Monday, October 22, 2007

പുരാതനം പക്ഷേ

ഇനിയിപ്പോള്‍
ആരും വരുവാനില്ല എന്ന്‌
നമ്മുടെ വീടിന്‌
പുതുമോടി മങ്ങുകയാണ്‌.

പരസ്പരം കണ്ടുതീര്‍ക്കാനുള്ള
ആര്‍ത്തിമൂലം
ചില്ലകള്‍കൊണ്ട്‌
നമ്മള്‍തീര്‍ത്ത വീട്‌
കാഴ്ചകളില്ലാതെ
വെയിലേല്‍ക്കുകയാണ്‌.

ഉള്ള നമ്മുടെ ഇല്ലായ്മയില്‍
തുറന്നവീട്‌ പൂട്ടിക്കിടക്കയാണ്‌.

കത്തുന്ന അടുപ്പില്‍
നിന്നു നീയും
മരണമില്ലാത്ത മഴപ്പാറ്റയില്‍
നിന്നു ഞാനും
പറന്നേ പോകുകയാണ്‌.

പറക്കുന്നത്‌
പുതിയ ഒരാകാശവും
കണ്ടെത്താനല്ല എന്നറിയുമ്പോള്‍
നമ്മള്‍ ചിലപ്പോള്‍
തിരിച്ചെത്തിയേക്കാം;
വീണ്ടും
നമ്മുടെ തന്നെ നഗ്നതയില്‍
തീ പൂട്ടിയേക്കാം.

അപ്പോഴുമുണ്ടാകുമോ
നമ്മെക്കാള്‍ വലിയ
ഏകാന്തതയില്‍
നമ്മുടെ വീട്‌?

കാഴ്ചകള്‍ മടുത്താരും
മടങ്ങിവരാതിരിക്കില്ല
എന്ന പ്രാചീന നിസ്സംഗതയില്‍
അതിന്‌
അത്രകാലം കാത്തിരിക്കാനാവുമോ?

Monday, October 15, 2007

പള്‍പ്പ്‌ ഫിക്ഷന്‍


1

മഴപെയ്തു നിറഞ്ഞ
ഈ തെരുവ്‌
എന്റേതാണ്‌.
ഓരോ മൂലയിലും
എന്റെ ചാരന്മാരുണ്ട്‌.
അതിക്രമിച്ചവരൊക്കെ
വെടിയേറ്റു പിടഞ്ഞിട്ടുണ്ട്‌.

എന്റെ പേര്‌
ദീന്‍ദയാല്‍ റോഡ്രിഗ്യൂസ്‌
പേരുകേട്ടാല്‍ വിറയ്ക്കും
വിറപ്പിക്കും.

ഞാനാണ്‌ കാസനോവ
ഞാന്‍തന്നെ റാസ്പുട്ടിന്‍
വെളിച്ചം കാണുന്നിടത്ത്‌ കണ്ടില്ലേ
അവളാണ്‌ ഹെലന്‍
മുലക്കണ്ണിന്‍ കോണുതാഴ്ത്തി
എന്നെ വിളിക്കയാണ്‌.

തുടയിടുക്കില്‍
ഇന്നുരാത്രി കപ്പലടുക്കും.
ചരക്കുകള്‍ പലതും വരുവാനുണ്ട്‌.
അതിനുമുമ്പ്‌
അന്തര്‍വാഹിനി വെച്ചൊരു
കളിയുണ്ട്‌.

2

ഈ തെരുവ്‌ എന്റേതാണ്‌.
ഒരു രാജ്യദ്രോഹിയും
എന്റെ മച്ചാനല്ല.
സഹോദരിമാരെയും
അമ്മമാരെയും ഞാന്‍ സംരക്ഷിക്കും.
കലുങ്കിലിരുന്ന്‌ കമന്റടിക്കുന്നവനെ
കാച്ചിക്കളയും.
അടിവസ്ത്രമിടാതെ
രാത്രി നിരത്തിലിറങ്ങുന്നവന്‍
അകത്തു കിടക്കും.
മുഴുവന്‍ ദൈവങ്ങളും
നീണാള്‍ വാഴേണം.

ഞാനാണ്‌ നീതി
ഞാന്‍ തന്നെ സാരം
ഞാനുറങ്ങാറില്ല
എനിക്കു പേരില്ല


3

തെരുവില്‍ വെടിമുഴങ്ങി
സിനിമ കഴിഞ്ഞുവന്നവര്‍
ചിതറിയോടി.
അശാന്തനായ ഒരു ഭ്രാന്തന്‍
തെരുവിലേക്കിറങ്ങി.
മഴ അയാള്‍ക്കുമീതേ
പെയ്തുനിറഞ്ഞു.
..............

Friday, October 12, 2007

ശരിയാണ്‌
ചുരം കയറുന്നതുപോലെ
വിഷമകരമായ ഒരക്ഷരമാണ്‌ ഋ.
തലയില്ലാത്ത ഒരു പെണ്ണുടല്‍
ഓടിയെത്തുക എന്നത്‌
അതിലും വിഷമകരം.

