Thursday, October 22, 2009

ധ്വനിപ്പിച്ചില്ല എന്നുമാത്രം പറയരുത്‌

ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌

അതിനിടയില്‍ നിന്ന്‌,
പ്രയോഗങ്ങളെ
അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്‌
ചില ഒറ്റമൂലികളാണ്‌
ഞാന്‍ ചിന്തിക്കുന്നത്‌

മൃഗശാലയില്‍,
വന്യതയാര്‍ന്ന കാട്‌ ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ

പുറത്തേക്ക്‌ പുറത്തേക്ക്‌
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌
തിരമാല പോലെ വന്നടിച്ച്‌
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്‌

ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പ്‌ : -
വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം

ഉദാഹരണത്തിന്‌
വെരുക്‌ - പി രാമകൃഷ്ണന്‍
കൂട്‌ - മറിയാമ്മ ജോസഫ്‌
അല്ലെങ്കില്‍ വെരുക്‌ - മറിയാമ്മ ജോസഫ്‌
കൂട്‌ - പി രാമകൃഷ്ണന്‍

കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ്‌

കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക

Tuesday, October 13, 2009

രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി

ചിലപ്പോള്‍ അവളൊരു പാലം
ചിലപ്പോള്‍ അവളിലൂടെയൊരു പാലം

ഉറങ്ങിയാലോ എന്ന്‌
ആദ്യത്തെ ശലഭം ചോദിക്കുമ്പോള്‍
ഇടത്തേക്കണ്ണ്‌ വലത്തേക്കണ്ണിനോട്‌
അവളിലൂടെ എന്തോ പറയും

ഇപ്പോള്‍ വേണ്ട എന്ന്‌
പരസ്പരം കണ്ണിറുക്കും

എത്രനേരം തുറന്നിരിക്കാന്‍ കഴിയും
ഉള്ളിലെ മാറാലയെ ആരുനോക്കും
വൃത്തികെട്ടുപോയാല്‍ വരാതാകില്ലേ
അതിഥികള്‍, അത്യാഹിതങ്ങള്‍
നിങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളില്‍
എത്രകാലം തടഞ്ഞുനില്‍ക്കും
ഉള്ളിലേക്കുള്ളിലേക്കുള്ള
ഭയത്തിന്‍ ഗതാഗതം : -
അവസാനത്തെ ശലഭം കണ്ണുരുട്ടുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലെന്റെ പെണ്‍കുട്ടി
ആര്‍ത്തു ചിരിക്കുന്നു
കണ്ണുകള്‍ കൂടെച്ചിരിക്കുന്നു
മൂക്കില്‍ നിന്ന്‌ ചെവികളിലേക്ക്‌
മുടിയിഴയിലേക്ക്‌
ചെറിയൊരു പിടച്ചില്‍ പടര്‍ന്നിറങ്ങുന്നു
ഉച്ചത്തിലുച്ചത്തില്‍പിടഞ്ഞുതുടങ്ങുമ്പോള്‍
നീലഞ്ഞരമ്പുകള്‍ വലിച്ചുകെട്ടിയ
നിരവധി വയലിനുകള്‍
താഴേക്ക്‌ താഴേക്ക്‌
പടര്‍ന്നുലയുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലൊരു പൊട്ടിച്ചിരി,
കൊടുങ്കാറ്റിന്റെ ഒരല

ബാക്കിയാവുന്നു