Wednesday, January 23, 2008

അമ്മയെ ഓര്‍ക്കുവാനുള്ള കാരണങ്ങള്‍

കയ്യിലേക്ക്‌ പിന്തിരിഞ്ഞ്‌
പിന്തിരിഞ്ഞ്‌ പറക്കുന്ന
ഒരു വീശല്‍
മറവിയുടെ കോണില്‍
പൊടിതട്ടി കിടക്കുന്നുണ്ട്‌

ഒരു കൗമാരക്കാരിയുടെ
കൈ പിടിച്ച്‌
മൂന്നുവയസ്സുകാരനൊരുവന്‍
ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫ്രെയിമില്‍
കയറി നില്‍പ്പുണ്ട്‌

മുലപ്പാലിന്റെ ഗന്ധം
അങ്ങിങ്ങ്‌ വീണുകിടപ്പുണ്ട്‌

എത്ര ചീകിയാലും ഒതുങ്ങാത്ത
ആഫ്രിക്കന്‍ ജിപ്സിയുടെ മുടി,
എത്രയാഴത്തില്‍ ഉറങ്ങുമ്പോഴും
സ്വപ്നങ്ങളും ഉണര്‍ച്ചയും
കാത്തുവെക്കുന്ന കണ്ണുകള്‍,
കഴിഞ്ഞ ജന്മത്തില്‍
കഴുതയിലായിരുന്ന ചെവികള്‍

എന്നിവ നിനെക്കെവിടെ നിന്ന്‌
കിട്ടിയെന്ന്‌
ഒരായിരം കണ്ണാടികള്‍
കുശലം പറഞ്ഞ്‌
തോറ്റു പിന്മാറിയിട്ടുണ്ട്‌

എന്നിട്ടും
കാരണങ്ങള്‍
കുറവായിരുന്നു
ഇന്നലെ വരെ

അവസാനത്തെ സിഗരറ്റ്‌
ഒറ്റയ്ക്കു വലിച്ചു തീര്‍ത്തതിന്റെ
കോപം 'തായോളീ'
എന്ന സ്നേഹത്തിലേക്ക്
കൂട്ടുകാരനൊരുവന്‍
ചുരുക്കുന്നതു വരെ

27 comments:

കാപ്പിലാന്‍ said...

asbhya varsham blogil paadilla

Anonymous said...

അച്ഛന്റെ പ്രേതത്തിലോ, അധമപുരുഷനിലോ, ആര്‍ജിതമോ ആരോപിതമോ ആയ സ്വയംബോധത്തിലോ ഒരു ഈഡിപ്പല്‍ ട്രെയ്റ്റിനുമുന്നില്‍ പതറിനില്‍ക്കുമ്പോഴല്ലേ അമ്മ എന്ന നിഴല്‍ ഉള്ളിലേക്ക് എത്ര വേരിറങ്ങിയിരിക്കുന്നു എന്ന് ഒരു പുരുഷന്‍ തിരിച്ചറിയുന്നത് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

ഇരുളിന്റെ ഒരു തരിയില്ലെങ്കില്‍ നമുക്ക് കാണാനാവുമോ.. എന്തെങ്കിലും??

ശ്രീ said...

കവിത വരുന്ന വഴികളേയ്...

സുമുഖന്‍ said...

ഇതു എന്താപ്പാ ഈ പടങ്ങളൊക്കെ...

Cartoonist said...

ഗുപ്തം !

Inji Pennu said...

നന്ന്!

പെരിങ്ങോടന്റെ ബ്ലോഗിലും ഇവിടേം അവിടേം ഒക്കെ അമ്മ കവിതാ മയമാണല്ലോ ? ഇതെന്താ
‘മന്ത്’ (മലയാളത്തിലെ അര്‍ത്ഥം) ഓഫ് ദ മദര്‍ ആണോ?

കാവലാന്‍ said...

കാരണമില്ലാതെയിതൊന്നും സാധ്യമല്ലെന്നാണോ?

420 said...

1. ഇവിടെ കുഴൂര്‍ വിത്സനു
പറയാനുള്ളതെന്ത്‌?

2. ലതീഷേ, കവിത
നിനക്കെവിടെനിന്നു കിട്ടി?

ടി.പി.വിനോദ് said...

