മറ്റേചങ്ങാതിയുടേ പാട്ടില്ലേ
അതൊന്ന് ശ്രദ്ധിച്ച് കേട്ടുനോക്കൂ
വളരെച്ചെറിയ ഒച്ചയില്‍
ബ്യൂഗിള്‍,
ഞാന്‍ പറയുകയായിരുന്നു.
വീണ്ടും വീണ്ടും കേട്ടിട്ട്
എന്നെത്തന്നെ നോക്കിയിരിക്കുന്നു
എന്താണ് ബ്യൂഗിള്‍
എന്നുവരെ സംശയംവന്നതുപോലെ
എന്തുതരം ബ്യൂഗിള്‍ എന്ന്
ചോദിക്കുകപോലും ചെയ്തു
നീ പോയപ്പോള്‍
ഞാനൊരു
മേഘത്തെ വളര്‍ത്തി
നീ വന്നിട്ടും പെയ്തൊഴിയുന്നില്ല
എന്ന് ഒച്ചതാഴ്ത്തി പാടുമ്പോള്‍
അങ്ങൂദൂരെനിന്നെന്നവണ്ണം
നീയില്ലാത്തപ്പോഴും നീയുള്ളതുപോലെ
അടിവയറ്റില്‍ നിന്ന്
ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കുന്ന ഒച്ചപോലെ
ഒന്നുകൂടി കേട്ടുനോക്കൂ
ഇല്ലേ ബ്യൂഗിള്‍?
അവള്‍ക്ക് ചെവിവേദനിച്ചിട്ടുണ്ടാകണം
മേലുനനച്ചിട്ട് വരാം ഞാനൊന്ന്
എന്ന് തുറന്നടയുന്നു
കുളിമുറിവാതില്‍
അപ്പോഴവളുടെ പാട്ടുപെട്ടിയെടുത്ത്
കേട്ടുനോക്കി, മറ്റേചങ്ങാതിയുടെ പാട്ട്
അത്ഭുതം
അത്രപഴകിയിട്ടില്ല
അവളിലോര്‍മകള്‍ !