Monday, October 27, 2008

രുചി

മൂന്നുവയസുകാരി മകളെ
കാണാതായ രാത്രിയില്‍
കനത്തു കനത്തു വരുന്ന വെളിച്ചത്തില്‍
ഭയം കൊണ്ടും വെപ്രാളം കൊണ്ടും
ചേര്‍ന്നുചേര്‍ന്ന്‌
ഇണചേര്‍ക്കപ്പെട്ട അവസ്ഥയില്‍
അച്ഛനുമമ്മയും
കുറ്റബോധത്തിന്‌ കീഴടങ്ങി
ഉറങ്ങുമ്പോള്‍

ഇരുട്ടില്‍, അടുക്കളയില്‍
എത്ര സുഖകരമായ അരുചി എന്ന്‌
ഓംലറ്റ്‌ കൊത്തിത്തിന്നുന്നു
എന്റെ പിടക്കോഴി

Thursday, October 23, 2008

നിനക്കറിയാവുന്ന ഞാന്‍ ഇപ്പോള്‍ നിലവിലില്ല

എനിക്കുനിന്നെ അറിയാവുന്നതുകൊണ്ടാണ്‌ ഇതെഴുതുന്നത്‌
നമ്മളിപ്പോള്‍ എങ്ങനെയൊക്കെത്തന്നെ ആയാലും
നിന്നെ എന്നെക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല എന്ന്‌
നിനക്കുതന്നെ അറിയാമല്ലോ
അതുകൊണ്ടാണ്‌, അതുകൊണ്ടു മാത്രമാണ്‌

നീ ഇപ്പോള്‍ ചെയ്യുന്നതൊക്കെ നീ തന്നെ ചെയ്യുന്നതല്ല എന്ന്‌
നീ അറിയാത്തതെന്ത്‌?
നീ ഇങ്ങനെയൊന്നുമല്ലല്ലോ
നിനക്കെങ്ങനെയാണ്‌ ഇങ്ങനെയൊക്കെ ആകാന്‍ കഴിയുന്നത്‌
അരിമണികള്‍ക്കു വേണ്ടി മൂന്നു പ്രാവുകളും ഒരു കാക്കയും തല്ലുകൂടിയപ്പോള്‍
കാക്കയെ തല്ലിയോടിച്ചവനല്ലയോ നീ

ആ നീയല്ലേ ഇപ്പോള്‍ പ്രാവുകള്‍ക്കെതിരെ പ്രബന്ധം എഴുതുന്നത്‌
അതിപ്രാചീനമായ ഒരു വൃത്തികേടിന്‌ നീ കൂട്ടു നില്‍ക്കയോ
എന്തായാലും ആയിടത്തോളമൊക്കെയായി
നിനക്കതൊന്നും ശരിയാവില്ല
നീയല്ല, നീയങ്ങനെയല്ല
എനിക്കു നിന്നെ നന്നായി അറിയാവുന്നതു കൊണ്ടാണ്‌
എനിക്കിതൊന്നും പറയാനുള്ള അവകാശമില്ല
എന്നാലും നീ അങ്ങനെയൊന്നുമല്ല
കേകയില്‍നിന്നും പുറത്താക്കപ്പെട്ട കാക്കകള്‍ നിന്റെയാരുമല്ല
നിനക്ക്‌ അതൊന്നും ശരിയാവില്ല പണ്ടെത്തെ നമ്മള്‍ക്കും അതു ശരിയാവില്ല

ഉം...
ശരിയാണ്‌ നീയറിയുന്ന ഞാന്‍
ഇങ്ങനെയൊന്നുമല്ല

Tuesday, October 14, 2008

കൈത്തോടിനു മീതേ കടലൊഴുകുന്നു - 2

യാത്ര

വെളിച്ചങ്ങള്‍ക്കപ്പുറത്ത്, ചരക്കു തീവണ്ടിയില്‍ അകപ്പെട്ട ഏകാകിയായ യാത്രികന്റെ നിസഹായത പോലെ വാതില്‍ തുറന്നുകിടന്നു.

