Pages

Friday, July 18, 2008

വളരെപ്പഴയൊരു സൈക്കിള്‍, കപ്പല്‍ എന്നിവയുടെ ഇതിഹാസം

ഉച്ചയൂണു കഴിഞ്ഞ്‌ എല്ലാവരും മയങ്ങുമ്പോള്‍
ഉറക്കം വരാതിരിക്കാന്‍
സൈക്കിള്‍ നന്നാക്കുന്ന ഒരാളെ എനിക്കറിയാം
ഡൈനാമോ, ബെല്‍, ബ്രേക്ക്‌ എന്നിങ്ങനെ
അയാളില്‍ പല ഊര്‍ജ ശാസ്ത്രജ്ഞര്‍
ഉണ്ണാതെയും ഉറങ്ങാതെയും.

ഒരുറപ്പുമില്ലാത്ത ഒരുകൂട്ടം ആളുകള്‍ക്ക്‌
ചായയും വടയും പാന്‍പരാഗും വിറ്റാണ്‌
അയാളുടെ സൈക്കിള്‍ ഓടുന്നത്‌.

ആദ്യമായി ചായ കടംപറഞ്ഞ ദിവസം
അയാളുടെ ഡൈനാമോ എന്റെ രാത്രികളില്‍
ഒരു സ്പാനീഷ്‌ പടക്കപ്പലിന്‌ വഴിതെളിച്ചു.

പിന്നോട്ടുപിന്നോട്ട്‌ പോകുമ്പോള്‍,
ചുവപ്പുകണ്ട്‌ ഏതോ അതിവിദൂര
സമത്വസുന്ദരഭാവിയിലേക്ക്‌
കൊമ്പുകുടഞ്ഞ പോരുകാളയെയും
കളിമണ്‍ കോര്‍ടുകളെയും ഒരായിരം
പൂച്ചകളെയും അയാളോര്‍മിപ്പിച്ചു

അയാളെ ആദ്യമായി സാന്റിയാഗോ
എന്നുവിളിച്ചത്‌ ഞാനാണ്‌
അയാളുടെ പെട്ടിക്കടയിരിക്കുന്ന ദ്വീപില്‍
ലാറ്റിനമേരിക്കന്‍ സുന്ദരികളുടെ ബിക്കിനികള്‍
ചിതറിക്കിടക്കുന്നത്‌ കണ്ടത്‌ ഞാനാണ്‌.

അയാളെ സാന്റിയാഗോ മാര്‍ട്ടിന്‍ എന്നു വിളിച്ചത്‌ ഞാനല്ല
പക്ഷേ, ആ കൂട്ടിച്ചേര്‍ക്കലിലെ ക്രൂരത
എന്റെ പഴയ കപ്പിത്താനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌
ആഴക്കടലില്‍നിന്ന്‌ രൂപകങ്ങള്‍ കോര്‍ത്ത ചൂണ്ടയില്‍
ഇതിഹാസങ്ങള്‍ കൊരുത്തെടുത്ത ആ മഹാവൃദ്ധനോടുള്ള
അമ്പരപ്പ്‌ ഞാനിപ്പോള്‍ ചിരിച്ചുതീര്‍ക്കുന്നു

പിന്നീടൊരു രാത്രി, കഞ്ചാവുപാടങ്ങള്‍ കത്തിയവെളിച്ചത്തില്‍
ചന്ദ്രനില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ എന്റെ വാഹനം തിരികെ വരുമ്പോള്‍
പൊട്ടാറായ ടയറിനോട്‌ മല്ലടിച്ച്‌ അയാളുടെ ഡൈനാമോ
കറങ്ങിത്തിരിഞ്ഞുവരുന്നു
അയാളെ ഞാനിപ്പോളറിയില്ല
പാന്‍പരാഗ്‌ ചവച്ച്‌ ചാവുകടല്‍ പുറത്തേക്ക്‌ തുപ്പിയ വകയിലുള്ള
ഇരുനൂറു രൂപയുടെ കടപ്പാടില്‍
എനിക്കയാളെ കണ്ടെന്നു നടിക്കാനാവില്ല

കടംകൊടുക്കാനുള്ളവരുടെ ഇതിഹാസങ്ങള്‍
എന്നെയിപ്പോള്‍ ഹരംകൊള്ളിക്കാറുമില്ല

12 comments:

ഗുപ്തന്‍ said...

ഡൈനാമോ വെളിച്ചത്തിന് ആകാശനൌകകളുടെ ലൈറ്റ് ഹൌസ് ആകാനുള്ള ശേഷിയുമില്ല.

