Pages

Sunday, September 20, 2015

കടുക്

ആറിന്റെ നടുക്കൊരു
കെട്ടുവള്ളം
അതില്‍
കല്ലുകൂട്ടിയ അടുപ്പ്
കലം
കുഴലിലൂടെ വരും വാറ്റുചാരായം

രാത്രിയിലിരുട്ടില്‍

നാലുപേര്‍
നീന്തിയെത്തുന്നു
ചൂടു ചാരായം
വെള്ളത്തില്‍
വെച്ചുതണുപ്പിച്ച്
അണ്ണാക്കിലേക്ക്
കമഴ്ത്തുന്നു
ചുട്ട കപ്പയും
ഉണക്കമീനും
വായിലിട്ടൂതി
വിഴുങ്ങുന്നു

രണ്ടു പല്ലുകള്‍ക്കിടയില്‍

ചുമന്ന കാന്താരി പൊട്ടുന്നു

വള്ളം ചലിച്ചു തുടങ്ങുന്നു


മലര്‍ന്നു കിടന്നു

നോക്കുമ്പോള്‍
വേഗത്തില്‍ ചലിക്കുന്ന കാര്‍,
പായുന്ന രാത്രിനഗരം,
ചിതറുന്ന വെളിച്ചം

 --- രാത്രിപൊട്ടുന്നു

 --- കിടക്കയില്‍
 --- ചെകിടുപൊട്ടുന്ന
 --- ശബ്ദത്തിലെണ്ണയില്‍
 --- കടുകുപൊട്ടുന്നപോല്‍

എന്നു പാട്ട്

പതിയെ തുടങ്ങുന്നു
ഒന്നാമന്‍

 ---  വലിയ ചെണ്ടകള്‍

 ---  കൊട്ടുന്നു
  --- വലിയ വായയില്‍ അലറുന്നു
  --- ചെറിയ പ്രാണിയെ
  --- പുല്ലില്‍ നിന്നുയര്‍ത്തുന്നു

രണ്ടാമന്‍

അതേറ്റു പിടിക്കുന്നു

 ---   രാത്രിപൊട്ടുന്നു

 --- രാത്രിപൊട്ടുന്നു

മൂന്നാമന്‍, നാലാമന്‍

കോറസില്‍

അവരില്‍

നിന്നുതിരുന്നു
ശമനമില്ലാത്തവരുടെ
കൂത്ത്

അവരുടെ വള്ളം

മുങ്ങുന്നു
പാഞ്ഞുപോകുന്ന നഗരം
വഴിവിളക്കുകാലില്‍
ഇടിച്ചുതൂങ്ങുന്നു

നാലുപാടും

നീന്തുന്നു
നാല് പാട്ടുകാര്‍

നാക്കിന്റെ തുഞ്ചത്ത്

നീ കിടക്കുന്നു
നാക്കു മടക്കുമ്പോള്‍
മൂളുന്നു
എന്നയോര്‍മയില്‍
വാറ്റുകാരന്‍
വള്ളത്തില്‍
തനിച്ചിരിക്കുന്നു


