Saturday, December 27, 2008

നടപ്പുദോഷങ്ങള്‍

കാത്തുനില്‍ക്കുന്നവളുടെ
ഇരുപ്പും കിടപ്പും
എന്തുചെയ്യുന്നുണ്ടാവും
എന്നു ചിന്തിച്ച്‌
നിന്നു പോയതിനാലാണ്‌
വൈകിയത്‌

എന്തു ചെയ്താലെന്ത്
എന്നുറപ്പിച്ച്‌
ഓടിയെത്തുമ്പോഴേക്കും
നടപ്പ്‌
അവളില്‍
പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു

ഇനി ഇരുന്ന്
ചിന്തിക്കാമെന്നിരിക്കെ
ഓടിച്ചിട്ടു പിടിക്കാന്‍
തോന്നുന്നതിന്റെ
കിടപ്പു വശമെന്ത്‌?

Monday, December 22, 2008

ആംബുലന്‍സുമായി വന്നുനില്‍ക്കില്ലേ

പ്രഭാതം (ഭക്ഷണം)
ഉച്ച (ഭക്ഷണം)
സന്ധ്യ (ബിയര്‍, കഞ്ചാവ്‌) :-

ഇരുനൂറു രൂപ ഉണ്ടെങ്കില്‍
തീര്‍ത്തടുക്കാം ഈ ദിവസം
ഇരുപതു രൂപ കൂടിയുണ്ടെങ്കില്‍
ഒരു പായ്ക്കറ്റ്‌ സിഗരറ്റില്‍
രാത്രി കടക്കാം
ഭാഗ്യം, സ്വയംഭോഗത്തിന്‌ ഇതുവരെ
നികുതിയടയ്ക്കേണ്ടതില്ല

അങ്ങനെ ചെയ്താല്‍
വെറും ഇരുനൂറ്റിയിരുപത്‌ രൂപയ്ക്ക്‌
ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന
വിലകൂടിയ ഇനം അടിമയാണ്‌ ഞാനെന്ന്‌
നിങ്ങള്‍ക്ക്‌ തോന്നും

എനിക്കെന്നെക്കുറിച്ച്‌
എന്തൊക്കെ തോന്നിയാലും
നിങ്ങള്‍ക്കെന്നെക്കുറിച്ച്‌
തെറ്റായി ഒന്നും തോന്നാന്‍ പാടില്ല എന്ന്‌
നിര്‍ബന്ധമുള്ളതിനാല്‍

ഇരുനൂറ്റിയിരുപത്‌ രൂപ
ഇന്നു ഞാന്‍ ഉണ്ടാക്കില്ല

ആ സമയത്ത്‌ ചിന്തിക്കാനാണ്‌ പദ്ധതി

ഹോട്ടലുടമകളേ
ബിയര്‍ പാര്‍ലര്‍ നടത്തിപ്പുകാരേ
എന്റെ പ്രിയപ്പെട്ട കാമുകിമാരേ

ഞാനിന്ന്‌ ചിന്തിച്ച്‌ വശംകെടും

Sunday, December 21, 2008

പെണ്‍മക്കള്‍ അച്ഛന്‍മാര്‍ക്കയച്ച കത്തുകള്‍

പറയേണ്ടിയിരുന്നതൊന്നും അതിലുണ്ടായിരുന്നില്ല

തലയിലെടുത്തുവച്ച്‌
പൂക്കൊമ്പത്തേക്ക്‌
കൈ എത്തിച്ചു തരുമ്പോള്‍
നിങ്ങളായിരുന്നു
എന്റെ നായകന്‍ എന്ന്‌
അതൊരിക്കലും
വെളിപ്പെടുത്തിയില്ല

ഇപ്പോള്‍ നിന്റെ കൂടെയുള്ളവന്റെ
വളര്‍ച്ചയില്ലായ്മയെക്കുറിച്ച്‌
ഞാനിപ്പോള്‍ വിളിച്ചുപറയുമെന്ന്‌
ഒരു വാക്കുപോലും
കത്തുകള്‍ക്കുള്ളിലെ
പേടിപ്പിക്കുന്ന അച്ചടക്കം ലംഘിച്ചില്ല

അമ്മയ്ക്കു സുഖമാണോ എന്ന്‌
മുറിഞ്ഞുമുറിയുന്ന കൌതുകം
ആരിലും ഒന്നും ജനിപ്പിച്ചില്ല

അതുകൊണ്ടാണ്‌ അച്ഛന്‍മാര്‍
ഒന്നും മനസ്സിലാക്കാത്തത്‌
എന്നു കരുതരുത്‌:
അവര്‍ക്കെല്ലാം അറിയാം

പെണ്‍മക്കള്‍ അച്ഛന്‍മാര്‍ക്കയച്ച കത്തുകള്‍ പോലെ
പറയാതെ അറിയുമ്പോഴാണ്‌,
പറയുന്നത്‌ അറിയിക്കാന്‍ വേണ്ടി
അല്ലാതാകുമ്പോഴാണ്‌

ജീവിതം അച്ഛന്‍മാരുടെ കലയല്ലാതാകുന്നത്‌
ആണ്‍മക്കള്‍
കത്തുകള്‍ വെറുത്തു തുടങ്ങുന്നത്‌

അച്ഛന്‍മാരെപ്പോലെ
നടിച്ചു തുടങ്ങുന്നത്‌

Thursday, December 11, 2008

ടിം ടിഡിം ടിഡിംഡിം ഡിം

ഇപ്പോള്‍ കേട്ടില്ലേ
(കള്ളം പറയരുത്‌ നിങ്ങള്‍ കേട്ടു)
അതാണ്‌ പശ്ചാത്തല സംഗീതം
അതെന്തിനാണെന്നല്ലേ
വിശദാംശങ്ങളില്‍ നിന്ന്‌
നിങ്ങളുടെ ശ്രദ്ധയെ ആട്ടിക്കളയാനാണ്‌

എന്താണ്‌ നിങ്ങള്‍ വായിക്കേണ്ടത്‌
കാണേണ്ടത്‌ കേള്‍ക്കേണ്ടത്‌
എന്ന്‌ തീരുമാനിക്കേണ്ടത്‌
വിശദാംശങ്ങളല്ല
അംശാധികാരിയാകാനിടയുള്ള
ഞാനാണെന്നത്‌
പണ്ടേ അംഗീകരിക്കപ്പെട്ട സത്യമാണല്ലോ;
പണ്ടുള്ളതെല്ലാം തനി പണ്ടങ്ങളല്ലേ;
മുക്ക്‌ പിന്നീടല്ലേ നിഘണ്ടുവില്‍
കയറിക്കൂടിയത്‌

ഹോ, സാമാന്യ നിയമങ്ങളെക്കുറിച്ചുകൂടി
വിശദീകരിക്കേണ്ടി വരിക കഷ്ടം തന്നെ

അപ്പോള്‍ ഞാനെന്താണ്‌
ചെയ്യുന്നത്‌ എന്നല്ലേ

അട്ടിമറിക്കുകയാണ്‌
തകര്‍ക്കുകയാണ്‌

ഇങ്ങനെ എല്ലാം തുറന്നുപറഞ്ഞ്‌
ഗൂഢാലോചനയിലേര്‍പ്പെടുന്ന ഒരാള്‍
വേറെന്താണ്‌ ചെയ്യുന്നത്‌ സുഹൃത്തേ

ഇനി കുറച്ചുനേരം കൂടി
പശ്ചാത്തല സംഗീതം കേട്ടു നോക്കൂ

എല്ലാം മനസ്സിലാകുന്നില്ലേ
പിറകേ പോരുകയല്ലേ?

Wednesday, December 10, 2008

ആത്മഗ(ണി)തം

'എന്തു സുന്ദരം' എന്നതില്‍
നിരാശ രണ്ട്‌ ടീ സ്പൂണ്‍ കൂടുതലാണ്‌,
കണ്ണാടിയില്‍ നോക്കിയല്ല പറയുന്നതെങ്കില്‍.

അതറിയുന്നതു കൊണ്ടു മാത്രം പക്ഷേ
ഇല്ലാതാക്കാന്‍ കഴിയില്ല
അവനവനോടുള്ള പിറുപിറുക്കലുകളുടെ
പ്രതിദ്ധ്വനിയെ; പരപുച്ഛത്തെ.

കുറേക്കൂടി സുന്ദരമായ
എന്തിനെയെങ്കിലും കാണാനല്ലെങ്കില്‍
പിന്നെന്തിനാണ്‌
കണ്ണാടികള്‍വിട്ട്‌
നമ്മള്‍ പുറത്തിറങ്ങുന്നത്‌?

നമ്മളില്‍തന്നെ ഉറപ്പുകള്‍
വരുത്തുന്നത്?

Wednesday, December 3, 2008

ഇനി നീ ഒളിക്ക്, ഞാന്‍ കണ്ടുപിടിക്കാം

മുകളിലേക്കുനോക്കി മഴ ഒഴിച്ചു തരുമ്പോഴും
ഇടത്തേകയ്യുടെ മടക്കില്‍
ഒളിച്ചിരിപ്പുണ്ടാകും സംഗീതം
പുറത്തുവച്ച്‌ കാണുമ്പോള്‍ കൈനിവര്‍ത്തി പറത്തിവിടും
---എത്രകാലമാണിങ്ങനെ ഒരേദിശയിലേക്ക്‌ എന്നതിനാല്‍
ഒരുകൂട്ടം മരച്ചില്ലകള്‍ പക്ഷികളിലേക്ക്‌ പറക്കുന്നതു പോലെ തോന്നും---

കാല്‍മുട്ടുകള്‍ ഇളകിമറിയുന്നത്‌
താഴേക്ക്‌ നോക്കി നില്‍ക്കുമ്പോഴും
മഴ കുടിക്കുന്നവന്റെയുള്ളിലെ ഉഷ്ണകാലം
മറവിയായി പുറത്തുണ്ടാവും
അകത്തേക്ക്‌ കടന്നിരിക്കുമ്പോള്‍
ചെവിയിലേക്ക്‌ മുലത്തണുപ്പ്‌
ഊതിത്തരും
---മലചുറ്റി വളര്‍ന്ന കാട്‌ മലയിറങ്ങുന്നവന്റെ തലയൊപ്പത്തില്‍
താഴേക്ക്‌ വളഞ്ഞുവളഞ്ഞ്‌ അരുവിപോലെ ഇറങ്ങിവരും---

ഇല്ലാത്തവയുടെ കുറ്റബോധങ്ങളാണ്‌ ഉണ്ടായിരുന്നവ
എന്ന താളം
ഒരു തോന്നല്‍പോലെ കൂടെവരും
നമ്മള്‍ ചേര്‍ന്നിരിക്കും
എത്രകുടിച്ചാലും തീര്‍ന്നുപോകില്ല ഈ മഴ, സംഗീതം,
പിരിയുമ്പോഴുള്ള തണുത്ത കാറ്റ്‌
---ഒന്നും ബാക്കിയുണ്ടാവില്ല ഒന്നും
നഗ്നത എന്ന വാക്കുപോലും---

ഉണ്ടായിരുന്നവയുടെ
തോന്നലുകളാണ്‌
ഇല്ലാത്തവയെന്ന്‌
അറിഞ്ഞിട്ടു തന്നെയാണെല്ലോ
ഈ ഒരുമിച്ചു കുടിക്കല്‍

2

ഒറ്റയ്ക്കേ നടന്നുപോകൂ
ഒറ്റയ്ക്കേ തിരിച്ചുവരൂ
ഒറ്റയ്ക്കേ പെയ്തൊഴിയൂ
---ചില്ലകളില്ലെങ്കില്‍ എത്രനിസ്സഹായം പക്ഷിജന്‍മം എന്ന്‌
മരച്ചുവട്ടിലിരുന്ന്‌ ആരോപാടിയത്‌ നമ്മളില്‍ ചിറകാകും
തൂവല്‍ പോലെ നാം മെലിയും---

അതിനാല്‍,

ഭൂപടത്തില്‍ നിന്ന്‌ അടുത്തവഴി
പുറത്തെടുത്ത്‌ കുടഞ്ഞു വിരിക്കുമ്പോള്‍
രണ്ടായേ ഉണ്ടാകൂ നമ്മള്‍

Wednesday, November 19, 2008

കന്യകയും സുന്ദരിയുമായ മറിയമേ, നിന്റെ സംഘകാല സാധ്യതകള്‍

അവസാനത്തെ കാമുകിയും
പ്ലാറ്റ്ഫോം വിട്ടുപോയതിനു
ശേഷമുള്ള
ആനന്ദപങ്കിലമായ നിമിഷത്തിലാണ്‌
രാധയുടെ മകന്‌
ആറ്റിറമ്പിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന
ഒരു കുരിശടിയുടെ സൌന്ദര്യാത്മക സാധ്യതകളെക്കുറിച്ച്‌
വെളിപാടുണ്ടാകുന്നത്‌

ദിവ്യഗര്‍ഭത്തിന്റെ ത്രസിപ്പിക്കുന്ന വിരസത
തന്നിലേക്ക്‌ മടങ്ങിവരുന്നതിന്റെ അന്തിച്ചോപ്പ്‌
ആറ്റിലേക്ക്‌ വീണുകിടക്കുന്ന തെങ്ങോലയുടെ
നിഴലിനിടയിലൂടെ നോക്കി നില്‍ക്കുകയായിരുന്നു
കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയ

മറിയയുടെ കണ്ണാടിച്ചില്‍ ഏകാന്തതയെ
വടിവാളുകൊണ്ട്‌ സംഘപരിവാറുകാരനൊരുത്തന്‍
പരിഗണിച്ചിട്ടു പോയ ഇടവേളയില്‍
രാധയുടെ മകന്‍ വിദ്ഗ്ധമായി സ്ഥലം കാലിയാക്കി

അതിനുശേഷം,

സ്കൂള്‍ വിട്ട പട്ടങ്ങള്‍ കുരിശടിയുടെ തുമ്പത്ത്‌
കണ്ണുടക്കി കിടക്കുകയും
അതിലൊരു കാമുകന്‍ പട്ടം
അവന്റെ പെണ്ണ്‌ പൊട്ടിപ്പോയ വഴിയിലേക്കു നോക്കി

നീപോയ വഴികളില്‍ നിന്ന്‌
തിരിച്ചുവരുന്നെന്നിലേക്ക്‌
ഇന്നുമുതല്‍ മാത്രം
ആരുമില്ലാത്തവരുടേയും
ഇന്നലെവരെ മാത്രം
എല്ലാവരും ഉണ്ടായിരുന്നവരുടേയും
നാളെമുതലുള്ള ഒറ്റയാള്‍ ഉറക്കങ്ങള്‍


എന്നൊരു തകര്‍പ്പന്‍ പ്രേമലേഖനം
വിരഹത്തിന്റെ തപാല്‍പെട്ടിയില്‍
നിക്ഷേപിക്കുകയും ചെയ്തു

പതിവുപോലെ ആറ്റിലേക്ക്‌
ആകാശം മയങ്ങിവീണു,
തൊട്ടുപിന്നിലൂടെ പതുങ്ങിക്കയറിവന്ന
നിമിഷത്തില്‍

കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയത്തിന്‌
വേറെയാരെയും പ്രതീക്ഷിക്കാനില്ല ഈ രാത്രിയിലും

Friday, November 7, 2008

അടിമുടിയുലഞ്ഞാകുലത

വെറുപ്പിന്റെ ഗുണപാഠഭിത്തിയില്‍
നിന്നിടയ്ക്കിടെ
തലപൊക്കിനോക്കും സ്നേഹമേ
നിന്റെയാകാശം നിന്റെ പാതാളം
എന്റെ ഭൂമിക്കുമേലെയും കീഴെയും
വീര്‍പ്പുമുട്ടിക്കഴിയുന്നുവോ?

