Friday, August 31, 2012

മരണാനന്തരം ദിവാകരന്‍ നീറുകളുടെ കൊട്ടാരത്തില്‍


എന്തുകൊണ്ടുണര്‍ന്നില്ല ഇതേവരെ
എന്ന് ജനലിലൂടെ
വന്നു ചോദിക്കും
വെയിലിനോട്
ഉണരുന്നില്ല ഇനിയെന്നു ചിരിച്ച്
നിറയെ നദികള്‍ നീന്തിയ
പാടുകള്‍
നെടുകെ വരഞ്ഞ
ശരീരത്തില്‍

ഇലകള്‍ കോര്‍ത്തുകെട്ടിയ
പച്ചക്കൂട്ടിനുള്ളില്‍
ഉണര്‍ച്ചയിലാര്‍ക്കും കണ്ടെത്താന്‍
കഴിയാത്ത ഇടവേളയില്‍
പുറത്തേക്കു മാത്രം നിലച്ച്
ജനലിലൂടെ പിണങ്ങി
വെയില്‍ മടങ്ങിയതിന്
ശേഷവും

മരിച്ചുകിടക്കുന്നു
വളരെയധികം കാലമായി
ദിവാകരന്‍

മരിച്ചവരുടെ സ്വപ്നങ്ങളില്‍
ചുവന്ന തൂവലുകള്‍
നെയ്തു ചേര്‍ക്കുന്നവര്‍
കൊടുംകാറ്റത്ത് തലപ്പുലയുമ്പോള്‍
മണ്ണിലേക്ക് മുറുകുന്ന വേരുകള്‍ പോലെ
പുറകോട്ടു വലിഞ്ഞ്
ഇലകള്‍ വളച്ച് ഉറക്കത്തില്‍ ദിവാകരനില്‍
നീറുകള്‍ പണിത
കൊട്ടാരത്തിനുള്ളിലൂടെ
വീശിവരുമ്പോള്‍
അതാ കിടക്കുന്നു
കോഴിവാലുള്ള എലികള്‍
ഉപ്പനെപ്പോലെ നീണ്ട കോഴികള്‍
ക്ഷ വലിക്കുന്ന കുതിരകള്‍
 
:         അറ്റുപോകുന്നതിന്‍ മുമ്പ്
  പരിസരം മറന്നനുകരിച്ചതിന്‍
  ബാക്കികള്‍                                   :

പിന്നെക്കുറേക്കാലം കഴിഞ്ഞ്
ദിവാകരന്‍ ഉണര്‍ന്ന്
പഴയ കുതിരകളെ ചവുട്ടിയുണര്‍ത്തി
പുറപ്പെടാന്‍ തയ്യാറായി നോക്കുമ്പോള്‍

ജീവിച്ചിരുന്നപ്പോളോര്‍മയില്‍
ചുറ്റിത്തിരിഞ്ഞവയില്‍
നിന്നടര്‍ത്തിയെടുത്ത
ദുസ്വപ്നങ്ങളിലെല്ലാം
ചുവന്ന തൂവലുകള്‍

എത്രകാലം കഴിഞ്ഞാണെങ്കിലും
എവിടെ നിന്നാണെങ്കിലും
ഉണര്‍ന്നുവരുമ്പോള്‍
സമര്‍ത്ഥമായ കുറ്റബോധങ്ങളെ
തനിക്കായി കാത്തുവെയ്ക്കുന്നവരെ
ഒന്നുകൂടി നോക്കി ചിരിച്ച്

മനോഹരമായി മരിച്ചുകിടക്കാന്‍
മറ്റിടങ്ങള്‍ തേടി
പൊയ്ക്കാലന്‍ കുതിരകള്‍ വലിക്കുന്ന
ചൂരല്‍വണ്ടിയില്‍

