Saturday, December 4, 2010

എങ്കില്‍

കാതടപ്പിക്കുന്ന
നിശ്ശബ്ദത
എന്നുപോലും
തോന്നിപ്പോകുന്ന
എപ്പോഴും കടന്നുവരാനിടയുള്ള
ഒരാള്‍
ഇപ്പോഴുമുണ്ട്, എങ്കില്‍

1200കളില്‍ കിളികള്‍ ചിലച്ചിരുന്നത്
ഇങ്ങനെയാണ് എന്ന്
കാടടച്ച് ചിലച്ചുകൊണ്ട്
കൂറ്റന്‍ പക്ഷിക്കൂട്ടങ്ങളും
അവയ്ക്ക് നനഞ്ഞിരിക്കുവാനുള്ള
കാടുമായി
അയാള്‍ വന്നേക്കും, എങ്കില്‍

എങ്കില്‍?

Saturday, August 28, 2010

ദൂരെനിന്ന് നോക്കുമ്പോള്‍

ആരിലും ആകമാനം ഉണ്ടായിരിക്കാന്‍
ഇടയുള്ള ആസക്തികളെക്കുറിച്ച്,
ആരിലൂടെയും ആകമാനം നിറയാനുള്ള
ആസക്തികളുടെ അശക്തതയെക്കുറിച്ചാലോചിച്ച്
നടുവിന് കൈകൊടുത്ത്
ബീഡിവലിച്ച് നില്‍ക്കുകയായിരുന്നു
വഴിയരികില്‍ മറ്റൊരാള്‍

തുണിമറന്നുറങ്ങിപ്പോയ
ഏതോ മഴക്കാലരാത്രിയില്‍
വീടിറങ്ങിപ്പോന്നതാണ് താനെന്നും
ആകാശത്തിന് താഴെ വീടുകള്‍ക്കു പുറത്ത്
നഗ്നനായൊരാള്‍ ബീഡിവലിച്ചു നില്‍ക്കുന്നതിന്റെ
ചിത്രങ്ങള്‍,
തെരുവ് ഒരാഴ്ചപ്പതിപ്പാണെങ്കില്‍
അതിലച്ചടിക്കാറില്ലെന്നും
പഴയൊരു സുസ്വപ്നത്തിന്റെ നാനാര്‍ത്ഥങ്ങളില്‍
വഴിപിഴച്ചുപോയ അയാള്‍
ഓര്‍ത്തുകൊണ്ടേയിരുന്നു

ഭൂമിയിലേക്ക് തൂങ്ങിക്കിടക്കുന്ന
ലിംഗത്തിന്റെ ഭയാനകമായ കാഴ്ച
ഇതാ ഈ തെരുവിനെ ചിതറിക്കുന്നു

കട്ടിക്കണ്ണടവെച്ച പെണ്ണുങ്ങള്‍
കട്ടിമീശവച്ച ആണുങ്ങള്‍
കൗതുകം കച്ചവടമാക്കിയ
ആണ്‍പെണ്‍കുട്ടികള്‍
സോക്രട്ടീസിനും ഫ്രഞ്ച് വിപ്ലവത്തിനും ഇടയിലെ
പലതരം മുദ്രാവാക്യങ്ങള്‍,
ചിതറിയോടുന്നു

തൊണ്ടും കയറും കൊണ്ടുപോകുന്ന വള്ളങ്ങളും
ആളുകളെ കൊണ്ടുപോകുന്ന ബോട്ടുകളും
അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍
വെള്ളത്തില്‍ പൊങ്ങിക്കിടന്ന്
കൈവീശിയ
ജലാശയഭൂതകാലത്തെയോര്‍ക്കുന്നു
ആസക്തന്‍, അപ്പോള്‍

ബീഡിയേന്തിയ വലതുകൈപ്പത്തി
വായുവില്‍ അലര്‍മേല്‍വല്ലിയെ വരയ്ക്കുന്നു
നഗ്നമായ ഇടുപ്പ് ഇളകുന്നു
രണ്ടുകാലുകള്‍ക്കിടയില്‍
വായുവില്‍ പടര്‍ന്നുപോകുന്നു
ചെറുതായി ഇളകുന്നതിന്റെ ഉന്മാദം

ദൂരെനിന്ന് നോക്കുമ്പോള്‍
നൃത്തംചെയ്യുന്ന നിരവധിപ്പേര്‍ക്കിടയില്‍
ഒരാള്‍ ഓടുന്നു,
ചിതറിച്ചിതറിയോടുന്നു

Thursday, July 8, 2010

ശശിധരനും ഞാനും തമ്മിലില്ലാത്തത് എന്താണ്?

മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന പലതരക്കാ‍രായ
അപരിചിതരെ
മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന മറ്റൊരാള്‍ എന്ന നിലയില്‍
വലിയ ഇഷ്ടമായിരുന്നു ശശിധരന്,
സ്വവര്‍ഗാനുരാഗിയായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ള
ഈ പ്രത്യേക സാഹചര്യത്തില്‍
മാനാഞ്ചിറ മൈതാനത്തിനു സമീപം
എത്തിപ്പെടുന്നതുവരെ

ആരുടേയോ വേലിയരികില്‍ നിന്ന്
എല്ലാവരുടേതുമായ റോഡിലേക്ക്
വളഞ്ഞുവളര്‍ന്നു നില്‍ക്കുന്ന
കൊന്നക്കമ്പ്
സൈഡ്സീറ്റിലിരിക്കുന്ന ഒരാളുടെ
മുഖത്ത് പെട്ടന്നുവന്നടിക്കുകയും
അയാള്‍
‘ഏതുമൈരനാണെടാ വേലിക്കപ്പുറത്ത്’
എന്നുണര്‍ന്നലറുകയും ചെയ്യുന്നതു പോലെ
‘സ്വവര്‍ഗാനുരാഗിയായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ള
പ്രത്യേക സാഹചര്യം‘
എന്ന ബോധത്തിലേക്ക്
കണ്ണുചിമ്മി തുറക്കുന്നതുവരെ
ഒരുമാതിരിപ്പെട്ട എല്ലാവരെയും
ശശിധരന് വലിയ ഇഷ്ടമായിരുന്നു

അതിനുമുമ്പുവരെ പക്ഷേ

മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നു പോകുന്ന പലതരക്കാരായ
എല്ലാ അപരിചിതര്‍ക്കും
ശശിധരനെയും
വലിയ ഇഷ്ടമായിരുന്നു

2

മറ്റെല്ലാ അപരിചിതര്‍ക്കും അതിനുമുമ്പ്
തന്നെയും ഇഷ്ടമായിരുന്നു
എന്ന രണ്ടുവരി
തെളിവുകളുടെ അടിസ്ഥാനമില്ലാതെ
എഴുതാന്‍ കഴിയുന്നത്
കവിതയില്‍ മാത്രമാണെന്നും
കണ്ട കള്ളനും കൊലപാതകിക്കും
വെയിലുകായാനുള്ള
ചായ്പ്പാണ്
ഈ കൊതുമ്പുവള്ളമെന്നും
ശശിധരന്‍ തര്‍ക്കിക്കുന്നു
ഉദാഹരണമായി
ഭാഷയിലെ അപ്രതീക്ഷിത അപകടങ്ങള്‍
എന്ന സ്വന്തം കവിത ഹാജരാക്കുന്നു -

പെട്ടന്ന് ചില വാക്കുകള്‍
അപ്രതീഷിത അര്‍ഥങ്ങളെ
ഉല്പാദിപ്പിച്ചു തുടങ്ങുമെന്ന്
അതിനുമുമ്പ്
അറിയാത്തതിനാല്‍,
ലളിത,
'ആരെങ്കിലും ചായയിടുമോ'
എന്ന സ്വാഭാവിക ചോദ്യം
എന്തുകൊണ്ടാണ് എല്ലാവരെയും
ചിരിപ്പിക്കുന്നത് എന്ന്
ആലോചിച്ചു തുടങ്ങി

ഇപ്പോള്‍ ആരും ആരോടും
ഒന്നും ആവശ്യപ്പെടാറില്ലെന്നും
എല്ലാവരും അവര്‍ക്കു വേണ്ടത്
സ്വയം ചെയ്യുകയാണെന്നും
സന്തോഷം തോന്നിയതിനാല്‍,
ലളിത,
സ്വയമെഴുന്നേറ്റ് ചായ ഉണ്ടാക്കുവാന്‍
ആരംഭിച്ചു

അര്‍ഥങ്ങളില്‍ നിന്ന് അംഗചലനങ്ങളിലേക്ക്
എത്രയനായാസമാണ്
കാര്യങ്ങള്‍ സഞ്ചരിക്കുന്നത്
എന്ന സന്തോഷത്തില്‍
ചിരിച്ചു കൊണ്ടിരുന്നവര്‍
കൂടുതല്‍ ഉച്ചത്തില്‍ ചിരിക്കുകയും,
ചായയിടുന്നത് നിര്‍ത്തി
ലളിത,
ചിരിക്കുന്നവരെക്കുറേനേരം
നോക്കിനില്‍ക്കുകയും
ചിരിക്കുന്നവര്‍ പിന്നെക്കുറേനേരം
ലളിതയെ നോക്കിനില്‍ക്കുകയും...