പറഞ്ഞാല്‍ തീരാത്തത്ര ജീവിതങ്ങള്‍
നമുക്കിടയില്‍ വെളിച്ചമോ ഇരുട്ടോ
എന്നറിയാതെ ഞെട്ടറ്റുനില്‍ക്കുമ്പോള്‍

വീണുപോകുമോ
വീഴാതെ പോകുമോ
എന്നൊരുതുള്ളി
മേഘശാഖിയില്‍ പകച്ചിരിക്കുമ്പോള്‍

നിന്റെയുന്‍മാദം
എന്റെ ജലമോടും ഞരമ്പിലുറഞ്ഞ്
ചിരിപ്പെരുപ്പില്‍ നാം
തിരിച്ചിറങ്ങുമ്പോള്‍
കൂടില്ലാക്കിളികള്‍ നമ്മളില്‍നിന്ന്‌
ചിറകടിച്ചകലുന്നത്‌
നീയറിയുന്നുവോ?

എന്റെ വിരഹമേ എന്റെ മാത്രം വിരഹമേ
നിന്റെയാകാശം നിന്റെ പാതാളം
എന്റെ ഭൂമിക്കുമേലെയും കീഴെയും
വീര്‍പ്പുമുട്ടിക്കഴിയുന്നുവോ?

Tuesday, November 4, 2008

അന്‍പേ, അന്‍പേ

അപ്പുറത്തെ മുറിയില്‍ മറിയാമ്മ ആന്റ്റെണിയും
ഇപ്പുറത്തെ മുറിയില്‍ ഞാനും ഉണ്ടായിരുന്നില്ല
മറിയാമ്മ 'വിശുദ്ധ പ്രേമം' എന്ന വിഷയത്തിലും
ഞാന്‍ 'പ്രേമ നിരാസ'ത്തിലും ഗവേഷണം നടത്തുകയായിരുന്നു

ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന പ്രതീക്ഷയില്‍
ഉള്ളിലൊരായിരം പങ്കകള്‍ ആഴിച്ചുഴികള്‍
തീര്‍ക്കുന്നതിന്റ്റെ അക്ഷമയില്‍
മറിയാമ്മയുടേയും എന്റ്റെയും മുറികള്‍

ആ കാലഘട്ടത്തിലാണ്‌ മുകളിലത്തെ മുറിയില്‍
വള്ളി എന്ന പേരിലൊരു തമിഴത്തി
'അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും'
എന്ന താളത്തില്‍ മലയാളം പഠിക്കാന്‍ തുടങ്ങിയത്‌

ഗവേഷണം പരാജയപ്പെട്ട്‌ ഞാനും മറിയാമ്മയും തിരിച്ചെത്തുമ്പോള്‍
എന്റ്റെയും മറിയാമ്മയുടേയും മുറികളില്‍
എന്റ്റെയും മറിയാമ്മയുടേയും മുറികള്‍ ഇല്ല

മതിലിലേക്ക്‌ കൈകുത്തിനിന്ന്‌ മറിയാമ്മയുടെ മുറി
എന്റ്റെ മുറിയോടെന്തോ പറയുന്നത്‌ കണ്ടവരുണ്ട്‌
അസമയത്ത്‌, പാലായ്ക്കുള്ള സൂപ്പര്‍ ഫാസ്റ്റ്‌
ഞങ്ങളുടെ സ്റ്റോപ്പില്‍ നിര്‍ത്തിയത്‌
പാതിയുറക്കത്തില്‍ കേട്ടവരുണ്ട്‌

അതിമോഹങ്ങള്‍ ഉപേക്ഷിച്ച്‌
വള്ളി തമിഴിലേക്ക്‌ തിരിച്ചുപോയ
കാലഘട്ടമായിരുന്നു അത്‌

'എന്നൈ കാണവില്ലയേ നേട്രോട്‌
എങ്കും തേടിപ്പാക്കിറേന്‍ കാട്രോട്‌' എന്നതാളത്തില്‍
വള്ളി കുളിമുറിയില്‍ മഡോണച്ചുവടുകള്‍
വെക്കുന്നതിനു താഴെ
കുറേയധികം പുസ്തകങ്ങള്‍ക്കിടയില്‍
ഒഴുകിപ്പരക്കുന്ന ശരീരത്തെ
രൂപത്തിലേക്കൊതുക്കാന്‍ പാടുപെട്ടും
പുകച്ചുരുളുകളില്‍ പറ്റിപ്പിടിച്ച്‌
മുകളിലേക്ക്‌ പോകാന്‍ ശ്രമിച്ചും
എന്റ്റെയുള്ളില്‍ ഞാനും
മറിയാമ്മയ്ക്കുള്ളില്‍ മറിയാമ്മയും

അല്ലെങ്കില്‍,

മറിയാമ്മയ്ക്കുള്ളില്‍ ഞാനും
എനിക്കുള്ളില്‍ മറിയാമ്മയും

എത്ര കാത്തിരിക്കണം
ഗവേഷണം മടുത്ത്
അവരൊന്ന് തിരിച്ചെത്താന്‍?

Monday, October 27, 2008

രുചി

മൂന്നുവയസുകാരി മകളെ
കാണാതായ രാത്രിയില്‍
കനത്തു കനത്തു വരുന്ന വെളിച്ചത്തില്‍
ഭയം കൊണ്ടും വെപ്രാളം കൊണ്ടും
ചേര്‍ന്നുചേര്‍ന്ന്‌
ഇണചേര്‍ക്കപ്പെട്ട അവസ്ഥയില്‍
അച്ഛനുമമ്മയും
കുറ്റബോധത്തിന്‌ കീഴടങ്ങി
ഉറങ്ങുമ്പോള്‍

ഇരുട്ടില്‍, അടുക്കളയില്‍
എത്ര സുഖകരമായ അരുചി എന്ന്‌
ഓംലറ്റ്‌ കൊത്തിത്തിന്നുന്നു
എന്റെ പിടക്കോഴി

Thursday, October 23, 2008

നിനക്കറിയാവുന്ന ഞാന്‍ ഇപ്പോള്‍ നിലവിലില്ല

എനിക്കുനിന്നെ അറിയാവുന്നതുകൊണ്ടാണ്‌ ഇതെഴുതുന്നത്‌
നമ്മളിപ്പോള്‍ എങ്ങനെയൊക്കെത്തന്നെ ആയാലും
നിന്നെ എന്നെക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല എന്ന്‌
നിനക്കുതന്നെ അറിയാമല്ലോ
അതുകൊണ്ടാണ്‌, അതുകൊണ്ടു മാത്രമാണ്‌

നീ ഇപ്പോള്‍ ചെയ്യുന്നതൊക്കെ നീ തന്നെ ചെയ്യുന്നതല്ല എന്ന്‌
നീ അറിയാത്തതെന്ത്‌?
നീ ഇങ്ങനെയൊന്നുമല്ലല്ലോ
നിനക്കെങ്ങനെയാണ്‌ ഇങ്ങനെയൊക്കെ ആകാന്‍ കഴിയുന്നത്‌
അരിമണികള്‍ക്കു വേണ്ടി മൂന്നു പ്രാവുകളും ഒരു കാക്കയും തല്ലുകൂടിയപ്പോള്‍
കാക്കയെ തല്ലിയോടിച്ചവനല്ലയോ നീ

ആ നീയല്ലേ ഇപ്പോള്‍ പ്രാവുകള്‍ക്കെതിരെ പ്രബന്ധം എഴുതുന്നത്‌
അതിപ്രാചീനമായ ഒരു വൃത്തികേടിന്‌ നീ കൂട്ടു നില്‍ക്കയോ
എന്തായാലും ആയിടത്തോളമൊക്കെയായി
നിനക്കതൊന്നും ശരിയാവില്ല
നീയല്ല, നീയങ്ങനെയല്ല
എനിക്കു നിന്നെ നന്നായി അറിയാവുന്നതു കൊണ്ടാണ്‌
എനിക്കിതൊന്നും പറയാനുള്ള അവകാശമില്ല
എന്നാലും നീ അങ്ങനെയൊന്നുമല്ല
കേകയില്‍നിന്നും പുറത്താക്കപ്പെട്ട കാക്കകള്‍ നിന്റെയാരുമല്ല
നിനക്ക്‌ അതൊന്നും ശരിയാവില്ല പണ്ടെത്തെ നമ്മള്‍ക്കും അതു ശരിയാവില്ല

ഉം...
ശരിയാണ്‌ നീയറിയുന്ന ഞാന്‍
ഇങ്ങനെയൊന്നുമല്ല

Tuesday, October 14, 2008

കൈത്തോടിനു മീതേ കടലൊഴുകുന്നു - 2

യാത്ര

വെളിച്ചങ്ങള്‍ക്കപ്പുറത്ത്, ചരക്കു തീവണ്ടിയില്‍ അകപ്പെട്ട ഏകാകിയായ യാത്രികന്റെ നിസഹായത പോലെ വാതില്‍ തുറന്നുകിടന്നു.

ആഞ്ഞിലിച്ചക്കക്കായി പ്ളാവില്‍ വലിഞ്ഞുകയറിയവനെ നീറുകടിച്ചതിന്റെ പാടുകള്‍ മുമ്പോട്ട്‌ സഞ്ചരിച്ച ശരീരം സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌. ഒരു സംഭവത്തിന്‌ ശേഷം അതിനെക്കുറിച്ച്‌ ചിന്തിച്ചിരിക്കുന്നവന്‌ സത്യത്തില്‍ നഷ്ടമാകുന്നത്‌ ദിശാബോധമാണ്‌. മുന്നോട്ടു സഞ്ചരിച്ച ശരീരം എന്നെഴുതി മഷിയുണങ്ങുന്നതിന്‌ മുമ്പ്‌ സഞ്ചരിച്ചതെങ്ങോട്ട്‌? എന്ന ചോദ്യം ഉയര്‍ന്നു വരുന്നതങ്ങിനെയാണ്‌


കഥപറയാന്‍ ഞാന്‍ തയ്യാറാകുകയാണ്‌.

എന്റെ വീട്‌ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. എന്റെ ദേശം എന്നു പറയണം. ഓരോകാലത്തും അനുഭവിക്കാന്‍ കഴിയുന്ന വലിപ്പത്തെയാണ്‌ നമ്മള്‍ ദേശം എന്നു പറയുന്നത്‌. വീടുണ്ടായിരുന്ന കാലത്തു മുഴുവന്‍ എന്റെ വലിപ്പം അതും അതിന്റെ ചുറ്റുപാടുമായിരുന്നു. അതുകൊണ്ട്‌ എന്റെ ദേശം എന്റെ വീട്‌.

തുടങ്ങാം

നീന്താന്‍ ഇപ്പോഴുമറിയില്ല എന്നതാണ്‌ വാസ്തവം. പക്ഷേ എനിക്കു പകരം അക്കരെപ്പോയവരും ചാമ്പയ്ക്കയുമായി എന്നെത്തേടി ഇക്കരെവന്നവനും കരിമ്പുകെട്ടുമായി പോയവനും ഞാനല്ലാതാകുന്നില്ലലോ. വീടിന്‌ പുറകിലൂടെ നടന്നാല്‍ ആറ്റു തീരത്തെത്തും: അതാണ്‌ പടിഞ്ഞാറേ വശം. വീടിന്റെ പുറകിലോട്ടുള്ള വഴി മാത്രമേ വശത്തിന്റെ പേരില്‍ അറിയപ്പെട്ടുള്ളൂ. മുന്നോട്ടുള്ള വഴിക്ക്‌ നടവഴി എന്നായിരുന്നു പേര്‌. വശങ്ങളിലേക്ക്‌ വഴിയില്ലായിരുന്നു.

ഞങ്ങളുടെ ആറിന്റെ ഏറ്റവും വലിയ പ്രത്യേകത അത്‌ ലംബമായാണ്‌ ഒഴുകുന്നത്‌ എന്നതാണ്‌. ശ്രദ്ധിച്ചിട്ടില്ല അല്ലേ? എല്ലാ പുഴകളും തിരശ്ചീനമായാണ്‌ ഒഴുകുന്നത്‌. ആറിന്‌ സ്വാഭാവികമായും അക്കരെയും ഇക്കരെയും ഉണ്ടായിരുന്നു. അക്കര മുഴുവന്‍ ചാമ്പക്കാടാണെന്നാണ്‌ ഇവിടെനിന്ന്‌ അവിടെ പോയിട്ടു വരുന്നവര്‍ പറയുന്നത്‌. അവരുടെ കഴുത്തില്‍ ചാമ്പക്കാ മാലകള്‍ സൂര്യന്‍മാരെ കോര്‍ത്ത മാല പോലെ തിളങ്ങി. അക്കരെ നിന്ന്‌ ഇക്കരെ വരുന്നവരുടെ കരിമ്പിനോടുള്ള ആര്‍ത്തി കണ്ടാല്‍ അക്കരെ ചാമ്പക്കാ കാടുകള്‍ ഉണ്ടെന്ന്‌ തോന്നുകില്ല. സ്ഥിരമായി ചാമ്പക്കാ തിന്നാനുള്ളപ്പോള്‍ കരിമ്പു പോലൊരു വിചിത്ര വസ്തു തിന്നാന്‍ ആരെങ്കിലും ആറു നീന്തിയെത്തുമോ?

ആറിനക്കരെ ഗോത്രങ്ങളുണ്ടാകാം എന്നത്‌ പിന്നീട്‌ കിട്ടിയ അറിവാണ്‌. അന്ന്‌ ആറിനക്കരെ ചാമ്പക്കാടുകള്‍ മാത്രമായിരുന്നു; ദൂരെ ദൂരേക്ക്‌ അകന്നു നില്‍ക്കുന്ന ചാമ്പക്കാടുകള്‍ മാത്രം. ഒരു ദിവസം ഞാന്‍ ആറ്റിലിറങ്ങാന്‍ തീരുമാനിച്ചു. എല്ലാരും നീന്തുമ്പോള്‍ എനിക്ക്‌ കൊതിയടക്കാനായില്ല. നീന്തല്‍ പഠിച്ചെടുക്കേണ്ടുന്ന ഒന്നാണെന്ന്‌ ആരും പറഞ്ഞില്ലെങ്കില്‍ ഞാനെങ്ങിനെ അറിയാന്‍? നീന്തുമ്പോള്‍ നീന്തുകയല്ല താഴുകയാണ്‌ എന്നറിഞ്ഞില്ല.

നീന്തി നീന്തി ചെന്നപ്പോള്‍ ചെങ്കല്‍പ്പാറകളില്‍ ഉരസിയ ശരീരം നൂറായിരം ഗോത്രങ്ങള്‍ കണ്ടു. പായലും പരലും രണ്ടാണെന്നറിഞ്ഞു. എന്തോരം നീന്തിയെന്ന്‌ ഇപ്പോള്‍ എങ്ങിനെ പറയാന്‍. പിന്നെ പലരോടും പറഞ്ഞു; ഞാന്‍ ആറിനക്കരെ പോയെന്ന്‌. കാറ്റിനോട്‌ പോരിനിറങ്ങിയവര്‍ അതു കേട്ടില്ല. തിരുത്തിയത്‌ അവളാണ്‌; നീ നീന്തിയത്‌ പുഴയല്ല, കൈത്തോടാണത്രെ.

യാത്ര: ഒരടി മുന്നോട്ട് ഒരടി പിന്നോട്ട്

കടലിലേക്കായിരുന്നു യാത്ര. മൈതാനത്തിന്റെ നവദ്വാരങ്ങളെന്നോണം കടലിലേക്ക്‌ വഴികള്‍ നീണ്ടു കിടന്നു. വഴിയരികില്‍ നിന്ന്‌ പൂക്കളും അതിനപ്പുറത്തെ വീടുകളില്‍ നിന്ന്‌ ആള്‍ക്കൂട്ടവും നോക്കുന്നതറിയാതെ ഞങ്ങള്‍ കടലിലേക്ക്‌ നീണ്ടു. നമുക്ക്‌ പിന്നിലോ മുന്നിലോ പ്രതിബന്ധങ്ങളില്ലല്ലോ എന്ന്‌ കൈകോര്‍ത്തു പിടിച്ചു. കുടകൊണ്ട്‌ മുഖം മറച്ച്‌ ചേര്‍ന്നിരിക്കുന്നവരെ പരിഹസിച്ചു. അവളാണ്‌ പറഞ്ഞത്‌(ഇനിയിത്‌ ആവര്‍ത്തിക്കില്ല, എല്ലാം പറഞ്ഞത്‌ അവളാണ്‌). കടലിനടിയില്‍ നമ്മളുമായി ബന്ധമില്ലാത്ത ഗോത്രങ്ങളുണ്ടത്രേ! -മൌനത്തിന്റെ ട്രൈഡാക്സുകള്‍ പൂത്തു നില്‍ക്കുന്നത്‌. കടല്‍പ്പാലങ്ങള്‍ അടര്‍ന്നു വീഴുന്നത്‌ അവരുടെ വസന്തങ്ങളിലേക്കാണത്രേ.