പാഞ്ഞുപോകുന്നു ദിവാകരന്‍
പിന്നാലെ പോകുന്നു സ്വപ്നങ്ങള്‍
സ്വപ്നങ്ങളിലെ അതിഥികള്‍
ചുവന്ന തൂവലുകള്‍

Monday, March 5, 2012

വിലാപകാവ്യം :(

നീ മരിക്കുമ്പോള്‍
ഞാന്‍ മറക്കാതെയെഴുതും
വിലാപകാവ്യം

അന്യായ അഴകായിരുന്നു
അടങ്ങാത്ത കൊതിയായിരുന്നു
അവിടെയും ഇവിടെയും
എപ്പോഴും തൊട്ടുനോക്കുമായിരുന്നു
അടിപൊളിയായിരുന്നു

എന്നൊക്കെ കാച്ചും

വിനോദകാവ്യം
എന്നു പേരിടും

Monday, February 13, 2012

കപ്പത്തോട്ടത്തില്‍ വഴിതെറ്റിയവരുടെ ന്യായങ്ങള്‍


 / വിഷം തീണ്ടുക എന്നതാണിപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം

: പൊഴിഞ്ഞതിനു ശേഷം കൈതത്തലപ്പില്‍ തൂങ്ങിക്കിടക്കുന്ന പടത്തില്‍ നിന്ന്, വെളിച്ചംമങ്ങിയതിന് ശേഷം മടങ്ങിവരുമ്പോള്‍ ഉപ്പൂറ്റിയില്‍ പിടിച്ച പല്ലുകളില്‍ നിന്ന്, മഞ്ഞപ്പൊടിപ്പൊതികള്‍ തുറന്ന് വായുവിലേക്ക് വീശിവീശിയെറിയുന്ന തീരെച്ചെറിയ കൈകളില്‍ നിന്ന്,  വായിലേക്ക് കിനിഞ്ഞിറങ്ങിപ്പോകുന്ന പച്ചിലകളുടെ കയ്പ്പില്‍ നിന്ന്, നല്ലചൂടുള്ള ദിവസം ചെറിയ കാറ്റുള്ള കപ്പത്തോട്ടത്തിലൂടെ ദൂരേക്ക് നടന്നു പോകുമ്പോള്‍ ആരുമില്ലാത്ത ഒരിടത്ത് എത്തിപ്പെട്ടതിന്റെ തോന്നലില്‍ നിന്ന് :

പ്രതീതികള്‍ ഫലിച്ചില്ലെങ്കിലൊടുവില്‍
പൊടിതിന്നിഴയുന്ന പാമ്പില്‍ നിന്ന് /

എല്ലാവരില്‍ നിന്നും പിണങ്ങുക എന്നതായിരുന്നു കുറച്ചു മുമ്പുവരെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. മനുഷ്യരില്‍ നിന്നും  നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും പൂവുകളില്‍ നിന്നും ഉപ്പിലിട്ട ഉണ്ണിമാങ്ങയില്‍ നിന്നും രുചിയില്‍ നിന്നും ലഹരിയില്‍ നിന്നും കണ്ണുകൊണ്ടും ഭാഷകൊണ്ടും കാണാവുന്ന എല്ലാത്തില്‍ നിന്നും പിണങ്ങിയതിന് ശേഷമാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി അത് വളര്‍ന്നു വന്നത്. പുല്ലിലോ പുഴുവിലോ മനുഷ്യനിലോ കൊള്ളാതെ ഭാഷയിലോ ചിത്രത്തിലോ പാട്ടുകളിലോ ഏറ്റവും പ്രീയപ്പെട്ടവയുടെ വിവരണങ്ങളിലോ ഒതുങ്ങാതെ ഏതാണെന്നറിയാതെ ഒന്നിലും ഒതുങ്ങാതെ വീണ്ടും എല്ലാവരില്‍ നിന്നും തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോള്‍ പിണക്കത്തിനോ ഇണക്കത്തിനോ വഴങ്ങാതെ ഒന്നിനെയും കൂസാതെ ആരാണ് ആരിലാണ് എന്നറിയാതെ ഞാന്‍ എന്ന നിഴല്‍ വീണ്ടും. കടുത്ത ശാഠ്യക്കാരെ ആര്‍ക്കാണ് അധികകാലം സഹിക്കാന്‍ കഴിയുക?