ആഞ്ഞിലിച്ചക്കക്കായി പ്ളാവില്‍ വലിഞ്ഞുകയറിയവനെ നീറുകടിച്ചതിന്റെ പാടുകള്‍ മുമ്പോട്ട്‌ സഞ്ചരിച്ച ശരീരം സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌. ഒരു സംഭവത്തിന്‌ ശേഷം അതിനെക്കുറിച്ച്‌ ചിന്തിച്ചിരിക്കുന്നവന്‌ സത്യത്തില്‍ നഷ്ടമാകുന്നത്‌ ദിശാബോധമാണ്‌. മുന്നോട്ടു സഞ്ചരിച്ച ശരീരം എന്നെഴുതി മഷിയുണങ്ങുന്നതിന്‌ മുമ്പ്‌ സഞ്ചരിച്ചതെങ്ങോട്ട്‌? എന്ന ചോദ്യം ഉയര്‍ന്നു വരുന്നതങ്ങിനെയാണ്‌


കഥപറയാന്‍ ഞാന്‍ തയ്യാറാകുകയാണ്‌.

എന്റെ വീട്‌ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. എന്റെ ദേശം എന്നു പറയണം. ഓരോകാലത്തും അനുഭവിക്കാന്‍ കഴിയുന്ന വലിപ്പത്തെയാണ്‌ നമ്മള്‍ ദേശം എന്നു പറയുന്നത്‌. വീടുണ്ടായിരുന്ന കാലത്തു മുഴുവന്‍ എന്റെ വലിപ്പം അതും അതിന്റെ ചുറ്റുപാടുമായിരുന്നു. അതുകൊണ്ട്‌ എന്റെ ദേശം എന്റെ വീട്‌.

തുടങ്ങാം

നീന്താന്‍ ഇപ്പോഴുമറിയില്ല എന്നതാണ്‌ വാസ്തവം. പക്ഷേ എനിക്കു പകരം അക്കരെപ്പോയവരും ചാമ്പയ്ക്കയുമായി എന്നെത്തേടി ഇക്കരെവന്നവനും കരിമ്പുകെട്ടുമായി പോയവനും ഞാനല്ലാതാകുന്നില്ലലോ. വീടിന്‌ പുറകിലൂടെ നടന്നാല്‍ ആറ്റു തീരത്തെത്തും: അതാണ്‌ പടിഞ്ഞാറേ വശം. വീടിന്റെ പുറകിലോട്ടുള്ള വഴി മാത്രമേ വശത്തിന്റെ പേരില്‍ അറിയപ്പെട്ടുള്ളൂ. മുന്നോട്ടുള്ള വഴിക്ക്‌ നടവഴി എന്നായിരുന്നു പേര്‌. വശങ്ങളിലേക്ക്‌ വഴിയില്ലായിരുന്നു.

ഞങ്ങളുടെ ആറിന്റെ ഏറ്റവും വലിയ പ്രത്യേകത അത്‌ ലംബമായാണ്‌ ഒഴുകുന്നത്‌ എന്നതാണ്‌. ശ്രദ്ധിച്ചിട്ടില്ല അല്ലേ? എല്ലാ പുഴകളും തിരശ്ചീനമായാണ്‌ ഒഴുകുന്നത്‌. ആറിന്‌ സ്വാഭാവികമായും അക്കരെയും ഇക്കരെയും ഉണ്ടായിരുന്നു. അക്കര മുഴുവന്‍ ചാമ്പക്കാടാണെന്നാണ്‌ ഇവിടെനിന്ന്‌ അവിടെ പോയിട്ടു വരുന്നവര്‍ പറയുന്നത്‌. അവരുടെ കഴുത്തില്‍ ചാമ്പക്കാ മാലകള്‍ സൂര്യന്‍മാരെ കോര്‍ത്ത മാല പോലെ തിളങ്ങി. അക്കരെ നിന്ന്‌ ഇക്കരെ വരുന്നവരുടെ കരിമ്പിനോടുള്ള ആര്‍ത്തി കണ്ടാല്‍ അക്കരെ ചാമ്പക്കാ കാടുകള്‍ ഉണ്ടെന്ന്‌ തോന്നുകില്ല. സ്ഥിരമായി ചാമ്പക്കാ തിന്നാനുള്ളപ്പോള്‍ കരിമ്പു പോലൊരു വിചിത്ര വസ്തു തിന്നാന്‍ ആരെങ്കിലും ആറു നീന്തിയെത്തുമോ?

