Saturday, December 27, 2008

നടപ്പുദോഷങ്ങള്‍

കാത്തുനില്‍ക്കുന്നവളുടെ
ഇരുപ്പും കിടപ്പും
എന്തുചെയ്യുന്നുണ്ടാവും
എന്നു ചിന്തിച്ച്‌
നിന്നു പോയതിനാലാണ്‌
വൈകിയത്‌

എന്തു ചെയ്താലെന്ത്
എന്നുറപ്പിച്ച്‌
ഓടിയെത്തുമ്പോഴേക്കും
നടപ്പ്‌
അവളില്‍
പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു

ഇനി ഇരുന്ന്
ചിന്തിക്കാമെന്നിരിക്കെ
ഓടിച്ചിട്ടു പിടിക്കാന്‍
തോന്നുന്നതിന്റെ
കിടപ്പു വശമെന്ത്‌?

Monday, December 22, 2008

ആംബുലന്‍സുമായി വന്നുനില്‍ക്കില്ലേ

പ്രഭാതം (ഭക്ഷണം)
ഉച്ച (ഭക്ഷണം)
സന്ധ്യ (ബിയര്‍, കഞ്ചാവ്‌) :-

ഇരുനൂറു രൂപ ഉണ്ടെങ്കില്‍
തീര്‍ത്തടുക്കാം ഈ ദിവസം
ഇരുപതു രൂപ കൂടിയുണ്ടെങ്കില്‍
ഒരു പായ്ക്കറ്റ്‌ സിഗരറ്റില്‍
രാത്രി കടക്കാം
ഭാഗ്യം, സ്വയംഭോഗത്തിന്‌ ഇതുവരെ
നികുതിയടയ്ക്കേണ്ടതില്ല

അങ്ങനെ ചെയ്താല്‍
വെറും ഇരുനൂറ്റിയിരുപത്‌ രൂപയ്ക്ക്‌
ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന
വിലകൂടിയ ഇനം അടിമയാണ്‌ ഞാനെന്ന്‌
നിങ്ങള്‍ക്ക്‌ തോന്നും

എനിക്കെന്നെക്കുറിച്ച്‌
എന്തൊക്കെ തോന്നിയാലും
നിങ്ങള്‍ക്കെന്നെക്കുറിച്ച്‌
തെറ്റായി ഒന്നും തോന്നാന്‍ പാടില്ല എന്ന്‌
നിര്‍ബന്ധമുള്ളതിനാല്‍

ഇരുനൂറ്റിയിരുപത്‌ രൂപ
ഇന്നു ഞാന്‍ ഉണ്ടാക്കില്ല

ആ സമയത്ത്‌ ചിന്തിക്കാനാണ്‌ പദ്ധതി

ഹോട്ടലുടമകളേ
ബിയര്‍ പാര്‍ലര്‍ നടത്തിപ്പുകാരേ
എന്റെ പ്രിയപ്പെട്ട കാമുകിമാരേ

ഞാനിന്ന്‌ ചിന്തിച്ച്‌ വശംകെടും

Sunday, December 21, 2008

പെണ്‍മക്കള്‍ അച്ഛന്‍മാര്‍ക്കയച്ച കത്തുകള്‍

പറയേണ്ടിയിരുന്നതൊന്നും അതിലുണ്ടായിരുന്നില്ല

തലയിലെടുത്തുവച്ച്‌
പൂക്കൊമ്പത്തേക്ക്‌
കൈ എത്തിച്ചു തരുമ്പോള്‍
നിങ്ങളായിരുന്നു
എന്റെ നായകന്‍ എന്ന്‌
അതൊരിക്കലും
വെളിപ്പെടുത്തിയില്ല

ഇപ്പോള്‍ നിന്റെ കൂടെയുള്ളവന്റെ
വളര്‍ച്ചയില്ലായ്മയെക്കുറിച്ച്‌
ഞാനിപ്പോള്‍ വിളിച്ചുപറയുമെന്ന്‌
ഒരു വാക്കുപോലും
കത്തുകള്‍ക്കുള്ളിലെ
പേടിപ്പിക്കുന്ന അച്ചടക്കം ലംഘിച്ചില്ല