Monday, August 24, 2015

ദഹനം

അര്‍ദ്ധരാത്രിയില്‍ ഞാന്‍
ഇരുന്നു വായിക്കുന്നു
ഇടയ്ക്കിടെ ചാടിയെണീറ്റ്
ചായയിടുന്നു
കുടിക്കാന്‍ മറന്ന നിലയില്‍
മേശപ്പുറത്തിരിക്കുന്നു
ചായഗ്ലാസുകള്‍
അതിനിടയില്‍ പരിഭ്രമിച്ചൊരു
പൂമ്പാറ്റ പുറത്തേക്കുള്ള വഴി
തിരയുന്നു
ടക് എന്നൊരു ഒച്ച കേട്ട്
തിരിഞ്ഞു നോക്കുമ്പോള്‍
തലയിണയില്‍ കിടക്കുന്നു
പൂമ്പാറ്റ,
ഫാനിലിടിച്ചു തെറിച്ചതാണ്
ഒറ്റ കുതറലില്‍
കഴിഞ്ഞു അതിന്റെ പരിഭ്രമം
അടുത്തുചെന്നു നോക്കി:
തലയിണ കവറില്‍
വരച്ചുപിടിപ്പിച്ചിരിക്കുന്ന
പൂക്കളത്തിനരികെ
കിടക്കുന്നു
പാവം പൂമ്പാറ്റയുടെ ജഡം.
പൂക്കളവും ജഡവും ഓണദിനവും
മേശവിളക്ക് തിരിച്ചുവച്ച്
വെളിച്ചം ശരിയെന്നുറപ്പിച്ച്
കാമറ കൊണ്ടെടുത്തു
ആരിലും ഒളിച്ചിരിക്കുന്നൊരു
മരണക്കിടക്കയില്‍
കുന്തിച്ചു ഞാനിരുന്നു
അനുതാപം എന്ന വാക്ക്
എന്നെ വന്നു തൊട്ടു
ആന്റിഗണിയെ ഓര്‍ത്തു
പുറത്തുപോയി
ഒരു ചെറിയ
കുഴിയെടുത്തു
ചുറ്റുമൊരു
പൂക്കളം തുടങ്ങിവച്ചു

തിരിച്ച് ശവമെടുക്കുവാന്‍
വരുമ്പോള്‍
അജയന്‍ എന്ന പഴയപല്ലി
ഉന്നംപിടിച്ചിരിക്കുന്നു
അരുതരുതജയാ
അവിവേകമെന്നു ഞാന്‍
മുന്നോട്ടുചാടി
കസേരയില്‍ തട്ടിവീണു
അജയനും മുന്നോട്ടുചാടി
പൂമ്പാറ്റയുടെ ജഡം
അജയനില്‍ ദഹിച്ചു
അവിടവിടെ
പറ്റിപ്പിടിച്ചിരിക്കുന്ന
പല്ലിക്കാട്ടത്തെ
തുറിച്ചുനോക്കി,
അതിശയം ആമാശയം
എന്ന കവിത
ഇപ്പോള്‍ വരുമെന്നു കരുതി,
ഉളുക്കിയ കാല്‍ക്കുഴ തടവി
ഞാനിരിക്കുന്നു
എനിക്കും വിശക്കുന്നു

Monday, August 3, 2015

അറിയുവാനുള്ള ആഗ്രഹംരംഗം 1


നട്ടുച്ചക്ക് പാട്ടുപെട്ടി
വല്യവായില്‍ പാടുമ്പോള്‍

പ്രാവുകള്‍ ചിതറും
കുഞ്ഞുജനാലയിലൂട-
കത്തേയ്ക്കുവരും
വെളിച്ചം
പഴയ മുറിയുടെ
നടുവില്‍
വെളുത്തവട്ടമായി
വീണുകിടക്കുന്നതില്‍

വലിയ പാവാട
ഉലച്ചുകൊണ്ടായത്തില്‍
ആടിയിറങ്ങുന്നു,
സരോജം

മാറിനിന്നവളെ
ചിത്രമായും പാട്ടായും ഭാഷയായും
മാറ്റിയെടുക്കുന്നു
ഉള്ളുലച്ചിലാല്‍
രാത്രിയിലുറങ്ങാതെ
എന്തെന്തെന്നന്വേഷിച്ച് പായും
പരാക്രമി

അയാളോടു ചോദിച്ചാല്‍
എല്ലാത്തിനും ഉത്തരം
അവളെക്കൊണ്ടാകും
പാതിചരിച്ചു കെട്ടിയ
ആകാശത്ത്
പൊയ്‌വെട്ടം
വീഴിച്ചവളെ പ്രദര്‍ശിപ്പിക്കണം
എന്ന് സ്വരം താഴ്ത്തിപ്പറയും
ആണാണ് അതിനാലാണെന്നറിയാതെ
സരോജം, സരോജം
എന്നു കുതറും,
തിരക്കില്ലാത്തപ്പോള്‍ അലകടലുമായി
കുതിരപ്പോരിനുപോകും
പരാക്രമി