അതിനാല്‍ വിഷം തീണ്ടുക
മറ്റ് വഴികളില്ലാത്തതിനാല്‍, ഇനി

ഭൂമിയില്‍ സാധ്യമല്ലാത്ത ചിലതിന്റെ ഭാഷയിലെ നിലനില്‍പ്പ് എല്ലായ്‌പ്പോഴും ചിണുങ്ങുന്നതിനിടയിലും നമ്മുടെ ശാഠ്യക്കാരനെ രസിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, കൈതത്തുമ്പത്ത് പടം പോലെ പാറുന്ന ഉറയൊഴിഞ്ഞുപോയ പാമ്പില്‍ നിന്ന് എന്താണ് സാധ്യമാകുക, ഭാഷയിലെ തീണ്ടലുകള്‍ അല്ലാതെ ? ഇത്രത്തോളം വന്ന സ്ഥിതിക്ക് പിണങ്ങാതെ തിരിച്ചുപോകാന്‍ കഴിയില്ല എന്നിരിക്കെ ഭാഷയിലെ മാളങ്ങളിലെല്ലാം കയ്യിട്ടു നോക്കി

നീല : നീല : നീല : നീലയാകും നീ
ഇന്നു തീരും നിന്റെ ശാഠ്യജീവിതം

എന്ന് കണ്ണടച്ചിരിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല - കണ്ണു തുറക്കുമ്പോള്‍ പറഞ്ഞു പറ്റിക്കപ്പെട്ടതിന്റെ ജാള്യതയോടൊപ്പം എന്തുകൊണ്ടാണ് ഇത്രകാലം ശ്രമിച്ചിട്ടും പിണങ്ങാന്‍ പറ്റാത്തത് എന്നതിന്റെ വിശദീകരണം ഓര്‍മ്മവരികയും ചെയ്യും എന്നിരിക്കെ ഒരു കാര്യവുമില്ല.

കാര്യത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്നത് വലിയ ആശ്വാസമുള്ള കാര്യമാണ്. ഇനിയാണ്, നടപടിക്രമങ്ങള്‍... ഏറ്റവും അടുത്തെത്തിയ ശ്രമത്തെ ഓര്‍ത്തെടുക്കുക എന്നതാണ്  നടപടിയുള്ള ആദ്യത്തെ ക്രമം. ഓര്‍ത്തെടുക്കുക എന്നാല്‍ ഭാഷയിലെ മാളത്തിലേക്ക് വലതു കൈപ്പത്തി വീണ്ടും തിരികെ കേറ്റുക എന്നാണര്‍ഥമെന്ന് താങ്കള്‍ പറയുന്നത് ശരിയായിരിക്കാന്‍ ഇടയുണ്ട്. പക്ഷേ, അങ്ങനെയല്ലാതെയും ഉണ്ട് എന്ന ന്യായത്തില്‍ അവിടുന്നു തന്നെ തുടങ്ങാം

ആദ്യത്തെ പാമ്പ് വൃത്തിയായി പതിഞ്ഞിട്ടുണ്ട്. സന്ധ്യയ്ക്ക് കലുങ്കില്‍ നിന്ന് താഴേക്ക് പോകുന്ന സൂര്യനെ കാത്തുനിന്ന് തോട്ടിലേക്ക് തലകുത്തി വീണ വെളിച്ചം തീര്‍ന്നു പോകുന്നതിനു മുമ്പ്  മണ്ണെണ്ണവിളക്ക് പിടിക്കാന്‍ പാഞ്ഞു പോകുന്നതിനിടയിലാണ്, ആദ്യത്തെ പാമ്പ്, അണലിയോളം സുന്ദരന്‍.

