Saturday, January 5, 2008

പോസ്റ്റ്‌ ചെയ്യാത്ത കത്തുകള്‍ - 1

(ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും
)

ഇന്നലെ എഴുതിയതു മുഴുവന്‍
ഏതുഭാഷയിലാണ്‌
എന്നു കണ്ടെത്താനുള്ള
ശ്രമമായിരുന്നു ഇന്നുമുഴുവന്‍
അതിനിടയ്ക്കെപ്പോഴോ ആണ്‌ നിന്റെ ഭാഷ
കണ്ടുകിട്ടിയത്‌.

നിനക്കെഴുതിയിട്ട്‌, നീയെഴുതിയിട്ട്‌
എത്രകാലമായിരിക്കുന്നു?

നീ വന്നു താമസിച്ചിട്ടില്ലാത്ത
എന്റെയീ മുറി
പതിവുപോലെ
അലക്കാത്ത അടിവസ്ത്രങ്ങളാല്‍
നിറഞ്ഞിരിക്കുന്നു
ചിലപ്പോള്‍ അരികുകളിലേക്ക്‌
ചുരുണ്ടു ചുരുണ്ട്‌
മറ്റൊരു ചിത്രശലഭത്തിന്റെ
പുനര്‍ജന്മം പോലെ
അവ നിന്നെയോര്‍മിപ്പിക്കുന്നു.

ഭാഷയുടെ താളത്തിനൊത്ത്‌
തുള്ളാന്‍ കഴിയാതെ വരുമ്പോഴാണ്‌
ചിലപ്പോഴെങ്കിലും പുറത്തിറങ്ങുക
എത്ര തിന്നാലും നിറയാത്ത
തെരുവുകുട്ടിയുടെ വയറുപോലെ
നഗരം ഭക്ഷണശാലകളാല്‍
നിറഞ്ഞിരിക്കുന്നു.
നമ്മള്‍ പതിവായി താമസിക്കാറുണ്ടായിരുന്ന ഹോട്ടല്‍
ഇപ്പോഴൊരു സര്‍ക്കസ്‌ കൂടാരമാണ്‌.

(എത്രകാലമായി
അതിപ്രാചീനമായ
ആ സര്‍ക്കസിന്റെ
ചുവടുകളില്‍
നമ്മള്‍ ചിത്രശലഭങ്ങളായിട്ട്‌?)

ഞാനറിയൊത്തൊരു ജീവിതം
എനിക്കുമേലേ ജീവിക്കുന്നുണ്ട്‌
ഇപ്പോഴാരോ.
പിടിതരാത്തവിധം
വിദഗ്ധമായ ചുവടുവെപ്പുകളില്‍
അവന്റെ രാത്രികള്‍
എന്റെ ഉറക്കമില്ലായ്മയില്‍
കൂര്‍ക്കം വലിക്കുന്നു.

നീയിപ്പോള്‍ വരേണ്ടാ എന്ന്‌
ഞാന്‍ പറയുന്നത്‌
(പറയാന്‍ തുടങ്ങുന്നത്‌)
അതിനാലാണ്‌:
ജന്തുവിന്റെ ചലന നിയമങ്ങളോട്‌
കടുത്ത പുച്ഛം സൂക്ഷിക്കുന്ന
അവനെ ഭയക്കേണ്ടതുണ്ട്‌.

നിന്റെ വിശേഷങ്ങള്‍
അറിയാവുന്ന ഏതെങ്കിലും ഭാഷയില്‍
എഴുതുക; ദയവുചെയ്ത്‌
പുതിയ ഭാഷകള്‍ മറച്ചുവെക്കുക
എഴുതാനാവാതെ
ബോധത്തിനുള്ളില്‍
കുമിഞ്ഞുകൂടുന്ന
അറിയാവാക്കുകളുടെ
ദുര്‍ഗന്ധം
ഇപ്പോള്‍ തന്നെ
എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ തവണ നീ പോയപ്പോള്‍
ഞാന്‍ വാങ്ങിയ പുസ്തകം
നീ വായിച്ചു കഴിഞ്ഞുവോ?
അവളെ കൊന്നത്‌ അവന്‍
തന്നെയാണെന്ന്‌
ആ പുസ്തകവും പറയുന്നുണ്ടോ?

കഴിഞ്ഞ തവണ ഞാന്‍ പോയപ്പോള്‍
നീ വാങ്ങിയ പുസ്തകം
ഞാന്‍ വായിച്ചു കഴിഞ്ഞു
അവനെ കൊന്നത്‌ അവള്‍
തന്നെയെന്ന് ഈ പുസ്തകവും
പറയുന്നു..

(ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും
)

5 comments:

Latheesh Mohan said...

ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും

vadavosky said...

ഞാനറിയൊത്തൊരു ജീവിതം
എനിക്കുമേലേ ജീവിക്കുന്നുണ്ട്‌
:):)

ടി.പി.വിനോദ് said...

ഞാന്‍ വാങ്ങിച്ച് നീ വായിച്ചെന്നുറപ്പില്ലാത്ത പുസ്തകത്തിലും നീ വാങ്ങിച്ച് ഞാന്‍ വായിച്ച് തീര്‍ന്ന പുസ്തകത്തിലും ഓര്‍ത്തുനില്‍പ്പില്‍ നിന്ന് വേദനിച്ചുനില്‍പ്പിലേക്ക് ഹൈപ്പര്‍ ലിങ്കുകള്‍...

അനിലൻ said...

ഇനിയും വരും
തണുക്കുന്നു എന്നെ പുതപ്പിക്കൂ
എന്നു പറയും
എവിടെനിന്നാണ്
നിനക്കിത്ര മുറിവുകള്‍
എന്നു ചോദിക്കാന്‍ തോന്നില്ല
അവള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള
കത്തി കണ്ണില്‍പ്പെടുകയുമില്ല

അവനെക്കൊന്നത് അവള്‍ തന്നെയെന്ന് ഞാനും സാക്ഷ്യപ്പെടുത്തുന്നു ലതീഷ്.

Latheesh Mohan said...

വഡക്കോവ്സ്കി, അനിലന്‍, ലാപുട;

നന്ദി