മനസിനെ മനസുകൊണ്ടു മാത്രം ബ്രൌസ് ചെയ്യാനാവുന്നതു പോലെ വാക്കിലെത്താന്‍ മറ്റൊരുവാക്കിന്റെ പൂട്ട് തുറന്ന് കവിതയുടെ കയ്യനക്കം.....

petromax said...

എത്ര ചീകിയാലും ഒതുങ്ങാത്ത
ആഫ്രിക്കന്‍ ജിപ്സിയുടെ മുടി,
എത്രയാഴത്തില്‍ ഉറങ്ങുമ്പോഴും
സ്വപ്നങ്ങളും ഉണര്‍ച്ചയും
കാത്തുവെക്കുന്ന കണ്ണുകള്‍,
കഴിഞ്ഞ ജന്മത്തില്‍
കഴുതയിലായിരുന്ന ചെവികള്‍

എന്നിവ നിനെക്കെവിടെ നിന്ന്‌
കിട്ടിയെന്ന്‌
ഒരായിരം കണ്ണാടികള്‍
കുശലം പറഞ്ഞ്‌
തോറ്റു പിന്മാറിയിട്ടുണ്ട്‌


manoharamaya kavitha...
daa, aa b/w frame okke eduthu mattinokku, kooduthal vedaniykkum

Pramod.KM said...

ഇതൊക്കെയായിരിക്കണം ഈ കവിതയെ ഓര്‍ക്കാനും ഉണ്ടായേക്കാവുന്ന കാരണങ്ങള്‍.:)

വിശാഖ് ശങ്കര്‍ said...

നീയെന്നെ
‘ഭ്രാന്ത് നുരയുന്ന
ഒരു മസ്തിഷ്കത്തില്‍ അകപ്പെടുത്തി’.

aneeshans said...

ലത്തീഷേ ഒരോ വരിയിലും തീയിനൊപ്പം , മൈന്‍സ് ഡിഗ്രിയും. കവിത ആഴ്ന്നിറങ്ങുന്നുണ്ട്.

വിഷ്ണു പ്രസാദ് said...

വേദനയുടെ മഹാകാശമുണ്ട് കവിതയുടെ ഉള്ളംകയ്യില്‍...

വെള്ളെഴുത്ത് said...

വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട് ഈ അമ്മയോര്‍മ്മകള്‍. പെരിങ്ങോടന്റെ അമ്മയേയല്ലല്ലോ ഇവിടെ.. എങ്കിലും ഒരു സാമ്യം..
‘എനിക്കെന്റെ അമ്മയുടെ ഛായയാണ്” (പെരിങ്സ്,..)
“എത്ര ചീകിയാലും ഒതുങ്ങാത്ത
ആഫ്രിക്കന്‍ ജിപ്സിയുടെ മുടി,
എത്രയാഴത്തില്‍ ഉറങ്ങുമ്പോഴും
സ്വപ്നങ്ങളും ഉണര്‍ച്ചയും
കാത്തുവെക്കുന്ന കണ്ണുകള്‍,
കഴിഞ്ഞ ജന്മത്തില്‍
കഴുതയിലായിരുന്ന ചെവികള്‍

എന്നിവ നിനെക്കെവിടെ നിന്ന്‌
കിട്ടിയെന്ന്‌.... (ലതീഷ്...)

prasanth kalathil said...

കൊന്നുകളഞ്ഞല്ലൊ ലതീഷ്
ഓര്‍മ്മയുടെ ചുളുക്കത്താല്‍..

Dinkan-ഡിങ്കന്‍ said...

ഒന്നുകില്‍ ഈഡിപ്പസിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ അകാല്‍പ്പനികതയ്ക്ക് പുറത്ത്. ഇതിലേതും പെടാതെ ഒരു അമ്മയെ കണ്ട കാലം മറന്നു :(

Anonymous said...

കവിതയ്ക്ക് എങ്ങുംതൊടാതെ ഓഫ് പോലെ കമന്റിടുന്നതിന്റെ അപകടം എന്നെ നോക്കി പല്ലിളിക്കുന്നു തിരിച്ചു വന്നപ്പോള്‍.