അമ്മയ്ക്കു സുഖമാണോ എന്ന്‌
മുറിഞ്ഞുമുറിയുന്ന കൌതുകം
ആരിലും ഒന്നും ജനിപ്പിച്ചില്ല

അതുകൊണ്ടാണ്‌ അച്ഛന്‍മാര്‍
ഒന്നും മനസ്സിലാക്കാത്തത്‌
എന്നു കരുതരുത്‌:
അവര്‍ക്കെല്ലാം അറിയാം

പെണ്‍മക്കള്‍ അച്ഛന്‍മാര്‍ക്കയച്ച കത്തുകള്‍ പോലെ
പറയാതെ അറിയുമ്പോഴാണ്‌,
പറയുന്നത്‌ അറിയിക്കാന്‍ വേണ്ടി
അല്ലാതാകുമ്പോഴാണ്‌

ജീവിതം അച്ഛന്‍മാരുടെ കലയല്ലാതാകുന്നത്‌
ആണ്‍മക്കള്‍
കത്തുകള്‍ വെറുത്തു തുടങ്ങുന്നത്‌

അച്ഛന്‍മാരെപ്പോലെ
നടിച്ചു തുടങ്ങുന്നത്‌

Thursday, December 11, 2008

ടിം ടിഡിം ടിഡിംഡിം ഡിം

ഇപ്പോള്‍ കേട്ടില്ലേ
(കള്ളം പറയരുത്‌ നിങ്ങള്‍ കേട്ടു)
അതാണ്‌ പശ്ചാത്തല സംഗീതം
അതെന്തിനാണെന്നല്ലേ
വിശദാംശങ്ങളില്‍ നിന്ന്‌
നിങ്ങളുടെ ശ്രദ്ധയെ ആട്ടിക്കളയാനാണ്‌

എന്താണ്‌ നിങ്ങള്‍ വായിക്കേണ്ടത്‌
കാണേണ്ടത്‌ കേള്‍ക്കേണ്ടത്‌
എന്ന്‌ തീരുമാനിക്കേണ്ടത്‌
വിശദാംശങ്ങളല്ല
അംശാധികാരിയാകാനിടയുള്ള
ഞാനാണെന്നത്‌
പണ്ടേ അംഗീകരിക്കപ്പെട്ട സത്യമാണല്ലോ;
പണ്ടുള്ളതെല്ലാം തനി പണ്ടങ്ങളല്ലേ;
മുക്ക്‌ പിന്നീടല്ലേ നിഘണ്ടുവില്‍
കയറിക്കൂടിയത്‌

ഹോ, സാമാന്യ നിയമങ്ങളെക്കുറിച്ചുകൂടി
വിശദീകരിക്കേണ്ടി വരിക കഷ്ടം തന്നെ

അപ്പോള്‍ ഞാനെന്താണ്‌
ചെയ്യുന്നത്‌ എന്നല്ലേ

അട്ടിമറിക്കുകയാണ്‌
തകര്‍ക്കുകയാണ്‌

ഇങ്ങനെ എല്ലാം തുറന്നുപറഞ്ഞ്‌
ഗൂഢാലോചനയിലേര്‍പ്പെടുന്ന ഒരാള്‍
വേറെന്താണ്‌ ചെയ്യുന്നത്‌ സുഹൃത്തേ

ഇനി കുറച്ചുനേരം കൂടി
പശ്ചാത്തല സംഗീതം കേട്ടു നോക്കൂ

എല്ലാം മനസ്സിലാകുന്നില്ലേ
പിറകേ പോരുകയല്ലേ?

Wednesday, December 10, 2008

ആത്മഗ(ണി)തം

'എന്തു സുന്ദരം' എന്നതില്‍
നിരാശ രണ്ട്‌ ടീ സ്പൂണ്‍ കൂടുതലാണ്‌,
കണ്ണാടിയില്‍ നോക്കിയല്ല പറയുന്നതെങ്കില്‍.

അതറിയുന്നതു കൊണ്ടു മാത്രം പക്ഷേ
ഇല്ലാതാക്കാന്‍ കഴിയില്ല
അവനവനോടുള്ള പിറുപിറുക്കലുകളുടെ
പ്രതിദ്ധ്വനിയെ; പരപുച്ഛത്തെ.