ആറിനക്കരെ ഗോത്രങ്ങളുണ്ടാകാം എന്നത്‌ പിന്നീട്‌ കിട്ടിയ അറിവാണ്‌. അന്ന്‌ ആറിനക്കരെ ചാമ്പക്കാടുകള്‍ മാത്രമായിരുന്നു; ദൂരെ ദൂരേക്ക്‌ അകന്നു നില്‍ക്കുന്ന ചാമ്പക്കാടുകള്‍ മാത്രം. ഒരു ദിവസം ഞാന്‍ ആറ്റിലിറങ്ങാന്‍ തീരുമാനിച്ചു. എല്ലാരും നീന്തുമ്പോള്‍ എനിക്ക്‌ കൊതിയടക്കാനായില്ല. നീന്തല്‍ പഠിച്ചെടുക്കേണ്ടുന്ന ഒന്നാണെന്ന്‌ ആരും പറഞ്ഞില്ലെങ്കില്‍ ഞാനെങ്ങിനെ അറിയാന്‍? നീന്തുമ്പോള്‍ നീന്തുകയല്ല താഴുകയാണ്‌ എന്നറിഞ്ഞില്ല.

നീന്തി നീന്തി ചെന്നപ്പോള്‍ ചെങ്കല്‍പ്പാറകളില്‍ ഉരസിയ ശരീരം നൂറായിരം ഗോത്രങ്ങള്‍ കണ്ടു. പായലും പരലും രണ്ടാണെന്നറിഞ്ഞു. എന്തോരം നീന്തിയെന്ന്‌ ഇപ്പോള്‍ എങ്ങിനെ പറയാന്‍. പിന്നെ പലരോടും പറഞ്ഞു; ഞാന്‍ ആറിനക്കരെ പോയെന്ന്‌. കാറ്റിനോട്‌ പോരിനിറങ്ങിയവര്‍ അതു കേട്ടില്ല. തിരുത്തിയത്‌ അവളാണ്‌; നീ നീന്തിയത്‌ പുഴയല്ല, കൈത്തോടാണത്രെ.

യാത്ര: ഒരടി മുന്നോട്ട് ഒരടി പിന്നോട്ട്

കടലിലേക്കായിരുന്നു യാത്ര. മൈതാനത്തിന്റെ നവദ്വാരങ്ങളെന്നോണം കടലിലേക്ക്‌ വഴികള്‍ നീണ്ടു കിടന്നു. വഴിയരികില്‍ നിന്ന്‌ പൂക്കളും അതിനപ്പുറത്തെ വീടുകളില്‍ നിന്ന്‌ ആള്‍ക്കൂട്ടവും നോക്കുന്നതറിയാതെ ഞങ്ങള്‍ കടലിലേക്ക്‌ നീണ്ടു. നമുക്ക്‌ പിന്നിലോ മുന്നിലോ പ്രതിബന്ധങ്ങളില്ലല്ലോ എന്ന്‌ കൈകോര്‍ത്തു പിടിച്ചു. കുടകൊണ്ട്‌ മുഖം മറച്ച്‌ ചേര്‍ന്നിരിക്കുന്നവരെ പരിഹസിച്ചു. അവളാണ്‌ പറഞ്ഞത്‌(ഇനിയിത്‌ ആവര്‍ത്തിക്കില്ല, എല്ലാം പറഞ്ഞത്‌ അവളാണ്‌). കടലിനടിയില്‍ നമ്മളുമായി ബന്ധമില്ലാത്ത ഗോത്രങ്ങളുണ്ടത്രേ! -മൌനത്തിന്റെ ട്രൈഡാക്സുകള്‍ പൂത്തു നില്‍ക്കുന്നത്‌. കടല്‍പ്പാലങ്ങള്‍ അടര്‍ന്നു വീഴുന്നത്‌ അവരുടെ വസന്തങ്ങളിലേക്കാണത്രേ.