സനാതനന്‍ said...

ലതീഷേ,
ഒരു പൊട്ടിയ പട്ടത്തിൽ കയറിപ്പറ്റിയ ഉറുമ്പിനെപ്പോലെയാണ് ഞാനീ കവിതയിലൂടെ സഞ്ചരിച്ചത്.അപരിചിതമായ ഏതൊക്കെയോ ജീവിതങ്ങളേയും മരണങ്ങളേയും ഒക്കെ ലാഞ്ചി ലാഞ്ച്ചിക്കാണിച്ചുകൊണ്ട് അത് എന്നെ“അയാളുടെ പെട്ടിക്കടയിരിക്കുന്ന ദ്വീപില്‍“ഇറക്കും എന്ന് പ്രലോഭിപ്പിച്ചതാണ് .പക്ഷേ അടുത്ത വരികളുടെ പുകക്കാറ്റിൽ അതെന്നെ എനിക്കുമാത്രമറിയാവുന്ന ഏതോ ദ്വീപിലേക്ക് കൊണ്ടുപോയി..എന്നെ അവിടെ എത്തിച്ചതിന് നന്ദി...സിംഹങ്ങളെ സ്വപ്നം കണ്ടുകൊണ്ട് ഞാനവിടെ കിടന്നോട്ടെ..സ്രാവുകൾ ഭക്ഷിച്ച് അസ്ഥികൂടമായ മുഴുത്തൊരു മത്സ്യമായി..

ആശാഭംഗത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി നീയെപ്പോഴും ചുണ്ടിൽ കൊണ്ട് നടക്കാറുണ്ടോ?ആദ്യം കണ്ടപ്പോഴേ ചോദിക്കണമെന്ന് കരുതിയതാണ്

പ്രശാന്ത് കളത്തില്‍ said...

ലതീഷ്,
ഞങ്ങളാരും പത്രം വായിക്കാറില്ലെന്ന് താങ്കള്‍ക്കറിയാം അല്ലെ ?

ഓ, ഒരു പത്രപ്രവര്‍ത്തകന്റെഅഹങ്കാരം... :)

വി.ആര്‍. ഹരിപ്രസാദ്‌. said...

ചന്ദ്രനിലേക്കു പോയ വാഹനം ഒരു പാടം മുഴുവന്‍ കത്തിച്ച്‌ ഇന്ധനമാക്കിക്കഴിഞ്ഞു. തിരിച്ചിറക്കം എങ്ങനെയാണ്‌? കൈവിട്ടൊരു വീഴ്‌ചയാണോ?
**
ഒരു ഉറപ്പുമില്ലാത്തവര്‍ക്കാണ്‌ സാന്റിയാഗോ വടയും പാനും തരുന്നതെന്നോര്‍ക്കണം. 200 ഉറുപ്പിക അയാളുടെ കുടലിനേയോ സൈക്കിള്‍ ട്യൂബിനേയോ ഹരംകൊള്ളിച്ചേനേ..

Dinkan-ഡിങ്കന്‍ said...

വീണ്ടുമൊരു പുല്‍ക്കവിത കൊള്ളാം പക്ഷേ കഞ്ചാവ് പാടം കത്തി വണ്ടി ചന്ദ്രനീന്ന് തിര്യെ വരണവരെയുള്ള ലാറ്റിനമേരിക്കന്‍ ബിംബങ്ങളെ ഞാന്‍ കണ്ടെങ്കിലും പരിഗണിച്ചില്ല. വായിച്ചത് അവസാന ൨ ഖണ്ഡിക മാത്രം. ഞാന്‍ വിളിച്ചത് "സാന്‍ഡിയാഗോ നാസിര്‍" എന്നും...

ഓഫ്.ടോ.
24/7 കവിതായജ്ഞത്തിലാണോ നീ?

latheesh mohan said...

ഗുപ്താ.. :)
സനല്‍,
നന്ദി, അസ്ഥികൂടമായുള്ള കിടപ്പ് അത്ര സുഖമുള്ള കാര്യമല്ല. എന്നെ കണ്ടപ്പോള്‍ മനസ്സിലായില്ലേ?
‘ആശാഭംഗത്തില്‍ പൊതിഞ്ഞ പുഞ്ചിരി’,: ഉണ്ടാവണം, ഉണ്ടാവണം. അല്ലെങ്കില്‍, ഇനി കാണുമ്പോള്‍ പറയാം :)
പ്രശാന്തേ,
നിന്നെ ഞാന്‍ കൊല്ലും. ഏതു പ്രവര്‍ത്തകന്റെ അഹങ്കാരം? :)
ഹരീ, തിരിച്ചിറക്കം വളരെ സാവധാനത്തിലാണ്. :) 200രൂപയുടെ കാര്യം ഞാന്‍ പരിഹരിച്ചു :)
ഡിങ്ക്സ്: യഞ്ജത്തില്‍ തന്നെയാണെടേ. രണ്ടിലൊന്ന് ഉടനെ അറിയും :)

അനിലന്‍ said...

