Sunday, May 18, 2014

ഖേദം, അതുപ്രകടിപ്പിക്കുവാനല്ലെങ്കില്‍


ഒരാളില്‍ പലരുണ്ടെന്ന് പറഞ്ഞതിന് മാപ്പുചോദിക്കാന്‍ എത്തിയതാണ് ദിവാകരന്‍. സ്വയം പെരുപ്പിച്ചുകാട്ടാനുള്ള വാസനയാല്‍ ചതിക്കപ്പെട്ട് മരത്തേക്കാള്‍ കൂടുതല്‍ വേരുകള്‍, മരിച്ചവരേക്കാള്‍ കൂടുതല്‍ ആരാധകര്‍, ആകാശത്തെക്കാള്‍ കൂടുതല്‍ നിഴലുകള്‍ ഒരാള്‍ എന്നു പറഞ്ഞതിന് പ്രായം ചെറുതായിരുന്നു എന്ന അടിക്കുറിപ്പോടെ എഴുതിയ ചരമക്കുറിപ്പ് കയ്യില്‍. ഖേദം കൊണ്ട് കുനിഞ്ഞുപോയ അഹങ്കാരം തൊട്ടടുത്ത്.

പാതിതുറന്ന ജനലിലൂടെ പുറത്തേക്ക് തലയിട്ട് ഉള്ളില്‍ നിന്നു വന്നു ചോദ്യം

ആരാ ?
ഞാനാ ദിവാകരന്‍

ആഹാ, വന്നോ. ഖേദം ആയിരിക്കും.
അതേ, എങ്ങനെ മനസ്സിലായി ?
കല്യാണക്കുറി കിട്ടിയായിരുന്നു

എന്നാലും ചില വിശദീകരണങ്ങള്‍ വേണ്ടേ ?
വേണ്ട, പഴയ സിദ്ധാന്തം തോറ്റുതൊപ്പിയിട്ടതിനെക്കുറിച്ച് പുതിയ സിദ്ധാന്തമല്ലേ, വേണ്ട

അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ടി ഓഫീസുകള്‍ എന്നിങ്ങനെ മാപ്പു പറയേണ്ടവര്‍ക്കായി എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ ചെന്നുപറയാതെ പഴയ കാമുകിമാരുടെ വീടുകള്‍ തേടിപ്പോകുന്നതില്‍ മൊട്ടില്‍ പൂവെന്നപോലെയിരിക്കും അബദ്ധം ആ നിമിഷത്തില്‍ വിരിഞ്ഞിറങ്ങി ദിവാകരനില്‍

അതിനാല്‍ നേരെ പള്ളിയില്‍ പോയി പറഞ്ഞു : ഇല്ല ഇല്ലേയില്ല / ഒരാളിലില്ല / ഒന്നിലധികം ആളുകള്‍. തൊട്ടുപിന്നാലെ ഒരു നീണ്ട പ്രബന്ധം വായിച്ചുകേള്‍പ്പിച്ചു. എന്തുകൊണ്ടില്ല ഒരാളില്‍ ഒന്നിലധികം എന്നതിനാദികാലം തൊട്ട് അതിതല്‍പരര്‍ പറഞ്ഞ ന്യായങ്ങള്‍ വിസ്തരിച്ചു. എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.

കാണിക്കയായിട്ട അഞ്ചുരൂപാത്തുട്ട് വഞ്ചിയുടെ അടിത്തട്ടില്‍ പോയി വീണു മുഴങ്ങി. ഞാനിനി വരില്ലെന്നു പറഞ്ഞിറങ്ങി. നേരെ പഴയ കാമുകിയുടെ വീട്ടിലേക്കുപോയി. ജനലും വാതിലും തുറന്നിട്ട് പടിയിന്മേലിരിക്കുന്നു ഭൂതകാലം. അവള്‍ പറഞ്ഞു :  ഇതൊന്നും വലിയ കണ്ടുപിടുത്തമല്ല. ഒരാളെക്കൊണ്ടിത്രയൊക്കയേ പറ്റൂ എന്ന് ചെറിയ പെമ്പിള്ളേര്‍ക്കു വരെ അറിയാം. അതൊന്നും വലിയ കാര്യമല്ലെന്ന് തെളിയിക്കാന്‍ സിദ്ധാന്തം ഉണ്ടാക്കി കക്ഷത്തില്‍ വെച്ചുനടന്നാല്‍ ചെവിപ്പുറകില്‍ ഇരുന്നു തുരുമ്പിക്കുന്ന ഓട്ടക്കാലണ പിന്നെയെപ്പോഴെങ്കിലും പള്ളിയില്‍ കൊണ്ടുചെന്നിടേണ്ടിവരും. എന്നാലും പറയൂ, കേള്‍ക്കട്ടെ വിശദീകരണം

വിശദീകരണമോ എന്ന് പെട്ടന്നുത്സാഹിയായി ദിവാകരന്‍. കീശയില്‍ തപ്പി പുറത്തെടുത്ത കുറിമാനം മേലോട്ടു നോക്കിനിന്ന് വായിച്ചു. പട്ടിയില്‍ വാലെന്നപോലെ താഴേക്കുകിടക്കും ലിംഗം താളത്തിലാട്ടി തിരിഞ്ഞു നോക്കാതെ പടികളിറങ്ങി വേഗത്തില്‍ നടന്നുപോന്നു. പറഞ്ഞുകഴിയുമ്പോള്‍ എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.

ഞാനിനിവരില്ല എന്നു പറയാന്‍ അതിനിടയില്‍ മറന്നു. അതിങ്ങനെ മറക്കുന്നതിനെക്കുറിച്ച് ഖേദവും വിശദീകരണവുമായി വീണ്ടും വരുമായിരിക്കും എന്നോര്‍ത്ത് അവളെണീറ്റ് വാതിലും ജനലും കുറ്റിയിട്ടു. അപ്പോള്‍ വീണ്ടും വാതില്‍ക്കല്‍ നിന്നാരോ വിളിക്കുന്നു.

പകുതിതുറന്ന ജനലിലൂടെ ചോദിച്ചു

ദിവാകരന്‍ ആയിരിക്കും ?
അതേ
ഇനിവരില്ല എന്നു പറയാന്‍ വന്നതായിരിക്കും ?
എങ്ങനെ മനസ്സിലായി ?
തിരക്കുള്ള ബസ്സില്‍ എത്രപേര്‍ തിങ്ങിഞെരുങ്ങിപ്പോകുന്നു.

പിന്നെവരാം എന്നു പറയുന്നു ദിവാകരന്‍.