പണ്ട്‌ മലയിറങ്ങി വരുന്ന ഒരു ബസ്സില്‍ വിന്‍ഡോ ഷട്ടറുകള്‍ പൊക്കി വെച്ച്‌ ഞാന്‍ പുറം ലോകം നോക്കിയിരിക്കുകയായിരുന്നു. ഷട്ടറിനടിയിലൂടെ എന്നിലേക്ക്‌ ഒരു ചാറല്‍മഴ ചാഞ്ഞു. തലമുടി നനയാനുള്ള മഴ പോലും പെയ്തില്ല, അതിനുമുമ്പ്‌ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു; ഷട്ടര്‍ താഴ്തുക പിന്നിലെ സീറ്റുകള്‍ മഴ നനയുന്നു. മഴയ്ക്കായി കൊതിച്ച്‌ ഇരുട്ടത്ത്‌ വിറച്ചിരുന്ന എന്റെ സമീപത്തേക്ക്‌ അവള്‍ വരികയായിരുന്നു. ഏതു ഭാഷയിലാണ്‌ അവള്‍ ആദ്യമായി സംസാരിച്ചത്‌? ഏതു ഭാഷയാണ്‌ അവള്‍ സംസാരിക്കാതിരുന്നത്‌? അവള്‍ ബാഗില്‍ നിന്ന്‌ ബിയര്‍ ടിന്‍ എടുത്ത്‌ എനിക്കു നീട്ടി. പതിയെ പതിയ മഴ അവളായി; എന്നിലേക്കു ചാഞ്ഞു.

ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു. 'എടാ കടല്‍ ഓര്‍മ്മകളെ അടിച്ച്‌ കരയ്ക്കിടുന്നുണ്ട്‌. ഞാനാദ്യമായി കടല്‍ കണ്ടത്‌ കുഞ്ഞിപ്പെണ്ണായിരുന്നപ്പോഴാണ്‌. നിനക്കറിയ്യോ ഞാന്‍ കടലില്‍ അപ്പിയിട്ടിട്ടുണ്ട്‌'

കുട്ടികളുടെ അമ്പരപ്പ് എന്നെ വീശിയൊഴിഞ്ഞുപോയി. സാധാരണ ഇത്തരമൊരു വാക്യത്തിന്റെ അവസാനം പെണ്ണുങ്ങള്‍ സൂക്ഷിക്കാറുള്ള നാണം കാണാത്തതിനാലുള്ള അമ്പരപ്പല്ല. കടലില്‍ അപ്പിയിടാന്‍ കഴിഞ്ഞ ഒരുവളോടുള്ള അസൂയയില്‍ നിന്നുണ്ടായ അമ്പരപ്പാണത്‌; ഹോ! എന്തൊരു മഹാഭാഗ്യമാണത്‌.

ഓര്‍ത്തിരുന്നപ്പോള്‍ അവളുടെ കണ്ണുകള്‍ ജലസ്പര്‍ശം കൊണ്ടുവന്നു: പോകണ്ടേ ആളുകള്‍ പോയി. കടല്‍ത്തീരത്ത്‌ ഇപ്പോള്‍ രണ്ട്‌ ചാരുകസേരയില്‍ നമ്മള്‍ രണ്ടും മാത്രം.

പോകണ്ടേ എന്നു ചോദിച്ചെങ്കിലും പോകാന്‍ അവള്‍ക്ക്‌ മനസ്സില്ലായിരുന്നു; പണ്ട്‌ കടല്‍ക്കാക്കയ്ക്കു പുറകേ കടല്‍പ്പാലത്തില്‍ നിന്ന്‌ ചാടിയതിന്‌ ശേഷം അവള്‍ക്ക്‌ പോകാന്‍ മനസ്സേ ഇല്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയില്‍ അവള്‍ ചോദിച്ചു. പോകണ്ടേ ഇരുട്ടുന്നു. പോകണമെന്ന്‌ എനിക്കുമുണ്ടായിരുന്നില്ല. എങ്കിലും ആണുങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയില്‍ ഞാന്‍ എഴുന്നേറ്റു; പോകാം.

