം ഏതുവേണ്ട എന്ന തര്‍ക്കത്തെപ്പോലും

Thursday, July 30, 2009

മണികണ്ഠന്‍ എന്ന പൂവന്‍ കോഴി

ഒരു ക്ലാസിക്
മലയാള കവിതയുടെ
തലക്കെട്ടിലേക്ക്
ഒരു കോഴി
ഒറ്റുകൊടുക്കപ്പെടുന്നതിന്
സാക്ഷ്യം വഹിച്ചിട്ടാണ്
ഏഴാം വരിയില്‍
നിങ്ങളെത്തിയിരിക്കുന്നത്

അരുതുനിഷാദ
എന്നു പറയാന്‍ പോലും
ഹൃദയവിശാലത ഇല്ലാത്തവരോ
തീവണ്ടികളിലും
നടപ്പാതകളിലുമിരിക്കുന്ന
വായനക്കാര്‍

പുലരും മുമ്പ്
മൂന്നുവട്ടം കൂവുന്ന
മണികണ്ഠനെ
മനോരോഗികള്‍ക്ക്
വിട്ടുകൊടുക്കാന്‍ മാത്രം
എന്തു തെറ്റാണ്
കോഴികള്‍
സിവില്‍ സൊസൈറ്റിയോട്
ചെയ്തത് ?

Sunday, July 26, 2009

ചില ദിവസങ്ങള്‍ക്ക് നീ എന്നു പേര്‍ / ചില ദിവസങ്ങള്‍ക്ക് ഞാന്‍ എന്നു പേര്‍ : എന്നിട്ടും :

ചില ദിവസങ്ങള്‍
രാവിലെ ഉണര്‍ന്ന്
നിറയെ നിറങ്ങളുള്ള
പാവാട വിടര്‍ത്തി
ഒരുപാടാളുകളുള്ള
ഇടവഴിയില്‍
കറങ്ങിയും തിരിഞ്ഞും
കരയുന്ന കുട്ടിയെ
കൌതുകത്തോടെ നോക്കിയും
വീണുപോകുന്ന ഇലകളെ
ഇണയെപ്പലെ സ്നേഹിച്ചും
മരക്കൊമ്പത്ത് ചേക്കേറുന്ന
കിളികളെപ്പോലെ
അദൃശ്യമായ ആനന്ദമായി
ചില ദിവസങ്ങള്‍ക്ക്
നീ എന്നു പേര്‍

ചില ദിവസങ്ങള്‍
നട്ടുച്ചയിലേക്ക്
കണ്‍മിഴിച്ച്
കൊതുകു പാടുകള്‍ തടവി
മൈരുമഴയെന്ന് തലചൊറിഞ്ഞ്
ഇടവഴി നിറയെ
ശവങ്ങളെന്ന് ചിറഞ്ഞ്
ചിരിയേതോ
പുരാനഗരാത്ഭുതം
എന്നെല്ലാവരോടും മുഷിഞ്ഞ്
കൂടുകളില്‍ കയറുന്ന
കോഴികളെപ്പോലെ
അനന്തമായ സാന്നിധ്യമായി
ചില ദിവസങ്ങള്‍ക്ക്
ഞാന്‍ എന്നു പേര്‍

എന്നിട്ടുമെല്ലാ
പാതിരായിലും നീ
ഇലവിടവിലൂടൂര്‍ന്നിറങ്ങി
ചെയ്യുന്നതെന്ത്
പോക്രിത്തരം
എന്റെ കൂടുകളില്‍

?

Tuesday, July 14, 2009

നടന്നു പോകുന്നു :)

ഒരുവളും അവളുടെ ആകാ‍ശവും
നടന്നു പോകുന്നു
ചിലപ്പോള്‍ ഏറെനേരം പരസ്പരമറിയാതെ
ചിലപ്പോള്‍ ആരാണ് ആദ്യമോടിയെത്തുക
എന്ന് പന്തയംവച്ച്
ചിലപ്പോള്‍ എതിരേവരുന്ന ആകാശത്തെയും
അതു തിരയുന്ന ഉടലിനെയും
‘ഒന്നുമില്ലല്ലോ അല്ലേ’ എന്നു പരിഗണിച്ച്
മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ
ഒരുവളും അവളുടെ ആകാശവും
നടന്നുപോകുന്നു

നമ്മളവളെ കാണുന്നു
അവളുടെ ആകാശം കാണുന്നു
നൂറുവാര അകലെനിന്ന്

പിന്നീട്
കുറേക്കൂടി പിന്നില്‍ നിന്ന്
ആയിരക്കണക്കിന് വാര അകലെനിന്ന്
കുറേക്കൂടി കുറേക്കൂടി
പിന്നിലേക്ക് നമ്മളിറങ്ങുന്നു
നമ്മുടെ അളവുകളില്‍ നിന്ന്
ദൂരം ജയില്‍ചാടി രക്ഷപ്പെടുന്നു
കൊഞ്ഞനംകുത്തുന്നു

നമ്മളിലെ കുട്ടികള്‍
‘ദൂരെ അങ്ങുദൂരെ’ എന്ന്
വിരലിന്റെ തുഞ്ചത്ത്
അവളെ വരച്ചുകാട്ടുന്നു
നമ്മള്‍ കുട്ടികളിലേക്ക് നോക്കുന്നു
അവളിപ്പോഴും ഉണ്ടെല്ലോ
എന്നു പേടിക്കുന്നു പെടുക്കുന്നു
അയ്യേ എന്ന് നമ്മളിലെ കുട്ടികള്‍
മൂക്കിന്‍ തുമ്പത്ത് അവളെ തൊട്ടുകാണിക്കുന്നു

നമ്മളില്‍ നിന്ന് നാലു പോലീസ് ജീപ്പുകള്‍
പുറപ്പെടുന്നു
നാലായിരം ജീപ്പുകള്‍ പുറപ്പെടുന്നു
നാല്പതുലക്ഷം ജീപ്പുകള്‍ പുറപ്പെടുന്നു
ജീപ്പുകള്‍ തീര്‍ന്നു പോകുന്നു
കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള
സൈക്കിളെടുത്തിറങ്ങുന്നു
എല്ലാവരും ഉറക്കംവിട്ടിറങ്ങുന്നു
സൈക്കിളുകള്‍ തീര്‍ന്നുപോകുന്നു
കുട്ടന്‍പിള്ളമാര്‍ തീര്‍ന്നുപോകുന്നു
ഉറക്കം തീര്‍ന്നുപോകുന്നു
നമ്മള്‍, നമ്മളില്‍നിന്ന്, നമ്മള്‍
തീര്‍ന്നു പോകുന്നു

മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ
ഒരുവളും അവളുടെ ആകാശവും
നടന്നുപോകുന്നു

Saturday, July 4, 2009

ആഹ്വാനം - 1

എത്ര വെള്ളം കോരിയിട്ടും
ആനന്ദന്‍ വന്നില്ല

(മാതംഗി, കല്‍പറ്റ നാരായണന്‍)


എന്റെ മാതംഗീ
തുടയിടുക്കില്‍ വിരലുരസുകയോ
അപ്പുറത്തെ
ചെറുപ്പക്കാരിയെയോ
ചെറുപ്പക്കാരനെയോ
വശീകരിക്കുകയോ
ചെയ്യുക

ആനന്ദം വരും

ആഹ്വാനം - 2


‘ഇത്ര നിരാശാഭരിതമായ ഒന്ന്
എല്ലാ ദിവസവും
നമ്മളെച്ചുറ്റി പോവുകയാണെങ്കില്‍
എങ്ങനെയാണ്,
അതിജീവിക്കുമെന്ന്
ഒരുമിച്ചെടുത്ത പ്രതിജ്ഞയെ
നമ്മളനുസരിക്കുക?
ഏത് അസാധാരണത്വമാണ്
തുടര്‍ന്നും നമ്മളെ
ആകര്‍ഷിച്ച് നിര്‍ത്തുക?‘

പ്രിയപ്പെട്ടവരേ

നമ്മളിപ്പോള്‍ കേട്ടത്
ഒരേ കട്ടിലില്‍
ഒരുമിച്ച് കിടക്കുന്ന
രണ്ടുപേരുടെ
സംഭാഷണമാണെങ്കില്‍
പശ്ചാത്തലത്തില്‍ സാംബശിവനും
അതേ പശ്ചാത്തലത്തിന്റെ
പാരഡിയും മുഴങ്ങുന്നെങ്കില്‍