അതിനാല്‍
അയാളോടു ചോദിക്കാതിരിക്കുക

സരോജം
ഇതൊന്നും അറിയാതിരിക്കുന്നില്ല
ആട്ടത്തില്‍ നിന്നിറങ്ങുന്നുമില്ല
എത്രനോക്കിയിട്ടും പക്ഷേ
ഇതാണു സൗന്ദര്യം
ഇതാണദ്ഭുതം
എന്നൊന്നും അവള്‍ക്ക് തോന്നുന്നില്ല

അവളോടും ചോദിക്കാതിരിക്കുക


രംഗം 2 (അശരീരി)


ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി
താങ്കളെന്നെത്തേടി വരിക
സരോജമോ പരാക്രമിയോ
ആരുമാകട്ടെ
കുതികാലൊടിഞ്ഞ കുതിരയോ
അലകടലുമോ പോലുമാകട്ടെ
എന്നെത്തേടി വരിക

അര്‍ധരാത്രിയില്‍ നിലാവുനട്ട്
നട്ടുച്ചയ്ക്ക് വെയില്‍ കിളിര്‍പ്പിക്കുന്ന വൃദ്ധന്‍
ജോലികഴിഞ്ഞ് സൈക്കിളില്‍ മടങ്ങുമ്പോള്‍
അയാളെ പിന്തുടരുക


രംഗം 3


ഫോണില്‍ ആരോ എന്തോ എഴുതിഅയച്ചതിന്റെ
ശബ്ദത്തില്‍ കുരുങ്ങി വൃദ്ധന്‍ നില്‍ക്കുന്നു

വലിയൊരു മരത്തിന്റെ ചുവട്ടില്‍
സൈക്കിള്‍ ചാരിവച്ച്
വെളിച്ചത്തിലേക്ക് മാറിനിന്ന്
അദ്ദേഹമത് വായിക്കുന്നു

ഫോണ്‍ തിരിച്ചു പോക്കറ്റിലിട്ട്
ചെറിയൊരു ചിരിയോടെ
അദ്ദേഹത്തെയും കൊണ്ട് പോകുന്നു
അതേ മഞ്ഞ നിറമുള്ള സൈക്കിള്‍


രംഗം 4


മരത്തിന് ചുവട്ടില്‍ ചാരിയിരുന്ന്
എന്തോ* വായിക്കുകയായിരുന്ന യുവാവ്
തലയുയര്‍ത്തി നോക്കി
അറിയാനുള്ള കൗതുകത്തില്‍
മറ്റൊരു സൈക്കിളില്‍
അദ്ദേഹത്തിന്റെ പിന്നാലെ

ആഞ്ഞുവീശുന്ന കാറ്റിനിടയിലൂടെ
ഒരുകയ്യ് ആയത്തില്‍ വീശി
യുവാവ് എന്തോ ചോദിക്കുന്നു
വളരെ വളരെ ഉച്ചത്തില്‍

നേരത്തെ വന്ന സന്ദേശം
വൃദ്ധന്റെ മുഖത്തിപ്പോഴും
പിന്നില്‍ നടക്കുന്നതു കാണാന്‍
മുന്നില്‍ പിടിപ്പിച്ച കണ്ണാടികളോ
ദ്രവിച്ച ചെവിയില്‍
ശബ്ദമടിപ്പിക്കുന്ന ഉപകരണങ്ങളോ
അദ്ദേഹത്തിനില്ല

എന്നെത്തേടിവരൂ
എന്നാരോ പറഞ്ഞതിന്‍ പിന്നാലെ
സൈക്കിളും പായിച്ചൊരാള്‍
വരുന്നുണ്ടെന്നും
കോടക്കാറ്റിനെക്കാള്‍ ഒച്ചയില്‍
അയാള്‍ വിളിച്ചു ചോദിക്കുന്നതൊന്നും
താന്‍ കേള്‍ക്കുന്നില്ലെന്നും
അദ്ദേഹമറിയുന്നില്ല

അയാള്‍ക്കു പിന്നാലെ
പായുന്നു പരാക്രമി
ആരാണ് വിളിച്ചതെന്നോ
എവിടെ നിന്നാണെന്നോ
അറിയാതെ