പോകാതിരിക്കുകയായിരുന്നു ഭേദമെന്ന്‌ ഇപ്പോള്‍ തോന്നുന്നു. നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ കിനാവുകാണുന്നതിനെ ആര്‍ക്കാണ്‌ ന്യായീകരിക്കാനാവുക. പാതിവഴിയില്‍ വെച്ച്‌ ഒറ്റയ്ക്ക്‌ വഴിപിരിഞ്ഞു പോകുന്നതിന്‌ മുമ്പ്‌ അവള്‍ പറഞ്ഞതു തന്നെ കേള്‍ക്കൂ: -

കൈത്തോടു കണ്ടു ഭ്രമിച്ചാല്‍ നഷ്ടപ്പെട്ടത്‌ കൈത്തോടാണെല്ലോ എന്നോര്‍ത്ത്‌ സമാധാനിക്കാം. നിനക്ക്‌ കടല്‌ കിട്ടാനുണ്ടല്ലോ. കൈത്തോടിനെ മറന്നുപോകാനിടയുണ്ട്‌. പക്ഷേ കടലുകണ്ട്‌ ഭ്രമിച്ചാല്‍, കിട്ടുന്നത്‌ കൈത്തോടാവും. ചെറുതാണല്ലോ കിട്ടിയത്‌ എന്ന്‌ നമ്മള്‍ അതൃപ്തരാകേണ്ടി വരും. ചെറുതുകളുടെ ലോകമാവും പിന്നീട്

ഹാ! ചെറുതുകളുടെ ലോകം!!

Monday, October 13, 2008

ചുവപ്പുനാളമേ, നിന്നെ ഊതിയില്ലാതാക്കാന്‍ ഊരു ചുറ്റിയ എന്റെ, ചുവപ്പുനാളമേ *

Till you're so fuckin‘ crazy you can't follow their rules
(John Lennon, Working class hero)
സിഗരറ്റ്‌ പുകയ്ക്കുന്ന ഒരാള്‍
മാജിക്‌ അല്ലെങ്കില്‍ മറ്റെന്താണ്‌ ചെയ്യുന്നത്‌?

ഒരത്ഭുതം ഏതുവായില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും
പുറത്തുവരാമെന്നും ഈ വിരസത ഉടന്‍ ഇല്ലാതാകുമെന്നും
ഒന്നും ചെയ്യാതെയുള്ള ഈ ഇരിപ്പ്‌ അധികനേരം നീളില്ല
എന്നുമല്ലേ ഓരോ സിഗരറ്റും പുകഞ്ഞു തീരുന്നത്‌?

വായില്‍ നിന്നും തീഗോളങ്ങള്‍ ഊതിവിടുന്നവനോടുള്ള അത്ഭുതമാകണം
ആദ്യത്തെ സിഗരറ്റ്‌

അത്ഭുതങ്ങള്‍ തീര്‍ന്ന്‌ ദ്രവിച്ചുപോയിട്ടില്ല ജീവിതമെന്ന്‌
അതോര്‍മിപ്പിക്കുന്നുണ്ടാവണം

സിഗരറ്റ്‌ പുകയ്ക്കുന്ന നീ ഈയിടെയായി എന്റെ സ്വപ്നങ്ങളിലൂടെ
അനാവശ്യമായി കടന്നുപോകുന്നു
നീയിപ്പോഴും വലിക്കാറുണ്ട്‌ എന്നു ഞാന്‍ ഞെട്ടിയുണരുന്നു
പുകകൊണ്ടു നിറഞ്ഞ ഹോട്ടല്‍ മുറികള്‍ പൂച്ചക്കാല്‍
വെച്ചടത്തുവന്ന്‌ തൊട്ടുനോക്കുന്നു
‘നീയുണ്ടായിരുന്നെങ്കില്‍’ എന്ന് ഉറക്കമൊഴിയുന്നു

അതിനിടയില്‍, എനിക്കും നിനക്കുമിടയില്‍
ഇന്ത്യന്‍ സര്‍ക്കാര്‍ തലയുയര്‍ത്തി നില്‍ക്കുന്നു
സിഗരറ്റുവലിക്കുന്ന പെണ്ണിനെ പ്രേമിച്ചിട്ടില്ലാത്തതാണ്‌
അന്‍പുമണി രാംദോസിന്റെ കുഴപ്പമെന്ന്‌ ആരോ ഊമക്കത്തെഴുതുന്നു