നാടകം മടുത്തെന്നോ
നേരം വെളുത്തെന്നോ
സമ്മതിക്കുക

പായ മടക്കുക,
മടങ്ങുക

Monday, June 22, 2009

പച്ചപ്പ്പച്ചപ്പ്പച്ചപ്പ്പടരുന്നടിവേരുകളില്‍

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു,മുറ്റം

നീന്തിനോക്കുന്നുനീന്തിനീന്തിനോക്കുന്നു
തൊട്ടുനോക്കുന്നുതൊട്ടുമ്മവയ്ക്കുന്നു
ഉമ്മവച്ചുമ്മവച്ചുനോക്കുന്നു
നിന്റെഉമ്മിനീരെന്റെതന്നെയല്ലേ
എന്റെഉമ്മിനീരുനിന്റെതന്നെയല്ലേ
തുള്ളിച്ചാടുന്നുപുല്‍ച്ചാടിപുളയുന്നു
പുല്ലില്‍പൂത്തുനില്‍ക്കുംതുള്ളിയോടിടയുന്നു
തുളുമ്പുന്നു

നീന്തിനീന്തിപ്പോകുന്നു
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുമ്പോള്‍
നീങ്ങിനീങ്ങിപ്പോകുന്ന
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുന്നു

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു
നൃത്തംചെയ്യുന്നു
നീങ്ങിനീങ്ങിപ്പോകുന്നു
ഉണക്കാനിട്ട്
മറന്നുപോയ
നിന്റെപാവാട
ഞാനെടുത്തുവെക്കുന്നു
നീതിരിച്ചുവരുമ്പോള്‍
നീപെയ്തുനിറഞ്ഞ
പൂപ്പല്‍പടര്‍ന്ന
എല്ലാമരങ്ങളുംനിറഞ്ഞപാവാട

ഒരറ്റത്തുനിന്ന്
വലിച്ചുകെട്ടിയഅതിരുകളായിരുന്നു
നിറയെവൃത്തിവിരിച്ചിട്ട,മുറ്റം
പച്ചപ്പിത്രയുംവന്നുനിറയുമ്പോള്‍
ഇരുന്നുപോയവന്റെമറവിയില്‍
ഇല്ലാതാകുന്നതിരുകള്‍
അതിരുകളില്‍തളിരിലകള്‍മുളയ്ക്കുന്നു
മൂളിപ്പോകുംതുമ്പികള്‍പ്പൂക്കുന്നു
അതിരുകളതിരുകളടര്‍ന്നുപോകുന്നു
അടര്‍ന്നടര്‍ന്നടര്‍ന്നുപോകുന്നതിരുകള്‍
പച്ചപ്പ്‌
പച്ചപ്പ്‌
പച്ചപ്പ്‌
പടരുന്നടിവേരുകളില്‍

Sunday, June 7, 2009

ആലീസ്‌ ആര്‍ട്‌ കഫെ

ചുവരുകളിലെ
ചത്തുപോയവരുടെ ചിത്രങ്ങളിലേക്ക്‌
ഉറുമ്പുകള്‍ അരിമണികളുമായി
സുഖവാസത്തിന്‌ പോകുമ്പോള്‍
ആലീസ്‌,
ഉപേക്ഷിക്കപ്പെട്ട വീടുകളിലേക്ക്‌
സ്ഥിരതാമസത്തിനു
പോകുന്നവരുടെ കൈപ്പുസ്തകം
തയ്യാറാക്കുന്നതിന്റെ തിരക്കുവിട്ട്‌
ചുവരുകളുടെ വളരെ അടുത്തേക്ക്‌
നടന്നുവന്ന്‌
ഇതേ വീട്ടിലേക്ക്‌
ഒരുകുട്ട സാധനങ്ങളുമായി
താന്‍ ആദ്യമായി വന്ന
ദിവസത്തെയോര്‍ത്തു മുറിഞ്ഞ്‌
പതിയെ പതിയെ
അരിമണിയുമായി
ചത്തുപോയവരുടെ ചിത്രങ്ങളിലേക്ക്‌
കയറിപ്പോകുന്ന
മറ്റൊരു ഉറുമ്പായി
സ്വയം സങ്കല്‍പിച്ച്‌
ഉള്ളുപൊള്ളയായ മരത്തില്‍ നിന്ന്‌
ചിറകടിച്ചു പോകുന്ന കിളികളെ
താനിനിയെന്ന്‌ വരയ്ക്കുമെന്ന്‌
ആലോചിച്ച്‌
ആര്‍ക്കു വേണ്ടിയാണ്‌
ഇനിയും വരച്ചുകൂട്ടുന്നതെന്ന്‌ ഗദ്ഗദപ്പെട്ട്‌
വീടിന്റെ പേര്‌
ആലീസ്‌ ആര്‍ട്‌ കഫെ
എന്നു മാറ്റുവാനുള്ള
ഒരുക്കങ്ങളിലേക്ക്‌
സ്വയം പിന്‍മാറുന്നു

മറ്റൊരു കസേരയില്‍
ആലീസ്‌
തനിച്ചിരുന്ന്‌
നീളന്‍ പലകമേല്‍
ചായം മുക്കി എഴുതിത്തുടങ്ങുന്നു
ഒരു വലിയ അമ്പടയാളം
വരച്ചു ചേര്‍ക്കുന്നു

വീടിന്റെ മുന്നില്‍
കയ്യിലൊരു ചൂണ്ടുപലകയുമായി
നില്‍ക്കുമ്പോള്‍
ആലീസ്‌
പെട്ടന്ന്‌ വളരെപ്പെട്ടന്ന്‌
ഉള്ളുപൊള്ളയായ
മരത്തില്‍ നിന്ന്‌
പറന്നുപോകുന്ന കിളികളെ
തിരിഞ്ഞു നോക്കുന്നു
പറന്നുപോകുന്ന
കിളികളുടെ പേരുകള്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ശ്രമിച്ച്‌
ആലീസ്‌
ചായമുണങ്ങാത്ത ബോര്‍ഡ്‌
സ്വന്തം കഴുത്തില്‍ തൂക്കുന്നു

വിത്തുകളില്‍ വിരല്‍നുണഞ്ഞു കിടക്കുന്ന
പച്ചപ്പടര്‍പ്പുകളിലൊന്നിന്റെ-
യാദ്യത്തെയില പുറത്തേക്ക്‌
തലനീട്ടി
ഹാ! എന്തു മനോഹരമെന്ന്‌
അവളിലേക്ക്‌

പടര്‍ന്ന്‌ പോകുന്നു

Wednesday, June 3, 2009

ആരെഴുതും കുന്നിന്‍പുറങ്ങളുടെ യാത്രാവിവരണം?

ചലിക്കുന്ന തീവണ്ടി
ഓടുന്ന നഗരങ്ങളുടെ നിഴല്‍വീണ
കണ്ണാടി

ഉള്ളിലിരുന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍
ഓടിപ്പോകുന്ന നിഴലിനൊപ്പം
സ്വയം കണ്ടു കണ്ട്‌
ഭയന്ന ജീവന്റെ പലായനം

വിദൂരതയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന മരങ്ങളെ
കൂടുതല്‍ തണലിനായി
നിര്‍ബന്ധിക്കുന്ന ആട്ടിന്‍പറ്റങ്ങള്‍,
ചലിക്കുന്ന തീവണ്ടി

മഞ്ഞുവീണ മലകളിലേക്ക്‌
പൂത്തുലഞ്ഞ വഴികള്‍
വേച്ചുവേച്ച്‌ കയറിപ്പോകുമ്പോള്‍
തീവണ്ടിയോടൊപ്പം ഓടുന്ന നഗരങ്ങളും
അല്‍പനേരം വീണുകിടക്കുന്നു
പരസ്പരം വീണുകിടക്കുന്ന നിഴലുകള്‍
തീവണ്ടിയും നഗരവും, അപ്പോള്‍

മലകയറിപ്പോകുന്ന വഴികള്‍
തോളിലെ ഭാണ്ഡത്തില്‍ നിന്ന്‌
ചെമ്മരിയാടുകളെ പുറത്തെടുത്ത്‌
വിതറുന്നു, കൊന്നു പുതയ്ക്കുന്നു
അത്രയധികം മരണങ്ങളില്‍
മഞ്ഞുകാലത്തിന്റെ കുറ്റബോധം
തീവണ്ടി നോക്കിക്കിടക്കുന്നു
ദൂരെ നിന്ന്‌ നോക്കുമ്പോള്‍
അപ്പോള്‍ പൂത്ത നിലയില്‍
ചെമ്മരിയാടുകളുടെ ഉദ്യാനം,
കുന്നിന്‍പുറം