പണ്ട്‌ മലയിറങ്ങി വരുന്ന ഒരു ബസ്സില്‍ വിന്‍ഡോ ഷട്ടറുകള്‍ പൊക്കി വെച്ച്‌ ഞാന്‍ പുറം ലോകം നോക്കിയിരിക്കുകയായിരുന്നു. ഷട്ടറിനടിയിലൂടെ എന്നിലേക്ക്‌ ഒരു ചാറല്‍മഴ ചാഞ്ഞു. തലമുടി നനയാനുള്ള മഴ പോലും പെയ്തില്ല, അതിനുമുമ്പ്‌ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു; ഷട്ടര്‍ താഴ്തുക പിന്നിലെ സീറ്റുകള്‍ മഴ നനയുന്നു. മഴയ്ക്കായി കൊതിച്ച്‌ ഇരുട്ടത്ത്‌ വിറച്ചിരുന്ന എന്റെ സമീപത്തേക്ക്‌ അവള്‍ വരികയായിരുന്നു. ഏതു ഭാഷയിലാണ്‌ അവള്‍ ആദ്യമായി സംസാരിച്ചത്‌? ഏതു ഭാഷയാണ്‌ അവള്‍ സംസാരിക്കാതിരുന്നത്‌? അവള്‍ ബാഗില്‍ നിന്ന്‌ ബിയര്‍ ടിന്‍ എടുത്ത്‌ എനിക്കു നീട്ടി. പതിയെ പതിയ മഴ അവളായി; എന്നിലേക്കു ചാഞ്ഞു.

ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു. 'എടാ കടല്‍ ഓര്‍മ്മകളെ അടിച്ച്‌ കരയ്ക്കിടുന്നുണ്ട്‌. ഞാനാദ്യമായി കടല്‍ കണ്ടത്‌ കുഞ്ഞിപ്പെണ്ണായിരുന്നപ്പോഴാണ്‌. നിനക്കറിയ്യോ ഞാന്‍ കടലില്‍ അപ്പിയിട്ടിട്ടുണ്ട്‌'

കുട്ടികളുടെ അമ്പരപ്പ് എന്നെ വീശിയൊഴിഞ്ഞുപോയി. സാധാരണ ഇത്തരമൊരു വാക്യത്തിന്റെ അവസാനം പെണ്ണുങ്ങള്‍ സൂക്ഷിക്കാറുള്ള നാണം കാണാത്തതിനാലുള്ള അമ്പരപ്പല്ല. കടലില്‍ അപ്പിയിടാന്‍ കഴിഞ്ഞ ഒരുവളോടുള്ള അസൂയയില്‍ നിന്നുണ്ടായ അമ്പരപ്പാണത്‌; ഹോ! എന്തൊരു മഹാഭാഗ്യമാണത്‌.

ഓര്‍ത്തിരുന്നപ്പോള്‍ അവളുടെ കണ്ണുകള്‍ ജലസ്പര്‍ശം കൊണ്ടുവന്നു: പോകണ്ടേ ആളുകള്‍ പോയി. കടല്‍ത്തീരത്ത്‌ ഇപ്പോള്‍ രണ്ട്‌ ചാരുകസേരയില്‍ നമ്മള്‍ രണ്ടും മാത്രം.

പോകണ്ടേ എന്നു ചോദിച്ചെങ്കിലും പോകാന്‍ അവള്‍ക്ക്‌ മനസ്സില്ലായിരുന്നു; പണ്ട്‌ കടല്‍ക്കാക്കയ്ക്കു പുറകേ കടല്‍പ്പാലത്തില്‍ നിന്ന്‌ ചാടിയതിന്‌ ശേഷം അവള്‍ക്ക്‌ പോകാന്‍ മനസ്സേ ഇല്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയില്‍ അവള്‍ ചോദിച്ചു. പോകണ്ടേ ഇരുട്ടുന്നു. പോകണമെന്ന്‌ എനിക്കുമുണ്ടായിരുന്നില്ല. എങ്കിലും ആണുങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയില്‍ ഞാന്‍ എഴുന്നേറ്റു; പോകാം.

പോകാതിരിക്കുകയായിരുന്നു ഭേദമെന്ന്‌ ഇപ്പോള്‍ തോന്നുന്നു. നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ കിനാവുകാണുന്നതിനെ ആര്‍ക്കാണ്‌ ന്യായീകരിക്കാനാവുക. പാതിവഴിയില്‍ വെച്ച്‌ ഒറ്റയ്ക്ക്‌ വഴിപിരിഞ്ഞു പോകുന്നതിന്‌ മുമ്പ്‌ അവള്‍ പറഞ്ഞതു തന്നെ കേള്‍ക്കൂ: -

കൈത്തോടു കണ്ടു ഭ്രമിച്ചാല്‍ നഷ്ടപ്പെട്ടത്‌ കൈത്തോടാണെല്ലോ എന്നോര്‍ത്ത്‌ സമാധാനിക്കാം. നിനക്ക്‌ കടല്‌ കിട്ടാനുണ്ടല്ലോ. കൈത്തോടിനെ മറന്നുപോകാനിടയുണ്ട്‌. പക്ഷേ കടലുകണ്ട്‌ ഭ്രമിച്ചാല്‍, കിട്ടുന്നത്‌ കൈത്തോടാവും. ചെറുതാണല്ലോ കിട്ടിയത്‌ എന്ന്‌ നമ്മള്‍ അതൃപ്തരാകേണ്ടി വരും. ചെറുതുകളുടെ ലോകമാവും പിന്നീട്

ഹാ! ചെറുതുകളുടെ ലോകം!!

Monday, October 13, 2008

ചുവപ്പുനാളമേ, നിന്നെ ഊതിയില്ലാതാക്കാന്‍ ഊരു ചുറ്റിയ എന്റെ, ചുവപ്പുനാളമേ *

Till you're so fuckin‘ crazy you can't follow their rules
(John Lennon, Working class hero)
സിഗരറ്റ്‌ പുകയ്ക്കുന്ന ഒരാള്‍
മാജിക്‌ അല്ലെങ്കില്‍ മറ്റെന്താണ്‌ ചെയ്യുന്നത്‌?

ഒരത്ഭുതം ഏതുവായില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും
പുറത്തുവരാമെന്നും ഈ വിരസത ഉടന്‍ ഇല്ലാതാകുമെന്നും
ഒന്നും ചെയ്യാതെയുള്ള ഈ ഇരിപ്പ്‌ അധികനേരം നീളില്ല
എന്നുമല്ലേ ഓരോ സിഗരറ്റും പുകഞ്ഞു തീരുന്നത്‌?

വായില്‍ നിന്നും തീഗോളങ്ങള്‍ ഊതിവിടുന്നവനോടുള്ള അത്ഭുതമാകണം
ആദ്യത്തെ സിഗരറ്റ്‌

അത്ഭുതങ്ങള്‍ തീര്‍ന്ന്‌ ദ്രവിച്ചുപോയിട്ടില്ല ജീവിതമെന്ന്‌
അതോര്‍മിപ്പിക്കുന്നുണ്ടാവണം

സിഗരറ്റ്‌ പുകയ്ക്കുന്ന നീ ഈയിടെയായി എന്റെ സ്വപ്നങ്ങളിലൂടെ
അനാവശ്യമായി കടന്നുപോകുന്നു
നീയിപ്പോഴും വലിക്കാറുണ്ട്‌ എന്നു ഞാന്‍ ഞെട്ടിയുണരുന്നു
പുകകൊണ്ടു നിറഞ്ഞ ഹോട്ടല്‍ മുറികള്‍ പൂച്ചക്കാല്‍
വെച്ചടത്തുവന്ന്‌ തൊട്ടുനോക്കുന്നു
‘നീയുണ്ടായിരുന്നെങ്കില്‍’ എന്ന് ഉറക്കമൊഴിയുന്നു

അതിനിടയില്‍, എനിക്കും നിനക്കുമിടയില്‍
ഇന്ത്യന്‍ സര്‍ക്കാര്‍ തലയുയര്‍ത്തി നില്‍ക്കുന്നു
സിഗരറ്റുവലിക്കുന്ന പെണ്ണിനെ പ്രേമിച്ചിട്ടില്ലാത്തതാണ്‌
അന്‍പുമണി രാംദോസിന്റെ കുഴപ്പമെന്ന്‌ ആരോ ഊമക്കത്തെഴുതുന്നു

ഉറക്കത്തിലാരോ 200 രൂപ പിഴ വിധിക്കുന്നു

* മുന്നറിയിപ്പ്: പുകവലി കരളിനും ഹൃദയത്തിനും നന്നല്ല

Saturday, October 4, 2008

കൈത്തൊടിനുമീതേ കടലൊഴുകുന്നു - 1

ഓടിക്കിതച്ച്‌ പടിഞ്ഞാറുവശത്തെത്തുമ്പോള്‍ ആ നിമിഷത്തിന്റ്റെ ഏറ്റവും വലിയ എതിരാളിയായി കൈത്തോടു പോലെ ഒരു പെണ്‍കുട്ടി. മൈതാനത്തിനും കളിക്കാര്‍ക്കും മേലെ പൂര്‍ണ്ണ ആധിപത്യമുള്ള റഫറിയായാണ്‌ അവളുടെ നില്‍പ്പ്‌.

എന്നെ ഒളിക്കുക അസാധ്യം എന്ന്‌ അവള്‍ പ്രഖ്യാപിക്കുന്നുണ്ട്‌. മറവുകള്‍ക്ക്‌ സാധ്യതകളുള്ള ഇഞ്ചക്കാട്ടിലേക്കും മുളങ്കൂട്ടത്തിന്‌ പിന്‍വശത്തേക്കും അവള്‍ നില്‍ക്കുന്നിടത്തു നിന്ന്‌ നേര്‍രേഖാദൂരം മാത്രം. അവളിതുവരെ എന്നെക്കണ്ടിട്ടില്ലെങ്കിലും പുല്ലുതിന്നുന്ന പശുവിന്റ്റെ ചലനത്തിനൊപ്പം അവളുടെ കയ്യിലെ കയര്‍തലപ്പ്‌ തിരിയുമ്പോള്‍ തീര്‍ച്ചയായും എനിക്ക്‌ ഒളിക്കാന്‍ സ്ഥലമില്ല.

പക്ഷേ അകത്തുനിന്ന്‌ തടയാനാകാത്തവിധം വന്ന ഒരാന്തലില്‍ ഞാനവളെ മറന്നു. ശബ്ദമുണ്ടാക്കിക്കൊണ്ടു തന്നെ ഇഞ്ചക്കാടിന്റ്റെ മറവിലേക്ക്‌ കുന്തിച്ചിരുന്നു. ആശ്വാസം എന്ന വാക്കിനെ അറിയുന്നതിനിടയില്‍ അവളെ മറന്നേപോയി. പതിയെ കണ്ണുതുറന്ന്‌ നോക്കുമ്പോള്‍ അവളില്ല. അവള്‍ കണ്ടിരിക്കും എന്നുറപ്പാണ്‌. എന്റെ സ്വകാര്യത ഇതിനേക്കാള്‍ നിര്‍ലജ്ജമാകാനില്ല. പക്ഷേ പ്രശ്നം ഇപ്പോള്‍ അതല്ല. അവളെവിടെ? ചാരപ്പുള്ളികളുള്ള ആ കറുമ്പിപ്പയ്യെവിടെ? തെങ്ങിന്‍തോട്ടം മുഴുവന്‍ തിരഞ്ഞു. അവിടവിടെ തൈത്തെങ്ങിന്‍ തലപ്പ്‌ കടിക്കുന്ന പശുക്ടാങ്ങളെ കണ്ടു. പശുക്ടാങ്ങളെ മാത്രം.

വൈകുന്നേരം എന്നെ ചായ്പ്പില്‍ കണ്ടതിന്റെ അമ്പരപ്പുമായി അമ്മ പുറത്തിറങ്ങി നോക്കി. ജീവനുള്ളവയൊന്നും മലന്നുപറക്കുന്നില്ല എന്നുറപ്പിച്ച്‌ അടുക്കളയില്‍ പോയി കാപ്പിയിട്ടു തന്നു. കാപ്പി കുടിച്ച്‌ മലര്‍ന്നുകിടക്കുന്നതിനിടയില്‍ മോന്തായം ഒരു കൈത്തോടാണെന്ന്‌ ഞാനറിഞ്ഞു. അമ്മയോടപ്പോള്‍ അത്‌ വിളിച്ചുപറയണം എന്ന്‌ തോന്നിയപ്പോളാണ്‌ അമ്മയും അച്ഛനും വിട്ടുപോയിട്ട്‌ എത്രനാളായിരിക്കുന്നു എന്നോര്‍ത്തത്‌. അതുകൊണ്ട്‌ സ്വയം വിശ്വസിപ്പിച്ചു. മറ്റൊരാളെ വിശ്വസിപ്പിക്കാന്‍ കഴിയാത്തിടത്തോളം കണ്ടെത്തലുകള്‍ക്ക്‌ പ്രസക്തിയില്ല എന്ന്‌ അറിയാന്‍ വയ്യാഞ്ഞിട്ടല്ല. പക്ഷേ അത്‌ സത്യമായിരുന്നു. മോന്തായം ഒരു കൈത്തോട്‌ തന്നെയായിരുന്നു, ഇഴഞ്ഞിറങ്ങി വരുന്ന പല്ലികളെ പരല്‍മീനുകളായി കാണാന്‍ കൂടി കഴിഞ്ഞാല്‍ തീര്‍ച്ഛയായും.

എനിക്ക്‌ മീതെ ഒരു കൈത്തോട്‌ ഒഴുകിത്തുടങ്ങിയിരിക്കുന്നു എന്നതാകും കൂടുതല്‍ സത്യസന്ധമാവുക. വൈകുന്നേരം പണികഴിഞ്ഞെത്തിയ അച്ഛന്‍ വീട്ടിലെന്നെക്കണ്ട്‌ ഞെട്ടി. 'അവന്‌ അസുഖമെന്തെങ്കിലുമാണോ' എന്ന്‌ അമ്മയോട്‌ പതിഞ്ഞ ശബ്ദത്തില്‍ ചോദിക്കുന്നത്‌ കേട്ടു. ചാണകം മെഴുകിയ നിലത്ത്‌ അത്താഴം കഴിച്ചിരിക്കുമ്പോള്‍ വീട്ടിലെല്ലാവരും എന്തോ അത്യാഹിതത്തെ പ്രതീക്ഷിക്കുന്നതിന്റ്റെ മൌനം സൂക്ഷിച്ചു. രാവേറെച്ചെന്നിട്ടും എല്ലാ മുറികളില്‍ നിന്നും അശാന്തമായ നെടുവീര്‍പ്പുകള്‍ ഉയരുന്നുണ്ടായിരുന്നു.

പലവട്ടം സാധാരണ അവസ്ഥയില്‍ ചെന്നിട്ടും അവളെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ്‌ രാവിലെ മുതല്‍ പിടിച്ചു നിര്‍ത്തിയ ആന്തലുമായി പടിഞ്ഞാറു വശത്തേക്കോടിയത്‌. ആന്തല്‍ ആവിയാക്കുന്ന വിധത്തില്‍ അവളുടെ അസാന്നിധ്യം മുഴച്ചു നിന്നു. ഇനിയിപ്പോള്‍ വിട്ടുപോകലുകളല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല എന്ന്‌ ഉറപ്പുപറയുന്ന തരത്തില്‍ പശുക്ടാങ്ങള്‍ നിരാലംബമായി തലയാട്ടി.