നിര്‍ത്ത് നിര്‍ത്ത്
വെറുതേ മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന
മണകൊണാപ്പാ നിന്റെ അതിഭാഷണം
എന്നു നിങ്ങളുടെ പ്രിയപ്പെട്ട
ആഖ്യാതാവ് ഇടപെടാതിരിക്കുന്നത്
എങ്ങനെയാണ്
ഈ സന്ദര്‍ഭത്തില്‍?
എത്ര ദിവസമെന്നു വെച്ചാണ്
റോഡിലേക്ക് ഈ കൊന്നക്കമ്പ്
നീണ്ടുകിടക്കുന്നത് സഹിക്കുക?

അതിനാല്‍,
നിങ്ങളുടെയേവരുടെയും
അനുവാദത്തോടുകൂടി

നിര്‍ത്ത് നിര്‍ത്ത്
മാ‍നാഞ്ചിറ മൈതാനമേ
മനുഷ്യര്‍ക്കു ചുറ്റുമുള്ള
പതിയിരിപ്പുകള്‍
നിര്‍ത്ത് നിര്‍ത്ത്
തൊപ്പിയില്‍ നിന്നൊരായിരം
കവിത പാറിക്കും
നിന്റെ
നാട്ടുപൊയ്പേച്ചുകള്‍

നിര്‍ത്ത് നിര്‍ത്ത് ശശിധരാ
കൊതുമ്പുവള്ളമുപേക്ഷിക്ക

നടക്ക്

Saturday, July 3, 2010

കാല്പനികതയും അനുബന്ധ കുറ്റകൃത്യങ്ങളും

മരിച്ചുപോയ ഒരാളുടെ വീട്ടിലേക്കുള്ള തീവണ്ടിയില്‍
പുറത്തേക്കു നോക്കിയിരിക്കുന്ന
രണ്ടുപേരുടെ കണ്ണുകളിലോടുന്നു
പോയകാലത്തിന്റെ നാടകം

/ /

ഇടയ്ക്കിടെ എന്തോ ഒര്‍ത്തിട്ടെന്നവണ്ണം വന്നുപോകുന്ന
കൊള്ളിയാനുകളുടെ നിറമുള്ള
രാത്രികളില്‍, വിജനമായ തിയേറ്ററില്‍
ഒറ്റയ്ക്കിരിക്കുന്ന ഒരാളില്‍ നിന്നും
മുകളിലേക്കുയരുന്ന നീല ബീഡിപ്പുകപോലെ അലസമായി,
അതീവ രഹസ്യമായ അപകടങ്ങള്‍ അവര്‍ക്കിടയില്‍

/ / /

എത്ര നോക്കിയിട്ടെന്തിനാണ്
തൊട്ടുനോക്കിയിട്ടില്ലെങ്കിലെന്നേറെനേരം
നോക്കിനില്‍ക്കുന്നു പരസ്പരം
കണ്ണുകളില്‍ നിന്ന് കണ്ണുകളിലേക്കു നീട്ടിയ
മരിച്ചുപോയവന്റെ പൂര്‍വകാലം

/ / / /

പുകയില രുചിക്കുന്ന ചുണ്ടുകള്‍ പുകയില രുചിക്കുന്ന ചുണ്ടുകളില്‍,
പൂത്തുകിടക്കുന്ന കടുകുപാടങ്ങള്‍ക്കിടയിലൂടെ
തുണിയില്ലാതെ ഓടിപ്പോകുന്ന തണുപ്പന്‍ കാറ്റുപോലെ
കയറിയിറങ്ങിപ്പോകുന്നു

/ / / / /

ജനനേന്ദ്രിയങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലുമായി
മരിച്ചുപോയവനെ കാണാന്‍ പോകുന്നു
വഴിയിരികുകളില്‍ നിന്ന് ഉമ്മകള്‍
പരസ്പരം പറത്തുന്നവര്‍
കാണാതെ പോകുന്ന ചിറകുകള്‍

Wednesday, June 30, 2010

പഴയൊരു മുന്‍ധാരണയുടെ ദൈവം മനസ്സു തുറക്കുന്നു

അഭ്യൂഹങ്ങള്‍ കുഴിച്ചിട്ട്
വെള്ളമൊഴിച്ച് കാത്തിരിക്കുന്ന
ഒരു വൃദ്ധനുണ്ടായിരുന്നു
നമ്മള്‍ നില്‍ക്കുന്നിടത്തു നിന്നും
വളരെ വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ്

പണ്ടു പണ്ട് ചിലര്‍
പാട്ടുകളിലും ചിത്രങ്ങളിലും
കുഴിച്ചിട്ട പലതും
മണ്ണില്‍ പരതുകയാവണം അയാള്‍

