Sunday, December 23, 2007

വൃത്തി

മരിച്ചവരുടെ ഓര്‍മകള്‍,
ആശുപത്രി മാലിന്യങ്ങള്‍
ദരിദ്രരുടെ പര്യമ്പുറങ്ങളില്‍
കൊണ്ടുചെന്നു തട്ടുന്ന
നഗരസഭാ ജീവനക്കാരന്റെ അശ്രദ്ധയോടെ,
ആരോ തൂത്തുവാരിയെടുക്കുന്നുണ്ട്‌.

നേരേ
കടല്‍നോക്കി
നടന്നുപോകുന്നുണ്ട്‌

അമ്മയുടെ മുലകള്‍ക്കിടയിലെ
സൂര്യോദയം
ഒന്നാം ക്ലാസിലെ രണ്ടാമത്തെ ബുക്കിന്റെ
മൂന്നാമത്തെ പേജിലെ നാലു കാക്കകള്‍,
മുഷ്ടിയില്‍ നിന്ന്‌
തിരിച്ചുപോയ ഗോട്ടികള്‍, ലങ്കോട്ടികള്‍
നൂറുനൂറായിരം മഴകള്‍
മഴപ്പാറ്റകള്‍, കുടകള്‍
കൂവലുകള്‍
കൈവെള്ളയിലെ
ലിംഗത്തിന്റെ രേഖാചിത്രം
പിണങ്ങിപ്പോകലുകള്‍
മടങ്ങിപ്പോകായ്മകള്‍
മറ്റുള്ളവരുടെ മരണങ്ങള്‍
ഉറ്റവരുടെ പ്രേതങ്ങള്‍.

മരിച്ചവരുടെ ഓര്‍മകള്‍,
ആരും സ്നേഹിക്കാനില്ലാത്തവരുടെ
ഉറക്കം ഞെട്ടലുകള്‍ പോലെ
മേതില്‍ രാധാകൃഷ്ണന്റെ
പഴുതാരയെപ്പോലെ,
ജീവിച്ചിരിക്കുന്നവരുടെ താരയിലേക്ക്‌
ഇന്ത്യന്‍ ഭരണഘടന ഭേദിച്ച്‌
കടന്നു വരുന്നു

മരിക്കാത്തവരുടെ ഓര്‍മകളിലേക്ക്‌
കയറിപ്പോകുന്നു
ഓര്‍മകളുടെ ഓര്‍മയായി തിരിച്ചെത്തുന്നു.

കടല്‍ കാണാനെത്തിയവര്‍ക്കൊപ്പം
ഒഴിഞ്ഞകൂടയുമായി
ഒരു നഗരസഭാ ജിവനക്കാരനും
തിരിച്ചുപോകുന്നു.

6 comments:

Latheesh Mohan said...

കടല്‍ കാണാനെത്തിയവര്‍ക്കൊപ്പം
ഒഴിഞ്ഞകൂടയുമായി
ഒരു നഗരസഭാ ജിവനക്കാരനും
തിരിച്ചുപോകുന്നു.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.

420 said...

ഒന്നാം ക്ലാസിലെ രണ്ടാമത്തെ ബുക്കിന്റെ
മൂന്നാമത്തെ പേജിലെ നാലു കാക്കകള്‍..

വെള്ളെഴുത്ത് said...

‘ഉടല്‍ രഹിതരായി നാം ഓര്‍മ്മയില്‍ പൂത്തിടാം”

ടി.പി.വിനോദ് said...

evasive death-indifferent death
you are the biggest flirt of all

[ Nicanor Parra യുടെ വരികള്‍]

വിശാഖ് ശങ്കര്‍ said...

അന്നേ കണ്ടതാണ്.ഒന്നും പറയാന്‍ തോന്നിയില്ല.
ഇപ്പൊഴും ഒന്നും പറയാനില്ല.
“നേരേ
കടല്‍ നോക്കി
നടന്നു” പോകുന്നു.