അതുവരെ അനുഭവിച്ചതില്‍ വെച്ചേറ്റവും വലിയ
അത്യാഹിതത്തിന്റ്റെ ഞെട്ടലില്‍ എന്റ്റെ വീട്‌ മരവിച്ചു
പലമുറികളില്‍ നിന്ന് പല അസാന്നിധ്യങ്ങള്‍ ഇറങ്ങിവന്ന്
നിനക്കിനിയെന്താണിവിടെ എന്ന് കുശലം ചോദിച്ചു

2

പുരാവൃത്തങ്ങളെ അസംബന്ധമാക്കുന്ന
ഇരുട്ടിനെക്കുറിച്ച് തര്‍ക്കിച്ച്
അമ്മയുടെ ഫോണ്‍കോള്‍ വന്നിരുന്നു ഇന്നലെ
കൈത്തോടുകള്‍ ഇപ്പോഴും കടലില്‍ തന്നെയല്ലേ ചേരുന്നത് എന്ന്
ഒരു പതിഞ്ഞ ചിരിയും

Saturday, September 20, 2008

ചെവികള്‍ ചെമ്പരത്തികള്‍ :-

Love is like chess: Any fool can go and make the first move
But only experience makes the player
(Zvonimir Berkovicന്റെ Rondo എന്ന ചിത്രത്തിന്റെ സബ് ടൈറ്റിലില്‍ നിന്നും)
.
.
വിചിത്രവും വിരൂപവുമായ രൂപങ്ങളില്‍ കൌതുകത്തിന്‌ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്‌
ചെവികളിലാണെന്ന്‌ തെളിയിക്കാനായാണ്‌, കണ്ണട (കണ്ണട, വൈചിത്രത്തിന്റെ പരമ്പരകള്‍) താഴ്ത്തിവച്ച്‌ പഴയൊരു പാട്ടുകാരന്റെ വിചിത്രശീലങ്ങളെക്കുറിച്ച്‌ അയാളുടെ ഭാര്യ
ചെറുപ്പക്കാരനായ ഒരുവനോട്‌ സംസാരിച്ചു തുടങ്ങിയത്‌

:- അപ്പോഴാണ്‌ പഴയ ഫോട്ടോകള്‍

ആ മുറിയുടെ തെക്കേകോണിലുള്ള ഫോട്ടോ എന്തിനാണ്‌
ഈ മുറിയുടേയും തെക്കേകോണില്‍ തന്നെ തൂക്കിയിരിക്കുന്നത്‌?
അല്ല, വരാന്തയിലുമുണ്ടല്ലോ തെക്കേ കോണില്‍. എന്തിനാണ്‌ എന്താണ്‌ എന്തുകൊണ്ടാണ്‌?

കേള്‍ക്കാന്‍ വന്നവന്‍ ചോദ്യങ്ങളില്‍ ആസക്തനാകുന്നത്‌ തീര്‍ച്ഛയായും തെറ്റാണ്‌. നിരുപദ്രവങ്ങളായ അന്ധവിശ്വാസങ്ങളല്ല; കൂട്ടംതെറ്റി നില്‍‍ക്കുന്ന വിചിത്രശീലങ്ങളാണ്‌ നാഗരികതയുടെ പോരായ്മയെന്ന്‌ പാട്ടുകാരന്റെ ഭാര്യ.

ചെമ്പരത്തിപ്പൂ ചെമ്പരത്തിപ്പൂ :-

ചെവിയില്‍ ചെമ്പരത്തിപ്പൂ ചൂടി നില്‍ക്കുന്ന ഒരുവന്റെ ഫോട്ടോയില്‍ നിന്നുമാണ്‌ എന്റെ വാദങ്ങള്‍ തുടങ്ങുന്നത്‌.
സുമംഗലികളുടെ നെറ്റിവേര്‍പാടിലെ സിന്ദൂരക്കുറിപോലെ പ്രത്യക്ഷത്തില്‍ ഒരാഭരണം എന്ന നിലയിലല്ലാതെ ചെവിയിലെ
ചെമ്പരത്തിക്ക്‌ മറ്റ്‌ അര്‍ഥങ്ങളൊന്നുമില്ല, അപരിചിതനായ ഒരാളില്‍. പരിചിതനായ ഒരാളാണ്‌,എല്ലായ്പ്പോഴുമെന്നപോലെ,
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ചെവി, ചെമ്പരത്തി, സിന്ദൂരം, സുമംഗലി എന്നിങ്ങനെ അയാള്‍ പെട്ടന്ന്‌ ഭയന്നുമാറുന്നു.

അപായത്തിന്റെ ഈ സൂചനകള്‍ എല്ലാ തെക്കേകോണുകളിലും
ചിലന്തിവലകള്‍ പോലെയുണ്ട്‌ എന്നിരിക്കെ,
ചെവികള്‍ മാത്രമെങ്ങനെ മാറിനില്‍ക്കും എന്നല്ലേ?

:- അതേ, അതുതന്നെയാണ്‌

ചിലന്തിവലകളെ അനുസ്മരിപ്പിക്കുന്ന ആകൃതി‍ മാത്രമല്ല അതിനെ
പിടിതരാത്ത ഒരു വിചിത്രജന്തു ആക്കുന്നത്‌.
ഏറ്റവുമടുത്ത ഒരാളെ എല്ലായ്പ്പോഴും ആദ്യമറിയുന്നത്‌ ചെവികളാണ്‌. അപരിചിതരായവരെ ആഴങ്ങളില്‍
പരിചിതരാക്കുന്നത്‌ ചെവികളാണ്‌. അടുത്തടുത്തുവരുന്ന നിശ്വാസം, ചെറിയ ചെറിയ പിടച്ചിലുകള്‍,
ചുംബനം പോലെ അപകടകരമായ ഒരു സന്ദേശം. ചെവി ഒരു കുമ്പസാരക്കൂട്‌:
അത്രമേല്‍ ഗാഢമായ തിരിച്ചറിവ്‌:
ഞാന്‍ ചിലപ്പോള്‍ നിന്നെ സ്നേഹിച്ചുപോയേക്കും എന്ന്‌ അപ്പുറത്തുനിന്ന്‌ ഒരു കുറ്റസമ്മതം. ആദ്യത്തെ സ്പര്‍ശനം.
അവിടെ മാത്രം ഉമ്മവയ്ക്കല്ലേ,
അവിടെ മാത്രം ഉമ്മവയ്ക്കല്ലേ എന്ന്‌ നീട്ടിത്തരുന്ന ഉന്‍മാദം.

പക്ഷേ ഫോട്ടോകള്‍ :-

പഴയൊരു പാട്ടുകാരന്റെ പഴയ ചിത്രങ്ങളല്ലേ
തെക്കേമൂലകളില്‍. അല്ലേ?
അല്ല, അയാളുടെ ചെവികള്‍ ചെമ്പരത്തിപ്പൂവുകള്‍ തന്നെയാണെല്ലോ?
അയാള്‍ക്ക്‌ എന്തായിരുന്നു?
എവിടെയാണ്‌ അയാളിപ്പോള്‍?

പാട്ടുകാരന്റെ ഭാര്യക്ക്‌ ബോറടിക്കുന്നു.
ഈ ചെറുപ്പക്കാരുടെ ഒരു കാര്യം.
അവര്‍ക്കെല്ലാം അറിയണം

Sunday, September 14, 2008

ഒരുമ്മകൊണ്ട്‌ താണ്ടാനാവില്ല തണുപ്പുകാലം

നട്ടുച്ചയ്ക്ക്‌
ഭ്രാന്തിന്റെ
വെയില്‍ സ്വപ്നങ്ങള്‍
പൊഴിഞ്ഞു വീഴുന്ന
ഇടവേളയില്‍

തലയ്ക്കുമീതെ പായുന്ന
ഇലക്ട്രിക്‌ ലൈനിന്റെ
നിഴല്‍
ഭൂമിയില്‍
കണ്ട്‌
ഭയക്കുന്നു

ഒരു ഓട്ടോ
കൈകാണിച്ചു നിര്‍ത്തി
മഞ്ഞുകാലത്തിലേക്ക്‌
രക്ഷപ്പെടുന്നു

ആവശ്യത്തിന്‌ ഒന്നുമെടുത്തിരുന്നില്ല
ഒന്നും തികഞ്ഞില്ല
തികയാത്തവന്റെ തണുപ്പിന്‌
മരിച്ചവളുടെ പുതപ്പ്‌ പാകമാകില്ല

പതുങ്ങിപ്പതുങ്ങി
വെയില്‍കാലത്തിലേക്ക്‌
തിരിച്ചുപോകുന്നു

Thursday, August 28, 2008

മാമ്പൂ കണ്ടും കവിതകള്‍ കണ്ടും...

ഇടി, മിന്നല്‍, മഴ
ഇവയിലേതാണ്‌
ഇടിവെട്ടാതെ
മിന്നലേല്‍ക്കാതെ
മഴനനയാതെ
വീടു പറ്റുന്ന കുട്ടി?

2010ലെ ഒരു കവിത
2000ത്തിലെ ഒരു കവിതയോടിങ്ങനെ ചോദിച്ചാല്‍
അവര്‍ തമ്മില്‍
ഇടിയും
മിന്നലും
പേമാരിയും
ഉടലെടുത്താല്‍

തീവണ്ടികള്‍ക്കുമേല്‍ പെയ്യുന്ന മഴകള്‍
ഒരു നാടോടിയെയും നനയ്ക്കാറില്ല
എന്നു കള്ളം പറഞ്ഞ്

കേട്ടുകേള്‍വിയെക്കുറിച്ച്‌ തര്‍ക്കിച്ച്‌
വസ്തുതകളെക്കാള്‍
രംഗസജ്ജീകരണത്തില്‍ ഭ്രമിച്ചതാണ്‌
നിങ്ങള്‍ക്കു പറ്റിയ പറ്റ്‌
എന്നു ശകാരിച്ച്‌

എനിക്കു തന്നെ ബോധ്യമാകാത്ത
ന്യായങ്ങളില്‍
അവരെ രണ്ടുപേരെയും
വീട്ടിലേക്ക്‌ കൂട്ടിയാല്‍

ഒരായിരം തീവണ്ടികള്‍
രഹസ്യമായി ചിരിക്കുമോ?
ആ ചിരിയിലെ പരിഹാസം
മഴയറിയാതെ വഴിയറിയാതെ നില്‍ക്കുന്ന
2008ലെ എന്നെ
തിരിച്ചുവന്ന്‌ വേട്ടയാടുമോ?

നൂലഴിച്ചുവിട്ടേക്കാം
ഈ കുരുത്തംകെട്ട വിത്തുകളെ
ഭാവിയിലെ ചോദ്യങ്ങളുമായി
പോയിനോക്കിയിട്ടു വരെട്ടെ
അവറ്റകള്‍
ഭൂതകാലത്തിലെ
ഇടിയെ, മിന്നലിനെ, മഴയെ

Saturday, August 16, 2008

വി/ജനത

1

ഒരു വളവിന്‌ ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്‌

രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ്‌ ചിറകൊതുക്കി നില്‍ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത

പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന്‌ അടിമുടിയുലഞ്ഞ്‌
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത

2

ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന്‌ നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്‌
അവരുടെ ഭാഷയാവും

വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക്‌ തിരിച്ചുവരും

ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്‌
അഞ്ചുകോണില്‍ കുത്തിയിരുന്ന്‌
രാജ്യമാവും

3

ഒരു പെണ്ണ്‌ ആ കാറിനു പുറത്ത്‌
കിടപ്പുണ്ട്‌ ഇപ്പോഴും,
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്‌
ഏതുനിമിഷവും തിരിച്ചുവരും

ദൂരെ നിന്ന്‌ നോക്കുന്ന ഒരാള്‍ക്ക്‌
അവളെയെളുപ്പത്തില്‍ വിവരിക്കാം

അതിസാധാരണമായ വിജനത എന്ന്‌

Thursday, August 14, 2008

ഒരു പൂച്ച : -

കറങ്ങിത്തിരിഞ്ഞു തിരിഞ്ഞ്‌
എന്റെ മുറിക്കുചുറ്റും

ഇതേവരെ തീപെരുക്കിയിട്ടില്ലാത്ത
വിശക്കുമ്പോള്‍ ഹോട്ടലുകളിലേക്ക്‌
നടന്നുപോകുന്ന
തിന്നതിന്റെ മണം മാഞ്ഞുപോയതിനു ശേഷം
ഉറങ്ങാനായി തിരികെയെത്തുന്ന
മുറിക്കുചുറ്റും

ഒരു പൂച്ച

കുറേ സിഗരറ്റ്‌ കുറ്റികളല്ലാതെ
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒന്നും
കിട്ടാനില്ല എന്നറിഞ്ഞിട്ടും
പാഠപുസ്തകത്തിലില്ലാത്ത ഏതോ ഭാഷയില്‍
സ്നേഹമെന്ന്‌ നമ്മള്‍ വിവര്‍ത്തനം
ചെയ്തെടുക്കുന്ന വാല്‍
താളത്തിലാട്ടിക്കൊണ്ട്‌

മിസ്കോളുകള്‍ പോലുമില്ലാത്ത
എന്റെ പോക്കുവരവുകളെ
അതിന്റെ പരിഗണന
അലസമലസം അലോസരപ്പെടുത്തുന്നു

നീ കാഴ്ചബംഗ്ലാവിലേക്ക്‌ പോകൂ
എനിക്ക്‌ മരുന്നുകഴിക്കാന്‍ സമയമായി
എന്ന്‌ ദേഷ്യപ്പെടുന്നതിനിടയിലും
അത്ഭുതം തികട്ടി നില്‍ക്കുന്നു - :

പെണ്‍ പൂച്ചയാകുമോ?