അതൊക്കെ ഇപ്പോള്‍.
പണ്ടുപക്ഷേ
അത്രയേറെ കുഴപ്പമില്ലായിരുന്നു.
കൂടെ കിടന്നിട്ടുണ്ട്‌
ചിലരാത്രികളില്‍ ഋ.
വടിവുകള്‍ക്കു മേലേ
പിന്‍കഴുത്ത്‌ മണക്കാതിരുന്നപ്പോള്‍
'ശവഭോഗി' എന്ന വാക്കിനെ
ഓര്‍ത്തിരുന്നിട്ടുണ്ട്‌.
പതിയെ പതിയെ അതും ശീലമായി
'ശവയോഗി' എന്നായിരുന്നു
ശീലാനന്തരം ഓര്‍മകള്‍ എന്നുമാത്രം.

ഗന്ധര്‍വ നിഴല്‍കണ്ടു
വികാരം മുട്ടിയതിന്‌
നിലത്തുവീണുപോയ
ഒരു ശിരസ്സുണ്ടായിരുന്നു, പണ്ട്‌.
പിതാവിനുവേണ്ടി
പുത്രനാല്‍ ഛേദിക്കപ്പെടുകയും
പുത്രനുവേണ്ടി
പിതാവിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്ത
ആ ശിരസ്സിനെക്കുറിച്ചോര്‍ക്കുമ്പോള്‍
'ഓ ഫ്രോയിഡ്‌' എന്നു നമ്മള്‍
കാമാതുരരാകുന്നുണ്ട്‌, ഇപ്പോള്‍.

ശരിയാണ്‌
പഴംകഥകള്‍ അറിയാത്തവര്‍ക്കു പോലും
അറിയാവുന്ന ഒന്നാണത്‌;
ഋ അപകടകരമായ ഒരക്ഷരമാണ്‌.
ശിരസ്സില്ലാത്ത ഒരു പെണ്ണുടലായി
അതിനെ സങ്കല്‍പിക്കുമ്പോള്‍
കൂടുതല്‍ അപകടകരം.

എങ്കില്‍,
റിഷി എന്നെഴുതാമോ
ഋഷി എന്നതിന്‌ പകരം?

(ജനയുഗം ഓണപ്പതിപ്പ് - 2007)

Sunday, October 7, 2007

ഗോത്രയാനം

ആണുങ്ങളും പെണ്ണുങ്ങളും
ഒരുമിച്ചു കുളിക്കുന്ന
പൊട്ടക്കിണറായ
ഞങ്ങളുടെ പുഴ
മുന്നറിയിപ്പില്ലാതെ
സീബ്രാവര കടക്കാതെ
കടലായി മാറി.

ഇഞ്ചയും താളിയുമായി
കുളിക്കാനെത്തിയവരും
കുളി കാണാനെത്തിയവരും
വീതിയിലൊഴുകുന്ന
പുഴകണ്ട്‌ പകച്ചു.

നേരംവെച്ചു കുളിച്ച്‌
ആറിനക്കരയിലെ
ഗോത്രങ്ങളുമായി ചിരിച്ചും
'ഇന്ന്‌ നേരത്തെയാണോ'
എന്ന്‌ കൈവീശിയും
ഉണ്ടാക്കിയെടുത്ത പരിചയങ്ങള്‍
കടലിനക്കരെയായി.

മാനത്തു കണ്ണനേയും
തുപ്പലുവെട്ടിയേയും
കുരുക്കാന്‍ വെച്ച
ചിരട്ടക്കെണിയില്‍
തിമിംഗലം, സ്രാവ്‌, അയല, മത്തി.

എഴുത്തോലയുമായി
പുഴകടന്നു പോയിരുന്ന
കുട്ടികള്‍
മറൈന്‍ ബയോളജിസ്റ്റുകളായി;
ഞണ്ടിനും കക്കയ്ക്കും കല്ലിന്മേക്കായ്ക്കും
ഹാ എന്തു രുചി!

കടല്‍ കടന്നെത്തിയവരോട്‌
നാണം, സന്ധി
ഉപ്പു സമരം.
സൂര്യന്‍ കടലില്‍ താഴുന്നു
കടലില്‍ നിന്ന്‌ പൊന്തുന്നു.
കപ്പല്‍ചേതം വന്നവരെക്കുറിച്ച്‌
കവിത, കഥ, കഥയില്ലായ്മ.
കടല്‍ക്കരയില്‍ കാമം
കടല്‍പ്പോലീസ്‌.

ഹോ എന്തെന്ത്‌
ചരിത്രസന്ധികളിലൂടെയാണ്‌
പിന്നീട്‌
ഞങ്ങളുടെ പുഴ-
പുഴയായിരുന്ന ഗ്രാമം.