Saturday, May 2, 2009

പിടിച്ചെടുത്ത പാട്ടുകള്‍

ഒരിക്കലും പ്രേമിച്ചിട്ടില്ലാത്തവര്‍ക്ക്‌
വിരഹഗാനങ്ങളിലുള്ള ഹരം പോലെ
പിടിതരാത്ത നിരവധി കൌതുകങ്ങളാവണം
ദൈവത്തിന്റെയും ചെകുത്താന്റെയും
റേഡിയോ നിലയങ്ങളുടെ ഇന്ധനം

ഒരിക്കലും വരാത്തതിനാല്‍
വിട്ടുപോയിട്ടേയില്ലാത്ത
ഒന്നിനെക്കുറിച്ചു ഖേദിച്ച്‌,
അവയെ മാത്രം ഓര്‍ത്തിരിക്കുന്നവര്‍
സംസാരിക്കുന്നിടത്ത്‌
പതുങ്ങിയിരിക്കുന്നവരെയാവണം
കാലങ്ങളായി നമ്മള്‍
ദൈവമെന്നും ചെകുത്താനെന്നും
വിളിക്കുന്നത്‌

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത
വികാരങ്ങള്‍ക്ക്‌ കീഴ്പ്പെട്ട്‌
ഏകാകികളാകുന്നവര്‍ക്ക്‌
മറ്റു പേരുകള്‍
ചേരാത്തതു കൊണ്ടാവില്ല,
അതിശയോക്തികളില്‍
നമ്മള്‍ തോറ്റുപോയതു കൊണ്ടാവണം

പ്രേമിക്കുന്നവരുടെയും
പ്രേമനിരാസം വന്നവരുടേയും പദയാത്ര
ഇതൊന്നും കാര്യമായി
മനസ്സിലാക്കാനിടയില്ല

ഒരിക്കലും വരാത്തതിനോടുള്ള സങ്കടവും
സംപ്രേഷണം ചെയ്യുന്നത്‌
വിരഹത്തിന്റെ നിലയങ്ങള്‍ തന്നെയാണെന്ന്‌
അവര്‍ തര്‍ക്കിക്കാനിടയുണ്ട്‌ -
പ്രേമത്തിന്റെ മതത്തിനും പുരോഹിതരുണ്ടെന്നും
പുരോഹിതരോട്‌ തര്‍ക്കിക്കുന്നത്‌
ദൈവത്തോട്‌ തര്‍ക്കിക്കുന്നതുപോലെ
അര്‍ത്ഥശൂന്യമാണെന്നും
അറിയാവുന്നതിനാല്‍
വിലയേറിയ സമയവും കൊണ്ട്‌
അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന്‌
നമ്മള്‍ ഓടി രക്ഷപ്പെടുമെന്ന്‌
ഉറപ്പാണെല്ലോ

വരാത്തതെന്ത്‌ എന്നയാകുലത
മറ്റൊരു സമൂഹത്തിന്റെ
പാട്ടുകളില്‍ നിന്ന്‌ കേട്ടെടുക്കുക
അത്രയധികം എളുപ്പമായതു കൊണ്ടായിരിക്കില്ല
നമ്മളോടുന്നത്‌, രക്ഷപ്പെട്ടു എന്നഭിനയിക്കുന്നത്‌,

ഒരേ ആന്റിന പിടിച്ചെടുക്കുന്നതാണെല്ലോ
നമ്മുടെ പാട്ടുകളില്‍ പലതും
എന്നറിയാവുന്നതുകൊണ്ട്‌

9 comments:

പാവപ്പെട്ടവൻ said...

:)

Anonymous said...

could you please explain to us what really do you mean by this?????

Calvin H said...

"പിടിതരാത്ത നിരവധി കൌതുകങ്ങളാവണം
ദൈവത്തിന്റെയും ചെകുത്താന്റെയും
റേഡിയോ നിലയങ്ങളുടെ ഇന്ധനം "

സംശയം ണ്ടോ?

പ്രൊമിത്യൂസ് said...

great thoughts.. keep it up.

ഹന്‍ല്ലലത്ത് Hanllalath said...

ഒരേ ആന്റിന പിടിച്ചെടുക്കുന്നതാണെല്ലോ
നമ്മുടെ പാട്ടുകളില്‍ പലതും
എന്നറിയാവുന്നതുകൊണ്ട്‌ ..’

തിരിച്ചറിവിന്റെ..അറിവ്..

Jayesh/ജയേഷ് said...

കഷ്ടം !

വെള്ളെഴുത്ത് said...

could you please explain to us what really do you mean by this?????അനോനി, ഇതൊരു എഴുത്തുകാരനോട് ചോദിക്കേണ്ട ചോദ്യമല്ല. തനിക്കുപോലും തിരിച്ചറിയാനാവാത്തത് പിടിച്ചെടുക്കാനുള്ള അയാളുടെ ശ്രമത്തിന്റെ ഭാഗമാണ് കവിത. ‘കടല്‍പ്പാലങ്ങള്‍ പറന്നു വരുന്ന ശബ്ദം ചെവിയോര്‍ത്താല്‍ കേള്‍ക്കാം‘ (കാതോര്‍ത്താലും)എന്നാണ് ഒരു കവിതയില്‍ ലതീഷ് എഴുതുന്നത്. ചെവിയോര്‍ക്കുക എന്നു വച്ചാല്‍ നമ്മള്‍ നമ്മളെ തന്നെ പുതുക്കുക എന്നര്‍ത്ഥമുണ്ട്.. എല്ലാവര്‍ക്കും അറിയാവുന്നകാര്യം ഒരാളിങ്ങനെ എഴുതി വയ്ക്കണോ? അപ്പോള്‍ എന്തോ ഉണ്ടല്ലോ ഈ വരികളില്‍ എന്ന സംശയത്തില്‍ നിന്നാണ് തുടങ്ങേണ്ടത്.. അതാണ് ആദ്യത്തെ പടി. എന്നിട്ടും നമ്മളെവിടെ എവിടെയുംമെത്തുന്നില്ലെങ്കില്‍ നമ്മില്‍ നിന്ന് എത്ര ദൂരെയാണ് ഒരാള്‍ സഞ്ചരിക്കുന്നതെന്ന് വിതുമ്പാനേ പറ്റൂ..

Anonymous said...

പ്രേമിച്ചിട്ടുണ്ടെന്ന്
വന്ന് ഒന്ന് വിട്ടുപോയിട്ടുണ്ടെന്ന്
അനുഭവിച്ചിട്ടുണ്ടെന്ന് ഒക്കെയാണ്.

എങ്കിലും ഏകാന്ത നിലയങ്ങള്‍ പ്രക്ഷേപണം നടത്തുന്ന തരംഗ ദൈര്‍ഘ്യം
പ്രേമിക്കുന്നവരുടെയും നിരാസം വന്നവരുടെയും ആന്റിനകള്‍ തിരിച്ചറിയാറുണ്ട്;
ഉയര്‍ന്നതും താഴ്ന്നതുമായ നിലകള്‍ മധ്യത്തില്‍ നിലകൊള്ളുന്ന നിന്നെ കടക്കാതെ
പോകുവതെങ്ങനെ, ഇതാ ഇതു പോലെ?

Anonymous said...

kashtam