Friday, March 13, 2015

ഓട്ടക്കാലിണ: കിളിവംശം 1 . ഏകാകിയും ചന്ദ്രനും


നിര്‍ത്താതെ കുരയ്ക്കും പട്ടി
എല്ലാ രാത്രിയിലും
വഴിതെറ്റി അതിലേതന്നെ വരും
പട്ടിയെപ്പേടിച്ചു ശീലിച്ച
ഏകാന്ത സഞ്ചാരി

അയാള്‍ക്കറിയില്ല പട്ടിയെ
കുരയെ, എത്ര കുടിച്ചിട്ടും
വീടെത്താതെ പോയ
അയാളെത്തന്നെ

പട്ടിക്കറിയാം വേഷം 
യാചകരെ, കള്ളന്മാരെ
കുടിച്ച കൂത്താടികളെ

കല്ലുപെറുക്കിയെറിയാം
മാറിനില്‍ക്കെടാ
നായിന്റെമോനെയെന്നലറാം
കൂസാതെ പോയിടാം
കുരയ്ക്കുന്ന പട്ടി
കടിക്കില്ലെന്നു പുറകോട്ടു ചാടി
പഴമൊഴി കൊണ്ടാവാം

ഭയം, അയാളില്‍ പക്ഷേ,
പട്ടിയെ, പട്ടിയില്‍ വേദം നിറച്ച
ഇസ്തിരിപ്പെട്ടിയെ
ആദ്യത്തെ കുരയ്ക്കുതന്നെ
അയാളോടുന്നു
പട്ടി പിന്നാലെയോടുന്നു

ഓട്ടത്തിനിടയിലയാള്‍
തലപൊക്കി നോക്കുമ്പോള്‍
കൂടെയോടുന്നു
പാതികൂമ്പിയ ചന്ദ്രന്‍
പാതിയില്‍ മിന്നിപ്പോയ നക്ഷത്രം

ആഹാ പട്ടിയെപ്പേടിയോ
നിനക്കുമെന്നെപ്പോലെ
എന്നയാളുള്ളില്‍ ചിരിക്കുന്നു
ചന്ദ്രനും ചിരിക്കുന്നു

അതിനുശേഷം പട്ടിയില്ല:
ഓട്ടം നിര്‍ത്തിയതേതോ
ഇടവഴിയിലൂടൂര്‍ന്നിറങ്ങിപ്പോയിരിക്കാം
ഓട്ടത്തിനിടയില്‍
വീണുമരിച്ചതുമാകാം

അദ്ദേഹം നില്‍ക്കുന്നു
മുകളിലേക്കു നോക്കാതെ
പതിയെ നടന്നു പോകുന്നു
പട്ടി ചന്ദ്രനു പിന്നാലെ പോയെന്നും
ഇനിയവര്‍ തമ്മിലാകുമെന്നും
ഉള്ളില്‍ കരുതുന്നു

പാതി രാവ് 
പരിഭ്രമിച്ച ജനത
ചന്ദ്രതാരാദികളും
ചരിഞ്ഞുറങ്ങുന്ന യുവതിയും
എന്നയാള്‍
മൂളുന്നു

2 comments:

ബൈജു മണിയങ്കാല said...

പട്ടിയെ, പട്ടിയില്‍ വേദം നിറച്ച
ഇസ്തിരിപ്പെട്ടിയെ
വാക്കുകളിൽ ശബ്ദത്തിന്റെ മനോഹര ആലേഖനം

ajith said...

:)