രംഗം 5


വൃദ്ധന്റെ മുഖത്തിപ്പോഴും
ചെറിയ ചിരി മാത്രം
പിന്നാലെയാരെങ്കിലും വരുമെന്ന
തോന്നല്‍പോലും
അയാളില്‍ മുളയ്ക്കുന്നില്ല

തോക്കോ കവണയോ
പോക്കറ്റില്‍ തിരുകാഞ്ഞതില്‍
പരാക്രമിയിപ്പോള്‍
കഠിനമായി ഖേദിക്കുന്നു
അരക്കെട്ടിലെ കത്തിയില്‍
ഇടംകൈകൊണ്ട് മുറുക്കിപ്പിടിക്കുന്നു

എപ്പോഴെങ്കിലും നില്‍ക്കുമല്ലോ
എന്നുച്ചത്തില്‍ അലറുന്നു

...............


*   കൃത്യമായി പറയുകയാണെങ്കില്‍ ഈശാവാസ്യം (നാരായണഗുരുവിന്റെ പരിഭാഷ) പതിനെട്ടാം** മന്ത്രം.
**  പിറന്നാദിയില്‍ നിന്നേക-
    നായി വന്നിങ്ങു സൃഷ്ടിയും
    സ്ഥിതിയും നാശവും ചെയ്യും
    സൂര്യ! മാറ്റുക രശ്മിയെ.

Friday, March 13, 2015

ഓട്ടക്കാലിണ: കിളിവംശം 1 . ഏകാകിയും ചന്ദ്രനും


നിര്‍ത്താതെ കുരയ്ക്കും പട്ടി
എല്ലാ രാത്രിയിലും
വഴിതെറ്റി അതിലേതന്നെ വരും
പട്ടിയെപ്പേടിച്ചു ശീലിച്ച
ഏകാന്ത സഞ്ചാരി

അയാള്‍ക്കറിയില്ല പട്ടിയെ
കുരയെ, എത്ര കുടിച്ചിട്ടും
വീടെത്താതെ പോയ
അയാളെത്തന്നെ

പട്ടിക്കറിയാം വേഷം 
യാചകരെ, കള്ളന്മാരെ
കുടിച്ച കൂത്താടികളെ

കല്ലുപെറുക്കിയെറിയാം
മാറിനില്‍ക്കെടാ
നായിന്റെമോനെയെന്നലറാം
കൂസാതെ പോയിടാം
കുരയ്ക്കുന്ന പട്ടി
കടിക്കില്ലെന്നു പുറകോട്ടു ചാടി
പഴമൊഴി കൊണ്ടാവാം

ഭയം, ഭയം അയാളില്‍ പക്ഷേ,
പട്ടിയെ, പട്ടിയില്‍ വേദം നിറച്ച
ഇസ്തിരിപ്പെട്ടിയെ
ആദ്യത്തെ കുരയ്ക്കുതന്നെ
അയാളോടുന്നു
പട്ടി പിന്നാലെയോടുന്നു

ഓട്ടത്തിനിടയിലയാള്‍
തലപൊക്കി നോക്കുമ്പോള്‍
കൂടെയോടുന്നു
പാതികൂമ്പിയ ചന്ദ്രന്‍
പാതിയില്‍ മിന്നിപ്പോയ നക്ഷത്രം

ആഹാ പട്ടിയെപ്പേടിയോ
നിനക്കുമെന്നെപ്പോലെ
എന്നയാളുള്ളില്‍ ചിരിക്കുന്നു
ചന്ദ്രനും ചിരിക്കുന്നു

അതിനുശേഷം പട്ടിയില്ല:
ഓട്ടം നിര്‍ത്തിയതേതോ
ഇടവഴിയിലൂടൂര്‍ന്നിറങ്ങിപ്പോയിരിക്കാം
ഓട്ടത്തിനിടയില്‍
വീണുമരിച്ചതുമാകാം

അദ്ദേഹം നില്‍ക്കുന്നു
മുകളിലേക്കു നോക്കാതെ
പതിയെ നടന്നു പോകുന്നു
പട്ടി ചന്ദ്രനു പിന്നാലെ പോയെന്നും
ഇനിയവര്‍ തമ്മിലാകുമെന്നും
ഉള്ളില്‍ കരുതുന്നു

