Sunday, December 30, 2007

ഞാന്‍ വീണ്ടും വരും

കയറിവരുമ്പോള്‍
കാഴ്ചയുടെ തുമ്പത്ത്‌
ശവക്കൂനകള്‍ക്കു മേലേനാട്ടിയ
കുരിശുപോലെ
പഴയതിനെക്കാള്‍ പഴയതായ
ഒരുപള്ളി

'അരാജകവാദികളുടെ
രാജാവേ
നിന്റെ രാജ്യം വരേണമേ
സ്വര്‍ഗത്തിലും
ഭൂമിയിലെപ്പോലെ
നരകം വരേണമേ'

പ്രാര്‍ഥിച്ചിറങ്ങുമ്പോള്‍
പടവുകള്‍ക്കു കീഴേ
പഴയൊരു കാര്‍
കാത്തുകിടന്നിരുന്നു

അവള്‍ ചിരിച്ചു:
'ഉപേക്ഷിക്കപ്പെട്ടതാണ്‌
പ്രേതങ്ങളാണ്‌
മറിച്ചുവില്‍ക്കാന്‍
ബുദ്ധിമുട്ടായിരിക്കും'

പള്ളിവാങ്ങണമെന്നു തോന്നിയില്ല
അവനെ വാങ്ങാനാണ്‌ വന്നത്‌

വീടുപേക്ഷിച്ച്‌
ഓടിപ്പോയിരിക്കുന്നു
കുരിശുകളുടെ ആശാരി
ഭീരു.

5 comments:

Latheesh Mohan said...

വീടുപേക്ഷിച്ച്‌
ഓടിപ്പോയിരിക്കുന്നു
കുരിശുകളുടെ ആശാരി
ഭീരു

420 said...

നന്നായി.

സജീവ് കടവനാട് said...

എത്ര വാതിലുകളുണ്ട് ഈ കവിതക്ക്, അറിഞ്ഞൂടാ. ആദ്യം കയറിയവാതിലിലൂടെയല്ല പിന്നെ കയറിയത്, പിന്നെയും, പിന്നെയും...
എല്ലാ കവിതയിലേയും പോലെ കപ്പലുമുങ്ങിയവന്‍ ഇതിലും ഉണ്ട്. നല്ല വായനക്കു സ്കോപ്പുണ്ട്. ബൂലോകവായനക്കാരേ ഒന്നു ശ്രമിക്കൂ. ഞാന്‍ വീണ്ടും വരും....

ടി.പി.വിനോദ് said...

സ്വര്‍ഗത്തിലും ഭൂമിയിലെപ്പോലെ നരകം വരുന്നതിനു മുന്‍പ് തന്നെയായിരിക്കുമോ പഴയതിനെക്കാള്‍ പഴയ ആ ധൈര്യം അവനിലേക്ക് വിനിമയപ്പെടുക?

Unknown said...

അവന്‍ വരില്ല. എങ്ങനെ വരാന്‍? നമ്മളൊക്കെ ഇവിടില്ലേ?