Tuesday, August 12, 2008

ദുരൂഹം

ഒരു നോട്ടം പോലെ ദുരൂഹമായി
മറ്റൊരു നോട്ടമല്ലാതെ ഒന്നുമില്ല

ഗൂഢസ്മിതത്തിനു പിന്നാലെ
ഉള്ളില്‍ നിന്നൊരാള്‍ ഇറങ്ങിനടക്കും
ഏതെങ്കിലും വളവില്‍വച്ച്‌
തലവെട്ടിച്ചു നോക്കുമ്പോള്‍
'എനിക്കറിയാമായിരുന്നു' എന്ന്‌
തിരിച്ചുപിടിക്കും

ഒരു ദുരൂഹതയെ മറ്റൊരു
ദുരൂഹത കൊണ്ട്‌
പരിഹരിക്കാന്‍ ശ്രമിച്ചു ശ്രമിച്ചാണ്‌
പദപ്രശ്നങ്ങളിലെ പൂച്ചക്കുട്ടി
ഒരിക്കലും വീടെത്താതെ
പോയത്‌;
ഒരു നോട്ടത്തിനിരുപുറം നമ്മള്‍
നീലനീലാംബരം
മറന്നിരുന്നു പോയത്‌

Tuesday, August 5, 2008

സങ്കടം

ആയിരം കാലുകളിലൊരു കാട്‌
നടന്നുവരുമ്പോള്‍
പച്ചത്തട്ടമിട്ട പാടത്തൊരു കിളി
കടലുകൊത്തി പറന്നിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കിനോക്കി
നടന്നകലുന്നതിനിടെ,
തിരിച്ചുവരുവാനുള്ള
ആന്തലിനെ അടക്കുവാന്‍

നീ

എന്തുമാത്രം
സങ്കടപ്പെട്ടിട്ടുണ്ടാവണം

ദൂരെനിന്നുകണ്ട
ഒരുവന്‍
നടന്നുചെന്ന്‌
പച്ചക്കുന്നിന്റെ മുകളില്‍ നിന്ന്‌
ഏണിവച്ചുകയറിയാല്‍
ആകാശമാകില്ല
എന്നു തിരിച്ചറിയുന്നതുപോലെ

ഞാനും

എന്തോരം
സങ്കടപ്പെട്ടിട്ടുണ്ടാവണം

പഴയകഥകള്‍ പറയുന്നതിനിടെ
പഴയവര്‍ മാത്രമായ നമ്മള്‍
കരഞ്ഞുപോകണമെങ്കില്‍
ഒരുവാക്കുപോലും മിണ്ടാതെ
ഇത്രകാലം കഴിച്ചുകൂട്ടിയ

നമ്മള്‍

എത്രമേല്‍
സങ്കടപ്പെട്ടിട്ടുണ്ടാവണം

Monday, July 21, 2008

ഒരേ സമയത്ത്‌ നടന്ന മൂന്ന്‌ സാമാന്യ സംഭവങ്ങളുടെ അത്ഭുത വിവക്ഷകള്‍

അനിതാ ദേശ്പാണ്ഡേ

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
ഒരു കാക്ക മുകളിലേക്ക്‌ പറന്നുപോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

അവിവിവാഹിതയും മൗനിയുമായ ഒരുവളുടെ
കിടക്കയില്‍ നിന്നും അറ്റംപൊട്ടിയ ഒരു കോണ്ടം
വേലക്കാരന്‍ കണ്ടെടുക്കുന്നു

ദാമോദരന്‍ വി വി

ഏഴാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റിന്റെ
അല്‍പമുയര്‍ത്തിവച്ച കണ്ണാടിച്ചില്ലിനിടയിലൂടെ
പുകഞ്ഞുതീര്‍ന്ന ഗോള്‍ഡ്‌ ഫ്ലേക്ക്‌ താഴേക്ക്‌ പോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

വിവാഹിതനും ചെയിന്‍ സ്മോക്കറുമായ ഒരുവന്റെ
കിടക്കയില്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ തയാറായി
വേലക്കാരി കാലുകള്‍ അകത്തിവയ്ക്കുന്നു

അനിതാ ദേശ്പാണ്ഡെ

ഏഴാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍ നിന്നും
താഴേക്ക്‌ വീണ ഒരു പെണ്‍ലമ്പടന്‍
സ്വിമ്മിംഗ്‌ പൂളില്‍ കിടന്ന്‌ ആറാം നിലയിലെ
മൂന്നാം ഫ്ലാറ്റിലേക്ക്‌ നോക്കുന്നു

തിളച്ചു തൂവുന്ന പാല്‍ അടുക്കളയില്‍ നിന്നും
താഴേക്ക്‌ ഒഴുകുന്നു

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
തൂവിയൊഴുകുന്ന പാലില്‍ ഏഴാം നിലയിലെ
മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും വന്ന പാല്‍ കൂട്ടിമുട്ടുന്നു

ദാമോദരന്‍ വി വി

എല്ലാ ദിവസവും രാവിലെയുണര്‍ന്ന്‌ പൂന്തോട്ടം നനയ്ക്കുന്ന
ഒരുവന്റെ നിസംഗതയോടെ ഇലവേറ്റര്‍
മുകളിലേക്കു പോകുന്നു

അഞ്ചാമത്തെ നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍
പാല്‍ തിളച്ചു തൂവുന്നതു കേട്ട്‌
പൂന്തോട്ടം നനയ്ക്കുന്നതു നിര്‍ത്തി ഒരാള്‍
സ്കൂളിലേക്കു പോകുന്ന കുട്ടികളെ കൈവീശുന്നു

മറ്റൊരു സിഗരറ്റിന്‌ തീകൊളുത്തുന്നു

--- സ്ഥലകാലങ്ങളുടെയും മുന്‍ധാരണകളുടേയും ഉടയാടകളില്‍ ഞാനിനി എത്രകാലം ഒളിച്ചിരിക്കുമെന്ന്‌, പുറകോട്ട്‌ പറക്കുന്ന മുടിയിഴകള്‍ വകഞ്ഞൊതുക്കിക്കൊണ്ട്‌ ചിന്തിക്കാനായി, കുട്ടികള്‍ സ്കൂളിലേക്ക്‌ പോയതിനു ശേഷമുള്ള സമയം മാറ്റിവയ്ക്കാം എന്ന്‌ ആലോചിച്ചുകൊണ്ട്‌, അടുക്കളയിലേക്ക്‌ നടന്നു വരികയായിരുന്നു ഇതേ സമയം മൈഥിലി. കാണ്ഡങ്ങളിലും കാനനങ്ങളിലും ഇനിയെത്ര നാള്‍ ബാക്കിയുണ്ട്‌ എന്നറിയാന്‍ അവള്‍ അതിനിടയില്‍ കലണ്ടറില്‍ ഒളിഞ്ഞു നോക്കുകയും ചെയ്തു. ഉള്ളിലെന്തോ ചലിക്കുന്നതിന്റെ അലോസരത്തില്‍ 'കുസൃതി നിര്‍ത്തുക മഹാമുനേ' എന്ന്‌, അവളൊരായിരം പുംബീജങ്ങളെ ശാസിച്ചു ---

നാലാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ തിളച്ചുകൊണ്ടിരിക്കുന്ന പാല്‍
അഞ്ചാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും പാലെത്തിയില്ലല്ലോ
എന്നയക്ഷമയില്‍ പുറത്തേക്ക്‌ തലതല്ലിത്തെറിച്ചത്‌,
കോണ്ടം പൊട്ടിയ കാണ്ഡത്തിലേക്ക്‌ അപ്പോള്‍ പ്രവേശിച്ച
അവള്‍ അറിഞ്ഞില്ല

അതിനാല്‍, മൂന്നാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍...

Friday, July 18, 2008

വളരെപ്പഴയൊരു സൈക്കിള്‍, കപ്പല്‍ എന്നിവയുടെ ഇതിഹാസം

ഉച്ചയൂണു കഴിഞ്ഞ്‌ എല്ലാവരും മയങ്ങുമ്പോള്‍
ഉറക്കം വരാതിരിക്കാന്‍
സൈക്കിള്‍ നന്നാക്കുന്ന ഒരാളെ എനിക്കറിയാം
ഡൈനാമോ, ബെല്‍, ബ്രേക്ക്‌ എന്നിങ്ങനെ
അയാളില്‍ പല ഊര്‍ജ ശാസ്ത്രജ്ഞര്‍
ഉണ്ണാതെയും ഉറങ്ങാതെയും.

ഒരുറപ്പുമില്ലാത്ത ഒരുകൂട്ടം ആളുകള്‍ക്ക്‌
ചായയും വടയും പാന്‍പരാഗും വിറ്റാണ്‌
അയാളുടെ സൈക്കിള്‍ ഓടുന്നത്‌.

ആദ്യമായി ചായ കടംപറഞ്ഞ ദിവസം
അയാളുടെ ഡൈനാമോ എന്റെ രാത്രികളില്‍
ഒരു സ്പാനീഷ്‌ പടക്കപ്പലിന്‌ വഴിതെളിച്ചു.

പിന്നോട്ടുപിന്നോട്ട്‌ പോകുമ്പോള്‍,
ചുവപ്പുകണ്ട്‌ ഏതോ അതിവിദൂര
സമത്വസുന്ദരഭാവിയിലേക്ക്‌
കൊമ്പുകുടഞ്ഞ പോരുകാളയെയും
കളിമണ്‍ കോര്‍ടുകളെയും ഒരായിരം
പൂച്ചകളെയും അയാളോര്‍മിപ്പിച്ചു

അയാളെ ആദ്യമായി സാന്റിയാഗോ
എന്നുവിളിച്ചത്‌ ഞാനാണ്‌
അയാളുടെ പെട്ടിക്കടയിരിക്കുന്ന ദ്വീപില്‍
ലാറ്റിനമേരിക്കന്‍ സുന്ദരികളുടെ ബിക്കിനികള്‍
ചിതറിക്കിടക്കുന്നത്‌ കണ്ടത്‌ ഞാനാണ്‌.

അയാളെ സാന്റിയാഗോ മാര്‍ട്ടിന്‍ എന്നു വിളിച്ചത്‌ ഞാനല്ല
പക്ഷേ, ആ കൂട്ടിച്ചേര്‍ക്കലിലെ ക്രൂരത
എന്റെ പഴയ കപ്പിത്താനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌
ആഴക്കടലില്‍നിന്ന്‌ രൂപകങ്ങള്‍ കോര്‍ത്ത ചൂണ്ടയില്‍
ഇതിഹാസങ്ങള്‍ കൊരുത്തെടുത്ത ആ മഹാവൃദ്ധനോടുള്ള
അമ്പരപ്പ്‌ ഞാനിപ്പോള്‍ ചിരിച്ചുതീര്‍ക്കുന്നു

പിന്നീടൊരു രാത്രി, കഞ്ചാവുപാടങ്ങള്‍ കത്തിയവെളിച്ചത്തില്‍
ചന്ദ്രനില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ എന്റെ വാഹനം തിരികെ വരുമ്പോള്‍
പൊട്ടാറായ ടയറിനോട്‌ മല്ലടിച്ച്‌ അയാളുടെ ഡൈനാമോ
കറങ്ങിത്തിരിഞ്ഞുവരുന്നു
അയാളെ ഞാനിപ്പോളറിയില്ല
പാന്‍പരാഗ്‌ ചവച്ച്‌ ചാവുകടല്‍ പുറത്തേക്ക്‌ തുപ്പിയ വകയിലുള്ള
ഇരുനൂറു രൂപയുടെ കടപ്പാടില്‍
എനിക്കയാളെ കണ്ടെന്നു നടിക്കാനാവില്ല

കടംകൊടുക്കാനുള്ളവരുടെ ഇതിഹാസങ്ങള്‍
എന്നെയിപ്പോള്‍ ഹരംകൊള്ളിക്കാറുമില്ല

Saturday, June 28, 2008

കടിഞ്ഞൂല്‍ പൊട്ടന്‍

കുറച്ചുകൂടി ക്ഷമിച്ചിരുന്നുവെങ്കില്‍,
വേറൊരു ബീജത്തിന്
അവസരം നല്‍കിയിരുന്നുവെങ്കില്‍

ഇങ്ങനെയാകുമായിരുന്നില്ല
ഇത്രയ്ക്ക് അലയുമായിരുന്നില്ല

തന്തേ, തള്ളേ
നിങ്ങളുടെ തിടുക്കത്തില്‍ തടഞ്ഞ്
ദേ കിടക്കുന്നു
പൂര്‍ത്തിയാക്കാന്‍ കഴിയാത്ത
സ്വപ്നങ്ങളുടെ

ബീജഗണിതം

Thursday, June 19, 2008

കാമദേവനെ കാണ്മാനില്ല

പെണ്ണുങ്ങളായ പെണ്ണുങ്ങളെയെല്ലാം
മടുത്ത്‌
ആണുങ്ങള്‍ വാടകവീടുകളിലേക്ക്‌
മടങ്ങിയെത്തുമ്പോള്‍

ഇലക്ട്രിക്‌ ഗിത്താറിനെക്കുറിച്ച്‌
ഒരതിദീര്‍ഘ ഉപന്യാസം
പഴയ പാട്ടുപെട്ടിയില്‍ നിന്ന്‌
നടക്കാനിറങ്ങും

കഞ്ചാവുചെടികളില്‍
വെയില്‍പൂത്തുനില്‍ക്കുമ്പോള്‍
ഒരപരിചിത ഗ്രാമത്തില്‍
കാട്ടുപെണ്ണുങ്ങളുടെ മുലകള്‍
വാടിക്കിടക്കുന്ന
ഗുഹകളില്‍
നിന്ന്‌ എതിര്‍പാട്ട്‌ പൊടിയും

യുദ്ധംയുദ്ധമെന്നപ്പോള്‍
ആരോ കുഴല്‍വിളിച്ചറിയിക്കും

എല്ലാം കഴിയുമ്പോള്‍

നമ്മളൊക്കെ ആരായിരുന്നു
എന്തിനായിരുന്നിവിടെയിപ്പോള്‍
ഈ പോരൊക്കെ പേറെടുത്തത്‌
എന്നു സംശയങ്ങള്‍ക്ക്‌
പൂമ്പാറ്റച്ചിറക്‌ മുളയ്ക്കും

എന്റെ പെണ്ണേ എന്റെ പെങ്ങളേയെന്ന്‌
പെണ്ണുങ്ങളും
എന്റെയാണേ എന്റെയാങ്ങളേ
എന്ന്‌ ആണുങ്ങളും
പരസ്പരം ജനനേന്ദ്രിയങ്ങളില്‍
തൊട്ടും തലോടിയും ഇരിക്കും

ഇലക്ട്രിക്‌ ഗിത്താറിനെക്കുറിച്ചുള്ള
ഉപന്യാസം അപ്പോഴും
വിവര്‍ത്തന വിങ്ങലില്‍ നിന്ന്
കെട്ടുപൊട്ടിച്ചിട്ടുണ്ടാവില്ല
അടിവയറ്റില്‍ കിതപ്പുണര്‍ന്നിട്ടുണ്ടാവില്ല

പൂത്തുനില്‍ക്കുന്നുണ്ടാവുമപ്പോഴും
പഴയമഴയില്‍ പൊടിഞ്ഞ പരിചയങ്ങള്‍

Sunday, May 25, 2008

ചങ്ങനാശ്ശേരി വേണ്ടെന്നു വെച്ചാലെന്താണ്‌?

കോട്ടയത്തു നിന്നും തിരുവല്ലയിലേക്ക്‌
പോകുന്നു ഒരത്യാവശ്യം
അതിനിടയിലാണ്‌ ഒരാവശ്യവുമില്ലാതെ
ചങ്ങനാശ്ശേരി

പണ്ടൊരു അത്യാഹിതത്തിനു മുമ്പേ
വീടെത്താന്‍ പാഞ്ഞപ്പോഴും
ഇടയില്‍ കയറി താമസം വരുത്തിയിരുന്നു

അന്നേ ചിന്തിക്കുന്നതാണ്‌
ചങ്ങനാശ്ശേരി എന്തിനാണ്‌?
എനിക്കിവിടെ
ബന്ധുക്കളോ
ശത്രുക്കളോ
പൂര്‍വകാമുകിമാരോ ഇല്ല
ഉപമയോ ഉല്‍പ്രേക്ഷയോ
എന്തിന്‌
ഒരു വ്യര്‍ഥരൂപകം
വീണുകിട്ടാന്‍ പോലും
ഇടയാക്കിയിട്ടില്ല

എന്നിട്ടും എന്റെവണ്ടി
എല്ലാപ്പോക്കിലും
ഇവിടെവച്ച്‌ ലേറ്റാവുന്നു

രണ്ടു നഗരങ്ങള്‍ക്കിടയില്‍
എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന
അപരിചിത ഭാവങ്ങള്‍
തിരക്കിട്ടു പോകുന്നവര്‍ക്ക്
ഒറ്റത്തടിപ്പാലമാകില്ല
എന്നിരിക്കെ

നമ്മുടെ ഭൂപടങ്ങള്‍
നമ്മള്‍തന്നെ
വരച്ചാലെന്താണ്‌?