പാതി രാവ് 
പരിഭ്രമിച്ച ജനത
ചന്ദ്രതാരാദികളും
ചരിഞ്ഞുറങ്ങുന്ന യുവതിയും
എന്നയാള്‍
മൂളുന്നു

Monday, September 22, 2014

കാണാം ചെറുതായി അകലെ നിന്നാലൊരു

1


പാടവരമ്പത്തൂടെ കയ്യിലൊരിലയുമായി
നടന്നുവരുന്നു, അദ്ദേഹം

മഴപെയ്തു നിറഞ്ഞ പാടത്തിന്റെ
നടുക്ക്
പുല്ലുതെളിച്ചെടുത്ത
വട്ടത്തില്‍
കിടക്കുന്നു, പോത്ത്

നടന്നുവന്നഅദ്ദേഹം
ഇലതാഴെവച്ച്
കുനിഞ്ഞ്
സോപ്പും ചകിരിയുമെടുത്ത്
പോത്തിനെ
തേച്ചുകുളിപ്പിക്കാന്‍ തുടങ്ങി

പോത്തു കുളിക്കുമ്പോള്‍
മഴയ്ക്കു കുറുകേയൊരു
നീളന്‍ കണ്ണാടി
താങ്ങിപ്പിടിച്ചുകൊണ്ട്
ദൂരെവരമ്പത്തൂടെ
നടന്നു വരുന്നു
അദ്ദേഹത്തിന്റെ ഭാര്യ

എത്തിയപാടെ പുള്ളിക്കാരി
തോളത്തുനിന്നും
തോര്‍ത്തെടുത്ത് നീട്ടി
അപ്പോഴേക്കും
കുളികഴിഞ്ഞെണീറ്റ പോത്തിനെ
തോര്‍ത്തുവാങ്ങിയദ്ദേഹം
ഒപ്പിയെടുത്തു

ആള്‍നീളമുള്ള കണ്ണാടി
പുള്ളിക്കാരിയപ്പോള്‍
പോത്തിനു നേരേ നീട്ടി
കൊള്ളാം എന്ന്
പോത്ത് തലയാട്ടി

2

വരമ്പത്തൂടെ
മൂന്നുപേരൊരു വരിയായി
തിരിച്ചുപോകുമ്പോള്‍
ചെവിപ്പുറകിലൊരീച്ച
പോത്തിനെ
വല്ലാതുലച്ചു
ചെവിയ്ക്കുചുറ്റും കറങ്ങിയലോസരം
ഏറെനേരമായി എന്തോപറയുന്നു

പിന്നോട്ടു കൊമ്പുകൊണ്ടൊന്നുവെട്ടി
പോത്ത് ഞെട്ടിത്തിരിഞ്ഞുനോക്കി
ചെറിയവ്യത്യാസത്തിന്
കൊമ്പിന്‍മുനമ്പ് ഈച്ചയെ
ഒഴിഞ്ഞുപോകുന്നത്
കുമിളക്കണ്ണിന്റെ
കോണിലൂടെക്കണ്ടതിന്‍ ഇച്ഛാഭംഗം
പോത്തിന്‍മണ്ടയില്‍
നിര്‍ത്തലില്ലാതെ ഓടി
അരനിമിഷം അതില്‍ തെന്നി
നാലുകാലില്‍ മറിഞ്ഞ്
വരമ്പിലൂടൂര്‍ന്ന്
പാടത്തുകിടക്കുന്നു
വളരെയടുത്ത് വിശദമായി
കുളിച്ചതിനു ശേഷം പോത്ത്

അദ്ദേഹവും ഭാര്യയും
വരമ്പത്തുനിന്ന്
പൊട്ടിച്ചിരിക്കുന്നു
പുള്ളിസാരിക്കാരി നീട്ടിപ്പിടിച്ച കണ്ണാടിയില്‍
വീണുകിടന്ന് ചിരിക്കുന്നു
മഴപെയ്തു നിറഞ്ഞ പച്ചപ്പാടം

