Monday, September 22, 2014

കാണാം ചെറുതായി അകലെ നിന്നാലൊരു

1


പാടവരമ്പത്തൂടെ കയ്യിലൊരിലയുമായി
നടന്നുവരുന്നു, അദ്ദേഹം

മഴപെയ്തു നിറഞ്ഞ പാടത്തിന്റെ
നടുക്ക്
പുല്ലുതെളിച്ചെടുത്ത
വട്ടത്തില്‍
കിടക്കുന്നു, പോത്ത്

നടന്നുവന്നഅദ്ദേഹം
ഇലതാഴെവച്ച്
കുനിഞ്ഞ്
സോപ്പും ചകിരിയുമെടുത്ത്
പോത്തിനെ
തേച്ചുകുളിപ്പിക്കാന്‍ തുടങ്ങി

പോത്തു കുളിക്കുമ്പോള്‍
മഴയ്ക്കു കുറുകേയൊരു
നീളന്‍ കണ്ണാടി
താങ്ങിപ്പിടിച്ചുകൊണ്ട്
ദൂരെവരമ്പത്തൂടെ
നടന്നു വരുന്നു
അദ്ദേഹത്തിന്റെ ഭാര്യ

എത്തിയപാടെ പുള്ളിക്കാരി
തോളത്തുനിന്നും
തോര്‍ത്തെടുത്ത് നീട്ടി
അപ്പോഴേക്കും
കുളികഴിഞ്ഞെണീറ്റ പോത്തിനെ
തോര്‍ത്തുവാങ്ങിയദ്ദേഹം
ഒപ്പിയെടുത്തു

ആള്‍നീളമുള്ള കണ്ണാടി
പുള്ളിക്കാരിയപ്പോള്‍
പോത്തിനു നേരേ നീട്ടി
കൊള്ളാം എന്ന്
പോത്ത് തലയാട്ടി

2

വരമ്പത്തൂടെ
മൂന്നുപേരൊരു വരിയായി
തിരിച്ചുപോകുമ്പോള്‍
ചെവിപ്പുറകിലൊരീച്ച
പോത്തിനെ
വല്ലാതുലച്ചു
ചെവിയ്ക്കുചുറ്റും കറങ്ങിയലോസരം
ഏറെനേരമായി എന്തോപറയുന്നു

പിന്നോട്ടു കൊമ്പുകൊണ്ടൊന്നുവെട്ടി
പോത്ത് ഞെട്ടിത്തിരിഞ്ഞുനോക്കി
ചെറിയവ്യത്യാസത്തിന്
കൊമ്പിന്‍മുനമ്പ് ഈച്ചയെ
ഒഴിഞ്ഞുപോകുന്നത്
കുമിളക്കണ്ണിന്റെ
കോണിലൂടെക്കണ്ടതിന്‍ ഇച്ഛാഭംഗം
പോത്തിന്‍മണ്ടയില്‍
നിര്‍ത്തലില്ലാതെ ഓടി
അരനിമിഷം അതില്‍ തെന്നി
നാലുകാലില്‍ മറിഞ്ഞ്
വരമ്പിലൂടൂര്‍ന്ന്
പാടത്തുകിടക്കുന്നു
വളരെയടുത്ത് വിശദമായി
കുളിച്ചതിനു ശേഷം പോത്ത്

അദ്ദേഹവും ഭാര്യയും
വരമ്പത്തുനിന്ന്
പൊട്ടിച്ചിരിക്കുന്നു
പുള്ളിസാരിക്കാരി നീട്ടിപ്പിടിച്ച കണ്ണാടിയില്‍
വീണുകിടന്ന് ചിരിക്കുന്നു
മഴപെയ്തു നിറഞ്ഞ പച്ചപ്പാടം

(സമകാലീന മലയാളം വാരിക)