അവനെ പ്രതീക്ഷിച്ച് നമ്മള്‍ ഭാഷയില്‍ നിന്ന് പറത്തു കടക്കുന്നു.   ഇവിടെ ഇപ്പോഴാരുമില്ലാത്ത ഈ വിശാലമായ പാടത്ത് സൂര്യനെപ്പോലെ ഒറ്റയ്ക്ക് കാത്തു നില്‍ക്കുന്നു. നൈരാശ്യത്തിന്റെ സായന്തനങ്ങളില്‍ എന്തൊരു സുഖമുള്ള കുളിരായിരുന്നു എന്ന് വിരസത വിരിച്ചിട്ട ആവര്‍ത്തനങ്ങളില്‍ കുളിച്ച്  തലതോര്‍ത്തി പോരുന്നതിനിടയില്‍ വെറുതേ കുസൃതി കുതിച്ചു കയറിവരുന്നതു പോലെ അതിസുന്ദരാ നിന്നെ പ്രതീക്ഷിച്ചിവിടെ,  ഭാഷയില്‍ നിന്നെ മലര്‍ത്തിയടിച്ചതിന് പ്രതികാരമര്‍ഹിച്ച് കുറ്റബോധത്തിന്റെ കുടുസുമുറികളില്‍ നിന്നിറങ്ങി നേരിട്ട്.

ആദ്യത്തെ വിമതയെ സ്ത്രീലിംഗത്തിലേക്കും ആദ്യത്തെ ഒറ്റുകാരനെ ആണിലേക്കും നിര്‍ബന്ധിച്ചതിനു ശേഷം കെട്ടുകഥകളുടെ ഭാണ്ഡവുമായി ആട്ടിന്‍പറ്റങ്ങള്‍ക്കു പിന്നാലെ പായുന്നവര്‍ പോലും കാണാനിടയില്ല, അകലെയീ പാടത്ത് ആഞ്ഞൊന്നു പിണങ്ങാന്‍ കൊതിച്ച് പരസ്പരമറിയാത്ത എല്ലാ ജീവികള്‍ക്കുമിടയില്‍, അപ്രസക്തതയുടെ പ്രകടനങ്ങള്‍.

അല്‍പം വിഷം പോലും വേണ്ട സമയത്ത്
കൈമാറാന്‍ കഴിയാത്തതിനാല്‍ മാത്രമുള്ള പിന്‍വാങ്ങലുകള്‍

Friday, February 3, 2012

കുതന്ത്രങ്ങളില്‍ കാറ്റ് / കാറ്റാടികള്‍


കാറ്റിനെത്തിരക്കി നടക്കുകയാണ്
കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി

കയ്യിലൊരോല കാറ്റാടിയുമായി
കാലങ്ങളായൊരൊഴിഞ്ഞ കോണില്‍
കാറ്റിനെകാത്തുനില്‍ക്കുന്ന കുട്ടി
അയാളോടുതന്നെ ചോദിച്ചു : -

കണ്ടോ കാറ്റിനെ?

ഒഴിഞ്ഞൊഴിഞ്ഞൊന്നുമില്ലാത്ത
പാത്രം പോലെ ശുദ്ധശൂന്യം ഈ കുട്ടി
അവനുചുറ്റും നിശ്ചലതപസ്സില്‍ ഇലകള്‍

അവനുപിന്നില്‍
കയ്യിലോല കാറ്റാടിയേന്തിയ ഒരു കുട്ടിയുടെ ചിത്രം
മേല്‍ക്കൂരകളില്ലാത്ത ഭിത്തികള്‍
- : മണ്ണുതേച്ച് ഏതോ യുദ്ധകാലത്തിനു മുമ്പ്
നാണമില്ലാതെ ശരീരത്തിലേക്ക്
കൂപ്പുകുത്തുവാന്‍
ആണും പെണ്ണും കെട്ടിപ്പൊക്കിയ ഭിത്തികള്‍ : -