Sunday, May 18, 2014

ഖേദം, അതുപ്രകടിപ്പിക്കുവാനല്ലെങ്കില്‍


ഒരാളില്‍ പലരുണ്ടെന്ന് പറഞ്ഞതിന് മാപ്പുചോദിക്കാന്‍ എത്തിയതാണ് ദിവാകരന്‍. സ്വയം പെരുപ്പിച്ചുകാട്ടാനുള്ള വാസനയാല്‍ ചതിക്കപ്പെട്ട് മരത്തേക്കാള്‍ കൂടുതല്‍ വേരുകള്‍, മരിച്ചവരേക്കാള്‍ കൂടുതല്‍ ആരാധകര്‍, ആകാശത്തെക്കാള്‍ കൂടുതല്‍ നിഴലുകള്‍ ഒരാള്‍ എന്നു പറഞ്ഞതിന് പ്രായം ചെറുതായിരുന്നു എന്ന അടിക്കുറിപ്പോടെ എഴുതിയ ചരമക്കുറിപ്പ് കയ്യില്‍. ഖേദം കൊണ്ട് കുനിഞ്ഞുപോയ അഹങ്കാരം തൊട്ടടുത്ത്.

പാതിതുറന്ന ജനലിലൂടെ പുറത്തേക്ക് തലയിട്ട് ഉള്ളില്‍ നിന്നു വന്നു ചോദ്യം

ആരാ ?
ഞാനാ ദിവാകരന്‍

ആഹാ, വന്നോ. ഖേദം ആയിരിക്കും.
അതേ, എങ്ങനെ മനസ്സിലായി ?
കല്യാണക്കുറി കിട്ടിയായിരുന്നു

എന്നാലും ചില വിശദീകരണങ്ങള്‍ വേണ്ടേ ?
വേണ്ട, പഴയ സിദ്ധാന്തം തോറ്റുതൊപ്പിയിട്ടതിനെക്കുറിച്ച് പുതിയ സിദ്ധാന്തമല്ലേ, വേണ്ട

അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ടി ഓഫീസുകള്‍ എന്നിങ്ങനെ മാപ്പു പറയേണ്ടവര്‍ക്കായി എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ ചെന്നുപറയാതെ പഴയ കാമുകിമാരുടെ വീടുകള്‍ തേടിപ്പോകുന്നതില്‍ മൊട്ടില്‍ പൂവെന്നപോലെയിരിക്കും അബദ്ധം ആ നിമിഷത്തില്‍ വിരിഞ്ഞിറങ്ങി ദിവാകരനില്‍

അതിനാല്‍ നേരെ പള്ളിയില്‍ പോയി പറഞ്ഞു : ഇല്ല ഇല്ലേയില്ല / ഒരാളിലില്ല / ഒന്നിലധികം ആളുകള്‍. തൊട്ടുപിന്നാലെ ഒരു നീണ്ട പ്രബന്ധം വായിച്ചുകേള്‍പ്പിച്ചു. എന്തുകൊണ്ടില്ല ഒരാളില്‍ ഒന്നിലധികം എന്നതിനാദികാലം തൊട്ട് അതിതല്‍പരര്‍ പറഞ്ഞ ന്യായങ്ങള്‍ വിസ്തരിച്ചു. എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.

കാണിക്കയായിട്ട അഞ്ചുരൂപാത്തുട്ട് വഞ്ചിയുടെ അടിത്തട്ടില്‍ പോയി വീണു മുഴങ്ങി. ഞാനിനി വരില്ലെന്നു പറഞ്ഞിറങ്ങി. നേരെ പഴയ കാമുകിയുടെ വീട്ടിലേക്കുപോയി. ജനലും വാതിലും തുറന്നിട്ട് പടിയിന്മേലിരിക്കുന്നു ഭൂതകാലം. അവള്‍ പറഞ്ഞു :  ഇതൊന്നും വലിയ കണ്ടുപിടുത്തമല്ല. ഒരാളെക്കൊണ്ടിത്രയൊക്കയേ പറ്റൂ എന്ന് ചെറിയ പെമ്പിള്ളേര്‍ക്കു വരെ അറിയാം. അതൊന്നും വലിയ കാര്യമല്ലെന്ന് തെളിയിക്കാന്‍ സിദ്ധാന്തം ഉണ്ടാക്കി കക്ഷത്തില്‍ വെച്ചുനടന്നാല്‍ ചെവിപ്പുറകില്‍ ഇരുന്നു തുരുമ്പിക്കുന്ന ഓട്ടക്കാലണ പിന്നെയെപ്പോഴെങ്കിലും പള്ളിയില്‍ കൊണ്ടുചെന്നിടേണ്ടിവരും. എന്നാലും പറയൂ, കേള്‍ക്കട്ടെ വിശദീകരണം