ഉറക്കത്തിലാരോ 200 രൂപ പിഴ വിധിക്കുന്നു

* മുന്നറിയിപ്പ്: പുകവലി കരളിനും ഹൃദയത്തിനും നന്നല്ല

Saturday, October 4, 2008

കൈത്തൊടിനുമീതേ കടലൊഴുകുന്നു - 1

ഓടിക്കിതച്ച്‌ പടിഞ്ഞാറുവശത്തെത്തുമ്പോള്‍ ആ നിമിഷത്തിന്റ്റെ ഏറ്റവും വലിയ എതിരാളിയായി കൈത്തോടു പോലെ ഒരു പെണ്‍കുട്ടി. മൈതാനത്തിനും കളിക്കാര്‍ക്കും മേലെ പൂര്‍ണ്ണ ആധിപത്യമുള്ള റഫറിയായാണ്‌ അവളുടെ നില്‍പ്പ്‌.

എന്നെ ഒളിക്കുക അസാധ്യം എന്ന്‌ അവള്‍ പ്രഖ്യാപിക്കുന്നുണ്ട്‌. മറവുകള്‍ക്ക്‌ സാധ്യതകളുള്ള ഇഞ്ചക്കാട്ടിലേക്കും മുളങ്കൂട്ടത്തിന്‌ പിന്‍വശത്തേക്കും അവള്‍ നില്‍ക്കുന്നിടത്തു നിന്ന്‌ നേര്‍രേഖാദൂരം മാത്രം. അവളിതുവരെ എന്നെക്കണ്ടിട്ടില്ലെങ്കിലും പുല്ലുതിന്നുന്ന പശുവിന്റ്റെ ചലനത്തിനൊപ്പം അവളുടെ കയ്യിലെ കയര്‍തലപ്പ്‌ തിരിയുമ്പോള്‍ തീര്‍ച്ചയായും എനിക്ക്‌ ഒളിക്കാന്‍ സ്ഥലമില്ല.

പക്ഷേ അകത്തുനിന്ന്‌ തടയാനാകാത്തവിധം വന്ന ഒരാന്തലില്‍ ഞാനവളെ മറന്നു. ശബ്ദമുണ്ടാക്കിക്കൊണ്ടു തന്നെ ഇഞ്ചക്കാടിന്റ്റെ മറവിലേക്ക്‌ കുന്തിച്ചിരുന്നു. ആശ്വാസം എന്ന വാക്കിനെ അറിയുന്നതിനിടയില്‍ അവളെ മറന്നേപോയി. പതിയെ കണ്ണുതുറന്ന്‌ നോക്കുമ്പോള്‍ അവളില്ല. അവള്‍ കണ്ടിരിക്കും എന്നുറപ്പാണ്‌. എന്റെ സ്വകാര്യത ഇതിനേക്കാള്‍ നിര്‍ലജ്ജമാകാനില്ല. പക്ഷേ പ്രശ്നം ഇപ്പോള്‍ അതല്ല. അവളെവിടെ? ചാരപ്പുള്ളികളുള്ള ആ കറുമ്പിപ്പയ്യെവിടെ? തെങ്ങിന്‍തോട്ടം മുഴുവന്‍ തിരഞ്ഞു. അവിടവിടെ തൈത്തെങ്ങിന്‍ തലപ്പ്‌ കടിക്കുന്ന പശുക്ടാങ്ങളെ കണ്ടു. പശുക്ടാങ്ങളെ മാത്രം.