അയാള്‍ക്ക് തൊട്ടടുത്തുള്ള നഗരത്തിലൂടെ
വിജനമായ മലയിറങ്ങിവരുന്ന
അതിവേഗ തീവണ്ടിയുടെ
പടിവാതിലില്‍
കുളിച്ചൊരുങ്ങി കൂളിംഗ് ഗ്ലാസും വെച്ച്
ചാഞ്ഞുവീശുന്ന നേര്‍ത്ത മഴക്കാറ്റിനെയൊഴിഞ്ഞ്
എരിഞ്ഞുതീരുന്നൊരു സിഗരറ്റില്‍
കുറിയും തൊട്ടിരിക്കുന്നു
കുറച്ചു ദിവസം മുമ്പ് ഉപേക്ഷിക്കപ്പെട്ട
കാമുകി

പതിവിലധികം നിലകളുള്ള
കെട്ടിടം കയറുകയും ഇറങ്ങുകയും ചെയ്യുന്ന
ഒരുകൂട്ടമുറുമ്പുകള്‍
അവളെയോര്‍ക്കുന്നു :-

നടത്ത മത്സരങ്ങളില്‍ പങ്കെടുക്കുന്ന
മെല്ലിച്ച പെണ്‍കുട്ടികളുടെ
ഭയം കലര്‍ന്ന സൂക്ഷ്മതയില്‍
ഓട്ടത്തിനു മുമ്പുള്ള നടത്തത്തിന്റെ
വലിച്ചുനീട്ടപ്പെട്ട അറ്റം
പതിനേഴാം നിലയില്‍നിന്ന്
താഴേക്കും മുകളിലേക്കുമുള്ള
അവളുടെ എരിപൊരി സഞ്ചാരങ്ങള്‍

പത്തുമണിക്ക് വരാമെന്നേറ്റ
ഒരാളെകാണാന്‍
വീടിനടുത്തുള്ള പാര്‍ക്കിലേക്ക്
എട്ടുമണിക്കുതന്നെ
പുറപ്പെട്ട ഒരാള്‍
പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാനില്ലാത്ത
രണ്ടു മണിക്കൂറിന്റെ
അനിശ്ചിത സ്വാതന്ത്ര്യത്തില്‍
ഉറുമ്പുകളെ ഓര്‍ക്കുന്നതുപോലെ
അഭ്യൂഹങ്ങള്‍ കുഴിച്ചിട്ട് കാത്തിരിക്കുന്ന
വൃദ്ധന്‍
പിറുപിറുക്കുന്നു : -

അലസസഞ്ചാരികള്‍
നിങ്ങളലസസഞ്ചാരികള്‍
നടത്തത്തിനു തൊട്ടുപുറകിലുള്ള
വലിച്ചു നീട്ടപ്പെട്ട
കപടയോട്ടങ്ങള്‍ നിങ്ങളുടെ വണ്ടികള്‍

Sunday, May 9, 2010

പരിഭ്രമണം

നട്ടുച്ചയ്ക്കുണര്‍ന്ന് ചുറ്റും നോക്കുമ്പോള്‍
ഞെട്ടിത്തരിച്ചു വരുന്നു, വെളിച്ചം

കാട്ടുതീയ്ക്കു മുന്നിലോടുന്ന
എലികളും മുയലുകളും പോലെ
ഇരച്ചിരച്ച്
എല്ലാ ജനലുകളിലൂടെയും വെളിച്ചം

പെട്ടന്നേതോ വാതിലിലൂടെ നാലുപേര്‍
നീളമുള്ള ഒരു ചിത്രം താങ്ങിപ്പിടിച്ചു കൊണ്ട്
പ്രവേശിക്കുന്നു,
ഞാനല്ലാതെ വേറൊന്നുമില്ലാത്ത
ഈ മുറിയിലേക്ക്

അവരെത്തുന്നതിനുമുമ്പ്
നട്ടുച്ചവേനല്‍ എന്നെയുണര്‍ത്തുന്നതിനും മുമ്പ്
മാധവന്‍ എന്നൊരു പല്ലി
ചുമരിലിരുന്നൊരു പറക്കുന്ന പ്രാണിയെ
പിടിക്കാന്‍ ശ്രമിക്കുകയും
ചിറകുമാത്രം പിടിച്ചെടുക്കുകയും ചെയ്തതിനാല്‍
ഒറ്റച്ചിറകനാ‍യി ചുരുങ്ങിയ അജയന്‍ എന്നൊരു കറുത്ത പ്രാണി
മിനുമിനുത്ത നിലത്ത് വെളിച്ചത്തിലേക്ക്
കണ്ണുതുറന്നിരിക്കുന്നു,
പെട്രോമാക്സിന് മുന്നില്‍പെട്ട തവള എന്നൊരു
സാദൃശ്യവിവരണം കൂട്ടിരിക്കുന്നു