വിശദീകരണമോ എന്ന് പെട്ടന്നുത്സാഹിയായി ദിവാകരന്‍. കീശയില്‍ തപ്പി പുറത്തെടുത്ത കുറിമാനം മേലോട്ടു നോക്കിനിന്ന് വായിച്ചു. പട്ടിയില്‍ വാലെന്നപോലെ താഴേക്കുകിടക്കും ലിംഗം താളത്തിലാട്ടി തിരിഞ്ഞു നോക്കാതെ പടികളിറങ്ങി വേഗത്തില്‍ നടന്നുപോന്നു. പറഞ്ഞുകഴിയുമ്പോള്‍ എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.

ഞാനിനിവരില്ല എന്നു പറയാന്‍ അതിനിടയില്‍ മറന്നു. അതിങ്ങനെ മറക്കുന്നതിനെക്കുറിച്ച് ഖേദവും വിശദീകരണവുമായി വീണ്ടും വരുമായിരിക്കും എന്നോര്‍ത്ത് അവളെണീറ്റ് വാതിലും ജനലും കുറ്റിയിട്ടു. അപ്പോള്‍ വീണ്ടും വാതില്‍ക്കല്‍ നിന്നാരോ വിളിക്കുന്നു.

പകുതിതുറന്ന ജനലിലൂടെ ചോദിച്ചു

ദിവാകരന്‍ ആയിരിക്കും ?
അതേ
ഇനിവരില്ല എന്നു പറയാന്‍ വന്നതായിരിക്കും ?
എങ്ങനെ മനസ്സിലായി ?
തിരക്കുള്ള ബസ്സില്‍ എത്രപേര്‍ തിങ്ങിഞെരുങ്ങിപ്പോകുന്നു.

പിന്നെവരാം എന്നു പറയുന്നു ദിവാകരന്‍.

Saturday, December 7, 2013

രണ്ടു പോലീസുകാര്‍ പാടം മുറിച്ചു കടന്നുപോകുമ്പോള്‍, മറഞ്ഞിരുന്നു ഞാന്‍ കൊറ്റികളെക്കുറിച്ച് പാടുന്നു


- - - ഇന്നീ വരമ്പത്ത് പൂത്തേ
കൊറ്റികള്‍ രണ്ടെണ്ണം പൂത്തേ
കാറ്റിലുലഞ്ഞ് നിരന്നേ
അവരവരോടു മാത്രം കയര്‍ത്തേ - - -

സത്യം പറയാമെല്ലോ ഒച്ചയെക്കുറിച്ചാണ് ശങ്ക
താളത്തിലായാലുള്ള കുഴപ്പമിതാണ്
ഒച്ചയെവിടെയെന്ന് അറിയാനാവാതെപോകും
ആസക്തിയാല്‍

ആരെങ്കിലും കേട്ടുവന്നാല്‍

എന്തിനാണ് ഒളിച്ചിരുന്നു പാടുന്നത്
ഒന്നുമെടുക്കാതിരുന്നിട്ടും
എന്തിനാണ് പോലീസുകാരെ പേടിക്കുന്നത്
എന്നൊക്കെ വിശദീകരിക്കേണ്ടി വരും

ആരും വരാതെ പോയാല്‍
ഒന്നും ചോദിക്കാതിരുന്നാല്‍
തവളയ്ക്കു തുല്യമാകും നില :
വെറും പാട്ട് - കേള്‍വിക്ക് ഭൂമി
- കേട്ടുവരുന്നവര്‍ക്ക് വേട്ട

ഒച്ച കുറയ്ക്കാനാവില്ല അതിനാല്‍
കൂട്ടാനുമാവില്ല അതിനാല്‍ തന്നെ