ലതീഷ്
എവിടെനിന്നാണ് നിനക്ക് ഇതെഴുതാനുള്ള അക്ഷരമാല കിട്ടിയത്?
കവിതയുടെ കഞ്ചാവുപാടങ്ങള്‍ കത്തിച്ച്.
എവിടേയ്ക്കാണ് നീയെന്നെ കൊണ്ടുപോകുന്നത്?

vimatham said...

എല്ലാ ഇതിഹാസത്തേക്കാളും വലിയ ഇതിഹാസം കളിമണ്‍ പ്രതലത്തിലെ ഇതിഹാസം തന്നെ.പുല്‍ -പ്രതല-കവിത-ത്തിലും അവന്‍ മോശക്കാരനല്ലല്ലോ

latheesh mohan said...

പ്രതാപേ,

നീയവനെ പൊക്കി അല്ലേ? :) ഏറ്റവും വലിയ ഇതിഹാസം..ഹാ!!

അനിലാ: അക്ഷരമാല പഴയതു തന്നെ :( നന്ദി

Mahi said...

ലഹരിയുടെ വെളിച്ചപ്പെടലുകളില്‍ ജീവിതം വാക്കുകളുടെ സദാചാരങ്ങളെ മുറിപ്പെടുത്തി കൊണ്ടിരിക്കുന്നു.എഴുത്തില്‍ താങ്കളുടെ പേന അനുസരണയില്ലാത്ത ഒരു മുടിഞ്ഞ പുത്രനാണ്‌ ലതീഷ്‌ ഇന്നലെ എന്റെ ചിന്തയില്‍ കോര്‍ത്ത് പോയ ഈ കവിത എന്നെ ആഴകടലുകളിലേക്ക്‌ വലിച്ചു കൊണ്ടു പോകുന്നു.അവിടെ വിധിയുടെ ടയറിനോട്‌ മല്ലടിച്ച്‌ കറങ്ങി തിരിയുന്ന ആ ഊര്‍ജ ശാസ്ത്രജ്ഞന്റെ ഡൈനാമൊ എനിക്കു വേണ്ട വെളിച്ചം സൃഷ്ടിക്കുമൊ? ലതീഷ്‌ കടംകൊടുക്കാനുള്ളവരുടെ ഇതിഹാസങ്ങള്‍ ഹരംകൊള്ളിക്കാത്ത ഒരാളു കൂടിയുണ്ട്‌ മലയാള സാഹിത്യത്തില്‍ സാക്ഷാല്‍ അയ്യപ്പന്‍

latheesh mohan said...

മഹീ, എന്താണ് പറയുക? വളരെ നന്ദി, വീണ്ടും വരിക.

തിരോന്തരം പുപ്പുലി said...

സാന്റിയാഗോ
ഒരു പ്രതീകമാണ്....
അധ്വനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രതീകം...
സാന്റിയാഗോ തന്റെ
വിശ്രമവേളകള്‍ ഒഴിവാക്കേണ്ടതുണ്ട്....
സാന്റിയോഗോയില്‍ നിന്നുമാറി
സഞ്ചരിക്കുന്നവരെ റാഞ്ചുവാന്‍
കഴുകന്‍ കണ്ണുകളുമായി
പുത്തന്‍ സാമ്പത്തികതന്ത്രങ്ങളുമായി
തമിഴന്‍ കുത്തകമുതലാളിമാര്‍
കരുക്കള്‍ നീക്കിത്തുടങ്ങി...
നമ്മുടെ സായന്തനങ്ങളെ പാണ്ടിച്ചായ
കുടിപ്പിക്കാന്‍ അവര്‍ കാത്തിരിക്കുന്നു...
അതിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങി....
പാണ്ടികള്‍ വന്നാലും പോയാലും
മീശ ചുരുട്ടിയാലും.... ഇല്ലേലും...
കാലിച്ചായയ്ക്കായി തലചൊറിഞ്ഞു
കടംപറഞ്ഞു നില്‍ക്കാന്‍
സാന്റിയാഗോയുടെ പെട്ടിക്കട
മാത്രമേ നമുക്കുണ്ടാകു....