അങ്ങ് മുകളിലൊരു പടുകൂറ്റന്‍ പരുന്ത്
മഴയ്ക്കു തൊട്ടുതാഴെയുള്ള ആകാശത്തെ
കഠിനമായി ഭയന്ന്
ജീവനുംകൊണ്ട് പറക്കുന്നു

ചിറകുകളില്‍നിന്ന് ചെതുമ്പലുകളിലേക്ക്
അരിച്ചരിച്ചൊറ്റനൂല്പോലിടതൂര്‍ന്നു നില്‍ക്കും വെളിച്ചം
ഭയന്ന് ഭയന്നു പിന്മാറുന്നു
മഴയ്ക്കു തൊട്ടുതാഴെയുള്ള ആകാശം
താഴേക്കുതാഴേക്കു ഞാലുന്നു

ചിത്രവുമായി പ്രവേശിച്ചവര്‍ക്കിരിപ്പിടങ്ങള്‍
തിരയുന്നു
നിങ്ങള്‍ വരുന്നതിനു മുമ്പ്
അനന്തതയെക്കുറിച്ചുള്ള ഉപന്യാസം
മാത്രമെന്നു വിനീതനാകുന്നു
അരികിലരികിലേക്ക് ചുരുങ്ങുന്നു
പഞ്ചപുച്ഛനാകുന്നു
തോര്‍ത്തു കുടഞ്ഞ് തോളത്തിടുന്നു
അമ്മയമ്മുമ്മമാരില്‍ നിന്ന്
മരണാനന്തരം കിട്ടിയ
ഈ മുറിയുടെ പരിഭ്രമം

Sunday, March 21, 2010

ഒളിവുകാലങ്ങളില്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്നു

വസന്തം തുടങ്ങുന്നു

അടച്ചു തുറക്കുമ്പോള്‍ എല്ലായ്പ്പോഴും കൃത്യമായ സമയം കാണിക്കുന്ന ഈ കമ്പ്യൂട്ടര്‍ ആരെയും ഭയപ്പെടുത്തേണ്ടതാണ്. ഒരേയളവില്‍ ഒരേ കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച് കഴിച്ചുകൂട്ടുന്നവ പലപ്പോഴും ഭയപ്പെടുത്തുന്ന പലതിനെയും കുറിച്ചുള്ള ഭയമാണ് എന്ന ആമുഖം അടച്ചു തുറക്കുമ്പോള്‍ എല്ലാവരുടെയും സമയം കാണിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉണ്ട് എന്നത് രാത്രിപോലെ അവ്യക്തമായി തുടരേണ്ട കാര്യമെന്താണ്? ഇത്രവിശാലമായ ഭാവനയുടെ സഹായത്തോടെ ജീവിച്ചിരിക്കുന്ന നമുക്കെല്ലാം നമ്മുടേതു മാത്രമായ സമയങ്ങള്‍ ഇല്ല എന്നത് ക്രൂരമാണ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വാങ്ങിയിരുന്ന കളിവാച്ചുകള്‍ നമ്മുടെ പലരുടേയും കുട്ടിക്കാലത്തെ മഞ്ഞയിലും കടും പച്ചയിലും രസിപ്പിച്ചത് അത്രവേഗം മറക്കുന്നതെന്തിനാണ്? സുജാതയുടെ വാച്ചില്‍ എല്ലായ്പ്പോഴും നാലരയായിരുന്നു. എന്റെതില്‍ അര്‍ധരാത്രിയും. ഇരുസമാന്തര രേഖകള്‍ എന്നൊരിക്കലും ഞങ്ങള്‍ക്ക് കള്ളം പറയേണ്ടി വന്നിരുന്നില്ല.

ബോംബയില്‍ നിന്നും റയ്ബാന്‍ ഗ്ലാസിലൊളിച്ചിരുന്ന് അവധിക്കാലങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്ന അമ്മാവന്മാരോ കഷണ്ടി കയറിയ മറ്റ് ബന്ധുക്കളോ അയല്‍വാസികളോ ഉണ്ടായിരുന്നിരിക്കണമെല്ലോ നമുക്കെല്ലാം. അവരിലൊരാള്‍ ആദ്യമായി, സ്റ്റീലിന്റെ കെട്ടുവള്ളിയുള്ള ആ വാച്ച് കയ്യില്‍ കെട്ടിത്തന്ന ദിവസം ഓര്‍മയുണ്ടോ? കളിയിടങ്ങളിലേക്കും പൊന്തക്കാടുകളുടെ പിന്‍വശത്തേക്കും കൃത്യസമയമുള്ള കൈത്തണ്ടയുമായി നമ്മളില്‍ നിന്നെല്ലാവരില്‍ നിന്നും ഓടിയിറങ്ങിപ്പോയ സുജാതയെയും എന്നെയും ഓര്‍മയുണ്ടോ? ആദ്യത്തെ ഒറ്റുകാര്‍ അവരാണ്, സുജാതയും ഞാനും. അത്ര ഗൂഢമായ ഒരാലോചന കൂട്ടുകാരെകാട്ടി ആളായത് ഞങ്ങളാണ്. കൃത്യസമയത്ത് തിരിച്ചു പോകാന്‍ തിരുവല്ലയിലോ, ആലുവയിലോ കൊച്ചുവേളിയിലോ തിവണ്ടികാത്തു നില്‍ക്കുന്ന ആ അമ്മാവന്‍ ഇല്ലാത്ത ഒന്നിന്റെ പേരില്‍ അഹങ്കാരപ്പെടുവാന്‍ നടത്തുന്ന ദൈന്യശ്രമം, അന്നുമുതല്‍ നമ്മുടെയെല്ലാം കൈത്തണ്ടയില്‍.

ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തലകുടയുന്നു. ഇല്ല ഇല്ല ഇല്ല ഉണരാതിരിക്കില്ല

വസന്തം

ഒളിച്ചിരുന്നാണ് ഇതെഴുതുന്നത്. രാത്രികളിലേക്ക് പകലുകളും പകലുകളിലേക്ക് രാത്രികളും വരുന്നു, പോകുന്നു. നിറയെ വള്ളിപ്പടര്‍പ്പുകളുള്ള കുറ്റിക്കാടുകളില്‍ നിന്നും അണ്ണാന്‍പൊത്തുകളില്‍ നിന്നും ആത്മഹത്യാശ്രമങ്ങളില്‍ നിന്നും വരുന്നു, പോകുന്നു. പെട്ടന്ന് ഒരു മഴ ചാറുന്നു. ചെറുവെയിലില പൊഴിയുന്നു. നിന്നെ കാണാന്‍ തോന്നുന്നു എന്നെഴുതി വയ്ക്കുന്നു. ഏത് സമയത്ത്, എവിടെ വരും എന്ന ചോദ്യത്തിന് പിറകിലൊളിക്കുന്നു. ഒളിച്ചിരുന്നാണ് നമ്മളെല്ലാവരും ഇതെഴുതുന്നത്.

ടെറസുകളില്‍ ക്രിക്കറ്റു കളിക്കുന്നവരെ നോക്കിയിരിക്കുന്നു, സായന്തനങ്ങളില്‍ നമ്മുടെ ആകാശം. പെട്ടന്ന് ആരിലോ പഴയ ഉത്സവപ്പറമ്പുകള്‍ ഉണരുന്നു. പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധമുള്ള അര്‍ഥരാത്രിയില്‍ ഗാനമേള കേള്‍ക്കാന്‍ കുന്തിച്ചിരുന്നവരില്‍ നിന്നൊരാള്‍ എല്ലാവരെയും മറന്ന് കാലുകളില്‍ നിന്ന് മുകളിലേക്ക് ഇളകുന്നു. ടെറസുകളുടെ വിശാലതയ്ക്കുമേലേ ഒരു പന്ത് പറന്നു പോകുന്നു. നമ്മുടെ സൂര്യന്‍ താണുതാണു പോകുന്നു. കടലിലാരോ ഒരു പന്ത് തിരയുന്നു. പല നിറങ്ങളില്‍ ഉലയുന്നു നിന്റെ പാവാട. പഴയ മുറികളില്‍ നിന്നിഴഞ്ഞിറങ്ങി വരുന്നു ടാറുപാകിയ നിരത്തുകളിലേക്ക് പല്ലികള്‍, പഴുതാരകള്‍, കാട്ടുപൂവിന്‍ പാട്ടുകള്‍. നമ്മളെ മണത്തു നോക്കുന്നു. നമ്മളില്‍ നിന്ന് നമ്മളിലേക്ക് വരുന്നു, പോകുന്നു.

എല്ലാം ശരിയാകുമെന്ന് തോന്നിത്തുടങ്ങുന്നു. അതിനിടയില്‍ നിന്നെയോര്‍ക്കുന്നു. നിന്നെ കാണാന്‍ തോന്നുന്നു. നീ, മറ്റൊരു കാലം. ചലിക്കാത്ത രഹസ്യം. ആരിലും ഒരിക്കലും വളര്‍ന്നിട്ടേയില്ലാത്ത ആറ്റിറമ്പിന്റെ നീല. നിന്നെ കാണാന്‍ തോന്നുന്നു. നിന്നിലൂടെ കാണാന്‍ തോന്നുന്നു. ഹോ, രോമാഞ്ചം തുടങ്ങുന്നു.

