Tuesday, January 29, 2008

അറിവുകളില്‍ നീയുണ്ടായിരുന്നില്ലല്ലോ

"എന്തറിയാം നദികളെക്കുറിച്ച്‌"
ഒഴുക്കില്‍ മുടിയിതളുകള്‍
കടല്‍പ്പറ്റാതെ കാത്തുകൊണ്ട്‌
അവള്‍ ചോദിക്കുന്നു.

"എല്ലാമറിയും
നദികളെക്കുറിച്ച്‌ എല്ലാമറിയും.
ഒഴുകിവന്ന ജഡങ്ങളെക്കുറിച്ചും
പലതുമറിയും"

"ആമസോണ്‍ കണ്ടിട്ടുണ്ടോ?
നൈല്‍?
ഗംഗയും യമുനയുമെങ്കിലും?"
അവള്‍ അങ്ങനെയാണ്‌
എന്റെ പുരാതനമായ
അഹങ്കാരത്തെ വകവെച്ചിട്ടേയില്ല
ഇന്നോളം.

"ഇല്ല, പേരുകളറിയില്ല
ഒഴുക്ക്‌ ലംബമോ തിരശ്ചീനമോ
എന്നുപോലുമറിയില്ല.
എങ്കിലും എല്ലാമറിയും
അറിവില്ലായ്മയെക്കുറിച്ചും
പലതുമറിയും".

ഏഴു നൂറ്റാണ്ടുകള്‍ക്കപ്പുറം
പെണ്ണായി കുളിച്ചു കയറാന്‍
ജലകുമിളകളില്‍ തപസ്സിരിക്കുന്ന
അമീബ പോലും കേട്ടു
തുള്ളിമുറിയാത്ത മഴയുടെ
ഹുങ്കാരം പോലെ
അവളുടെ പൊട്ടിച്ചിരി:-

"പുഴയ്ക്കപ്പുറം പച്ചപ്പുകളില്ല എന്നറിയുമോ?
ഗര്‍ഭപാത്രത്തില്‍ വെച്ചാരും
പ്രണയിക്കാറില്ല എന്നറിയുമോ?
ഗര്‍ഭിണിയിലും കാമമുണ്ട്‌
എന്നറിയുമോ?
മഹാലിംഗമേ, കല്ലാണ്ടവനേ
നിന്റെയമ്മയിലും നീയുണ്ട്‌ എന്നറിയുമോ?"

"അറിയേണ്ടതായിരുന്നു
ഒഴുക്ക്‌ നീതന്നെയാകുന്നതിന്‍മുമ്പ്‌
അറിയേണ്ടതായിരുന്നു".

8 comments:

Kuzhur Wilson said...

"പുഴയ്ക്കപ്പുറം പച്ചപ്പുകളില്ല എന്നറിയുമോ?
ഗര്‍ഭപാത്രത്തില്‍ വെച്ചാരും
പ്രണയിക്കാറില്ല എന്നറിയുമോ?
ഗര്‍ഭിണിയിലും കാമമുണ്ട്‌
എന്നറിയുമോ?
മഹാലിംഗമേ, കല്ലാണ്ടവനേ
നിന്റെയമ്മയിലും നീയുണ്ട്‌ എന്നറിയുമോ?"

അവളെ നേരിട്ട് കാണട്ടെ. രണ്ട് ചോദ്യം എനിക്കും ചോദിക്കണം.

പിന്നെ നിന്നോട്, കൊല്ലെടാ കൊല്ല്

siva // ശിവ said...

ലതീഷ്‌ മോഹന്‍...കവിത ഇഷ്ടമായി...

420 said...

നിന്റെ കവിതയെക്കുറിച്ച്‌
ഞാന്‍ ഒരക്ഷരം പറയില്ല.

vadavosky said...

നിന്ദോക്തിയുമായി നിഴല്‍ പോലെ എന്നെ പിന്തുടരുന്ന നീ ആരാണ്‌ ?.

ടി.പി.വിനോദ് said...

കണ്ടുകണ്ടിരിക്കുന്ന ആളുകളും കാണുന്നിടത്ത് കാണുന്നിടത്ത് അവര്‍ വിളിക്കുന്ന പേരുകളും അവരുടെ മുടിഞ്ഞ അതിര്‍ത്തികളും ചരിത്രപുസ്തകങ്ങളും ഭൂമിശാസ്ത്രവും ഒന്നും ഇല്ലായിരുന്നെങ്കില്‍ ഉപ്പുള്ളതെല്ലാം ചേര്‍ത്ത് ഒറ്റയൊരു കടല്‍, ഉപ്പുകൊണ്ട് മായം ചേര്‍ക്കാതെയൊഴുകുന്ന ഒറ്റയൊരു പുഴ, അല്ലെങ്കില്‍ ഉപ്പും ഉപ്പില്ലായ്മയും ചേര്‍ന്ന് അലയുകയും ഒഴുകുകയും ചെയ്യുന്ന ഒരേയൊരു ജലാശയം മാത്രമേ ഉണ്ടാവുമായിരുന്നുള്ളു .അല്ലേ?

ദൈവം said...

:)

Latheesh Mohan said...

@ വിത്സന്‍, ശിവകുമാര്‍, ഹരി (ഹരീ (:), വഡക്കോവ്സ്കി, ലാപുട: നന്ദി

@ ദൈവം: ദൈവത്തിന്റെ സ്മൈലികള്‍ രൂപകങ്ങള്‍ക്കിടയില്‍ പൊരുതി നിന്നേക്കും എന്നറിഞ്ഞു കൊണ്ടു തന്നെയാണോ, അതോ.. :)

വിശാഖ് ശങ്കര്‍ said...

വായിച്ചെടുക്കാത്ത അറിവുകളില്‍ എന്നും അവളുണ്ടായിരുന്നല്ലൊ...നമ്മളെന്നും അവള്‍ക്ക് പുറത്തായിരുന്നു എന്നു മാത്രം.

അറിയേണ്ടതയിരുന്നു..,അറിയേണ്ടതായിരുന്നു..