നിരോധിക്കപ്പെട്ട ചെടികള്‍
മുകളിലും താഴെയും
ഒളിച്ചും പാത്തും വളരുന്നുണ്ട്‌,
പൊട്ടിയ കണ്ണാടി ചിത്രസംയോജനം ചെയ്ത
അസംബന്ധതയുടെ കുന്നിന്‍പുറങ്ങളില്‍

എല്ലാവരും തിരിച്ചെത്തുകയോ
ഒരുപ്പോക്ക്‌ പോവുകയോ ചെയ്യുമ്പോള്‍
ഉള്ളില്‍ നിന്നിറങ്ങി
കുന്നിന്‍ മുകളിലും കടലിറക്കങ്ങളിലും
പൂത്തുലഞ്ഞ പച്ച
എന്റെയുള്ളിലെ താഴ്വരകളാണെന്ന്
എന്റെ ഉള്ളിലൂടെയാണ്‌
മഞ്ഞുകാലത്തിന്റെ
നിഴല്‍പരാതികള്‍ തിരക്കി
തീവണ്ടികള്‍ കുന്നുകയറുന്നതെന്ന്‌
പറയാന്‍ കാത്തിരിക്കുന്നു
നിരോധിക്കപ്പെട്ട ഒരു മനുഷ്യന്‍

അയാളുടെ ഉള്ളിലാണ്‌
നമ്മളെല്ലാവരും ഇപ്പോള്‍

അവധിക്കാല കാഴ്ചകള്‍ക്കായി
ആത്മഹത്യാ മുനമ്പുകളില്‍ നിന്ന്‌
നമ്മളേന്തിവലിഞ്ഞ്‌ നോക്കുന്നത്‌
അയാളില്‍ നിന്ന്‌ പുറത്തേക്കാണ്‌

അതുവരെ കാണാത്ത പൂവിനെക്കാണുമ്പോള്‍
നമ്മളില്‍ പൂക്കൂന്ന
സന്തോഷത്തിന്റെ കാടുകള്‍
അയാളെയറിയില്ല,
അയാളിലൂടെയാണ്‌ ചെടികള്‍
പൂവിടലിന്റെ ഋതുവിനെ
വരച്ചുചേര്‍ക്കുന്നതെങ്കിലും

അയാളുണ്ടാക്കിയ മാറ്റം വിവരിക്കുക എളുപ്പമല്ല,
മനുഷ്യനെക്കുറിച്ചുള്ള
അറിവുകള്‍വെച്ചാണ്‌
നമ്മള്‍ പരതുന്നത്‌ എന്നിരിക്കെ
ഒരിക്കലും

അകന്നകന്നു പോകുന്ന തീവണ്ടികള്‍ക്കു
പിന്നിലേക്ക്‌
ചെറുതായി ചെറുതായി
ഇല്ലാതാകുന്ന ഏതവധാനതയാണ്‌
അയാളുടെ ചിത്രകാരന്‍?

Saturday, May 2, 2009

പിടിച്ചെടുത്ത പാട്ടുകള്‍

ഒരിക്കലും പ്രേമിച്ചിട്ടില്ലാത്തവര്‍ക്ക്‌
വിരഹഗാനങ്ങളിലുള്ള ഹരം പോലെ
പിടിതരാത്ത നിരവധി കൌതുകങ്ങളാവണം
ദൈവത്തിന്റെയും ചെകുത്താന്റെയും
റേഡിയോ നിലയങ്ങളുടെ ഇന്ധനം

ഒരിക്കലും വരാത്തതിനാല്‍
വിട്ടുപോയിട്ടേയില്ലാത്ത
ഒന്നിനെക്കുറിച്ചു ഖേദിച്ച്‌,
അവയെ മാത്രം ഓര്‍ത്തിരിക്കുന്നവര്‍
സംസാരിക്കുന്നിടത്ത്‌
പതുങ്ങിയിരിക്കുന്നവരെയാവണം
കാലങ്ങളായി നമ്മള്‍
ദൈവമെന്നും ചെകുത്താനെന്നും
വിളിക്കുന്നത്‌

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത
വികാരങ്ങള്‍ക്ക്‌ കീഴ്പ്പെട്ട്‌
ഏകാകികളാകുന്നവര്‍ക്ക്‌
മറ്റു പേരുകള്‍
ചേരാത്തതു കൊണ്ടാവില്ല,
അതിശയോക്തികളില്‍
നമ്മള്‍ തോറ്റുപോയതു കൊണ്ടാവണം

പ്രേമിക്കുന്നവരുടെയും
പ്രേമനിരാസം വന്നവരുടേയും പദയാത്ര
ഇതൊന്നും കാര്യമായി
മനസ്സിലാക്കാനിടയില്ല

ഒരിക്കലും വരാത്തതിനോടുള്ള സങ്കടവും
സംപ്രേഷണം ചെയ്യുന്നത്‌
വിരഹത്തിന്റെ നിലയങ്ങള്‍ തന്നെയാണെന്ന്‌
അവര്‍ തര്‍ക്കിക്കാനിടയുണ്ട്‌ -
പ്രേമത്തിന്റെ മതത്തിനും പുരോഹിതരുണ്ടെന്നും
പുരോഹിതരോട്‌ തര്‍ക്കിക്കുന്നത്‌
ദൈവത്തോട്‌ തര്‍ക്കിക്കുന്നതുപോലെ
അര്‍ത്ഥശൂന്യമാണെന്നും
അറിയാവുന്നതിനാല്‍
വിലയേറിയ സമയവും കൊണ്ട്‌
അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന്‌
നമ്മള്‍ ഓടി രക്ഷപ്പെടുമെന്ന്‌
ഉറപ്പാണെല്ലോ

വരാത്തതെന്ത്‌ എന്നയാകുലത
മറ്റൊരു സമൂഹത്തിന്റെ
പാട്ടുകളില്‍ നിന്ന്‌ കേട്ടെടുക്കുക
അത്രയധികം എളുപ്പമായതു കൊണ്ടായിരിക്കില്ല
നമ്മളോടുന്നത്‌, രക്ഷപ്പെട്ടു എന്നഭിനയിക്കുന്നത്‌,

ഒരേ ആന്റിന പിടിച്ചെടുക്കുന്നതാണെല്ലോ
നമ്മുടെ പാട്ടുകളില്‍ പലതും
എന്നറിയാവുന്നതുകൊണ്ട്‌

Monday, April 27, 2009

ചിലന്തികള്‍ വില്‍പനയ്ക്ക്

 തിന്നാന്‍ പറ്റില്ലെങ്കില്‍ കൊല്ലരുത്
എന്നതിനാല്‍
എന്റെ മുറിയിലെ നാലു ചിലന്തികള്‍
ചന്തയില്‍ പട്ടുകോണകം ചുറ്റി
വില്‍ക്കാനും വാങ്ങാനും വരുന്നവരെ
വലവെച്ചുപിടിക്കുന്നു

എന്റെ ചിലന്തികള്‍
മനോഹരമായി പാടുമായിരുന്നു
ഉറക്കം വരാത്ത രാത്രികളില്‍
ജാനിസ് ജോപ്‌ളിനെയും
ആമി വൈന്‍ഹൌസിനെയും
നിശബ്ദതയിലേക്ക് നിര്‍ബന്ധിക്കുമായിരുന്നു

ഇത്രയധികം ചിറകുകളുണ്ടായിട്ടും
പറന്നുപോകാത്ത പക്ഷികളെയാണ്
നമ്മള്‍ ചിലന്തികളെന്ന് വിളിക്കുന്നതെന്ന്
വിശപ്പ് കണ്ടമാനം കൂടിയ
രാത്രികളില്‍ അശരീരി

പറക്കുക എന്നയാശയം അങ്ങനെയാണ്
മുറിയിലാകെ പരന്നത്
നമ്മള്‍ ചിലന്തികളെന്ന്
വിളിക്കുന്നവയ്ക്കിടയില്‍
പൊതുധാരണകള്‍ക്ക് വഴങ്ങാത്തവ ഉണ്ടെങ്കില്‍
എന്താവും? ആരു പാടും പിന്നെ? ആരിണചേരും?