ഈഡിപ്പല്‍ എന്ന് ഞാന്‍ പറഞ്ഞത് അതിന്റെ വൈഡെസ്റ്റ് ഫ്രോയിഡിയന്‍ അര്‍ത്ഥത്തില്‍ എടുക്കണേ. അധികാരത്തോടുള്ള കലഹം അലച്ചിലിന്റെ അനാഥത്വം അങ്ങനെ പലതും വരാം. ഞാന്‍ എന്റെ അമ്മയുടെ മകനായത് പ്രവാ‍സം തുടങ്ങിയിട്ടാണ്. അത് വരെ അച്ഛന്റെ തനിപ്പകര്‍പ്പും സൈദ്ധാന്തികശിഷ്യനും ബെസ്റ്റു ഫ്രണ്ടും......

Anonymous said...

ബൈ ദ വേ അമ്മമാര്‍ക്കെല്ലാം കഴുതയുടെ ചെവിയാണല്ലേ.... ചുമലും :(

Anonymous said...
This comment has been removed by the author.
ഗുപ്തന്‍ said...

ഒന്നും ഉണ്ടായിട്ടല്ല ലതീഷേ..രണ്ടാമത് വായിച്ചപ്പോള്‍ എനിക്ക് തന്നെ ഒരു അവ്യക്തത തോന്നിയതാണ്. :)

തായോളി എന്ന തെറിയും എന്റെ എന്റെ കമന്ന്റ്റിലെ ഈഡിപ്പസിനെയും നാരോ ആയി കണക്റ്റ് ചെയ്താല്‍ ആ കമന്റ് (ആവശ്യത്തിലേറെ അഡ്‌വെര്‍ബുകള്‍ ആദ്യം ഉണ്ടെങ്കിലും) തെറ്റിദ്ധരിക്കപ്പെട്ടേക്കും എന്ന് തോന്നി. അത്രേയുള്ളൂ. കമന്റ് ചേര്‍ത്താണ് പലരും കവിത വായിക്കുന്നത്. വായന തെറ്റിക്കുമോ എന്ന് ഭയം. അതുകൊണ്ടാണ് പിന്നെയും കമന്റിട്ടത്.

Roby said...

വിഷ്ണുമാഷ് പറഞ്ഞതു പോലെ വേദന നിറഞ്ഞ കവിത.
ലതീഷിന്റെ എഴുത്ത് എന്റെയൊരു ആത്മസുഹൃത്തിനെ ഓര്‍മ്മിപ്പിക്കുന്നു.

വളരെ കുറച്ച് കവിതകളേ അവിറ്റെ പോസ്റ്റ് ചെയ്തിട്ടുള്ളൂ...
(എഴുത്തിലല്ല കേട്ടോ സാമ്യം ഞാന്‍ കണ്ടത്..എഴുതാനുള്ള കാരണത്തിലാണ്)

രാജ് said...

ഗുപ്തന്‍ എവിടെയും തൊടാതെ പറഞ്ഞ കമന്റിലാണ് ‘കാരണങ്ങള്‍’ കൊണ്ടു ചെന്നെത്തിക്കുന്നതെന്ന് വീണ്ടും തോന്നുന്നുവല്ലോ. കവിത വളര്‍ന്ന്‍ വളര്‍ന്ന്, അവസാനത്തില്‍ പുറം‌തിരിഞ്ഞു നിന്നുവോ വളര്‍ച്ചയോട്?

Anonymous said...

വായനയുടെ മറ്റൊരു തലം പ്രമോദിന്റെ പുതിയ പോസ്റ്റില്‍ (കവിത: കാരണങ്ങള്‍) ഉണ്ട് പെരിങ്ങോടാ. എന്റെ ആ കമന്റ് വായനയെ ഒരുപാട് പരിമിതിപ്പെടുത്തുന്നു എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ തന്നെ പിന്നീടും വിശദീകരണം ഇട്ടതും.