വസന്തത്തിന് ദേഷ്യം വരുന്നു

ജനലിലൂടെ നോക്കുമ്പോള്‍, ദൂരെയേതോ കുന്ന്, രാത്രിയില്‍ തീ പിടിച്ച ശരീരവുമായി കുതറിയോടുന്നു. പന്തംകൊളുത്തി നൃത്തംചെയുന്ന നാടോടികള്‍ ജനലിലൂടെ കടന്നു വരുന്നു. അടഞ്ഞു കിടക്കുന്ന മറ്റൊരു ജനല് തുറന്നു നോക്കുമ്പോള്‍ വേറേതോ സിനിമ, തെങ്ങിന്‍ തുഞ്ചത്ത് കാറ്റിനൊപ്പം ചിറകിളക്കുന്ന പരുന്തുകള്‍ എന്നൊമറ്റോ പതിഞ്ഞ താളത്തില്‍‍. കാറ്റ് വെള്ളം പോലെ നിറയുന്നു. മുറി ഒഴുകി നീങ്ങുന്നു. നീന്തല്‍ പഠിക്കുന്നു. വേരുകളിലൊരു പന്ത് തടയുന്നു.

ഇത്ര തിരക്കിട്ട് ഏത് യുദ്ധകാലത്തിലേക്കാണ് എന്ന ചോദ്യം എത്രകാലമായി ചോദിക്കുന്നു, മറ്റെന്തെങ്കിലും ചെയ്തുകൂടേ എന്നു ചോദിക്കുന്നു. ജനാലകളിലൊരു പരുന്ത് ചിറകുചിക്കുന്നു. കുറേനേരമായി അവിടെത്തന്നെയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും നോക്കുന്നു. വെയിലിലകള്‍ പെറുക്കിക്കൂട്ടി അനേകായിരം മഞ്ഞപ്പാവാടകള്‍ കുന്നിന്‍മുകളിലൂടെ നടന്നു പോകുന്നു.

പഴയ വാച്ചുകള്‍ റിപ്പയറു ചെയ്യുന്ന കടയടച്ച് സുജാതയും ഞാനും ഞങ്ങളിലേക്ക് മടങ്ങുന്നു.

Monday, March 1, 2010

പ്രളയത്തിനുമീതേ പൊങ്ങുതടികള്‍ കാക്കകള്‍

ഒരു നിലയുള്ള വീട്ടില്‍ നിന്നും ആയിരത്തൊന്ന് നിലകളുള്ള വീട്ടിലേക്ക് കയറി താമസിച്ചതിന്റെ അന്നുമുതല്‍, എത്രകാലത്തേക്ക് സഹിക്കാന്‍ കഴിയും 'എത്ര ഉയരത്തില്‍ പറക്കാന്‍ കഴിയും എനിക്ക്, കാക്കകള്‍ക്ക്' എന്ന ചോദ്യത്തെ?

അലട്ടലൊഴിഞ്ഞിട്ട് പോകാന്‍ കഴിയില്ല എങ്ങും എന്നായപ്പോള്‍, കഥപറഞ്ഞുപറഞ്ഞ് ഉറങ്ങിപ്പോയവളെ അവിടത്തന്നെയുപേക്ഷിച്ച് ആയിരത്തിരണ്ട്, മൂന്ന് എന്നിങ്ങനെ വീണ്ടും പണിതുതുടങ്ങി, നിലകള്‍

പണിതുപണിത് എണ്ണം തെറ്റി
ജലമോഹം വെടിഞ്ഞ് തലകീഴ്
ധ്യാനത്തില്‍ നമുക്കുചുറ്റും,
വേരുകള്‍

ഇപ്പോള്‍ സൂര്യനെ ഞരമ്പിലെക്കടല്‍ കാട്ടിക്കൊടുക്കാം. മേഘങ്ങളില്‍ മേയാനിറങ്ങുന്ന ദൈവങ്ങളെ നടുവിരലുയര്‍ത്തിക്കാട്ടാം. അനന്തവും അജ്ഞാതവും വര്‍ണനീയമായ അവസ്ഥയില്‍ പറക്കാന്‍ കഴിയാത്ത കൈവിരിപ്പില്‍ ഒതുക്കത്തോടെ, വളരെ വളരെ മുകളില്‍.