അതിനാലാണ്
ഉത്തരം വില്‍ക്കുന്നവരുടേയും
ചോദ്യം വാങ്ങുന്നവരുടേയും
ചന്തയില്‍
എന്റെ ചിലന്തികള്‍

വന്നുവാങ്ങുക
വീട്ടിലേക്ക് കൂട്ടുക,
അശരീരികളെ അവഗണിച്ചാല്‍
പാട്ടുകേട്ടു മരിക്കാം
മറക്കുന്നതു വരെ

Monday, April 13, 2009

അസ്വസ്ഥത: ഒരു മഴക്കാല വിനോദം

തുടങ്ങുമ്പോള്‍ തന്നെ തുടങ്ങും
തീരുന്നതിനായുള്ള കാത്തിരിപ്പ്‌,
മഴക്കാലത്തിന്റെ രാത്രികള്‍

മറ്റൊന്നും ചെയ്യാനാകില്ല
ശ്രദ്ധ എല്ലാത്തില്‍ നിന്നും തെറ്റും

പുഴയിലൊറ്റയ്ക്ക്‌
രാത്രിമുറിച്ചു പോകുന്ന
വൃദ്ധന്‍ തോണിക്കാരന്റെ
ചിത്രത്തിലേക്ക്‌
ചെറിയ കുളിര്‌ ഊതിവിട്ടാല്‍
ഭിത്തിയില്‍ നിന്ന്‌
മുറിയിലാകെ പരക്കും
മലമുകളിലെ സത്രത്തില്‍
വീശിയടിക്കുന്ന ശീതക്കാറ്റ്‌

ദൂരെ നിന്ന്‌ നോക്കിയാല്‍
പലതിനെ ഉള്‍ക്കൊള്ളുന്ന,
ഉള്ളിലേക്ക്‌ പിരിഞ്ഞിറങ്ങുന്ന
ഒരു വലിയ ചിത്രം

കുന്ന്‌
കുന്നിന്‍ പുറത്തെ വീട്‌
തണുപ്പ്‌ ചിതറിവീഴുന്ന മുറ്റത്ത്‌
വാടിയ ചെമ്പരത്തിപ്പൂവുകള്‍ പോലെ
സിഗരറ്റു കൂടുകള്‍
മുറി
മുറിക്കുള്ളില്‍ തിരിഞ്ഞുമറിഞ്ഞുകിടക്കുന്ന
മറ്റൊരു കുന്ന്‌
കുന്നിന്‍ പുറത്തെ വീട്‌
വീടിന്റെ തുമ്പത്ത്‌ പറന്നു പോകുന്ന കാറ്റിനൊപ്പം
തിരിഞ്ഞു നോക്കുന്ന മെല്ലിച്ച പെണ്‍കുട്ടി

അതിനിടയില്‍ തീര്‍ന്നു പോകും
പല ചിത്രങ്ങളില്‍ ഒരു തണുപ്പുകാലം

തീരുമ്പോള്‍ തന്നെ തുടങ്ങും
തുടങ്ങുന്നതിനായുള്ള കാത്തിരിപ്പ്‌,
മഴക്കാലത്തിന്റെ രാത്രികള്‍

2

നെല്ലിപ്പടിയില്‍ നില്‍ക്കുന്നവരുടെ വിനോദങ്ങള്‍
അതിവിചിത്രമാണ്‌
നെല്ലിപ്പടിക്കു താഴത്തെ തണുപ്പ്‌
ഭയത്തെക്കുറിച്ച്‌ പിറുപിറുക്കുന്ന കഥകള്‍ അത്ര ഭയാനകമാണ്‌

Sunday, April 5, 2009

?

വരുന്ന വഴിയില്‍,

പച്ചപ്പായല്‍ പോലെ ഒരു പൂച്ചക്കുട്ടി
അല്ലെങ്കില്‍
പറന്നു പോകുന്നതിനെ പറ്റിയുള്ള
ദിവാസ്വപ്നം പോലെ
പിങ്ക് നിറത്തില്‍ ഒരു തത്തക്കൂട്
അതുമല്ലെങ്കില്‍
വെറുതേയിരിക്കുമ്പോള്‍
പതിഞ്ഞ താളത്തില്‍
എത്തിനോക്കിയിട്ടു പോകുന്ന
മറ്റേതോ കൌതുകം
വഴിയിലാകെ കൌതുകം

അതേക്കുറിച്ചപ്പോള്‍ നിന്നോട്
പറയണം എന്നു തോന്നി
‘ഹോ വെയില്‍‘ എന്ന്
ഇമ ചിമ്മിയടയും പോലെ
പാളിവീ‍ഴുകയായിരുന്നിരിക്കണം
നിന്റെ സമയ ശരീരം അപ്പോള്‍

വന്നുകൊണ്ടിരുന്ന വഴി
സ്വയം നിന്ന്
റിവേഴ്സ് ഗിയറിട്ട്
നിന്നിലേക്കുള്ള വഴിയായത്
അങ്ങനെയാണെങ്കില്‍

ആഹ്ലാദത്തിന്റെ അക്കരെകള്‍ തിരക്കി
വഴി എന്ന വ്യാജോക്തിയില്‍
അതുവരെ എന്നില്‍ നിന്ന്,
എന്നിലൂടെ
നീണ്ടുകൊണ്ടിരുന്നത്
എന്തു മായാജാലം?

Tuesday, March 24, 2009

എനിക്കും വേറെ പണിയുണ്ടെന്ന് പരമാവധി വളച്ചുകെട്ടി പറയുന്നു

ജനല്‍പ്പടിമേല്‍ കമഴ്ത്തിവച്ച ഗ്ലാസിനപ്പുറം
നിവര്‍‍ത്തിവച്ച കിണറിനുള്ളിലേക്ക്‌
ജലനൂലുകളിലാടിയിറങ്ങി
'ആഴമുണ്ട്‌, ഉടനെയെങ്ങും വറ്റില്ല' എന്നുറപ്പിച്ച്‌
പതിയെ മുകളിലേക്ക്
മടങ്ങിപ്പോകുന്നു ആകാശം

വളവിനപ്പുറം
പൊട്ടുപോലെ മഴക്കാര്‍ മായുംവരെ
'നീ പെയ്തില്ലെങ്കിലും വറ്റില്ല
നീയിനി വന്നില്ലെങ്കിലും കുഴപ്പമില്ല'
എന്നൊക്കെ
വളരെ നേരം കൈവീശി നില്‍ക്കും
ആരുമറിയാതെ
നിറഞ്ഞുകൊണ്ടിരിക്കുന്ന ഉറവകള്‍

ആകാശത്തിന്‌ അതൊന്നും
അറിയേണ്ട കാര്യമില്ല

കുണ്ടും കുഴികളും ഇടവഴികളും
പച്ചക്കാടുകളും പാമ്പിന്‍പൊത്തുകളും
താണ്ടിയതിന്റെ ക്ഷീണമുണ്ട്‌
തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ്‌
സന്തോഷംകൊണ്ട്‌ ഇടിവെട്ടിപ്പോകും,ചിലപ്പോള്‍

ജനലരികില്‍ ഖേദത്തോടെ കമഴ്ന്നിരിക്കുന്ന ഗ്ലാസ്
താഴേക്ക്‌ വീണുചിതറും, ചിലപ്പോള്‍
‘എത്രപെയ്തിട്ടും നിറയ്ക്കാതെ പോയല്ലോ എന്നെ
ഉള്ളിലില്ലല്ലോ നിന്നെവേണ്ടാത്ത ഉറവകള്‍‘

ആകാശത്തിന്‌ അതും
അറിയേണ്ട കാര്യമില്ല

അടുത്തതവണയും വരും
കിണറിലേക്ക്‌ മാത്രം ഇറങ്ങിനോക്കും
വയലുകളിലും താഴ്ച്ചകളിലും
താമസിക്കുന്നവരുടെ വീടുപോലെയുള്ള
ആഗ്രഹങ്ങള്‍ മുക്കിക്കളയും

പ്രളയത്തിലപ്പോള്‍
തുരുത്തുതേടിയോടുന്നതിന്‍മുമ്പ്‌
മൂത്തമകന്റെ ചരിത്രഗ്രന്ഥവും
ഭര്‍ത്താവിന്റെ അടിവസ്ത്രവും
പെറുക്കിക്കൂട്ടുന്നതിനിടയില്‍
വേണോ വേണ്ടയോയെന്നു സംശയിച്ച്‌
ഒരു വീട്ടമ്മ ആദ്യത്തെ പ്രേമലേഖനം
തപ്പിയെടുത്തേക്കും, ചിലപ്പോള്‍

നിറഞ്ഞും വരണ്ടും
എല്ലാ വീട്ടമ്മമാരുടേയും ഭൂതകാലം
എന്നുവേണമെങ്കില്‍ പറഞ്ഞുതീര്‍ക്കാം
മറ്റൊരു ഭ്രാന്തന്‍ കമഴ്ത്തിവച്ച
അതിമോഹങ്ങളുടെ ഈ കാലന്‍കുടയെ