വെറും ഭിത്തികള്‍

ജീവനെയും ജീവജാലങ്ങളേയും
തിരിച്ചെടുത്ത്
എല്ലാം നന്നായിരിക്കുന്നെന്നു കണ്ട്
ജൂതരുടെ ജാലവിദ്യക്കാരന്‍ ദൈവം
ഏഴാം വരിയിലൊരു പായ്ക്കപ്പലില്‍
വിശ്രമിക്കാന്‍ പോയതിനുശേഷം
ബാക്കിയായ ഭിത്തികള്‍
ബാക്കിയായ കുട്ടി, ബാക്കിയായ കാറ്റാടി

അവരോടാണ് തത്വവിചാരം

   : - ആണിയടിച്ചുറപ്പിച്ച ചിത്രമേ
ആടാതെപാടില്ലേ നിനക്ക്
കാറ്റിലെന്തിരിക്കുന്നു
കാറ്റുണ്ടെങ്കിലുണ്ടോ ഇരിക്കപ്പൊറുതി?

അല്ലെങ്കില്‍ വേണ്ട, നിങ്ങളിരിക്കൂ
ഹെലികോപ്റ്ററുകളുടെ കഥ കേള്‍ക്കൂ
ഹെലികോപ്റ്ററോളം
ഭ്രമിച്ചുപോയൊരാളുടെ കഥ

കേള്‍ക്കൂ

രണ്ട് ചിതല്‍പ്പുറ്റുകളിലൊന്നിന്റെ നട്ടുച്ചയില്‍ നിന്ന്
താഴേക്ക് ചാടുവാന്‍
തയ്യാറെടുത്തു നില്‍ക്കുന്നൊരാള്‍
വളരെവളരെ പഴയ ഒരാള്‍
അയാളുടെ കഥ
രൂപകാതിശയോക്തി അയാള്‍ക്ക് ജീവിതം

രണ്ട് ഉയര്‍ച്ചകള്‍ക്കിടയിലെപ്പോഴും
ആഴത്തിലയാളെ പ്രലോഭിപ്പിച്ച്
കണ്ണെത്താത്ത താഴ്ച
താഴ്ചയിലേക്ക്
ശ്ര്‍ര്‍ എന്നൊരുകുട്ടി എയ്തുവിട്ട
കടലാസ്‌റോക്കറ്റുകള്‍ക്കു പിന്നാലെ
ആര്‍ത്തിയോടെ പായുന്ന കാറ്റ്

രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍
അക്കരെയിക്കരെ ഒഴുകിപ്പോകുന്ന
ഇരിക്കപ്പൊറുതിയില്ലായ്മ അയാള്‍ക്കു നിമിഷങ്ങള്‍
നായകന്മാരുടെ രക്തം കുതറിയൊഴുകുന്ന
ഞരമ്പുകള്‍ അയാളുടെ പ്രതലം
ഒരു തുമ്പില്‍ നിന്ന് അങ്ങേത്തുമ്പിലേക്ക്
പറക്കാനയാളില്‍ വെമ്പുന്നു ഹെലികോപ്റ്ററുകള്‍

ഒരു കാല്‍ കൂടുതല്‍ ശക്തിയായി ഊന്നി
ഒരു കൈ ഇടുപ്പില്‍ കുത്തി
ആകാശത്തേക്ക് നോക്കി
അയാളാജ്ഞാപിക്കുന്നു
വരട്ടെ രണ്ട് തുമ്പുകള്‍ക്കിടയ്ക്ക്
കണ്ണെത്താത്ത കഞ്ചാവുതോട്ടം
വരട്ടെ കൂര്‍ത്ത പാദുകങ്ങള്‍
ഇരട്ടക്കുഴല്‍ തോക്കുകള്‍
പടരട്ടെ ഞാന്‍, എന്നില്‍നിന്നനവധി
നായകന്മാരുടെ ഞരമ്പുകള്‍