(മാധ്യമം ആഴ്ചപ്പതിപ്പ് - 2008 ജൂണ്‍)

Friday, May 16, 2008

തെരുവ്‌

കണ്ണുകളിലേക്ക്‌ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?
പുറകോട്ടു നോക്കുമ്പോള്‍
പൂരപ്പറമ്പുകള്‍ കാണുന്ന വിധം
അത്രയഗാധമായല്ല
കഞ്ചാവുപൂത്ത കണ്ണുകൊണ്ട്‌
ഒരാപ്പിളിനെ നോക്കുന്നവിധം
ലോലമായി,
അത്രയ്ക്ക്‌ വാത്സല്യത്തോടെ

നിരനിരയായി
മഞ്ഞവെളിച്ചം കത്തിനില്‍ക്കുന്ന
ഫ്ലൈ ഓവറുകള്‍ക്കു കീഴേ
മെഴ്സിഡിസ്‌ ബെന്‍സുകള്‍
പാഞ്ഞുപോകുന്ന ഒരു നഗരം കാണുന്നില്ലേ?
ഒരുത്തിയുടെ പാവാട
ഒരുവന്‍ പൊക്കിനോക്കുന്നത്‌ കാണുന്നില്ലേ
എ അയ്യപ്പനെയും
ചാള്‍സ്‌ ബുകോവ്സ്കിയെയും
മറ്റനേകം ഭ്രാന്തന്മാരെയും
കാണുന്നില്ലേ

കുടിച്ചുന്മത്തനായി
നിങ്ങള്‍ക്കുമുമ്പേ
അംഗുലം നീളമുള്ള
ആ സിഗരറ്റിനെ കടത്തിവിട്ടുകൊണ്ട്‌
വളരെ പതുക്കെയാണ്‌
നിങ്ങള്‍
ചുവപ്പുരാശി പടര്‍ന്ന
ആ ഫ്രെയിമിലേക്ക്‌ വരുന്നത്‌

ആര്‍ത്തലച്ചടിമുടി-
യഴിഞ്ഞുലഞ്ഞുകൊണ്ട്‌
കയ്യിലെ ബിയര്‍ കുപ്പി
അതിലേക്ക്‌
എടുത്തെറിയാന്‍ തോന്നുന്നില്ലേ?

അപ്പോഴറിയാം
ആര്‌
ആരെയാണ്‌
കണ്ടുകൊണ്ടിരുന്നതെന്ന്‌

Tuesday, May 13, 2008

പാര്‍ക്ക്‌

തെരുവിലേക്ക്‌ കരിയിലകളും
പൂക്കളും വാരിവാരിയിട്ട്‌
ഒരു ചാരുകസേര പതിയെ
കാലുകൊണ്ട്‌ മുന്നോട്ടു നീട്ടിനീട്ടിയിട്ട്‌
നിങ്ങളിരീക്കൂ നിങ്ങള്‍ മാത്രമിരിക്കൂ
എന്നൊരു തണല്‍മരം
വളരെക്കാലമായി
ഒറ്റയ്ക്കു പതിവായി
നടന്നു പോകുന്ന ഒരാളെ
കളിയാക്കുകയോ
എല്ലാം മനസ്സിലാകുന്നുണ്ട്‌
എന്ന്‌ ആശ്വസിപ്പിക്കുകയോ
ചെയ്യുന്നുണ്ട്‌

അയാള്‍ നടക്കുന്നത്‌
ഇരുന്നിരുന്ന്‌ ക്ഷീണിച്ചിട്ടാണെന്ന്‌
മരമറിയുമോ
അയാളുടെ നടപ്പിലെ
മടുപ്പറിയുമോ
നടന്നില്ലെങ്കില്‍ മടുക്കുമെന്നറിയുമോ

തിരിച്ചുചെന്ന്‌,
രണ്ടുപേര്‍ ചാരിനില്‍ക്കുന്ന
ഒരു മരത്തിന്റെ ചിത്രം
അയാള്‍ വീണ്ടുമെടുത്തു
നോക്കുമ്പോള്‍
വര്‍ഷങ്ങളായി നിന്നുപോയ
ഒരു കാക്കയുടെ പറക്കല്‍
മരത്തിന്റെ മുകളില്‍
ചിറകടിക്കുന്നു

വരൂ ഇരിക്കൂ എന്ന്‌ പറയുന്നുണ്ടാവണം
നിന്നനില്‍പില്‍ മരം
അറിയുന്നുണ്ടാവണം

എന്നും കാണുന്നതിന്റെ
പരിചയത്തില്‍
കൊരുത്തെടുക്കുന്നുണ്ടാവണം
കാലും ചിറകുമില്ലാത്ത
ഉടലറിയാത്ത
ഓര്‍മയില്‍ രക്തമോടാത്ത

ശീലങ്ങള്‍

Friday, May 9, 2008

കയറ്റിറക്കങ്ങള്‍

കോണിപ്പടി കയറിവരുന്ന
ശബ്ദങ്ങളൊക്കെ
എന്നെത്തിരക്കിയാണെന്നാണ്‌
വിചാരം.
കോണിപ്പടിക്കു മുകളില്‍
ഞാന്‍ മാത്രമല്ലേ ഉള്ളൂ.

കോണിപ്പടി കയറിവരുന്ന
ശബ്ദങ്ങളൊക്കെ
(തീര്‍ച്ചയായും
കാലടികളല്ല)
എവിടെപ്പോകുന്നു?

കോണിപ്പടി
കയറിയാലെത്തുക
കോണിപ്പടി
കയറിയെത്തുക
എന്റെ അസാന്നിധ്യത്തിലേക്കാണ്‌ എന്നോ

എനിക്കുതാഴെ കോണിപ്പടികള്‍ ഇല്ല
എന്നും വരുമോ?

Sunday, April 27, 2008

തിരിച്ചുപോകുന്ന കൗബോയികള്‍

നാലു വഴികളുണ്ട്‌
നാലു ആളുകളുണ്ട്‌
ഒരു വഴിയിലൂടെ ഒരാള്‍ പോയാല്‍
നാലു വഴിയിലൂടെ നാലു പേര്‍ക്ക്‌ പോകാം

ഒരുമിച്ചു വന്നവരല്ലേ
ഒരുമിച്ച്‌ ഉറങ്ങിയവരല്ലേ
ഒരു മിച്ചവും വേണ്ടേ
ഓര്‍ത്തുവെക്കാന്‍?

തിരികെ പോകുമ്പോള്‍
ആരെങ്കിലും വേണ്ടേ കാത്തിരിക്കാന്‍?
പിന്നോട്ടുള്ള വഴികളില്‍
നാല്‌ കാക്കകള്‍ കൂട്ടുവേണ്ടേ?

എങ്കില്‍ പറഞ്ഞു തീര്‍ത്തിട്ടു പോകാം
പഴയതില്‍ എത്ര സാധ്യതകളുണ്ടെന്ന്‌
തീര്‍ച്ചപ്പെടുത്തിപ്പോകാം

ഒന്നാം വഴി: വീട്‌

എത്തില്ല അത്രദൂരമിനി
ചേക്ക മറന്ന പാട്ടില്‍
പറന്നുപോയ പാണന്മാര്‍

രണ്ടാം വഴി: കാട്‌

പറഞ്ഞു പറഞ്ഞ്‌
കയറിയതല്ലേ
കേട്ടിരിക്കുന്നവരുടെ
പേടിയില്‍
ഉണ്ടാകുമോ
ആന, മയില്‍, കോഴി, ഒട്ടകങ്ങള്‍?

മൂന്നാം വഴി: അവള്‍/അവന്‍

മഴയാണ്‌
വഴിയിലാകെ ചെളിയാണ്‌
മാനത്തമ്പിളി കളവാണ്‌
മഴയിലൊരാള്‍ മൈരാണ്‌
(ഉണ്ടാവില്ല, ഉറപ്പായും ഉണ്ടാവില്ല)

നാലാം വഴി:

?????
?????
?????
?????

Wednesday, April 23, 2008

അരാജകം

ഒരു കുതിരയെ വാങ്ങണം
ഓടിയോടി ചാവാലിയായ കുതിരയെ
ഇനിയൊരു രാജസൂയത്തിനും
ഞാനില്ലേയെന്ന്‌
വിനീതനായ കുതിരയെ

Tuesday, April 15, 2008

എങ്കിലും എനിക്കോര്‍ക്കാന്‍ എന്റെ മാത്രം ഓര്‍മയല്ലേയുള്ളൂ

കടല്‍പാലം
പറന്നുപോകുന്നതിന്റെ ചിറകടി
കാതോര്‍ക്കാതെ കേള്‍ക്കാം
(ചെവിയോര്‍ക്കാതെയും കേള്‍ക്കാം).
ഒന്നും ഓര്‍ത്തില്ലെങ്കിലും കേള്‍ക്കാം;
പറന്നുപോകുന്നത്‌ എന്റെമാത്രം
ഓര്‍മയല്ലല്ലോ.

'അധികം ദൂരേക്ക്‌ ഓര്‍ക്കേണ്ട
ഞങ്ങള്‍ വന്ന അന്നുമുതല്‍ മതി ഓര്‍മ'
എന്ന്‌ പെട്ടന്നവര്‍ ക്ഷുഭിതരാകുന്നു.

മഴ പെയ്യുന്നുണ്ടായിരുന്നല്ലോ
നിങ്ങള്‍ക്കു മുമ്പേയും
എന്നൊന്നും തര്‍ക്കിച്ചിട്ട്‌
കാര്യമില്ല.
(അവര്‍ വന്നതിനു ശേഷം
നിലച്ചുവോ മഴ!
നാളെ ഇടവഴി കടന്നുനോക്കണം
മരംപെയ്യുന്നുണ്ടാവണം ചിലപ്പോള്‍).

എന്തിനായിരുന്നു പണ്ട്‌
കടല്‍പ്പാലങ്ങള്‍?
കടല്‍ കയറിയെത്തിയതെത്ര
ജാരമണ്ഡൂകങ്ങള്‍?
'അത്രയാഴത്തിലൊന്നും
വേണ്ടാ ചോദ്യങ്ങള്‍
നമ്മളിവിടെ
കടലകൊറിച്ചിരുന്നത്‌ ഓര്‍ക്കുന്നുവോ'
എന്ന്‌ അവരിലൊരാള്‍.

മിണ്ടാതിരിക്കാം
മിണ്ടാതെ കേള്‍ക്കാം
ചെവിയറിയാതെ
സ്വയംമുറിയാം
പറന്നുപോകുന്നിതെത്രയോ
കടല്‍പ്പാലങ്ങള്‍.

Tuesday, April 8, 2008

ആല്‍ബര്‍ട്‌ ഐന്‍സ്റ്റീന്റെ ജീവിതവും മരണവും

ഷക്കീല, മോഹന്‍ലാല്‍
എന്നിവര്‍ക്കിടയില്‍
തെറിച്ചു തെറിച്ച്
ആധിപിടിച്ചു നില്‍ക്കുന്ന മുടിയുള്ള
ഒരുവന്റെ പടം

എന്നെങ്കിലും ഒരിക്കല്‍
ഈ വഴി തന്നെ വരും
എന്ന പ്രത്യാശയില്‍
നയന്‍താരയുടെ മുലകള്‍
ഭിത്തിയില്‍ നിന്ന്‌ പൊഴിഞ്ഞു വീഴുന്നത്‌
കാണാനുള്ള ആഗ്രഹത്തെ പിടിച്ചുകെട്ടി
കുമ്മായമിളകിയ തന്റെ ചുവരുകളിലേക്ക്‌
ഷക്കീല, മോഹന്‍ലാല്‍, അയാള്‍
എന്നീ ക്രമത്തില്‍ തിരിച്ചും മറിച്ചും
നിശ്വാസമുതിര്‍ത്ത്‌
മുടിവെട്ടുകാരന്‍ ആന്‍ഡ്രൂസ്‌
ഉലാത്തലോട്‌ ഉലാത്തല്‍.

ഒരു ദിവസം പുറത്തിറങ്ങി
കൈക്കുമ്പിളുകൊണ്ട്‌
പകുതിയാകാശം മറച്ച്‌
'ഈ മഴ പെയ്യുമോ'
എന്ന്‌ മുകളിലേക്ക്‌
നോക്കി നില്‍ക്കുമ്പോള്‍
ഇ=എം സി2
എന്നു പിറുപിറുത്ത്‌
ആണിന്റെയും പെണ്ണിന്റെയും
കാലുകളില്‍
ഒരു സ്കൂള്‍ നടന്നു പോകുന്നത്‌ കണ്ടു

തിരിച്ചുചെന്ന്‌ അയാളെ നോക്കുമ്പോള്‍
വല്ലാത്തൊരു പന്തികേട്‌
തന്റെ ചുവരുകളില്‍ ഇളകിയാടുന്നത്‌
ആന്‍ഡ്രൂസിന്റെ അമ്പതുവര്‍ഷത്തെ
പാഠ്യേതര ജീവിതം അനുഭവിച്ചു

ചുവരിളകും വിധത്തില്‍
കാറ്റുവീശുന്നത്‌
കാതോര്‍ത്ത്‌
നയന്‍താര അപ്പോള്‍
പുറത്തു നില്‍പ്പുണ്ടായിരുന്നു.

Wednesday, April 2, 2008

അവനവനിലേക്കുള്ള വഴികള്‍

രാത്രി ഏറെ വൈകിയതിനു ശേഷം,
മേലേക്ക്‌ നോക്കിക്കിടക്കുമ്പോള്‍
കടലുപോലത്തെ തട്ടിന്‍പുറവും
തിമിംഗലങ്ങളെപ്പോലെ
ഇഴഞ്ഞിറങ്ങിവരുന്ന പല്ലികളുമുള്ള
ഒരു മുറി എനിക്കുണ്ടായിരുന്നല്ലോ
അതെവിടെയാണ്‌
എന്ന്‌ തലപുകഞ്ഞുകൊണ്ട്‌,
മറ്റൊരാളുടെ കൂടാരത്തിലേക്ക്‌
കയറിച്ചെന്നു എന്നിരിക്കുക

അവസാനത്തെ ലാര്‍ജില്‍
വിരസതയ്ക്കെതിരെ
ഗൂഢാലോചന നടത്തി
അവസാനത്തെ സിഗരറ്റിന്റെ
ഫില്‍റ്ററില്‍ തീ കൊളുത്തി
'നിന്റെ നഗരത്തിന്റെ മണമെന്ത്‌
അവസാനത്തെ ബസ്‌ ഏതു
കൊക്കയിലേക്കാണ്‌ മറിഞ്ഞത്‌?'
എന്ന പതിഞ്ഞ ചോദ്യത്തോടെ
തലകുനിച്ചിരിക്കുന്ന
ഏറ്റവും വലിയ ആതിഥേയനെ
അവിടെ കണ്ടുമുട്ടി
എന്നുകരുതുക

അയാളുടെ ഭാര്യ അകത്തെവിടെയോ
കിടന്ന്‌ സ്വയംഭോഗം
ചെയ്യുകയാണെന്നും
അയാളുടെ മകള്‍ ഇന്നലെ ഏതോ
പാട്ടുകാരന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നും
അയാളുടെ അച്ഛനാണ്‌
ജോണ്‍ ലെനനെ കൊന്നത്‌ എന്നും
അയാള്‍ പറഞ്ഞാല്‍

അയാളുടെ കമണ്ഠലുവിലെ
റിവോള്‍വറിനെ സ്തുതിച്ച്‌,
പാട്ടില്‍ നിന്നും പാട്ടിലേക്ക്‌
പെടാപ്പാടുപെട്ട്‌ ജീവിക്കുന്ന
പാട്ടുകാരനല്ലാത്ത താങ്കള്‍
ഏതുഗാനം മൂളും?

നന്നായി നന്നായി
കണ്ണാടിയായിപ്പോയ
ചങ്ങാതിയാണ്‌
അയാളെന്ന്‌ തോന്നുകില്‍
കാള്‍ ലൂയിസിന്റെ കാലുകള്‍
നിങ്ങള്‍ക്കാര്‌ കടംതരും?

അതിനാലാണ്‌ സഹോദരാ
എന്റെ മുറിയിലേക്കുള്ള വഴിയറിയുന്ന
തെരുവുനായയെ
ഞാന്‍ കൂടെക്കൊണ്ടു നടക്കുന്നത്‌

Wednesday, March 26, 2008

ട്രോപ്പിക്കല്‍ മോണോലോഗ്‌

നിന്റെ ഏകാന്തത
എന്റേതു പോലെയല്ലാത്തതില്‍
ഞാനെത്രയ്ക്കു സന്തോഷിക്കുന്നുണ്ട്‌
എന്ന്‌ നീയറിയുമോ, സാദീ?