അതും ആകാശത്തിന്
അറിയേണ്ട കാര്യമില്ല,

എനിക്കും

Wednesday, March 18, 2009

ഭീരുത്വത്തെക്കുറിച്ച് രഹസ്യത്തിന്റെ ഭാഷയില്‍

ആഹാ നീ വന്നുവോ
കാത്തിരിക്കുകയായിരുന്നു
അകത്തേക്ക്‌ വരേണ്ട
പുറത്തുതന്നെ നില്‍ക്കൂ
ഈ മുറിയില്‍ നിറയെ രഹസ്യങ്ങളാണ്‌
പലതരം മനോരോഗങ്ങളില്‍ ഒന്നല്ല
ഈ മുറിയും അതിന്റെ രഹസ്യ സഞ്ചാരങ്ങളും
എന്നൊക്കെ പിന്നീട് തര്‍ക്കിക്കാം
നീ വന്നതിനെക്കുറിച്ച് ആലോചിച്ചിട്ടാകാം

പുറത്തേക്കൊരു കസേര എടുത്തിട്ടാല്‍
തീരുന്ന പ്രശ്നങ്ങളേയുള്ളൂ എന്നൊക്കെയാണെങ്കില്‍
നീ വന്നതു തന്നെ ഒരു രഹസ്യമല്ലേ
അധികനേരം പുറത്തുനിന്നാല്‍
പുറത്തായിപ്പോകില്ലേ
അകത്തുള്ള മുറി പോലും

ഇങ്ങനെയൊന്നുമായിരുന്നില്ല
എല്ലാം തീരുമാനിക്കപ്പെട്ടിരുന്നത്‌
പഴയ കഥകള്‍ വീണ്ടും പറയുകയാണെങ്കില്‍

- - - 11 മണിക്ക്‌ നമ്മുടെ ആര്‍ എക്സ്‌-100ല്‍ ആല്‍ത്തറ ജംഗ്ഷനില്‍ നിന്ന്‌ ജോണ്‍ പുറപ്പെടുന്നു. 11.10ന് ആന്‍ഡ്രിയ ബാറില്‍ നിന്നും ചിറിതുടച്ച്‌ പുറത്തേക്കു വരുന്ന വനജ ബൈക്കിന്‌ കൈകാട്ടുന്നു. 11.20ന്‌ ജോണും വനജയും തെക്കുനിന്നു വന്ന ഏതോ ട്രക്കുമായി കൂട്ടിയിടിക്കുന്നു. ട്രക്കില്‍ നിന്ന്‌ പുറത്തിറങ്ങിയ ലാസര്‍ ആര്‍ എക്സ്‌ 100ല്‍ രക്ഷപ്പെടുന്നു. രണ്ട്‌ പേരെ ഇടിച്ചുകൊന്ന്‌ ബൈക്കുമായി കടന്നവന്റെ പിന്നാലെ പൊലീസ്‌ പായുമ്പോള്‍ യഥാര്‍ഥ നമ്മള്‍ രംഗത്തുവരുന്നു - - -

പക്ഷേ, രഹസ്യങ്ങളുടെ
ഒരു കുഴപ്പമെന്താണെന്നു ചോദിച്ചാല്‍
വെളിച്ചത്തിലേക്ക്‌ പെട്ടന്ന്‌ പൊട്ടിവീഴുമ്പോള്‍
അവയൊന്ന്‌ പകയ്ക്കും
കുറച്ചു നേരം ചുറ്റും നോക്കും
അഞ്ചു മിനുറ്റ്‌ ചിലപ്പോള്‍
അഞ്ചു മിനുറ്റ്‌ വൈകിയേ എത്തുകയുള്ളൂ

അഞ്ചു മിനുറ്റിന്റെ വ്യത്യാസത്തില്‍
എല്ലാം ഇപ്പോഴും
അതേപോലെ തന്നെ നിലനില്‍ക്കുന്നു
യഥാര്‍ഥ നമ്മളിപ്പോഴും
ജോണും വനജയും ലാസറും
ആന്‍ഡ്രിയ ബാറുമൊക്കെയായി ഒളിവിലാണ്‌,
ഈ മുറി നിറയെ വേഷം മാറിയ
നമ്മുടെ മനോരോഗങ്ങളാണ്‌

വൈകിയോടുന്ന രഹസ്യങ്ങളുടെ ഈ മുറി
യാത്രക്കാരില്ലാത്ത രാത്രിവണ്ടിപോലെ
ശുദ്ധശൂന്യമാകുന്ന അന്ന്‌
മറ്റെന്തിലേക്കോ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌
എല്ലാവരും എല്ലാവരുടേയും പിറകേ പായുമ്പോള്‍
യഥാര്‍ഥ നമ്മള്‍ വീണ്ടും വരും

അതുവരെ നീ തിരിച്ചു പൊയ്ക്കൊണ്ടേ ഇരിക്കുക

Monday, March 2, 2009

ഇനിയില്ല

ജലത്തിനു മുകളിലെ കുടമാകയാല്‍
ഇടയ്ക്കിടയ്ക്ക്‌ മുങ്ങുകയും
ഇടയ്ക്കിടയ്ക്ക്‌ പൊങ്ങുകയും

മുങ്ങുന്നതിനു മുമ്പ്‌
പുഴയരികിലെ പൂവ്‌
മീന്‍ പിടിക്കുന്നതിനു
തൊട്ടുമുമ്പത്തെ പൊന്‍മാന്‍
പണിയില്ലാപ്പിള്ളേരുടെ
ഉന്നംപിടിക്കലുകള്‍

മുങ്ങിക്കഴിയുമ്പോള്‍
ആഴങ്ങളിലെ തണുപ്പ്‌
നാലു മീനുകള്‍ക്ക്‌ വീട്‌
പൂവിന്റെയും പൊന്‍മാന്റെയും
ഉന്നം തെറ്റിയ ഓര്‍മകള്‍

തുടക്കത്തില്‍ മാത്രമല്ല
ഒടുക്കത്തിലും
ഒന്നുമില്ലായ്മ മാത്രമാണെന്ന്‌
തലയറഞ്ഞ്‌ ചിരിച്ചിരുന്നു
അതിനിടയിലിടയ്ക്കിടെ
എന്റെ പ്രണയബുദ്ധന്‍

എന്നിട്ടുമെന്നിട്ടുമെന്നിട്ടും
തലപൊക്കി നോക്കുകയാണ്‌
ഒന്നിലധികം ആഴങ്ങള്‍
എന്റെ കുടത്തില്‍ നിന്നിപ്പോള്‍

വറ്റിയ പുഴയരികില്‍ നിന്നു പൂവു കൊത്താന്‍
ചത്ത മീനിന്റെ കണ്ണുപൊത്താന്‍
നഷ്ടബോധത്തിന്റെ പൊന്മാന്‍
വരുന്നതിനു മുമ്പ്
പറഞ്ഞിട്ടു താഴുന്നു

ഒന്നുമില്ലായ്മ പോലെയല്ല
നീയില്ലായ്മ

Saturday, February 28, 2009

നല്ല സുന്ദരന്‍ സലീം കുമാര്‍ പ്രഭാതം

കണ്ണുതിരുമി ചുറ്റും നോക്കുമ്പോള്‍
നല്ല സുന്ദരന്‍ പ്രഭാതം
ജനലിലൂടെ പുറത്തേക്ക്‌ നോക്കിയപ്പോള്‍
പുഴയ്ക്കുമേലെ ആരോ തെന്നിച്ചുവിട്ട
ചില്ലുചീളുപോലെ
വഴിയരികിലെ മഴവെള്ളത്തില്‍
ഒരു പെണ്‍പാദം

നല്ല സുന്ദരന്‍ പെണ്‍പ്രഭാതം
ഉമ്മവയ്ക്കാന്‍ തോന്നി
മേല്‍ത്തരം മടിതോന്നി
ഇന്നിനി ഒന്നും ചെയ്യേണ്ട
എന്നു തീരുമാനിച്ചു

ടി വിയില്‍ നസീര്‍ ഷീലയ്ക്കു പിറകേ പോകുന്നു
ഷീല ദേഷ്യം പിടിക്കുന്നു
നസീര്‍ വീണ്ടും പിറകേ പോകുന്നു
ഈ സിനിമയില്‍ ഷീലയുടെ പേര്‌ എന്തായിരിക്കും
നസീര്‍ ഏതു മതത്തിലായിരിക്കും
ഞാനതാലോചിക്കുമ്പോള്‍
നസീര്‍ ഷീലയെ കളിയാക്കുന്നു
ഷീലയുടെ നെഞ്ച്‌ ഉയര്‍ന്നു താഴുന്നു
ഷീലയുടെ മുല കൊള്ളാം മനസ്സില്‍ കിടക്കട്ടെ,
എപ്പോഴെങ്കിലും ഉപകരിക്കും