കുതന്ത്രങ്ങളില്‍ കാറ്റ് അയാളെ നോക്കിയിരുന്നു
എന്റെ കുട്ടീ, ഇപ്പോള്‍ നിന്നെയെന്നപോലെ
മറ്റൊരു മരത്തിന്റെ പിന്നില്‍
ചുണ്ടിലൊരു പുകക്കുഴലുമായി
കാറ്റ് അയാളെത്തന്നെ നോക്കിയിരുന്നു

രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍,
കഞ്ചാവിലകളില്‍ പതുങ്ങിയിരിക്കുന്ന ഒച്ചുകളില്‍
അയാളുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങി വരുമ്പോഴെല്ലാം
അയാളെത്തന്നെ നോക്കിയിരുന്നു
കയ്യിലൊരോല കാറ്റാടിയുമായി കാറ്റ്

ചുണ്ടില്‍ നിന്ന് ബീഡികളഞ്ഞ് പിന്നെയൊരു ദിവസം
കാറ്റ് എണീറ്റുവന്നു
കൂര്‍ത്ത പാദുകവും ഇരട്ടക്കുഴല്‍ തോക്കും
പ്ലാവിലത്തൊപ്പിയില്‍ പക്ഷിത്തൂവലും ധരിച്ചു

പറക്കുന്നവയിലെല്ലാം കാറ്റ്
താഴ്ചയിലുമുയര്‍ച്ചയിലും കാറ്റ്
ചില ചെരുവുകള്‍ ചെത്തിയെടുക്കുമ്പോള്‍
അയാളുടെ ഹെലികോപ്റ്റര്‍
ഹൂറേ ഹൂറേ എന്നാര്‍ത്തു വിളിച്ചു
അനേകായിരം തുമ്പികളില്‍
കാറ്റ് പിന്നാലെ പറന്നു
മറ്റൊരു ചെരിവില്‍വച്ച്
കാറ്റ് അയാളെ പണിതു
കാറ്റിനുമാത്രമറിയാവുന്ന
ഭൂമിയിലെ മാളങ്ങളില്‍ നിന്നെലികള്‍
അയാളിലേക്കിറങ്ങി വന്നു
അയാള്‍ക്കു പിറകില്‍
കഞ്ചാവുതോട്ടങ്ങള്‍ക്കു മുകളില്‍ പാറുന്ന
ഹെലികോപ്റ്ററിന്റെ ചിത്രം
തൂക്കിയിട്ട്
വീഴ്ത്തിക്കളഞ്ഞവയുടെ ചിത്രങ്ങള്‍
മറ്റിടങ്ങളില്‍ തൂക്കാന്‍ കാറ്റുപോയി

കാറ്റിനെത്തിരക്കി നടക്കുകയാണ്, അന്നുമുതല്‍
കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി

    - : കണ്ടുകിട്ടിയാല്‍ തീര്‍ത്തുകളയും

പൊടിക്കാറ്റുകൊണ്ടുപോയ മേല്‍ക്കൂരകള്‍
കൂട്ടത്തോടലറുന്നത്
കഥതീരുമ്പോളയാള്‍ക്കു കേള്‍ക്കാം
നിറഞ്ഞ സദസ്സിന് നടുവില്‍
മുകളിലേക്ക് കൈവിരിച്ചയാള്‍ നില്‍ക്കുമ്പോള്‍
മുഴങ്ങുന്ന ആരവം കേള്‍ക്കാം
ജാലവിദ്യക്കാരുടെ ദൈവം
ഞരമ്പുകളിലേക്ക് തിരിച്ചുവരുന്നതിന്റെ
ഒച്ച കേള്‍ക്കാം

അതേ നിമിഷത്തില്‍
അതേ ചിത്രത്തില്‍ നിന്ന്
ഇടങ്കണ്ണിട്ടു നോക്കി
കുട്ടി
അയാളോടു തന്നെ ചോദിച്ചു

: - കണ്ടോ കാറ്റിനെ?

