Wednesday, March 26, 2008

ട്രോപ്പിക്കല്‍ മോണോലോഗ്‌

നിന്റെ ഏകാന്തത
എന്റേതു പോലെയല്ലാത്തതില്‍
ഞാനെത്രയ്ക്കു സന്തോഷിക്കുന്നുണ്ട്‌
എന്ന്‌ നീയറിയുമോ, സാദീ?

നിന്റെ ചരിത്രം എന്റെ ചരിത്രം പോലെ
അല്ലാത്തതില്‍ എന്തോരം
സങ്കടമുണ്ട്‌ എന്നറിയുമോ

(വെച്ചുമാറാന്‍ കഴിയാത്ത
ഒന്നിന്റെ സ്ഥായീഭാവം
നിന്നിലെയും എന്നിലെയും
സഞ്ചാരികളെ കളിയാക്കുകയാവണം)

മഞ്ഞുമൂടിക്കിടക്കുന്ന
നിന്റെ പട്ടാളക്കാരുടെ
ഞരമ്പുകളില്‍
അതിശൈത്യത്തിന്റെ
കപ്പലുകള്‍
ഓടിമറയുന്നത്‌
എന്റെ വൃദ്ധന്‍ കാണുന്നേയില്ല.

(ഉപേക്ഷിക്കപ്പെട്ട നഗരം
ഗിറ്റാറില്‍ ഒളിപ്പിച്ചു കടത്തിയ ഒപ്പിയം
എനിക്കുവേണ്ടി നീ ഓര്‍ഡര്‍ ചെയ്ത
അമേരിക്കന്‍ വിസ്കി
ഇന്ദ്രാപുരി ബാറിന്റെ റൂഫ്ടോപ്പില്‍
എന്റെ കൈതട്ടി മറിഞ്ഞ നിന്റെ വോഡ്ക:
നമ്മുടെ രൂപകങ്ങള്‍ക്ക്‌
മഞ്ഞുമലകളുടെ പഴക്കം)

മയക്കോവ്സ്കിയെ മറക്കൂ പെണ്ണേ
മരിച്ച ഞരമ്പിനെ ഉണര്‍ത്താതിരിക്കൂ
ജീവിതം ശീലമാക്കൂ
(നീ എന്തു സുന്ദരിയാണ്?
ഞാന്‍ എന്തു സുന്ദരനാണ്?)

ശംഖുമുഖം കടപ്പുറം
നിന്നെ കാത്തിരിക്കുന്നു.

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കന്‍!

420 said...

ശംഖുമുഖത്തെ
ഉപ്പുനനവുള്ള കാറ്റ്‌
ഓര്‍മിപ്പിച്ചതിന്‌
നന്ദിസൂചകമായി
ഒരു തെറി.
### ###

vadavosky said...

ഉം.........

Latheesh Mohan said...

വടവോസ്കീ,
ഓ ദിസ് കമ്യൂണിസ്റ്റ് ഹാംഗ് ഓവര്‍ എന്നാണോ മൂളിയത്. :)
ഹരീ,
തെറി തിരിച്ചു തന്നിരിക്കുന്നു.
പ്രിയ,
നന്ദി

vadavosky said...

പലതും ഓര്‍ത്തുപോയതുകൊണ്ട്‌ ഒരു മൂളല്‍ :)

,, said...

കവിതകള്‍ ഭൂതകാലത്തിന്റെ ശേഷിപ്പുകളാണോ. വര്‍ത്തമാനത്തില്‍ കവിയില്ലേ, കവിതയില്ലേ ?

santhosheditor said...

.;/./ക്ഷ്,മ്.,ക്.ക്വ്ക്,
,ന്മ്ക്ദ്വ്ല്

;;;

ശംഖുമുഖത്തെ നനുനനുത്ത സായാഹ്നത്തില്‍
മഞ്ഞുകട്ടകള്‍ക്കിടയീലൂടെ പോകുന്ന
കപ്പല്‍......

കൊള്ളാം
ചിന്തകള്‍ കപ്പലുകയറുന്നത് ഇന്‍ഗനെയാണു.

ബലേ ഭേഷ്.

വിശാഖ് ശങ്കര്‍ said...

നഷ്ടങ്ങളുടെ ഉറഞ്ഞ ഞരമ്പുകളിലൂടെ ഈ കവിത ഇറ്റിറങ്ങുന്നത് അനുഭവിക്കുമ്പോള്‍ ഒരുതരം തീ കുടിക്കുന്ന സുഖം..എന്തൊക്കെയോ ഉരുകുന്ന പോലെ..