Tuesday, March 4, 2008

ഒന്നും മറന്നിട്ടില്ല

പിരിഞ്ഞുപോയവള്‍
എന്തോമറന്ന്
തിരിച്ചെത്തി നോക്കുമ്പോള്‍
അവനുറങ്ങുന്നുണ്ടായിരുന്നു
ചുവരെഴുത്തുകള്‍
അതേപോലെയുണ്ടായിരുന്നു

ചാരാത്തവാതിലിലൂടെ കണ്ടു
എല്ലാം അതേപോലെ തന്നെ.
ജനാലയ്ക്കു പുറത്തെ
മഴത്താളം ശമിച്ചിട്ടില്ല
അടിയുടുപ്പുകളിലെ ചിതല്‍പുറ്റ്
അവനെയറിയുന്നില്ല
കടന്നല്‍ക്കൂട് ഇന്നലത്തെ കാറ്റിനും
വീണിട്ടില്ല.

അവനുണരില്ല നാളെയും.

ചാരാത്ത വാതിലിലൂടെ
കുറേനേരം നോക്കി നിന്നു

ഉണര്‍ത്തിയില്ല
ഞാനല്ലേയെന്ന്
ചോദിച്ചില്ല

11 comments:

Anonymous said...

ദുഷ്ടന്‍! കവിതയെഴുത്ത് നിറുത്തിക്കോണം!

;)

Latheesh Mohan said...

ഗുപ്താ..;)

ഭൂമിപുത്രി said...

പിരിഞ്ഞുപോകുന്നവരങ്ങിനെ ഓര്‍മ്മപുതുക്കാന് എത്താത്തതു അതുകൊണ്ടൊക്കയാകും

420 said...

പഴയ എഴുത്ത്‌
എങ്ങനെ
പുതിയ കാലത്തിന്‌
ഇത്ര ചേരുന്നു?..

എനിക്കുറങ്ങിയാല്‍ക്കൊള്ളാം..

Sandeep PM said...

എന്തിനാണ് ! ഈ തിരിച്ചു വരവ്

സജീവ് കടവനാട് said...

ഉണര്‍ന്നാലോ എന്ന് ഭയന്നിട്ടാകും.

ഈ കവിതയായിരുന്നല്ലേ ഈ ബ്ലോഗിന്റെ ചുവരെഴുത്ത്.

Latheesh Mohan said...

ഹരീ, അതു തന്നെയാണ് എനിക്കും മനസ്സിലാകാ‍ത്തത്. മനുഷ്യന്‍ പ്രവചിച്ചു പ്രവചിച്ചു തോല്‍ക്കുന്നു എന്നോ മറ്റോ ആണ് എനിക്കു തോന്നുന്നത്. അല്ലെങ്കില്‍ അബോധത്തിലുള്ള ഭയങ്ങളായിരിക്കണം എല്ലാ എഴുത്തും. കാലമിങ്ങനെ മാറിയിരുന്നില്ലെങ്കില്‍ ഈ എഴുത്തില്‍ നിന്നൊക്കെ ഞാനൊരിക്കലും കവിത കണ്ടുപിടിക്കുമായിരുന്നു എന്നു തോന്നുന്നില്ല.

ദീപുവിനും കിനാവിനും നന്ദി. അവസാനത്തെ വരികള്‍ ചുവരില്‍ നേരത്തെ ഒട്ടിച്ചുവെച്ചിരുന്നു

aneeshans said...
This comment has been removed by the author.
റീനി said...

പിരിഞ്ഞുപോയവരെ കാത്ത് വെറുതെ ഉറങാതിരിക്കേണ്ടതില്ലല്ലോ!

Latheesh Mohan said...

നന്ദി നൊമാദ്. പക്ഷേ, ലത്തീഷ് എന്നു കട്ടിക്കു വിളിച്ച് ഊര്‍ജം പാഴാക്കണോ? ലതീഷ് എന്നു സൌമ്യമായി പോരേ? :)

@ റീനി: അതാണ്..

aneeshans said...

അങ്ങനെ ആണെന്ന് അറിയില്ലാരുന്നു ലതീഷ്. :)