Tuesday, March 24, 2009

എനിക്കും വേറെ പണിയുണ്ടെന്ന് പരമാവധി വളച്ചുകെട്ടി പറയുന്നു

ജനല്‍പ്പടിമേല്‍ കമഴ്ത്തിവച്ച ഗ്ലാസിനപ്പുറം
നിവര്‍‍ത്തിവച്ച കിണറിനുള്ളിലേക്ക്‌
ജലനൂലുകളിലാടിയിറങ്ങി
'ആഴമുണ്ട്‌, ഉടനെയെങ്ങും വറ്റില്ല' എന്നുറപ്പിച്ച്‌
പതിയെ മുകളിലേക്ക്
മടങ്ങിപ്പോകുന്നു ആകാശം

വളവിനപ്പുറം
പൊട്ടുപോലെ മഴക്കാര്‍ മായുംവരെ
'നീ പെയ്തില്ലെങ്കിലും വറ്റില്ല
നീയിനി വന്നില്ലെങ്കിലും കുഴപ്പമില്ല'
എന്നൊക്കെ
വളരെ നേരം കൈവീശി നില്‍ക്കും
ആരുമറിയാതെ
നിറഞ്ഞുകൊണ്ടിരിക്കുന്ന ഉറവകള്‍

ആകാശത്തിന്‌ അതൊന്നും
അറിയേണ്ട കാര്യമില്ല

കുണ്ടും കുഴികളും ഇടവഴികളും
പച്ചക്കാടുകളും പാമ്പിന്‍പൊത്തുകളും
താണ്ടിയതിന്റെ ക്ഷീണമുണ്ട്‌
തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ്‌
സന്തോഷംകൊണ്ട്‌ ഇടിവെട്ടിപ്പോകും,ചിലപ്പോള്‍

ജനലരികില്‍ ഖേദത്തോടെ കമഴ്ന്നിരിക്കുന്ന ഗ്ലാസ്
താഴേക്ക്‌ വീണുചിതറും, ചിലപ്പോള്‍
‘എത്രപെയ്തിട്ടും നിറയ്ക്കാതെ പോയല്ലോ എന്നെ
ഉള്ളിലില്ലല്ലോ നിന്നെവേണ്ടാത്ത ഉറവകള്‍‘

ആകാശത്തിന്‌ അതും
അറിയേണ്ട കാര്യമില്ല

അടുത്തതവണയും വരും
കിണറിലേക്ക്‌ മാത്രം ഇറങ്ങിനോക്കും
വയലുകളിലും താഴ്ച്ചകളിലും
താമസിക്കുന്നവരുടെ വീടുപോലെയുള്ള
ആഗ്രഹങ്ങള്‍ മുക്കിക്കളയും

പ്രളയത്തിലപ്പോള്‍
തുരുത്തുതേടിയോടുന്നതിന്‍മുമ്പ്‌
മൂത്തമകന്റെ ചരിത്രഗ്രന്ഥവും
ഭര്‍ത്താവിന്റെ അടിവസ്ത്രവും
പെറുക്കിക്കൂട്ടുന്നതിനിടയില്‍
വേണോ വേണ്ടയോയെന്നു സംശയിച്ച്‌
ഒരു വീട്ടമ്മ ആദ്യത്തെ പ്രേമലേഖനം
തപ്പിയെടുത്തേക്കും, ചിലപ്പോള്‍

നിറഞ്ഞും വരണ്ടും
എല്ലാ വീട്ടമ്മമാരുടേയും ഭൂതകാലം
എന്നുവേണമെങ്കില്‍ പറഞ്ഞുതീര്‍ക്കാം
മറ്റൊരു ഭ്രാന്തന്‍ കമഴ്ത്തിവച്ച
അതിമോഹങ്ങളുടെ ഈ കാലന്‍കുടയെ

അതും ആകാശത്തിന്
അറിയേണ്ട കാര്യമില്ല,

എനിക്കും

4 comments:

Jayesh/ജയേഷ് said...

നിനക്ക് വേറെ പണിയില്ലെന്ന് വളച്ച് കെട്ടാതെ പറഞ്ഞു:)

രാവിലെ ആദ്യം തന്നെ നിന്റെ പുതിയ കവിത വായിക്കാനായതില്‍ പെരുത്ത് സന്തോഷം

താഴത്തെ കടയില്‍ തേങ്ങ കിട്ടാനില്ല...സോറി

aneeshans said...

നിനക്ക് പണിയുണ്ടോ ഇല്ലയോ എന്നല്ല നീ ലതീഷല്ലേ അതോ വേറെ വല്ലവരുമാണോ എന്നെനിക്കൊരു തോന്നല്‍ . കവിതകളൊക്കെ സൌമ്യമായി
സംസാരിക്കുന്നു.

of : ഇതെന്നാ ഇതൊരു കോമണ്‍ ലേബല്‍ ആക്കാന്‍ പോവുകയാണോ ?

അനിലൻ said...

ഉച്ചയ്ക്ക് പണിയൊക്കെ കഴിഞ്ഞ് വെറുതേയിരിക്കുമ്പോള്‍പോലും ഒരു വീട്ടമ്മയും പുനര്‍വായിക്കില്ലൊരു പ്രേമലേഖനവും. പിന്നെയല്ലേ പ്രളയത്തില്‍!

പ്രളയാശംസകളോടെ

മലര്‍ത്തിവച്ച ഗ്ലാസ്സ്

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി ഈ വളച്ച് കെട്ടിന് ...
very good