മറ്റുള്ളവരുടെ പേരുകളിലേക്ക്
കയ്യൊഴിയുകയാണ്
ദിവാകരന്‍ സ്വന്തം പേരിലുള്ളതെല്ലാം
ദിവാകരന്റെ വീട്, കുട്ടികള്‍, ഭാര്യ
പല ഉപയോഗങ്ങള്‍ക്കുള്ള
ലൈസന്‍സുകള്‍
ജനനം മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍
കാമുകിമാരുമൊത്തുള്ള പഴയ ചിത്രങ്ങള്‍
അങ്ങനെ നിലവിലുള്ളതെല്ലാം
മറ്റ് പേരുകളിലേക്ക് മാറുകയാണ്
പഴയ ഒരു വാഷിംഗ് മെഷീനും
ദിവാകരന്‍ എന്ന പേരും മാത്രമാണ്
ഏറ്റെടുക്കാനാളില്ലാതെ
ഒടുവിലവശേഷിച്ചത്
ഉടുപ്പുകളെക്കുറിച്ച്
കവിതയെഴുതുകയല്ലാതെ
എന്തുചെയ്യാനാകും
അയാള്‍ക്ക് ഇപ്പോള്‍?
പുഴനിറയെ ചത്തുപൊന്തിയ
മീനുകളെക്കണ്ട്
അലക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവര്‍
അലമുറയിട്ടുവെന്നല്ലാതെ
എന്താണെഴുതുക
വാഷിംഗ് മെഷീന്‍
എന്ന കവിതയില്‍ അയാള്‍?