Monday, March 17, 2008

ഉടല്‍ജീവികള്‍

അവളുടെ തോളില്‍
പച്ചകുത്തിക്കിടപ്പുണ്ടായിരുന്നു
ഒരു തേള്‍
തേളോടു തോള്‍ ചേര്‍ന്ന്‌
ഞാന്‍ നടന്നിട്ടുണ്ടായിരുന്നു

മുലയിലും
തുടയിലും
കണ്ടിട്ടുണ്ട്‌
അതേ തേളിനെ

വിയര്‍ത്തു തുടങ്ങുമ്പോള്‍
കടലിലെറിയുന്ന തുഴയാണ്‌
ഞാനെന്നും
ആഴങ്ങളില്‍ എന്തുകൊണ്ടിത്ര
അപരിചിതത്വം എന്നും
വല്ലാതെ
സങ്കടം വന്നിട്ടുണ്ട്‌

വര്‍ഷങ്ങള്‍ക്കുശേഷം
ഇന്നലെ വീണ്ടും കാണുമ്പോള്‍
അവളുടെ തോളില്‍
രണ്ടു തേളുകള്‍

പോകാനവള്‍ക്ക്‌
തിടുക്കമുണ്ടായിരുന്നു

'നിന്റെ തോളിലെ
വസൂരിക്കലയ്ക്ക്‌
സൗഖ്യമല്ലേ'
എന്നൊന്ന്‌ ചിരിച്ചെന്നു വരുത്തി
അതിനിടയിലും

4 comments:

Latheesh Mohan said...

വര്‍ഷങ്ങള്‍ക്കുശേഷം
ഇന്നലെ വീണ്ടും കാണുമ്പോള്‍

Sharu (Ansha Muneer) said...

'നിന്റെ തോളിലെ
വസൂരിക്കലയ്ക്ക്‌
സൗഖ്യമല്ലേ'
എന്നൊന്ന്‌ ചിരിച്ചെന്നു വരുത്തി
അതിനിടയിലും
അത്രയെങ്കിലും ഭാവിച്ചല്ലോ...നന്നായി

santhosheditor said...

ഹ്രിദയത്തില്‍ നിന്നും ഹ്രിദയം ഇറങ്ങിപ്പോയാല്‍
പിന്നെയും അവശേഷിക്കുക പ്രണയം ആയിരിക്കും...
തിയ്യേറ്ററിനുള്ളിലെ കൂരിരുട്ടീ‍ലും
അവളു കണ്ണീലെ പ്രണയം
തെളിഞ്ഞു നില്‍ക്കും...
ശോകം അന്തര്‍ലീനം....

Latheesh Mohan said...

@ ഷാരു: അത്രയും പറഞ്ഞല്ലോ എന്നതല്ല പ്രശ്നം. അതൊക്കെ തന്നെയാണെല്ലോ നേരത്തെയും ഉണ്ടായിരുന്നത് എന്നതാണ് :)

സന്തോഷേട്ടാ, അവളുടെ കണ്ണില്‍ എന്തുണ്ടെങ്കില്‍ എന്ത്? ഫസ്റ്റ പേഴ്സണ്‍ ഒരൊന്നാന്തരം ഭീരുവാണ് എന്നതാണ് :)