Monday, March 3, 2008

ഹോട്ടല്‍ അന്നപൂര്‍ണ



നിന്നനില്‍പിന്‍ കാണാതായ
നിന്നെക്കുറിച്ച്‌
പരിപ്പുവട പ്രായത്തില്‍
അല്‍പം ഖിന്നനായിക്കളയാം
എന്നു കരുതിയാണ്‌
ഇവിടെ എത്തിയത്‌

എത്തിയപ്പോള്‍,
വാലുപക്ഷേപിച്ചു പോയ പല്ലി
എന്ന പഴയ ഉപമയില്‍
ഇവിടെ ഒന്നുമില്ല എന്നതിന്റെ സൂചന
മാത്രമാണ്‌ ജീവിതം
എന്നോമറ്റോ
അന്തരീക്ഷത്തിലേക്ക്‌ നോക്കി
ഒരു ചൂണ്ടുപലക മാത്രം

അതിനെ പിന്തുടര്‍ന്നു പോയാല്‍
ഒന്നുമില്ലാത്തിടത്ത്‌
ഇല്ലാത്ത കസേരകളില്‍
രണ്ടുപേര്‍ ഇപ്പോഴുമുണ്ട്‌
ഒരു കയ്യില്‍ ചായയും
മറുകയ്യില്‍ സിഗരറ്റും
രണ്ടു മസാലദോശയ്ക്ക്‌ ഓര്‍ഡറും
ഇ ഇ കമ്മിംഗ്സും
നാന്‍സി സിനാട്രയും
ചാരിത്രശൂന്യരെക്കുറിച്ചുള്ള ചര്‍ച്ചയും
ഊരും പേരുമില്ലാത്ത
മറ്റുചിലതുമുണ്ട്‌

ബ്രിട്ടീഷ്‌ ലൈബ്രറിയിലേക്കുള്ള
വഴിയായിരുന്നു അതൊരിക്കല്‍
എന്നുമുണ്ട്‌

അതൊന്നുമല്ല
ഇപ്പോഴത്തെ പ്രശ്നം
ഹോട്ടലും ലൈബ്രറിയുമൊക്കെ
ആകുന്നതിനു മുമ്പ്‌
ഈ കെട്ടിടങ്ങള്‍
എന്തായിരുന്നു എന്നതാണ്‌
വാലുപേക്ഷിച്ചു പോയ പല്ലി
എന്ന ഉപമയ്ക്ക്‌ മുമ്പ്‌
ഞാനും നീയും എന്തായിരുന്നു
എന്നതുപോലെ

സ്റ്റാറ്റ്യൂ ജംഗ്ഷനില്‍ നിന്ന്‌
ഒരു ഓട്ടോ പിടിച്ച്‌
'എങ്ങോട്ടാ'
എന്ന ചോദ്യത്തിനു മറുപടിയായി
'1969' എന്നു പറഞ്ഞാല്‍
അത്ര ക്രൂരമായ തമാശകള്‍
ഉള്‍ക്കൊള്ളാന്‍ മാത്രം
സഹൃദയനാകുമോ
അയാളിലെ അതിപുരാതനന്‍
എന്നതുമാണ്

ദിനോസാറിനും പല്ലിക്കുമിടയിലെ
ഹെയര്‍പിന്‍ വളവുകളില്‍ നിന്ന്
ഇന്ധനം നിറയ്ക്കുന്ന ഒരു ഓട്ടോ
അയാള്‍ക്കുണ്ടാകുമോ
എന്ന പ്രശ്നത്തെ
അയാളെ സമീപിക്കുന്നതിനു മുമ്പ്
നമ്മള്‍ അഭിമുഖീകരിച്ചില്ല
എന്നതുകൊണ്ട്
നമുക്ക് പ്രശ്നങ്ങള്‍ പൊതുവേ കുറവാണ്
എന്നതും ഒരു പ്രശ്നമാണ്

11 comments:

Latheesh Mohan said...

ഇന്‍ എ ട്രിവാന്‍ഡ്രം മിനിറ്റ്
എവരിത്തിംഗ് കാന്‍ ചേഞ്ച് :)

santhosheditor said...

എന്‍റ്റെ പിഴ,
എന്‍റ്റെ പിഴ,
എന്‍റ്റെ വലിയ പിഴ

ക്ഷമിചൂ മാപ്പാക്കൂ....

വെള്ളെഴുത്ത് said...

