Monday, October 13, 2008

ചുവപ്പുനാളമേ, നിന്നെ ഊതിയില്ലാതാക്കാന്‍ ഊരു ചുറ്റിയ എന്റെ, ചുവപ്പുനാളമേ *

Till you're so fuckin‘ crazy you can't follow their rules
(John Lennon, Working class hero)
സിഗരറ്റ്‌ പുകയ്ക്കുന്ന ഒരാള്‍
മാജിക്‌ അല്ലെങ്കില്‍ മറ്റെന്താണ്‌ ചെയ്യുന്നത്‌?

ഒരത്ഭുതം ഏതുവായില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും
പുറത്തുവരാമെന്നും ഈ വിരസത ഉടന്‍ ഇല്ലാതാകുമെന്നും
ഒന്നും ചെയ്യാതെയുള്ള ഈ ഇരിപ്പ്‌ അധികനേരം നീളില്ല
എന്നുമല്ലേ ഓരോ സിഗരറ്റും പുകഞ്ഞു തീരുന്നത്‌?

വായില്‍ നിന്നും തീഗോളങ്ങള്‍ ഊതിവിടുന്നവനോടുള്ള അത്ഭുതമാകണം
ആദ്യത്തെ സിഗരറ്റ്‌

അത്ഭുതങ്ങള്‍ തീര്‍ന്ന്‌ ദ്രവിച്ചുപോയിട്ടില്ല ജീവിതമെന്ന്‌
അതോര്‍മിപ്പിക്കുന്നുണ്ടാവണം

സിഗരറ്റ്‌ പുകയ്ക്കുന്ന നീ ഈയിടെയായി എന്റെ സ്വപ്നങ്ങളിലൂടെ
അനാവശ്യമായി കടന്നുപോകുന്നു
നീയിപ്പോഴും വലിക്കാറുണ്ട്‌ എന്നു ഞാന്‍ ഞെട്ടിയുണരുന്നു
പുകകൊണ്ടു നിറഞ്ഞ ഹോട്ടല്‍ മുറികള്‍ പൂച്ചക്കാല്‍
വെച്ചടത്തുവന്ന്‌ തൊട്ടുനോക്കുന്നു
‘നീയുണ്ടായിരുന്നെങ്കില്‍’ എന്ന് ഉറക്കമൊഴിയുന്നു

അതിനിടയില്‍, എനിക്കും നിനക്കുമിടയില്‍
ഇന്ത്യന്‍ സര്‍ക്കാര്‍ തലയുയര്‍ത്തി നില്‍ക്കുന്നു
സിഗരറ്റുവലിക്കുന്ന പെണ്ണിനെ പ്രേമിച്ചിട്ടില്ലാത്തതാണ്‌
അന്‍പുമണി രാംദോസിന്റെ കുഴപ്പമെന്ന്‌ ആരോ ഊമക്കത്തെഴുതുന്നു

ഉറക്കത്തിലാരോ 200 രൂപ പിഴ വിധിക്കുന്നു

* മുന്നറിയിപ്പ്: പുകവലി കരളിനും ഹൃദയത്തിനും നന്നല്ല

10 comments:

അനിലൻ said...

നീ ഊതിവിടുന്ന കവിതാ വളയങ്ങളിലൂടെ
ഞാന്‍ ചാടുന്നു :)

വിഷ്ണു പ്രസാദ് said...

ലതീഷേ,നിന്റെ കവിത മാത്രമാണ് പലപ്പോഴും എന്നിലെ വായനക്കാരനെ ഈ ബൂലോകത്ത് തൃപ്തനാക്കുന്നത്.
ഇപ്പോഴും നിരാശനാക്കിയില്ല,നല്ല സന്തോഷവുമുണ്ട്.

vadavosky said...

ലതീഷേ,
കവിത എഴുതാന്‍ വേണ്ടി എഴുതിയതു പോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. ലതീഷിന്റെ കവിതയില്‍ ഉണ്ടാവാറുള്ള punch ഇല്ല ഇതിന്‌.

Anonymous said...

സിഗരറ്റുവലിക്കുന്ന പെണ്ണിനെ പ്രേമിച്ചിട്ടില്ലാത്തതാണ്‌
അന്‍പുമണി രാംദോസിന്റെ കുഴപ്പമെന്ന്‌ ആരോ ഊമക്കത്തെഴുതുന്നു.

അദാണ് :)

(എഡിറ്റിയില്ല, അല്ലേ)

നസീര്‍ കടിക്കാട്‌ said...

ഞാനോർത്തത്
http://samkramanam.blogspot.com/2007/07/blog-post_2732.html

Dinkan-ഡിങ്കന്‍ said...

ഇതില്‍ സിഗററ്റ് ചുക്ക് മാത്രമേ ഉള്ളൂ "vadavosky" പറഞ്ഞപോലെ മിക്സ് ചെയ്ത "മറ്റവന്‍" ഇല്ലല്ലോഡെയ്

Latheesh Mohan said...

അനിലനും വിഷ്ണുവിനും നന്ദി
വഡവോസ്കിക്കും ഡിങ്കനും നന്ദി ഇല്ല :) :)
നസീറേ, ലിങ്കിനു നന്ദി.

അനോണിമസേ, ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു?

Mahi said...

ലതീഷ് കണ്ടെത്തലുകളുടെ ഉള്‍ബലം കൊണ്ടാണ്‌ താങ്കളുടെ കവിതകള്‍ കരുത്താര്‍ജ്ജിക്കുന്നത്‌

Anonymous said...

വലിക്കെടാ വലി...എന്നിട്ട് ചത്ത് പോ. ആർക്ക് ചേതം? എന്നിട്ട് ഇരുന്ന് കവിതെ എഴുത്!! ആർക്ക് ചേതം? വലിച്ച് വലിച്ച് ചാവാൻ!!
നിന്നെക്കെ തല്ലിക്കൊല്ലാൻ ആളില്ലാഞ്ഞിട്ട്. ഹല്ല പിന്നെ.

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു....
താളാത്മകമായി ഒരു പുകച്ചുരുള്‍
എന്നെ പുകച്ചു കടന്നു പോയി.........