കുറേക്കൂടി സുന്ദരമായ
എന്തിനെയെങ്കിലും കാണാനല്ലെങ്കില്‍
പിന്നെന്തിനാണ്‌
കണ്ണാടികള്‍വിട്ട്‌
നമ്മള്‍ പുറത്തിറങ്ങുന്നത്‌?

നമ്മളില്‍തന്നെ ഉറപ്പുകള്‍
വരുത്തുന്നത്?

Wednesday, December 3, 2008

ഇനി നീ ഒളിക്ക്, ഞാന്‍ കണ്ടുപിടിക്കാം

മുകളിലേക്കുനോക്കി മഴ ഒഴിച്ചു തരുമ്പോഴും
ഇടത്തേകയ്യുടെ മടക്കില്‍
ഒളിച്ചിരിപ്പുണ്ടാകും സംഗീതം
പുറത്തുവച്ച്‌ കാണുമ്പോള്‍ കൈനിവര്‍ത്തി പറത്തിവിടും
---എത്രകാലമാണിങ്ങനെ ഒരേദിശയിലേക്ക്‌ എന്നതിനാല്‍
ഒരുകൂട്ടം മരച്ചില്ലകള്‍ പക്ഷികളിലേക്ക്‌ പറക്കുന്നതു പോലെ തോന്നും---

കാല്‍മുട്ടുകള്‍ ഇളകിമറിയുന്നത്‌
താഴേക്ക്‌ നോക്കി നില്‍ക്കുമ്പോഴും
മഴ കുടിക്കുന്നവന്റെയുള്ളിലെ ഉഷ്ണകാലം
മറവിയായി പുറത്തുണ്ടാവും
അകത്തേക്ക്‌ കടന്നിരിക്കുമ്പോള്‍
ചെവിയിലേക്ക്‌ മുലത്തണുപ്പ്‌
ഊതിത്തരും
---മലചുറ്റി വളര്‍ന്ന കാട്‌ മലയിറങ്ങുന്നവന്റെ തലയൊപ്പത്തില്‍
താഴേക്ക്‌ വളഞ്ഞുവളഞ്ഞ്‌ അരുവിപോലെ ഇറങ്ങിവരും---

ഇല്ലാത്തവയുടെ കുറ്റബോധങ്ങളാണ്‌ ഉണ്ടായിരുന്നവ
എന്ന താളം
ഒരു തോന്നല്‍പോലെ കൂടെവരും
നമ്മള്‍ ചേര്‍ന്നിരിക്കും
എത്രകുടിച്ചാലും തീര്‍ന്നുപോകില്ല ഈ മഴ, സംഗീതം,
പിരിയുമ്പോഴുള്ള തണുത്ത കാറ്റ്‌
---ഒന്നും ബാക്കിയുണ്ടാവില്ല ഒന്നും
നഗ്നത എന്ന വാക്കുപോലും---

ഉണ്ടായിരുന്നവയുടെ
തോന്നലുകളാണ്‌
ഇല്ലാത്തവയെന്ന്‌
അറിഞ്ഞിട്ടു തന്നെയാണെല്ലോ
ഈ ഒരുമിച്ചു കുടിക്കല്‍

2

ഒറ്റയ്ക്കേ നടന്നുപോകൂ
ഒറ്റയ്ക്കേ തിരിച്ചുവരൂ
ഒറ്റയ്ക്കേ പെയ്തൊഴിയൂ
---ചില്ലകളില്ലെങ്കില്‍ എത്രനിസ്സഹായം പക്ഷിജന്‍മം എന്ന്‌
മരച്ചുവട്ടിലിരുന്ന്‌ ആരോപാടിയത്‌ നമ്മളില്‍ ചിറകാകും
തൂവല്‍ പോലെ നാം മെലിയും---

അതിനാല്‍,

ഭൂപടത്തില്‍ നിന്ന്‌ അടുത്തവഴി
പുറത്തെടുത്ത്‌ കുടഞ്ഞു വിരിക്കുമ്പോള്‍
രണ്ടായേ ഉണ്ടാകൂ നമ്മള്‍