മൊത്തത്തില്‍ ആകെ പ്രശ്നമാണ്,നമുക്ക് പ്രശ്നങ്ങള്‍ കുറവാണെന്നതു മാത്രമല്ല. വൈ എം സി എയിലെ പരിപാടികള്‍ക്ക് പഴയ മൂച്ചില്ല. മംഗളോദയം പേരു പുതുക്കി ലോഡ്ജായി അവിടെയുള്ളതാണ് ആശ്വാസം. സേവിയേഴ്സില്‍ നിന്നുള്ള ഒച്ച എന്തായാലും നിന്ന നില്‍പ്പില്‍ കാണാതായ ബ്രിട്ടീഷ് ലൈബ്രറിയെക്കുറിച്ചോര്‍ത്തല്ല. പിന്നെല്ലേ അന്നപൂര്‍ണ്ണ.

വേണു venu said...

എങ്കിലും അന്നപൂര്‍ണയിലെ ദോശ.:)

sv said...

ഓര്‍മ്മയിലെ ഒരു തിരുവനന്തപുരം കാഴ്ച വീണ്ടും ...

അന്നപൂര്‍ണയുടെ മുകളിലെ മുറിയില്‍ ( ശ്രീധരി)ആണു 2 വര്‍ഷം പാര്‍ട്ട്ട്ടൈം ‍ജോലി നോക്കിയതു..

നന്ദി മാഷെ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

prasanth kalathil said...

ലതീഷ് മിതവാദിയാവുന്നുവൊ?

Latheesh Mohan said...

@ സന്തോഷേട്ടന്‍: ഈ വഴി മേലാല്‍ കണ്ടു പോകരുത് :)

@വെള്ളെഴുത്ത്: വെറുതേ എന്തോ പറയണം എന്നു തോന്നിയതു കൊണ്ടു മാ‍ത്രമാണ് ഇതെഴുതിയത്. ഈഗിള്‍സിന്റെ രണ്ടു പാട്ടുകള്‍ (ഹോട്ടല്‍ കാലിഫോര്‍ണിയ, ന്യൂ യോര്‍ക് മിനിട്സ്) എന്നിവയാണ് പ്രചോദനം. എനിക്കും പ്രശ്നങ്ങള്‍ കുറവാണ് :)

@വേണു: ആ ദോശയ്ക്ക് സത്യമായും രുചി കുറവായിരുനു :)

@ പ്രശാന്ത്: അങ്ങെനെയൊന്നുമില്ല. വാദങ്ങള്‍ നമ്മള്‍ പണ്ടേ നിര്‍ത്തിയതാണെല്ലോ :(

Rammohan Paliyath said...

അതൊന്നുമല്ല
ഇപ്പോഴത്തെ പ്രശ്നം
ഹോട്ടലും ലൈബ്രറിയുമൊക്കെ
ആകുന്നതിനു മുമ്പ്‌
ഈ കെട്ടിടങ്ങള്‍
എന്തായിരുന്നു എന്നതാണ്‌
വാലുപേക്ഷിച്ചു പോയ പല്ലി
എന്ന ഉപമയ്ക്ക്‌ മുമ്പ്‌
ഞാനും നീയും എന്തായിരുന്നു
എന്നതുപോലെ

അത് ശരിയാണ് എന്നു പറയാന്‍ എനിയ്ക്ക് തിരുവനന്തപുരം നൊസ്റ്റാള്‍ജിയ പങ്കുവെയ്ക്കേണ്ടല്ലോ.

നാന്‍സി സിനാട്ര... റോണി കേക്കണ്ട.

strangers in the night exhchaning glances
wondering in the night what were the chances...

അഭയാര്‍ത്ഥി said...

എല്ലാ സംഗീതവും
വിലാപങ്ങള്‍...
എല്ലാ കെട്ടിടങ്ങളും
ചരിത്ര സ്മാര്‍കങ്ങള്‍
അരക്കില്ലങ്ങള്‍.
കാഴ്ച്ചകളില്‍
തെളിയുന്നതൊക്കെയും ഇന്നലെ
ഇന്നിനെ നാം കാണുന്നില്ല.
പരിപോഷിപ്പിക്കപ്പെടുന്ന
ശരീരമത്രയും
കീടങ്ങള്‍കുള്ള കലവറ.

എല്ലാ വഴികളും
റോമില്‍ അവസാനിക്കുന്നു

Latheesh Mohan said...
This comment has been removed by the author.
santhosheditor said...

വാല്‍ ഉപേക്ഷിച്ചു പോ‍യ പല്ലി...,
വാല്‍ കൊണ്ട് മച്ചകം താങ്ങി നിര്‍ത്തുന്ന പല്ലി...


ഒക്കെ ഒരുപാട് കേട്ടതാ...
വേറെ ഒന്നും ഇല്ലേ
പുതുതായി