വരാന്തയിലേക്കിറങ്ങി നോക്കി കൊള്ളാം നല്ല കാറ്റ്‌
സുന്ദരന്‍ പ്രഭാതം
മുറ്റത്തേക്ക്‌ പാളി നോക്കിയപ്പോള്‍
ബീഡിവലിച്ച്‌ ഒരരുകില്‍
കുത്തിയിരിക്കുന്നു സലീം കുമാര്‍
മൊത്തത്തില്‍ മുഷിഞ്ഞിട്ടുണ്ട്‌
ഉള്ളിലേക്കു വിളിച്ചാലോ
കട്ടന്‍കാപ്പി കൊടുത്താലോ
കുറേ നേരം അയാളെത്തന്നെ നോക്കിയിരുന്നു
ഒന്നും മിണ്ടിയില്ല

മുറിയിലെത്തി നോക്കുമ്പോള്‍
സലീം കുമാര്‍ ഷീലയ്ക്കു പിറകേ പോകുന്നു
നസീര്‍ സലീം കുമാറിനു പിറകേ പായുന്നു

ബീഡികളഞ്ഞ്‌ ഉള്ളില്‍ വന്നിരിക്കൂ
ഷീലയെ പിന്നീട്‌ പിടിക്കാം
നസീറിനെപ്പോലെ ഒരു മണ്ടനെ ആരെങ്കിലും പേടിക്കുമോ
സലീം കുമാര്‍ ആണത്രെ സലീം കുമാര്‍
എന്നൊക്കെ പുറത്തുചെന്ന്‌ പറയണം എന്നുതോന്നി

അപ്പോള്‍ വേറൊരു പാട്ടില്‍ നസീര്‍
വേറെയൊരു പെണ്ണിനു പിറകേ പോകുന്നു
ഈ സിനിമയില്‍ നസീറിന്റെ ജാതി എന്തായിരിക്കും
പുറത്തിരിക്കുന്ന സലീം കുമാറിന്റെ
ഇപ്പോഴത്തെ പേരെന്തായിരിക്കും

അപ്പോള്‍ അവളുടെ മെസേജ് വന്നു
ടി വിയില്‍ കാണുന്നതു പോലെയല്ല
കാര്യങ്ങള്‍ എന്ന്
മടിയന്മാരോടൊത്തുള്ള ജീവിതം
ദുസ്സഹമാണെന്ന്

പുറത്തിറങ്ങി നോക്കിയപ്പോള്‍
സലിം കുമാര്‍ ഇല്ല
ടി വിയില്‍ കാണുന്നതുപോലെയായിരിക്കില്ല
കാര്യങ്ങള്‍
ഷീലയും നസീറും
ഒന്നുമായിരിക്കില്ല ജീവിതം

ബീഡിവലിച്ച് മറ്റൊരു പ്രഭാതത്തില്‍
ജീവിതം ഇതുവഴി വീണ്ടും
വന്നേക്കും

Monday, February 16, 2009

കാഫ്കയുണ്ട് സൂക്ഷിക്കുക

കഴിഞ്ഞ കുറേ ദിവസങ്ങളായി
കാരണരഹിതമായ
സന്തോഷത്തില്‍ പെട്ട്
ഉഴലുകയായിരുന്നു

- - എപ്പോഴൊക്കെയോ ഉണരുകയും
എപ്പോഴൊക്കെയോ ഉറങ്ങുകയും
എപ്പോഴൊക്കെയോ ഇണചേരുകയും - -

കാരണരഹിതമായ സന്തോഷം
അപകടം പിടിച്ച വളവുപോലെ
മാത്രം സുന്ദരമാണ് എന്നു പറഞ്ഞത്
ഫ്രാന്‍സ് കാഫ്കയാണ്,
പലപ്പോഴായി കണ്ട
സ്വപ്നങ്ങളില്‍

ഉണര്‍ന്നപ്പോള്‍
‘മാത്രം സുന്ദരമായ വളവിനെ‘ക്കുറിച്ച്
ആലോചിച്ചു
മാത്രം സുന്ദരം ഒരു തമിഴ് സിനിമാനടിയല്ലേ
വളവിനപ്പുറം മാത്രം സുന്ദരം ഉണ്ടെന്നാണോ
വീണ്ടും വീണ്ടും ആലോചിച്ചു

ഗതികെട്ടു

മാത്രം സുന്ദരത്തെ
കാണാനിറങ്ങി നടന്നു

പാവം നിങ്ങളും പെട്ടു

എപ്പോഴൊക്കെയോ എന്തൊക്കെയോ
ചെയ്തുകൊണ്ടിരുന്ന എന്നെ
ബുദ്ധാ എന്നു വിളിക്കാനുള്ള മടികൊണ്ട്,
വെറും ഈഗോ കൊണ്ട്
‘എല്ലായ്പ്പോഴും’ എന്ന വാക്കിനെ
ഉറക്കത്തില്‍ കൊണ്ടു തട്ടിയിട്ട്
പോയവനാണ്
ഈ ഫ്രാന്‍സ് കാഫ്ക

എന്തും ചെയ്യാന്‍ മടിക്കാത്തവനാണ്

Wednesday, February 11, 2009

എല്ലാ അക്ഷരങ്ങളും തെറികളായി മാറുന്ന ഇടവേളകളേ എന്നെക്കുടി കൊണ്ടുപോകണേ

ചുവന്ന വെളിച്ചം
ഇരുട്ടുകായാനിറങ്ങിയ
പ്രേതയാമത്തില്‍
ബാറുകളില്‍ നിന്ന്
ശബ്ദങ്ങളുടെ ശവപേടകത്തില്‍
കടല്‍ മുറിച്ചു കടന്നു പോകുന്നു
എന്റെയും നിന്റെയും
പ്രണയശയ്യയില്‍, പണ്ട്
പാമ്പും പഴുതാരയുമായിരുന്ന
അക്ഷരങ്ങള്‍

- - - - അ - - - -
- - ആ - - - - - -
- - - - ഇ - - - -
ഈ - - - - - - - -
- - ഉ - ഊ - - - - -
- - - - - -ഉ - ഊ -

Monday, February 9, 2009

ഉള്ളി ജീവിതം

പാതിരാത്രിക്ക്‌
പുല്ലുതിന്നാനിറങ്ങിയ
കുതിരകള്‍

അവയ്ക്കുമേല്‍
സിഗരറ്റ്‌ വലിച്ചിരിക്കുന്ന
പടയാളികള്‍

ചത്തകാലത്തിനു പുറത്ത്‌
സിഗരറ്റ്‌ പുകയുന്നുവെന്നും പ്രഭാതത്തിന്റെ
കുളമ്പടിയൊച്ച ആസന്നമെന്നും
ഒരാള്‍ കവിതയിലെഴുതുന്നു

എഴുത്തുകാരെ മാത്രം ധിക്കരിക്കാറില്ല
കുതിരകളുടെ ശീലം

പ്രഭാതത്തിനു മുമ്പെത്താന്‍ കുതിരകള്‍
ഇരുട്ടിന്‌ വിപരീത ദിശയിലോടുന്നു

2

ഉറവപോലുരുണ്ട്‌
ഉള്ളിലുള്ളതെല്ലാം ഉരഞ്ഞ്‌
ഉരഗമായലയും ഉറക്കമേ
ഉണര്‍ച്ചയില്‍നിന്നേ,തൂയലില്‍
ഉയിര്‍വെച്ചുയരും നിന്റെ
ഉള്ളി ജീവിതമൊ,ളിപ്പിച്ചുവയ്ക്കും
സുപ്രഭാതങ്ങളുടെ സ്വപ്നാന്തര നടനം?