കാക്കകള്‍, അതിനും മുകളില്‍, കാക്കകള്‍
പ്രളയത്തിനുമീതേ
പൊങ്ങുതടികള്‍, കാക്കകള്‍

തലയ്ക്കുമീതെ, തലേവരയ്ക്കു മീതെയൊരു
ഒറ്റയാന്‍ പരുന്തിനെ കൂട്ടംചേര്‍ന്ന്
തുരുത്തുന്നു, ഉറക്കത്തില്‍ കാക്കകള്‍
തോറ്റുപോയ ദൈവത്തിന്റെ അസ്വാസ്ഥ്യം
എണ്ണമില്ലാത്ത നിലകളില്‍ നിന്ന്
താഴേക്കോടിയിറങ്ങുന്നു
ഉറക്കംതെറ്റിയ രാത്രികളില്‍

ഉള്ളവയ്ക്ക് പകരമാവുകയില്ല
ഏച്ചുകെട്ടലുകള്‍,
തോറ്റുതളര്‍ന്ന് ഫ്‌ളൈ ഓവറിനു കീഴെയുള്ള
ബാറില്‍
താഴേക്ക് വളരുന്ന
ബിയര്‍ കുപ്പിയെയും
ഏതോപാട്ടില്‍ മുടിനീളത്തില്‍
കറങ്ങിയെത്തുന്ന പെണ്ണിനെയും
'അത്ഭുതം തന്നെ' എന്ന്
നോക്കിയിരിക്കുന്നു

അപ്പോള്‍,

എതിര്‍ സീറ്റിലിരുന്ന്
'കൈവെള്ളയിലെ രേഖകളെക്കാള്‍
വിചിത്രമായി എന്തുണ്ട്?
അത്രയടുത്ത് അറിയാമായിരുന്നിട്ടും
മറ്റുള്ളവരാല്‍ വിശദീകരിക്കപ്പെടേണ്ട
ഇന്നലെയും നാളെയുമാണ് അതെന്നു വരുമ്പോള്‍
കൈവെള്ളയിലെ രേഖകളെക്കാള്‍ വിചിത്രമായി
എന്തുണ്ട്'
എന്ന് ബിയറിരമ്പും കണ്ണിറുക്കുന്നു
അതിശയോക്തി ഒട്ടുമില്ലാത്ത ഒരു കാക്ക

നാല്‍പത് ഡിഗ്രിയില്‍ പഴുക്കുന്ന
നമുക്കെല്ലാം അറിയുന്ന നമ്മുടെയീ നഗരത്തില്‍
നമ്മള്‍ക്കാര്‍ക്കുമറിയാത്ത ഒരു റഫ്രിറജറേറ്റര്‍ കട
ഒളിച്ചിരിപ്പുണ്ടെന്ന് അതിനുശേഷമാണ് ഞാന്‍ പറഞ്ഞു തുടങ്ങിയത്
ഇരുന്നുപഴകിയ ആ കടയ്ക്കുള്ളില്‍ ഒരു നാലുവയസ്സുകാരി
പതുങ്ങിയിരിപ്പുണ്ടെന്നും ഞാന്‍ പറയാറുണ്ട്
അതിശൈത്യം വരുന്നു, അതിശൈത്യം വരുന്നു
എന്ന് ഫ്‌ളൈഓവറിന് കീഴെയുള്ള ബാറില്‍ നിന്നും
ഞാനിറങ്ങിയോടിയെന്നതും സത്യം തന്നെ

പുതിയ സത്യങ്ങളൊന്നുമില്ലേ ഇപ്പോള്‍
എന്നു പരിഭവിക്കരുത്

ചിറകുമുളച്ചുകാണണം അതിനുശേഷം

Friday, January 22, 2010

മീനില്ലാത്ത പുഴകള്‍/ആളില്ലാത്ത പേരുകള്‍

മറ്റുള്ളവരുടെ പേരുകളിലേക്ക്
കയ്യൊഴിയുകയാണ്
ദിവാകരന്‍ സ്വന്തം പേരിലുള്ളതെല്ലാം

ദിവാകരന്റെ വീട്, കുട്ടികള്‍, ഭാര്യ
പല ഉപയോഗങ്ങള്‍ക്കുള്ള
ലൈസന്‍സുകള്‍
ജനനം മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍
കാമുകിമാരുമൊത്തുള്ള പഴയ ചിത്രങ്ങള്‍
അങ്ങനെ നിലവിലുള്ളതെല്ലാം
മറ്റ് പേരുകളിലേക്ക് മാറുകയാണ്

പഴയ ഒരു വാഷിംഗ് മെഷീനും
ദിവാകരന്‍ എന്ന പേരും മാത്രമാണ്
ഏറ്റെടുക്കാനാളില്ലാതെ
ഒടുവിലവശേഷിച്ചത്

ഉടുപ്പുകളെക്കുറിച്ച്
കവിതയെഴുതുകയല്ലാതെ
എന്തുചെയ്യാനാകും
അയാള്‍ക്ക് ഇപ്പോള്‍?

പുഴനിറയെ ചത്തുപൊന്തിയ
മീനുകളെക്കണ്ട്
അലക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവര്‍
അലമുറയിട്ടുവെന്നല്ലാതെ
എന്താണെഴുതുക
വാഷിംഗ് മെഷീന്‍
എന്ന കവിതയില്‍ അയാള്‍?