Friday, January 27, 2012

നമ്മള്‍ പറഞ്ഞുവന്ന രാത്രിയില്‍

നമ്മള്‍, നമ്മള്‍ രണ്ടുപേര്‍
പറഞ്ഞിട്ടു വന്ന രാത്രിയില്‍
പുല്ലുചെത്തിയൊരുക്കി
ഇഷ്ടികയ്ക്കുമേല്‍ ഇഷ്ടികവച്ച്
പൂന്തോട്ടവും നീന്തല്‍ക്കുളവും വരച്ച്
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍

ഇതേരാത്രിയിലല്ലെങ്കില്‍
മറ്റേതു രാത്രിയില്‍ അയാള്‍ വായിക്കും
എന്നെപ്പിടിക്കൂ എന്നെപ്പിടിക്കൂ
എന്നൊരഴകന്‍ പച്ചത്തവള
എപ്പോഴും കരയുന്ന
ഉദാസീനരുടെ ഉറക്കം പോലെ
ആഴമുള്ള ഈ കിണറിനെ

കൊയ്തുകഴിഞ്ഞ പാടത്തേക്ക്
കയ്യില്‍ മൂന്നു ബാറ്ററിയുടെ ടോര്‍ച്ചുമായി
തവളയെത്തേടി പാതിരാത്രിയില്‍
പുറപ്പെടുന്നൊരാള്‍, അയാള്‍
ഉരഗം അയാളുടെ മൃഗം
കടിച്ചുപിടിച്ചൊരു കമ്പില്‍
കടിച്ചുപിടിച്ചുകിടക്കുന്ന അയാളെ
പറത്തിക്കൊണ്ടു പോകുന്നു
ഉരിയാടാതൊരുപാടുകാലമായി
വായുവില്‍ പറക്കുന്ന പക്ഷികള്‍

പകല്‍ വെയില്‍ തളര്‍ത്തിയ
മരത്തിന് കീഴില്‍
നമ്മള്‍ പറഞ്ഞു വരുത്തിയ
മെഴുകുതിരികള്‍
നമ്മളൂതി വിടുന്ന പുക
നമ്മളെ പഠിക്കാന്‍
മിന്നാമിനുങ്ങുകളില്‍ നിന്നെത്തിയ
പണ്ഡിതര്‍

അതിനിടയില്‍ നിന്ന് അയാള്‍ പോകുന്നു
ഉദാസീനരുടെ ഉറക്കത്തെ വായിക്കാന്‍
പാമ്പില്‍ നിന്നും തവളയില്‍ നിന്നും പിടിവിട്ട്
പക്ഷികളില്‍ നിന്ന് താഴേക്ക്
അയാള്‍ പോകുന്നു

നമ്മള്‍ പറഞ്ഞു വരുത്തിയ ഈ രാത്രിയില്‍
നമ്മള്‍ എന്ന പ്രയോഗത്തില്‍
നീയും ഞാനും തനിച്ച്
നമുക്കുചുറ്റം
ചെത്തിത്തേയ്ക്കാത്ത ഇഷ്ടികകള്‍
പൂവില്ലാത്ത പൂന്തോട്ടം
നീന്താനറിയാത്തവരുടെ കുളങ്ങള്‍
നമ്മള്‍ക്കു മുമ്പും നമ്മള്‍ക്കു ശേഷവും
പലനിറങ്ങളില്‍ മണ്ണ്, മണ്ണിലുള്ളവ

പാളിപ്പോയ വസ്തുസങ്കല്‍പ തന്ത്രം
നമ്മള്‍ എന്ന പ്രയോഗം
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