എന്ന താളത്തില്‍ വേറൊരു
കവിതകൂടെഴുതി
എഴുത്തുകാരന്‍ ഉറങ്ങാന്‍ കിടക്കുന്നു

3

കുതിരകള്‍ ആഞ്ഞോടുന്നു
വ്യാകുലമാതാവ്‌ മുകളില്‍ നിന്ന്‌ നോക്കുന്നു

Tuesday, January 27, 2009

പല ഉപമകളില്‍ മഞ്ഞുകാലം

ഇന്നലെ രാത്രിയില്‍ സാറാ
ഞാന്‍ നിന്നെയോമനിച്ചോമനിച്ച്‌
ഉറങ്ങിപ്പോയി

മഴവില്ലുപോലെ നീ
വിരിഞ്ഞു കിടപ്പുണ്ടായിരുന്നു
നിന്റെ മുലകള്‍ പോലെ
നിന്റെ മുലകളുണ്ടായിരുന്നു
മറന്നുപോയ ഉപമകളില്‍
തുടകള്‍, തുടിപ്പുകള്‍

നോക്കി നോക്കി കിടക്കുമ്പോള്‍
നിന്റെ വയറിന്റെ അറ്റത്തുനിന്ന്‌
ഒരു തീവണ്ടി
മുലകള്‍ക്കിടയിലൂടെ
കടന്നുപോകുന്നത്‌ കണ്ടു

താഴേക്ക്‌ ചരിഞ്ഞു നോക്കിയപ്പോള്‍ സാറാ,
എത്രഗൂഢ,മെന്തുഗൂഢമീ,യതിഗൂഢത
എന്നു കണ്ടു

തീവണ്ടി തിരിച്ചുവരുമെന്നു കാത്ത്‌
കുറേനേരം നോക്കിയിരുന്നു
അടിവാരത്തില്‍ വരെ
പോയേച്ചുവരാം എന്നു കരുതി
മുളകിലല്ലേ എരിവിന്റെ വിത്തുകള്‍
അടിവാരത്തല്ലേ മുളകു പാടം

നീ തിരിഞ്ഞു കിടന്നതാവണം
മുലയിടിഞ്ഞതാവണം
വണ്ടി ലേറ്റ്‌, സാറാ നിന്റെ വണ്ടി ലേറ്റ്‌

ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന
കുന്നിന്‍ ചെരുവില്‍ ഒരു തീവണ്ടി
നടുനിവര്‍ത്തി നില്‍കുന്നത്‌
അവ്യക്തമായി കാണാം
മുളകുപാടത്തിനിടയിലൂടെ
ചൂളംവിളി തീവണ്ടിയുപേക്ഷിച്ച്‌
പാഞ്ഞുപോകുന്നത്‌ കേള്‍ക്കാം

എനിക്കിപ്പം പോണം സാറാ,
എനിക്കിപ്പം പോണം എന്ന
കാറ്റിന്‍മുരള്‍ച്ച നീ കേട്ടില്ല

അതിനിടയില്‍, ഞാനുറങ്ങിപ്പോയി
സാറാ ഇന്നലെ രാത്രിയില്‍

നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്‌
കറവക്കാരന്‍ വരുന്നതിനുമുമ്പ്‌
പുല്ലുതിന്നിട്ട്‌ വരട്ടേ ഉപമകള്‍

Friday, January 23, 2009

ഷേക്സ്പിയര്‍ ഇന്‍ ടൌണ്‍

അര്‍ധരാത്രിയില്‍ അമേരിക്ക കപ്പലുകയറി
ഇന്ത്യയിലെ നരച്ച നഗരങ്ങളില്‍
കോള്‍ സെന്റെറുകളായി രൂപാന്തരപ്പെട്ടു തുടങ്ങുമ്പോള്‍
മധുരയിലെ ഒരു ഉള്‍നാടന്‍ കരിമ്പനയ്ക്കുതാഴെ
കുടുംബക്ഷേത്രം പൊളിച്ച്‌ അതിരിക്കുന്ന സ്ഥലം
അയിരു ഖനനത്തിന്‌ വിട്ടുകൊടുക്കുന്നതു പോലെയുള്ള
വിപ്ലവാത്മക ചിന്തകളില്‍ മുഴുകി ഇരിക്കുകയും
കിടക്കുകയും ഉറങ്ങുകയുമായിരുന്നു
ജെ പി ശെല്‍വകുമാര്‍

ക്ഷേത്രം കുടുംബത്തിന്റേതാണോ നാട്ടുകാരുടേതാണോ
എന്ന തര്‍ക്കത്തില്‍ നിന്നൊരു ചീളുതെറിച്ച്‌
മദ്രാസ്‌ ഹൈക്കോടതിയില്‍ എത്തിയതിന്റെ
വാലില്‍ തൂങ്ങി
നഗരം കണ്ടു നോക്കുമ്പോഴാണ്‌
മധുരയേയും ചെന്നൈയേയും ഇപ്പോള്‍ കൂട്ടിയിണക്കുന്നത്‌
എം ജി ആര്‍ അല്ല എന്ന്‌ ശെല്‍വന്‌ പിടുത്തം കിട്ടിയത്‌

കേസുകെട്ട്‌ അവിടെവിട്ടു

ട്രിപ്ളിക്കനിലെ ഇരുണ്ട തെരുവില്‍ നിന്നൊരു മുറി കണ്ടെടുത്തു
തെരുവിലാദ്യം കണ്ട കോള്‍സെന്റെര്‍ സായിപ്പിന്‌
ഐ ആം ശെല്‍വകുമാര്‍ ജെ പി എന്ന്‌ കൈകൊടുത്തു

ആറുമാസങ്ങള്‍ക്കുശേഷം ഒരു മുടിഞ്ഞ പ്രഭാതത്തില്‍

ഇംഗ്ളീഷ്‌ ഗ്രാമറുമായി തട്ടിച്ചു നോക്കുമ്പോള്‍
ഇന്ത്യന്‍ നിയമ വ്യവസ്ഥ അത്രയൊന്നും
നൂലാമാല പിടിച്ചതല്ലെന്ന്‌ പ്രസ്താവിച്ചുകൊണ്ട്‌
ജെ പി എസ്‌ സ്പോക്കണ്‍ ഇംഗ്ളീഷ്‌ സെന്റെറിന്റെ
പരസ്യത്തില്‍ നിന്ന്‌ പുറത്തേക്ക്‌
തലയിട്ടു നോക്കുമ്പോഴാണ്‌

കുടുംബക്ഷേത്രത്തിനു മേല്‍ തനിക്കല്ലാതെ മറ്റാര്‍ക്കുമവകാശമില്ല
എന്ന വിധിയെക്കുറിച്ചുള്ള വാര്‍ത്ത ശെല്‍വന്‍ കാണുന്നത്‌

'ഒരു ഇടത്തരം ഇന്ത്യന്‍ ഹിന്ദുവിന്റെ ആശയക്കുഴപ്പങ്ങള്‍'
എന്നതല്ല ഈ കവിതയുടെ തലക്കെട്ട്‌ എന്നത്‌
ഇപ്പോള്‍ നിങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി, ഇല്ലേ?

ശെല്‍വന്റെ ആശയങ്ങള്‍
അപ്പോഴെന്തുമാത്രം കുഴപ്പത്തിലായിരിക്കണം

Saturday, January 17, 2009

മദനന്‍

രണ്ടരലക്ഷം കോപ്പികളില്‍
പരന്നു കിടപ്പുണ്ട്
എന്റെ വിലാപം

പുല്ലാങ്കുഴല്‍
എന്തിന്റെ പ്രതീകമാണെന്ന്
ആരുടെ വിരക്തിയാണ്
ചന്ദ്രികയെന്ന്

രമണനു മാത്രമറിയില്ല
ഇപ്പോഴും

Wednesday, January 14, 2009

തെരുവ്‌ ഒരു നീലച്ചിത്രം നിര്‍മിക്കുന്നു

സെറ്റ്‌

ഈ രാത്രിക്ക്‌ നശിച്ച പനിയാണ്‌
നല്ലപോലെ തണുക്കുന്നുണ്ട്‌:
നെറ്റിയില്‍ കൈവച്ചുനോക്കി
പിറുപിറുത്തിരിക്കുന്നു,
പാതിമയക്കത്തില്‍ മുല്ലപ്പൂ
വില്‍ക്കുന്ന പെണ്ണുങ്ങള്‍

വീടുകളില്‍ നിന്ന്‌
പതുങ്ങിയിറങ്ങിവന്ന്‌
കടത്തിണ്ണകളില്‍
കണ്ണടച്ചു കിടക്കുന്നു
ദാമ്പത്യ വിരസത

വളരെ പഴകിയ ഒരു ആംഗിളിലൂടെ
ഒളിഞ്ഞു നോക്കുന്നുണ്ട്‌,
ഒന്നും ചലിക്കുന്നില്ലല്ലോ
എന്നുറപ്പിക്കുന്നുണ്ട്‌
ദൈവത്തിന്റെ ഡ്യൂപ്പ്‌

കഥാപാത്രങ്ങള്‍

കാമുകിയോടൊത്ത്‌ പ്രവേശിക്കുന്നു ഉന്തുവണ്ടി

നിക്കറിട്ട ചെറുപ്പക്കാരികള്‍ നൃത്തം തുടങ്ങുന്നു
പശ്ചാത്തലത്തിലാകെ
മഴത്തോര്‍ച്ചയുടെ അടയാളങ്ങള്‍

ഉന്തുവണ്ടി ചുറ്റുംനോക്കുന്നു
അതുവരെ കണ്ടുകൂട്ടിയ സിനിമകള്‍
കൈകാലിളക്കുന്നു
നൃത്തം, നൃത്തം, നൃത്തമാണിനി വേണ്ടതെന്ന്‌
കാമുകി ശഠിക്കുന്നു

ഇനിയുണരില്ല എന്ന തോന്നലില്‍
ഉറങ്ങിപ്പോയ രതിവ്യഗ്രത
ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കുന്നു:
ആരാണ്‌ ഞരങ്ങിയത്‌?