നിന്റെ ചരിത്രം എന്റെ ചരിത്രം പോലെ
അല്ലാത്തതില്‍ എന്തോരം
സങ്കടമുണ്ട്‌ എന്നറിയുമോ

(വെച്ചുമാറാന്‍ കഴിയാത്ത
ഒന്നിന്റെ സ്ഥായീഭാവം
നിന്നിലെയും എന്നിലെയും
സഞ്ചാരികളെ കളിയാക്കുകയാവണം)

മഞ്ഞുമൂടിക്കിടക്കുന്ന
നിന്റെ പട്ടാളക്കാരുടെ
ഞരമ്പുകളില്‍
അതിശൈത്യത്തിന്റെ
കപ്പലുകള്‍
ഓടിമറയുന്നത്‌
എന്റെ വൃദ്ധന്‍ കാണുന്നേയില്ല.

(ഉപേക്ഷിക്കപ്പെട്ട നഗരം
ഗിറ്റാറില്‍ ഒളിപ്പിച്ചു കടത്തിയ ഒപ്പിയം
എനിക്കുവേണ്ടി നീ ഓര്‍ഡര്‍ ചെയ്ത
അമേരിക്കന്‍ വിസ്കി
ഇന്ദ്രാപുരി ബാറിന്റെ റൂഫ്ടോപ്പില്‍
എന്റെ കൈതട്ടി മറിഞ്ഞ നിന്റെ വോഡ്ക:
നമ്മുടെ രൂപകങ്ങള്‍ക്ക്‌
മഞ്ഞുമലകളുടെ പഴക്കം)

മയക്കോവ്സ്കിയെ മറക്കൂ പെണ്ണേ
മരിച്ച ഞരമ്പിനെ ഉണര്‍ത്താതിരിക്കൂ
ജീവിതം ശീലമാക്കൂ
(നീ എന്തു സുന്ദരിയാണ്?
ഞാന്‍ എന്തു സുന്ദരനാണ്?)

ശംഖുമുഖം കടപ്പുറം
നിന്നെ കാത്തിരിക്കുന്നു.

Tuesday, March 18, 2008

പരിചയം

അത്രയ്ക്കടുത്ത
പരിചയമായിരുന്നു
കള്ളുകുടിച്ചിട്ടുണ്ട്‌
ചീട്ടുകളിച്ചിട്ടുണ്ട്‌
പാട്ടുകേട്ടിട്ടുണ്ട്‌
ഒരേ പെണ്ണിനെയോര്‍ത്ത്‌
ഒരേ മുറിയില്‍,

ഒരുമിച്ച്‌.

അവനാണ്‌
ഇന്നലെ
ഞരമ്പുമുറിച്ച്‌
കടന്നത്‌.

അവന്റെ അവസാനത്തെ കത്ത്‌
ലക്ഷ്മിയെന്നോ സരളയെന്നോ
പേരുള്ള
ഏതോ പെണ്ണിനാണ്‌.

തെണ്ടി,
അത്രയ്ക്കടുത്ത
പരിചയമായിരുന്നു.

Monday, March 17, 2008

ഉടല്‍ജീവികള്‍

അവളുടെ തോളില്‍
പച്ചകുത്തിക്കിടപ്പുണ്ടായിരുന്നു
ഒരു തേള്‍
തേളോടു തോള്‍ ചേര്‍ന്ന്‌
ഞാന്‍ നടന്നിട്ടുണ്ടായിരുന്നു

മുലയിലും
തുടയിലും
കണ്ടിട്ടുണ്ട്‌
അതേ തേളിനെ

വിയര്‍ത്തു തുടങ്ങുമ്പോള്‍
കടലിലെറിയുന്ന തുഴയാണ്‌
ഞാനെന്നും
ആഴങ്ങളില്‍ എന്തുകൊണ്ടിത്ര
അപരിചിതത്വം എന്നും
വല്ലാതെ
സങ്കടം വന്നിട്ടുണ്ട്‌

വര്‍ഷങ്ങള്‍ക്കുശേഷം
ഇന്നലെ വീണ്ടും കാണുമ്പോള്‍
അവളുടെ തോളില്‍
രണ്ടു തേളുകള്‍

പോകാനവള്‍ക്ക്‌
തിടുക്കമുണ്ടായിരുന്നു

'നിന്റെ തോളിലെ
വസൂരിക്കലയ്ക്ക്‌
സൗഖ്യമല്ലേ'
എന്നൊന്ന്‌ ചിരിച്ചെന്നു വരുത്തി
അതിനിടയിലും

Tuesday, March 11, 2008

കാമമോഹിതം

പക

വിദൂരദേശങ്ങളില്‍ ഓര്‍മകൊരുത്ത്‌
പൊടിക്കാറ്റുപൊങ്ങും വിജനതയില്‍
ഒട്ടകത്തെ കാത്തു നില്‍ക്കുമ്പോള്‍
നീട്ടിയ കൈത്തലം
കടന്നുപോയ കറുത്ത കാര്‍
കാറില്‍ നിന്ന്‌ പുറപ്പെട്ടുപോയ
പെണ്‍പാട്ടുകള്‍

അതിനാല്‍

കാലകത്തി
നഗ്നയായിരിക്കും
നിനക്ക്‌
ഞാന്‍ തരേണ്ടത്‌
കോഴിമുട്ടയോ
തോക്കോ?

അല്ലെങ്കില്‍

ചോര കൊണ്ടുതന്നെയാവാം
ചോര കൊടുത്തു തന്നെയാവാം
കണക്കുകള്‍ പറഞ്ഞുതീര്‍ക്കുകയുമാവാം
അടിവസ്ത്രം തുളച്ചുപോയ വെടിയുണ്ട
നീ എന്തുചെയ്തു എന്നിപ്പോള്‍
പറയണം എന്നു മാത്രം

അതുമല്ലെങ്കില്‍

ദൈവമേ,
നിര്‍ത്താതെ പോയെത്ര
ശബ്ദശകടങ്ങള്‍
ഓര്‍മതെറ്റിയ ഞൊടിയിടയില്‍

പകക്കണക്കുകള്‍
എത്രയെഴുതേണം
തേഞ്ഞുതീരുന്നതിന്‍ മുമ്പ്‌?

Tuesday, March 4, 2008

ഒന്നും മറന്നിട്ടില്ല

പിരിഞ്ഞുപോയവള്‍
എന്തോമറന്ന്
തിരിച്ചെത്തി നോക്കുമ്പോള്‍
അവനുറങ്ങുന്നുണ്ടായിരുന്നു
ചുവരെഴുത്തുകള്‍
അതേപോലെയുണ്ടായിരുന്നു

ചാരാത്തവാതിലിലൂടെ കണ്ടു
എല്ലാം അതേപോലെ തന്നെ.
ജനാലയ്ക്കു പുറത്തെ
മഴത്താളം ശമിച്ചിട്ടില്ല
അടിയുടുപ്പുകളിലെ ചിതല്‍പുറ്റ്
അവനെയറിയുന്നില്ല
കടന്നല്‍ക്കൂട് ഇന്നലത്തെ കാറ്റിനും
വീണിട്ടില്ല.

അവനുണരില്ല നാളെയും.

ചാരാത്ത വാതിലിലൂടെ
കുറേനേരം നോക്കി നിന്നു

ഉണര്‍ത്തിയില്ല
ഞാനല്ലേയെന്ന്
ചോദിച്ചില്ല

Monday, March 3, 2008

ഹോട്ടല്‍ അന്നപൂര്‍ണനിന്നനില്‍പിന്‍ കാണാതായ
നിന്നെക്കുറിച്ച്‌
പരിപ്പുവട പ്രായത്തില്‍
അല്‍പം ഖിന്നനായിക്കളയാം
എന്നു കരുതിയാണ്‌
ഇവിടെ എത്തിയത്‌

എത്തിയപ്പോള്‍,
വാലുപക്ഷേപിച്ചു പോയ പല്ലി
എന്ന പഴയ ഉപമയില്‍
ഇവിടെ ഒന്നുമില്ല എന്നതിന്റെ സൂചന
മാത്രമാണ്‌ ജീവിതം
എന്നോമറ്റോ
അന്തരീക്ഷത്തിലേക്ക്‌ നോക്കി
ഒരു ചൂണ്ടുപലക മാത്രം

അതിനെ പിന്തുടര്‍ന്നു പോയാല്‍
ഒന്നുമില്ലാത്തിടത്ത്‌
ഇല്ലാത്ത കസേരകളില്‍
രണ്ടുപേര്‍ ഇപ്പോഴുമുണ്ട്‌
ഒരു കയ്യില്‍ ചായയും
മറുകയ്യില്‍ സിഗരറ്റും
രണ്ടു മസാലദോശയ്ക്ക്‌ ഓര്‍ഡറും
ഇ ഇ കമ്മിംഗ്സും
നാന്‍സി സിനാട്രയും
ചാരിത്രശൂന്യരെക്കുറിച്ചുള്ള ചര്‍ച്ചയും
ഊരും പേരുമില്ലാത്ത
മറ്റുചിലതുമുണ്ട്‌

ബ്രിട്ടീഷ്‌ ലൈബ്രറിയിലേക്കുള്ള
വഴിയായിരുന്നു അതൊരിക്കല്‍
എന്നുമുണ്ട്‌

അതൊന്നുമല്ല
ഇപ്പോഴത്തെ പ്രശ്നം
ഹോട്ടലും ലൈബ്രറിയുമൊക്കെ
ആകുന്നതിനു മുമ്പ്‌
ഈ കെട്ടിടങ്ങള്‍
എന്തായിരുന്നു എന്നതാണ്‌
വാലുപേക്ഷിച്ചു പോയ പല്ലി
എന്ന ഉപമയ്ക്ക്‌ മുമ്പ്‌
ഞാനും നീയും എന്തായിരുന്നു
എന്നതുപോലെ

സ്റ്റാറ്റ്യൂ ജംഗ്ഷനില്‍ നിന്ന്‌
ഒരു ഓട്ടോ പിടിച്ച്‌
'എങ്ങോട്ടാ'
എന്ന ചോദ്യത്തിനു മറുപടിയായി
'1969' എന്നു പറഞ്ഞാല്‍
അത്ര ക്രൂരമായ തമാശകള്‍
ഉള്‍ക്കൊള്ളാന്‍ മാത്രം
സഹൃദയനാകുമോ
അയാളിലെ അതിപുരാതനന്‍
എന്നതുമാണ്

ദിനോസാറിനും പല്ലിക്കുമിടയിലെ
ഹെയര്‍പിന്‍ വളവുകളില്‍ നിന്ന്
ഇന്ധനം നിറയ്ക്കുന്ന ഒരു ഓട്ടോ
അയാള്‍ക്കുണ്ടാകുമോ
എന്ന പ്രശ്നത്തെ
അയാളെ സമീപിക്കുന്നതിനു മുമ്പ്
നമ്മള്‍ അഭിമുഖീകരിച്ചില്ല
എന്നതുകൊണ്ട്
നമുക്ക് പ്രശ്നങ്ങള്‍ പൊതുവേ കുറവാണ്
എന്നതും ഒരു പ്രശ്നമാണ്

Friday, February 29, 2008

കടല്‍

ഇത്രനേരം
നോക്കിയിരുന്നാല്‍
വീട്ടിലേക്ക് കൂട്ടുപോരും

അത്രവലിയൊരു
അതിഥിക്ക്
വിരുന്നൊരുക്കാന്‍

ഏതു മത്സ്യമാണ്
നിന്റെ അക്വേറിയത്തില്‍?

Wednesday, February 20, 2008

അവരൊരുമിച്ച്‌ പോകുകയും കേള്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു?

ചേമ്പിലത്തുമ്പത്ത്‌
കാറ്റിനെക്കാള്‍ വേഗമേറിയ
ഒരോര്‍മയുടെ പച്ചപോലെ
പമ്പരം താളത്തില്‍
കറങ്ങിത്തിരിഞ്ഞ്‌
ഒരേയൊരു പാവാടയുടെ
വൃത്തമൗനത്തില്‍
ഒരു പെണ്‍കുട്ടി:

എവിടെപ്പോകുന്നു?

ചെമ്മണ്ണുപാതയില്‍
പരിണാമവേദനയുടെ പൂജ്യം
നീളത്തില്‍ പായിച്ച്‌
ഭൂമിയെക്കാള്‍ നഗ്നനായി
പെണ്‍കുട്ടിയെക്കാള്‍ വേഗത്തില്‍
കടലുതൊട്ട്‌ തിരിച്ചുവന്ന്‌
പാറയില്‍ മുഖമമര്‍ത്തി
രാത്രിയെക്കാള്‍ വെളുത്തവനായ
ഒരു ആണ്‍കുട്ടി:

എന്തു കേള്‍ക്കുന്നു?

കടലില്‍ നിന്നും തിരിച്ചുവരുന്നവര്‍
കൊതുമ്പുവള്ളങ്ങളില്‍ നിന്ന്‌
കപ്പലുകള്‍ ഇറക്കിവെച്ച്‌ മടങ്ങുന്നതില്‍
കൗതുകം കുരുങ്ങാതെ
മട്ടുപ്പാവിന്റെ മുകളില്‍ നിന്ന്‌
നഗരം കാണുന്നു.

ആരും വന്നുപോകാത്തതിനാല്‍
'പണ്ട്‌ വഴിയായിരുന്നു'
എന്ന്‌ ഖേദിച്ച്‌
കരിയിലകള്‍ക്കടിയില്‍
ചുരുണ്ടുകൂടിക്കിടക്കുന്ന
പ്രണയത്തെ ഓര്‍ക്കുന്നു.

Thursday, February 7, 2008

ആമരമീമരം

തലയില്‍ പച്ചത്തലപ്പിന്‍
കുട്ടയുമായി
ഒരുവള്‍
നിന്നു കുണുങ്ങുന്നു.
ഏതു കാലത്തില്‍ നിന്ന്‌
ഏതു കാലത്തിലേക്ക്‌
ചരക്കു കടത്തുന്നതിനിടയില്‍
ഇവള്‍ ഉറഞ്ഞുപോയി?
ഏതോര്‍മയില്‍ നിന്ന്‌
ഏതോര്‍മയിലേക്ക്‌
അരക്കെട്ടിളക്കുന്നതിനിടയില്‍
എന്നെന്നേക്കും സംഗീതമായി?

തലയില്‍
ചുമടുമായി നീ
നഗ്നയായി നീ
ചൂളംകുത്തുമ്പോള്‍
തണല്‍ത്തോര്‍ച്ചയില്‍
എന്റെ ബോധിസത്വന്‍
എങ്ങനെ ശാന്തനായുറങ്ങും?

കോഫിഹൗസ്‌

വിപ്ലവത്തിനു മിനുട്ടുകള്‍ക്കു മുമ്പ്‌
പാരീസിലെ ചെറുപ്പക്കാര്‍
ചെയ്തതിന്റെ ഓര്‍മയില്‍
കോഫിഹൗസുകളില്‍ ഞങ്ങള്‍.
ജാലകത്തിലൂടെ കടന്നുവരുന്നൂ
തെരുവ്‌, രീതികളില്‍ നിറയുന്ന ജീവിതം.

ഏറെ സംസാരിച്ച്‌
അധികം തര്‍ക്കിച്ച്‌
ഉത്തരങ്ങളില്ലാതെ
ഞങ്ങള്‍ ഇറങ്ങിനടക്കുന്നു-
ജാലകത്തിനു പുറത്തെ തെരുവിലേക്ക്‌,
രീതികളിലെ ജീവിതത്തിലേക്ക്‌.

വിപ്ലവത്തിനു മിനുട്ടുകള്‍ക്കു മുമ്പ്‌
കോഫിഹൗസുകളില്‍ ഇരിക്കാന്‍
ഞങ്ങള്‍ക്ക്‌ കഴിഞ്ഞതേയില്ല.
കോഫിഹൗസുകള്‍ക്ക്‌ പുറത്ത്‌
അരാജകവാദികളുടെ കമ്യൂണ്‍
ഞങ്ങള്‍ക്കായി പണികഴിക്കപ്പെട്ടില്ല.