വൈകുന്നേരം എന്നെ ചായ്പ്പില്‍ കണ്ടതിന്റെ അമ്പരപ്പുമായി അമ്മ പുറത്തിറങ്ങി നോക്കി. ജീവനുള്ളവയൊന്നും മലന്നുപറക്കുന്നില്ല എന്നുറപ്പിച്ച്‌ അടുക്കളയില്‍ പോയി കാപ്പിയിട്ടു തന്നു. കാപ്പി കുടിച്ച്‌ മലര്‍ന്നുകിടക്കുന്നതിനിടയില്‍ മോന്തായം ഒരു കൈത്തോടാണെന്ന്‌ ഞാനറിഞ്ഞു. അമ്മയോടപ്പോള്‍ അത്‌ വിളിച്ചുപറയണം എന്ന്‌ തോന്നിയപ്പോളാണ്‌ അമ്മയും അച്ഛനും വിട്ടുപോയിട്ട്‌ എത്രനാളായിരിക്കുന്നു എന്നോര്‍ത്തത്‌. അതുകൊണ്ട്‌ സ്വയം വിശ്വസിപ്പിച്ചു. മറ്റൊരാളെ വിശ്വസിപ്പിക്കാന്‍ കഴിയാത്തിടത്തോളം കണ്ടെത്തലുകള്‍ക്ക്‌ പ്രസക്തിയില്ല എന്ന്‌ അറിയാന്‍ വയ്യാഞ്ഞിട്ടല്ല. പക്ഷേ അത്‌ സത്യമായിരുന്നു. മോന്തായം ഒരു കൈത്തോട്‌ തന്നെയായിരുന്നു, ഇഴഞ്ഞിറങ്ങി വരുന്ന പല്ലികളെ പരല്‍മീനുകളായി കാണാന്‍ കൂടി കഴിഞ്ഞാല്‍ തീര്‍ച്ഛയായും.

എനിക്ക്‌ മീതെ ഒരു കൈത്തോട്‌ ഒഴുകിത്തുടങ്ങിയിരിക്കുന്നു എന്നതാകും കൂടുതല്‍ സത്യസന്ധമാവുക. വൈകുന്നേരം പണികഴിഞ്ഞെത്തിയ അച്ഛന്‍ വീട്ടിലെന്നെക്കണ്ട്‌ ഞെട്ടി. 'അവന്‌ അസുഖമെന്തെങ്കിലുമാണോ' എന്ന്‌ അമ്മയോട്‌ പതിഞ്ഞ ശബ്ദത്തില്‍ ചോദിക്കുന്നത്‌ കേട്ടു. ചാണകം മെഴുകിയ നിലത്ത്‌ അത്താഴം കഴിച്ചിരിക്കുമ്പോള്‍ വീട്ടിലെല്ലാവരും എന്തോ അത്യാഹിതത്തെ പ്രതീക്ഷിക്കുന്നതിന്റ്റെ മൌനം സൂക്ഷിച്ചു. രാവേറെച്ചെന്നിട്ടും എല്ലാ മുറികളില്‍ നിന്നും അശാന്തമായ നെടുവീര്‍പ്പുകള്‍ ഉയരുന്നുണ്ടായിരുന്നു.

പലവട്ടം സാധാരണ അവസ്ഥയില്‍ ചെന്നിട്ടും അവളെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ്‌ രാവിലെ മുതല്‍ പിടിച്ചു നിര്‍ത്തിയ ആന്തലുമായി പടിഞ്ഞാറു വശത്തേക്കോടിയത്‌. ആന്തല്‍ ആവിയാക്കുന്ന വിധത്തില്‍ അവളുടെ അസാന്നിധ്യം മുഴച്ചു നിന്നു. ഇനിയിപ്പോള്‍ വിട്ടുപോകലുകളല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല എന്ന്‌ ഉറപ്പുപറയുന്ന തരത്തില്‍ പശുക്ടാങ്ങള്‍ നിരാലംബമായി തലയാട്ടി.

അതുവരെ അനുഭവിച്ചതില്‍ വെച്ചേറ്റവും വലിയ
അത്യാഹിതത്തിന്റ്റെ ഞെട്ടലില്‍ എന്റ്റെ വീട്‌ മരവിച്ചു
പലമുറികളില്‍ നിന്ന് പല അസാന്നിധ്യങ്ങള്‍ ഇറങ്ങിവന്ന്
നിനക്കിനിയെന്താണിവിടെ എന്ന് കുശലം ചോദിച്ചു

2

പുരാവൃത്തങ്ങളെ അസംബന്ധമാക്കുന്ന
ഇരുട്ടിനെക്കുറിച്ച് തര്‍ക്കിച്ച്
അമ്മയുടെ ഫോണ്‍കോള്‍ വന്നിരുന്നു ഇന്നലെ
കൈത്തോടുകള്‍ ഇപ്പോഴും കടലില്‍ തന്നെയല്ലേ ചേരുന്നത് എന്ന്
ഒരു പതിഞ്ഞ ചിരിയും