Monday, January 5, 2009

ബി ജെ പിക്ക്‌ തൊട്ടുമുമ്പ്‌ ഇന്ത്യയില്‍ എന്റെ കുട്ടിക്കാലം

സാകേതം ട്യൂഷന്‍ സെന്റെറില്‍ ത്രിസന്ധ്യയ്ക്ക്‌,
ജോസഫ്‌ മാഷിന്റെ അനിയന്‍ ക്ളാസെടുക്കുമ്പോള്‍
ഉള്ളില്‍ നിന്നൊരു അക്ഷൌഹിണിപ്പട
കുലുങ്ങിയുണര്‍ന്ന്‌ തെരുവിലേക്കോടുന്നു,
രാമായണം സീരിയല്‍ കാണുന്നു;
അവസാനത്തെ ഓവറിലെ
അവസാനത്തെ പന്തില്‍
വിധികാത്തു നില്‍ക്കുന്നവന്റെ
ഇളംനെഞ്ച്‌ പിടയ്ക്കുന്നു : -

രാമന്‍ ആ വില്ല്‌ ഉടയ്ക്കുമോ എന്തോ?
എത്ര കറുത്ത രാജാക്കന്‍മാരാണ്‌ വന്നിരിക്കുന്നത്‌
മുട്ടാളന്‍മാര്‍, പാവം രാമന്‍ തോറ്റതു തന്നെ
കുഞ്ഞുമൈഥിലി കറുത്തരോമത്തില്‍ പിടഞ്ഞതു തന്നെ

ബലേ ബലബലേ ബലേ
കട്ടവില്ലുടഞ്ഞു, രാമന്‍ പണിതു
ഇനി നമ്മളാണ്‌, നമ്മുടേതാണ്‌

വെള്ളയ്ക്കാ പ്ളാവിലയില്‍ തുന്നിച്ചേര്‍ത്ത്‌
ചണച്ചരടുകൊണ്ട്‌ പിന്നോട്ട്‌ വളച്ചുകെട്ടി
നമ്മളുണ്ടാക്കിയ രഥങ്ങളില്‍
ആരൊക്കെയോ പൊടിപറത്തി
പാഞ്ഞു വരുന്നുണ്ട്‌
മഴയും വെയിലും മറന്ന്
ഈര്‍ക്കിലമ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും
പറക്കുന്നുണ്ട്

ഭൂമിവിട്ടുയരുകയാണെന്റെ
കരിമരുന്ന്‌ നിറഞ്ഞുചിതറും
കാക്കാരശിനാടക ഞരമ്പുകള്‍

സ്കൂള്‍ തുറക്കുംവരെ യുദ്ധക്ഷീണമാണ്‌
ഊര്‍മിള വീട്ടില്‍ തന്നെയിരിക്കട്ടെ
ത്രിവര്‍ണത്തിലും ത്രികോണത്തിലുമാണ്‌
വനവാസം

Friday, January 2, 2009

മുറിച്ചു കടക്കുമ്പോള്‍

അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത, ഒരു ശരീരത്തിലാണ്‌ നമ്മളെല്ലാവരും ഉണര്‍ച്ചയിലാണെന്നു ഭാവിച്ച്‌ ഉറങ്ങുകയും ഇടയ്ക്കിടെ ദുസ്വപ്നങ്ങള്‍ കാണുകയും ചെയ്തത്‌ എന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട്‌ ഒരാള്‍ പ്രവേശിക്കുമ്പോള്‍, വെളിച്ചമുണ്ടായിട്ടും ഒന്നുമില്ല എന്നു പറയുന്നോ, ഭ്രാന്ത്‌ എന്നു വീണ്ടും പുറത്തേക്കു തന്നെ നോക്കി നമ്മളിരിക്കുകയാണെങ്കില്‍, 'അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത ഈ ശരീരം' എന്ന രൂപകത്തിന്‌ സംഭവിക്കാവുന്ന വിധിവൈപരീത്യത്തെക്കുറിച്ചോര്‍ത്ത്‌ ഈ എഴുത്ത്‌ ഇവിടെ അവസാനിപ്പിച്ചോലോ എന്ന്‌ നൂറു തവണ ആലോചിച്ചിരുന്നു എന്ന്‌, ഇന്നലെ രാവിലെ റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍ കൈ വെള്ളയില്‍ ഈ കുറിപ്പ്‌ ബലമായി വെച്ചു തന്നിട്ടു പോയ ആള്‍ പറഞ്ഞത്‌ ഇപ്പോഴും ചെറുതായി ഓര്‍മയുണ്ട്‌

അങ്ങനെയൊരു കുറിപ്പ്‌ ഈ കൈവെള്ളയില്‍ തന്നെ വെച്ചുതരേണ്ട കാരണത്തെക്കുറിച്ച്‌ ആലോചിച്ചാലോചിച്ച്‌ ഓര്‍മ പിഞ്ചിപ്പിഞ്ചി ഇന്നലെ രാവിലെ റോഡു മുറിച്ചു കടക്കാന്‍ നിന്നിരുന്നുവോ എന്നതിനെക്കുറിച്ചു തന്നെ സംശയം വന്നപ്പോള്‍,

ഹാ വിടളിയാ
എത്ര റോഡുകള്‍ എത്ര കുറിപ്പുകള്‍
വഴിയരികലെത്രയോ ഭ്രാന്തന്‍മാര്‍

എന്നുറപ്പിച്ച്‌ തിരിച്ചു കയറുമ്പോള്‍ പടിവാതില്‍ക്കല്‍ നിന്ന്‌ ഒരാള്‍
'എന്റെ കുറിപ്പ്‌ തിരിച്ചുതിരിക' എന്ന്‌ കൈനീട്ടുന്നു

Thursday, January 1, 2009

ഭാരം, ഭയം

കുളിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍
ഒഴുക്കില്‍ പെടാന്‍ തുടങ്ങുന്നു
ഒഴുക്കിലൊതുങ്ങാന്‍
ഒഴുകിത്തുടങ്ങാന്‍
ഒരാള്‍ കയ്യും കാലും
വിട്ടുകൊടുക്കാന്‍ തുടങ്ങുന്നു

പുഴയരികിലിരുന്നാല്‍ കാണാം
ഒഴുക്കിനെതിരെയുള്ള കുളികള്‍
പന്തുപോലെ വീടുകള്‍
പശുക്കള്‍ പൂക്കള്‍
പുഴയരികിലിരുന്നാല്‍ കേള്‍ക്കാം
അക്കരെപ്പച്ചയില്‍
രാവിലെ എണീക്കുന്നതിന്റെ ഒച്ചകള്‍

കുളിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍
ഒഴുക്കില്‍ പെടാന്‍ തുടങ്ങുന്നു
എല്ലാം അയച്ചുവിട്ട്‌ ഒരാള്‍ രക്ഷപ്പെടുന്നു

പുഴയരികില്‍ നിന്നെണീറ്റ്‌
കാറ്റിനെതിരെ നടന്നാല്‍
ഒരാളെങ്കിലും ഒഴുകിപ്പോയല്ലോ
എന്ന സന്തോഷത്തില്‍ വീട്ടിലെത്താം
ഒഴുക്ക്‌ ഒരാളില്‍പെട്ടു
നാളമുതല്‍ അത്രയും കൂടുതലഴുക്കെന്ന്‌
വീടിനോട്‌ പറയാം

പുഴയരികിലിരുന്നാല്‍ കേള്‍ക്കാം
ഒഴുകിപ്പോയൊരാളെ
ഉമ്മവച്ചതിനെക്കുറിച്ച്‌
മീനുകള്‍ കാതടക്കി സംസാരിക്കുന്നത്‌

അപ്പോഴും കൊതി തോന്നും

ഭാരത്തെ പ്രതിയുള്ള വേവലാതികള്‍
വിട്ടുപോകുന്നില്ലെന്നിട്ടും