അതുകൊണ്ട്‌,
പാരീസിലെ ചെറുപ്പക്കാരെക്കാള്‍
മോശമാണ്‌ ഞങ്ങളെന്ന്‌ വരുമോ?

Monday, February 4, 2008

മഴയില്‍ ഒരുവന്‍

വീടു നഷ്ടപ്പെട്ടവന്റെ
ആകുലതകളിലേക്ക്‌
തെരുവ്‌
ഒരു വഴിയാത്രക്കാരനായി
കടന്നുവരും.

എത്ര നടന്നാലും ചെന്നെത്തുകില്ല
ഇനിയുമേറെയുണ്ടെല്ലോ എന്ന്‌
ഓരോ ദുരന്തവും ഓര്‍മിപ്പിക്കും.

രതിയും പ്രണയവും
വിയര്‍ത്തു തുടങ്ങുമ്പോഴെല്ലാം
സത്രങ്ങളും റസ്റ്റോറന്റുകളും
മോഹിപ്പിക്കും.
കടലും കവിതയും കേട്ടിരുന്നാലും
ഉള്ളില്‍, പിരിഞ്ഞുപോന്ന
വസന്തത്തിന്റെ കരിയിലകള്‍
പൊടിയാതെ കിടക്കും.

എന്നിട്ടും,
കയറിനിന്നിട്ടേയില്ല
ഒരു കടത്തിണ്ണയിലും
ഇതേവരെ.

കുടപിടിച്ച്‌ വേനല്‍ക്കാലം
നടന്നു പോകുന്നത്‌ കാണണം
ഓരോ മഴയിലും.

Tuesday, January 29, 2008

അറിവുകളില്‍ നീയുണ്ടായിരുന്നില്ലല്ലോ

"എന്തറിയാം നദികളെക്കുറിച്ച്‌"
ഒഴുക്കില്‍ മുടിയിതളുകള്‍
കടല്‍പ്പറ്റാതെ കാത്തുകൊണ്ട്‌
അവള്‍ ചോദിക്കുന്നു.

"എല്ലാമറിയും
നദികളെക്കുറിച്ച്‌ എല്ലാമറിയും.
ഒഴുകിവന്ന ജഡങ്ങളെക്കുറിച്ചും
പലതുമറിയും"

"ആമസോണ്‍ കണ്ടിട്ടുണ്ടോ?
നൈല്‍?
ഗംഗയും യമുനയുമെങ്കിലും?"
അവള്‍ അങ്ങനെയാണ്‌
എന്റെ പുരാതനമായ
അഹങ്കാരത്തെ വകവെച്ചിട്ടേയില്ല
ഇന്നോളം.

"ഇല്ല, പേരുകളറിയില്ല
ഒഴുക്ക്‌ ലംബമോ തിരശ്ചീനമോ
എന്നുപോലുമറിയില്ല.
എങ്കിലും എല്ലാമറിയും
അറിവില്ലായ്മയെക്കുറിച്ചും
പലതുമറിയും".

ഏഴു നൂറ്റാണ്ടുകള്‍ക്കപ്പുറം
പെണ്ണായി കുളിച്ചു കയറാന്‍
ജലകുമിളകളില്‍ തപസ്സിരിക്കുന്ന
അമീബ പോലും കേട്ടു
തുള്ളിമുറിയാത്ത മഴയുടെ
ഹുങ്കാരം പോലെ
അവളുടെ പൊട്ടിച്ചിരി:-

"പുഴയ്ക്കപ്പുറം പച്ചപ്പുകളില്ല എന്നറിയുമോ?
ഗര്‍ഭപാത്രത്തില്‍ വെച്ചാരും
പ്രണയിക്കാറില്ല എന്നറിയുമോ?
ഗര്‍ഭിണിയിലും കാമമുണ്ട്‌
എന്നറിയുമോ?
മഹാലിംഗമേ, കല്ലാണ്ടവനേ
നിന്റെയമ്മയിലും നീയുണ്ട്‌ എന്നറിയുമോ?"

"അറിയേണ്ടതായിരുന്നു
ഒഴുക്ക്‌ നീതന്നെയാകുന്നതിന്‍മുമ്പ്‌
അറിയേണ്ടതായിരുന്നു".

Wednesday, January 23, 2008

അമ്മയെ ഓര്‍ക്കുവാനുള്ള കാരണങ്ങള്‍

കയ്യിലേക്ക്‌ പിന്തിരിഞ്ഞ്‌
പിന്തിരിഞ്ഞ്‌ പറക്കുന്ന
ഒരു വീശല്‍
മറവിയുടെ കോണില്‍
പൊടിതട്ടി കിടക്കുന്നുണ്ട്‌

ഒരു കൗമാരക്കാരിയുടെ
കൈ പിടിച്ച്‌
മൂന്നുവയസ്സുകാരനൊരുവന്‍
ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫ്രെയിമില്‍
കയറി നില്‍പ്പുണ്ട്‌

മുലപ്പാലിന്റെ ഗന്ധം
അങ്ങിങ്ങ്‌ വീണുകിടപ്പുണ്ട്‌

എത്ര ചീകിയാലും ഒതുങ്ങാത്ത
ആഫ്രിക്കന്‍ ജിപ്സിയുടെ മുടി,
എത്രയാഴത്തില്‍ ഉറങ്ങുമ്പോഴും
സ്വപ്നങ്ങളും ഉണര്‍ച്ചയും
കാത്തുവെക്കുന്ന കണ്ണുകള്‍,
കഴിഞ്ഞ ജന്മത്തില്‍
കഴുതയിലായിരുന്ന ചെവികള്‍

എന്നിവ നിനെക്കെവിടെ നിന്ന്‌
കിട്ടിയെന്ന്‌
ഒരായിരം കണ്ണാടികള്‍
കുശലം പറഞ്ഞ്‌
തോറ്റു പിന്മാറിയിട്ടുണ്ട്‌

എന്നിട്ടും
കാരണങ്ങള്‍
കുറവായിരുന്നു
ഇന്നലെ വരെ

അവസാനത്തെ സിഗരറ്റ്‌
ഒറ്റയ്ക്കു വലിച്ചു തീര്‍ത്തതിന്റെ
കോപം 'തായോളീ'
എന്ന സ്നേഹത്തിലേക്ക്
കൂട്ടുകാരനൊരുവന്‍
ചുരുക്കുന്നതു വരെ

Sunday, January 13, 2008

സാറ്റര്‍ഡേ നൈറ്റ് പാര്‍ട്ടിക്കു പോഗലാം, വരിയാ‍

1

യശോധരയുടെ മുറി, രാത്രി
(ഇന്റീരിയര്‍)


രാത്രിക്കുമീതെ പൊഴിയുന്ന പഴുത്തിലകള്‍
ഇരുട്ടില്‍ അവള്‍ക്ക്‌ പുതപ്പായില്ല.
ജലം ജലമാകുന്നതിനു മുമ്പ്‌
അവളില്‍ പെയ്തിരുന്നു.
തളംകെട്ടിക്കിടക്കുന്ന മഴ: യശോധര.

അവളുടെ ഉണര്‍ച്ചകള്‍ അറിയുവാന്‍ കഴിയുന്നത്രയും
ലോലഭാവത്തില്‍ ആരും ഒരിക്കലും
സിദ്ധാര്‍ഥനെ വരച്ചില്ല.

അതിനാല്‍, ഈ മുറിയില്‍
അവളുടെ മുറിയില്‍
അയാള്‍ തിരിഞ്ഞു കിടന്നുറങ്ങുന്നു.
ചുമരില്‍ മെഴുകുതിരി കത്തിനില്‍ക്കുന്നു

യശോധര (ആത്മഗതം): ഒരു മുറിയില്‍ എത്രായിരം പേര്‍
മരിക്കുന്നു. മുറിവിട്ടു പോകുന്നവളുടെ അവസ്ഥ
എന്താകുമോ എന്തോ?


തനിക്കും സിദ്ധാര്‍ഥനുമിടയിലെ വാതില്‍ക്കൊളുത്തില്‍
യശോധര ഒരു നിമിഷം നോക്കിനിന്നു
ഓടാമ്പലുകള്‍ താനേ തുറന്നു.

2

ഇടവഴി, രാത്രി
(എക്സ്റ്റീരിയര്‍)


ദുരദൂരേക്ക്‌ നീണ്ടു കിടക്കുന്ന കണ്ണെത്താവഴിയുടെ
അതിരുകളില്‍ നിന്ന്‌ അണ്ണാന്‍പൊത്തുകള്‍
യശോധരയെ നോക്കിപ്പകച്ചു.
അഴിച്ചിട്ട മുടിക്കുമുന്നില്‍ അവളുടെ നടത്തില്‍
ഉന്മാദം ഉപ്പിനു പോലുമില്ല എന്നറിഞ്ഞ്‌
ചെമ്പോത്തുകള്‍ കണ്ണുചിമ്മി
മൈഥുനം കഴിഞ്ഞ്‌ പൂച്ചക്കുട്ടിക്കായുടെ തുമ്പത്ത്‌
കണ്ണടച്ചിരുന്ന മഴ ഒറ്റ ഞെട്ടലില്‍
താഴെവീണു ചിതറി.

രണ്ട്‌ കള്ളന്മാര്‍ക്കു നടുവില്‍ ഒരു പ്രവാചകന്‍
രണ്ട്‌ കൂട്ടിക്കൊടുപ്പുകാര്‍ക്കിടയില്‍ ഒരു വേശ്യ
രണ്ട്‌ കോണ്‍സ്റ്റബിള്‍മാര്‍ക്കു നടവില്‍ ഒരു എസ്‌ ഐ
രണ്ട്‌ കവിതകള്‍ക്കു നടവില്‍ ഒരു നിരൂപകന്‍
എന്നിങ്ങനെ ജനക്കൂട്ടങ്ങള്‍ അവളെ കടന്നുപോയി.

രണ്ടില്‍ നിന്നും ഉയരുമ്പോള്‍ ഇല്ലാതാകുന്ന
ഏകാന്തതയുടെ മടുപ്പ്‌ അവളില്‍ മന്ദഹാസമായി

3

സിദ്ധാര്‍ഥന്റെ വീട്‌, പകല്‍
(എക്സ്റ്റീരിയര്‍)


കാറ്റ്‌ പലതും പറഞ്ഞു:-
ഓട്ടത്തിനിടയിലെ ഏകാന്തതയില്‍
കരള്‍ പറിഞ്ഞ്‌ ഒരു മുയല്‍ തോറ്റുകൊടുത്തുവെന്ന്‌
മാന്ത്രികവടി കളഞ്ഞുപോയതിന്റെ പിറ്റേന്ന്‌
ഒരു കുട്ടിച്ചാത്തന്‍ കുറുക്കനായെന്ന്‌
കാത്തിരുന്നു മുഷിഞ്ഞ പെണ്ണ്‌,
ദൂരെയെവിടെയോ ആണിനെക്കൊന്ന്‌
അമ്പലം പണിതെന്ന്‌

സിദ്ധാര്‍ഥന്‍ (ആത്മഗതം): ഹാ! കഷ്ടം കാതിനു കേള്‍ക്കാന്‍
കൊള്ളുന്നതൊന്നുമില്ലേ ഈ ഭൂമിയില്‍?


4

യശോധര, യശോധര
(യശോധര)


കാറ്റില്‍ കടപുഴകിയ ആല്‍മരം
കെട്ടഴിഞ്ഞ കഥകള്‍
പാഠപുസ്തകത്തിലേക്ക്‌
പറക്കാത്ത കാറ്റുകള്‍

Saturday, January 5, 2008

പോസ്റ്റ്‌ ചെയ്യാത്ത കത്തുകള്‍ - 1

(ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും
)

ഇന്നലെ എഴുതിയതു മുഴുവന്‍
ഏതുഭാഷയിലാണ്‌
എന്നു കണ്ടെത്താനുള്ള
ശ്രമമായിരുന്നു ഇന്നുമുഴുവന്‍
അതിനിടയ്ക്കെപ്പോഴോ ആണ്‌ നിന്റെ ഭാഷ
കണ്ടുകിട്ടിയത്‌.

നിനക്കെഴുതിയിട്ട്‌, നീയെഴുതിയിട്ട്‌
എത്രകാലമായിരിക്കുന്നു?

നീ വന്നു താമസിച്ചിട്ടില്ലാത്ത
എന്റെയീ മുറി
പതിവുപോലെ
അലക്കാത്ത അടിവസ്ത്രങ്ങളാല്‍
നിറഞ്ഞിരിക്കുന്നു
ചിലപ്പോള്‍ അരികുകളിലേക്ക്‌
ചുരുണ്ടു ചുരുണ്ട്‌
മറ്റൊരു ചിത്രശലഭത്തിന്റെ
പുനര്‍ജന്മം പോലെ
അവ നിന്നെയോര്‍മിപ്പിക്കുന്നു.

ഭാഷയുടെ താളത്തിനൊത്ത്‌
തുള്ളാന്‍ കഴിയാതെ വരുമ്പോഴാണ്‌
ചിലപ്പോഴെങ്കിലും പുറത്തിറങ്ങുക
എത്ര തിന്നാലും നിറയാത്ത
തെരുവുകുട്ടിയുടെ വയറുപോലെ
നഗരം ഭക്ഷണശാലകളാല്‍
നിറഞ്ഞിരിക്കുന്നു.
നമ്മള്‍ പതിവായി താമസിക്കാറുണ്ടായിരുന്ന ഹോട്ടല്‍
ഇപ്പോഴൊരു സര്‍ക്കസ്‌ കൂടാരമാണ്‌.

(എത്രകാലമായി
അതിപ്രാചീനമായ
ആ സര്‍ക്കസിന്റെ
ചുവടുകളില്‍
നമ്മള്‍ ചിത്രശലഭങ്ങളായിട്ട്‌?)

ഞാനറിയൊത്തൊരു ജീവിതം
എനിക്കുമേലേ ജീവിക്കുന്നുണ്ട്‌
ഇപ്പോഴാരോ.
പിടിതരാത്തവിധം
വിദഗ്ധമായ ചുവടുവെപ്പുകളില്‍
അവന്റെ രാത്രികള്‍
എന്റെ ഉറക്കമില്ലായ്മയില്‍
കൂര്‍ക്കം വലിക്കുന്നു.

നീയിപ്പോള്‍ വരേണ്ടാ എന്ന്‌
ഞാന്‍ പറയുന്നത്‌
(പറയാന്‍ തുടങ്ങുന്നത്‌)
അതിനാലാണ്‌:
ജന്തുവിന്റെ ചലന നിയമങ്ങളോട്‌
കടുത്ത പുച്ഛം സൂക്ഷിക്കുന്ന
അവനെ ഭയക്കേണ്ടതുണ്ട്‌.

നിന്റെ വിശേഷങ്ങള്‍
അറിയാവുന്ന ഏതെങ്കിലും ഭാഷയില്‍
എഴുതുക; ദയവുചെയ്ത്‌
പുതിയ ഭാഷകള്‍ മറച്ചുവെക്കുക
എഴുതാനാവാതെ
ബോധത്തിനുള്ളില്‍
കുമിഞ്ഞുകൂടുന്ന
അറിയാവാക്കുകളുടെ
ദുര്‍ഗന്ധം
ഇപ്പോള്‍ തന്നെ
എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ തവണ നീ പോയപ്പോള്‍
ഞാന്‍ വാങ്ങിയ പുസ്തകം
നീ വായിച്ചു കഴിഞ്ഞുവോ?
അവളെ കൊന്നത്‌ അവന്‍
തന്നെയാണെന്ന്‌
ആ പുസ്തകവും പറയുന്നുണ്ടോ?

കഴിഞ്ഞ തവണ ഞാന്‍ പോയപ്പോള്‍
നീ വാങ്ങിയ പുസ്തകം
ഞാന്‍ വായിച്ചു കഴിഞ്ഞു
അവനെ കൊന്നത്‌ അവള്‍
തന്നെയെന്ന് ഈ പുസ്തകവും
പറയുന്നു..

(ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും
)