Saturday, November 17, 2007

ആരാണ്‌ മൈതാനം സ്വപ്നം കാണുന്നത്‌?

ഒരു ചെളിപുരണ്ട പന്ത്‌
ഭിത്തിയില്‍ തട്ടി തിരിച്ചുവന്ന്‌
രണ്ടു കാലുകള്‍ക്കുള്ളില്‍
പമ്പരം കറങ്ങി
പുറംകാലില്‍ നിന്ന്‌
മുകളിലേക്കുയര്‍ന്ന്‌
തെരുവിന്റെ വീതിയില്‍
ആകാശമളന്ന്‌
ഭൂമിയില്‍ നിന്ന്‌
വീണ്ടും കുടഞ്ഞുയര്‍ന്ന്‌
തലയ്ക്കുമേല്‍ കിരീടമായി
മൂക്കിന്‍തുമ്പത്ത്‌ കിതച്ച്‌
അല്‍പനേരം എന്തോ ഓര്‍ത്തുനിന്ന്‌
മുന്നോട്ടാഞ്ഞ്‌
വീണ്ടും പിന്നാക്കം തെറിച്ച്‌
നെഞ്ചത്ത്‌ താണുരുണ്ട്‌
ഊക്കനടിയില്‍ പിടഞ്ഞ്‌
അധികദൂരം പോകാനാകാതെ
ഭിത്തിയില്‍ നിന്ന്‌ മുകളിലേക്ക്‌
ചിതറിയുയര്‍ന്ന്‌
ന്യൂട്ടനെ ശപിച്ച്‌ തിരിച്ചുവന്ന്‌
ഗോ‍‍‍‍ള്‍... എന്ന്‌ ആര്‍ത്തലമ്പി
നിരാലംബമായി ഒരു മൂലയില്‍.

എന്നിട്ടെന്താണ്‌
ഇരുവശത്തേക്കും
തിരിഞ്ഞുകിടന്ന്‌
കളിക്കാരനും പന്തും ഉറങ്ങി.

(എന്റെ പന്തേ, എന്റെ പന്തേ
എന്ന പാരവശ്യം
നാളേക്ക്‌ ബാക്കിയുണ്ടാകുമോ എന്തോ?)

4 comments:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

മനോഹരമായ ചിത്രം..

ദിലീപ് വിശ്വനാഥ് said...

കൊള്ളാല്ലോ...

വിശാഖ് ശങ്കര്‍ said...

ഓരോ ഗോള്‍പൊസ്റ്റിന്റെയും
ഏതെങ്കിലും ഒരു മൂലയില്‍ കാണും
ഗതികിട്ടാത്ത ഒരാത്മാവ്,
എന്റെ പന്തേ
എന്നോടിതെന്തിനു
ചെയ്തെന്റെ പന്തേ
എന്ന് ആരവങ്ങള്‍ക്കിടയിലൊരു
കണ്ണീര്‍പന്തായി
എസ്കൊബാര്‍..

ചങ്ങാതി,ഇതെന്നെ എന്തോ എസ്കൊബാറിനെ ഓര്‍മിപ്പിച്ചു..

Latheesh Mohan said...

എസ്കോ-ബാര്‍ ആരെയൊക്കെ എന്തൊക്കെ ഓര്‍മിപ്പിക്കുന്നു :)