ഫ്രോയിഡിനെ മനസ്സിലാക്കിയവര്‍ക്ക് എന്റെ കമന്റ് വായനക്ക് തടസ്സമായി തോന്നിയേക്കില്ല. കാരണം അവിടെ ഈഡിപ്പ്ലല്‍ ഇന്‍സ്റ്റിംക്‍റ്റ് എന്നത് തികച്ചും അധോന്മുഖമായ രതി ആണ്. സ്വത്വബോധത്തിന്റെ തലങ്ങളിലാണ് അതിന്റെ വ്യാപനം. അമ്മയെക്കുറിച്ച് ഉള്ള(അധമപുരുഷനില്‍:വ്യാ.; അതുകൊണ്ട് പരോന്മുഖം ആയ) രതിബദ്ധമായ പരാമര്‍ശങ്ങള്‍ അവിടെ സ്വത്വത്തിനോടുള്ള വെല്ലുവിളിയായും വ്യഥയായും രൂപാന്തരപ്പെടുന്നു. ഞെട്ടലും ജുഗുപ്സയും അകല്ച്ചയില്‍ നിന്നോ അനുരൂപണത്തില്‍ നിന്നോ വരുന്ന കുറ്റബോധവുമാണ് അതുണ്ടാക്കുക. അതാകട്ടെ ഞാന്‍ ആദ്യകമന്റില്‍ പറഞ്ഞതുപോലെ എല്ല്ലാ പുരുഷന്മാരുടെയും അറിഞ്ഞോ അറിയാതെയും ഉള്ള ഭാഗധേയവുമാണ്.

ആ അര്‍ത്ഥത്തില്‍ ആ തെറി വായനയെ വഴിതെറ്റിച്ചേക്കും എങ്കിലും എഴുത്തിന്റെ പരിമിതി ആവുന്നില്ല എന്ന് എനിക്ക് തോന്നുന്നു. :)

ആ കമന്റ് ഒരു ബാധ്യതയായി തോന്നുന്നതുകൊണ്ടാണ് വിശദീകരണം പിന്നെയും. ക്ഷമ.

കാളിയമ്പി said...

ഓഫ് ടോപ്പിക് ഇഡിപ്പസ് കോമ്പ്ലക്സിനെപ്പറ്റി:

പെരുമാറ്റശാസ്ത്രം ഫ്രോയിഡില്‍ നിന്ന് നൂറ്റാണ്ട് പോയെന്നാലും പറഞ്ഞ് പഴകിയ ഗ്രീക് ട്രാജഡിയുടേ നാറ്റം കവിത വായനയില്‍ പോലും.നാറ്റം എന്ന അനുഭവം പരിണാമപരമായ അതിജീവിയ്ക്കലിന്റെ ഒരു സാധ്യതയാണ് മനുഷ്യന്. നമ്മുടേ നാറ്റം ഈച്ചയ്ക്ക് ആസ്വാദ്യമാകുന്നതും അതുകൊണ്ട് തന്നെ. അതിന്റെയൊരു കണ്ണാടിവച്ച് ചുമ്മായങ്ങ് നോക്കിയാല്‍ മാതൃരതിയില്‍ (പൊതുവേ രക്തബന്ധ രതിയിലൊക്കെ) മൊത്തത്തിലൊരു നാറ്റം മനുഷ്യനു തോന്നും. അതും മനുഷ്യനെന്ന ജന്തുവിന്റെ അതിജീവനത്തിന്റെ ഭാഗം, വെറും ജൈവികം എന്നങ്ങ് കരുതിയാല്‍ സുഖമായിരിയ്ക്കാം.

പിന്നെ ഫ്രോയിഡ് പറയുന്ന രതി.. കൌമാരത്തില്‍ അടുത്ത് കിട്ടുന്ന ഒരേയൊരു പെണ്വര്‍ഗ്ഗമായ മാതാവിനോട് ഹോര്‍മോണുകള്‍ ഉണ്ടായിവരുന്ന ഒരു ദേഹത്തിന് അല്‍പ്പം പ്രണയമൊക്കെ തോന്നുന്നത്(അത് അയലത്തെ ചേച്ചിയുമൊക്കെയാകാം) ഇഡിപ്പസിന്റെ കഥയൊക്കെ ചേര്‍ത്ത് പുള്ളിയൊരു വന്യഭാവന തട്ടിയതല്ലേ.നമ്മള്‍ ഭാരതീയര്‍ക്ക് മാത്രമാണ് ഇന്നും മാതൃപുത്ര രതിയോട് വല്യ സ്നേഹം തോന്നുന്നത് എന്നത് തന്നെ അതിനു തെളിവ്.സമപ്രായത്തിലുള്ള പെണ്‍പിള്ളേരൊക്കെ സതി ശീലാവതി ആകാനുള്ള ട്രെയിനിങ്ങിലായിരിയ്ക്കുമല്ലോ..പിന്നെ മൂത്ത് നരച്ച് കല്യാണം കഴിയ്ക്കുന്ന വരെ ചിലയിടത്ത് മനസ്സങ്ങ് ഒട്ടിപ്പോകും.തെളിവ് വേണോ ? ലിങ്ക് നോക്ക്
ഒന്നേ

രണ്ടേ

സമായാ സമയത്ത് ചെയ്യേണ്ടത് ചെയ്യണം. അല്ലേല്‍ ഇങ്ങനത്തെ ട്രെന്റൊക്കെ വരും.

(മലയാളിയുടേ ശാസ്ത്രം ഇന്നും രണ്ട് ജൂതരില്‍ ഒതുങ്ങിനില്‍ക്കുന്നു. ഫ്രോയിഡ്, മാര്‍ക്സ്. ഞാന്‍ മൂന്നാമതൊരു ജൂതനത്തെന്നെ കൂട്ടു പിടിയ്ക്കും. കവിത വായിയ്ക്കുമ്പോഴും ...

Judge not, that ye be not judged.

For with what judgment ye judge, ye shall be judged: and with what measure ye mete, it shall be measured to you again.

അത് കൊണ്ട് തന്നെ കവിതേലും കഥേലുമൊന്നുംതന്നെ സൈക്കോ അനലിസിസ് പറ്റൂല്ല എന്ന് എന്റെ മതം.ഞാന്‍ അളക്കുന്ന മുഴക്കോലുകള്‍ അവിടെത്തന്നെയുണ്ടാകും എന്നെ തിരക്കി.
(എന്തരാണല്ലേ ആ ആശാരിച്ചെക്കന്‍:)

ഓണ്‍:

(എഴുത്തിനു നല്ല സുഖം ലതീഷേ..ഒരു സിഗററ്റ് പുക കൊടുക്കാഞ്ഞ് തെറി വാങ്ങിച്ച് കൂട്ടേണ്ടേന്ന അഭിപ്രായമുണ്ടാരു‍ന്നെങ്കിലും...:)

Kuzhur Wilson said...

അന്നമേ,

നീ പുറത്താക്കിയ അതേ ശക്തിയില്‍ തിരിച്ച് കയറാനുള്ള ഒരാന്തല്‍ എന്നര്‍ത്ഥം വരുന്ന ഒരു വരി ഇന്ന് പുലര്‍ച്ചെ ആലോചിച്ചതേ ഉള്ളൂ. ചിലപ്പോള്‍ ലതീഷിന്റെ ബ്ലോഗില്‍ അത് കാണും എന്ന് ഒരുള്‍വിളി ഉണ്ടാവുകയും ചെയ്തു.

ഇന്ന് ഇത് ഇവിടെ വായിച്ചപ്പോള്‍ അത്ഭുതമില്ല

നീയും വിഷ്ണുമാഷും ഇപ്പോള്‍ എഴുതുന്നത് എനിക്ക് വേണ്ടി മാത്രമാണെന്ന് ഒരു പൊസസീവനസ് (എന്താ അതിന്റെ മലയാളം )
കൊണ്ട് നടക്കുന്നുണ്ട്.

അത് വരെ ഒന്നുമെഴുതിക്കളയുന്നില്ല. ഉള്ളില്‍ ഇരുന്ന് പഴുത്തൊലിക്കട്ടെ.

നിന്നെ അകലെ നിന്ന് സ്നേഹിക്കാന്‍ എനിക്കിഷ്ട്ടം

420 said...

വിത്സാ സന്തോഷം, ഇവന്‌
എനിക്കുവേണ്ടി ഉത്തരങ്ങള്‍
കൊടുത്തതിന്‌.

ലതീഷേ, കക്ഷിയെന്നുവിളിക്കാന്‍
നീയെന്റെ അഭിഭാഷകനോ
ഇന്‍ഷ്വറന്‍സ്‌ ഏജന്റോ അല്ല.

:)