Sunday, May 25, 2008

ചങ്ങനാശ്ശേരി വേണ്ടെന്നു വെച്ചാലെന്താണ്‌?

കോട്ടയത്തു നിന്നും തിരുവല്ലയിലേക്ക്‌
പോകുന്നു ഒരത്യാവശ്യം
അതിനിടയിലാണ്‌ ഒരാവശ്യവുമില്ലാതെ
ചങ്ങനാശ്ശേരി

പണ്ടൊരു അത്യാഹിതത്തിനു മുമ്പേ
വീടെത്താന്‍ പാഞ്ഞപ്പോഴും
ഇടയില്‍ കയറി താമസം വരുത്തിയിരുന്നു

അന്നേ ചിന്തിക്കുന്നതാണ്‌
ചങ്ങനാശ്ശേരി എന്തിനാണ്‌?
എനിക്കിവിടെ
ബന്ധുക്കളോ
ശത്രുക്കളോ
പൂര്‍വകാമുകിമാരോ ഇല്ല
ഉപമയോ ഉല്‍പ്രേക്ഷയോ
എന്തിന്‌
ഒരു വ്യര്‍ഥരൂപകം
വീണുകിട്ടാന്‍ പോലും
ഇടയാക്കിയിട്ടില്ല

എന്നിട്ടും എന്റെവണ്ടി
എല്ലാപ്പോക്കിലും
ഇവിടെവച്ച്‌ ലേറ്റാവുന്നു

രണ്ടു നഗരങ്ങള്‍ക്കിടയില്‍
എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന
അപരിചിത ഭാവങ്ങള്‍
തിരക്കിട്ടു പോകുന്നവര്‍ക്ക്
ഒറ്റത്തടിപ്പാലമാകില്ല
എന്നിരിക്കെ

നമ്മുടെ ഭൂപടങ്ങള്‍
നമ്മള്‍തന്നെ
വരച്ചാലെന്താണ്‌?

(മാധ്യമം ആഴ്ചപ്പതിപ്പ് - 2008 ജൂണ്‍)

Friday, May 16, 2008

തെരുവ്‌

കണ്ണുകളിലേക്ക്‌ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?
പുറകോട്ടു നോക്കുമ്പോള്‍
പൂരപ്പറമ്പുകള്‍ കാണുന്ന വിധം
അത്രയഗാധമായല്ല
കഞ്ചാവുപൂത്ത കണ്ണുകൊണ്ട്‌
ഒരാപ്പിളിനെ നോക്കുന്നവിധം
ലോലമായി,
അത്രയ്ക്ക്‌ വാത്സല്യത്തോടെ

നിരനിരയായി
മഞ്ഞവെളിച്ചം കത്തിനില്‍ക്കുന്ന
ഫ്ലൈ ഓവറുകള്‍ക്കു കീഴേ
മെഴ്സിഡിസ്‌ ബെന്‍സുകള്‍
പാഞ്ഞുപോകുന്ന ഒരു നഗരം കാണുന്നില്ലേ?
ഒരുത്തിയുടെ പാവാട
ഒരുവന്‍ പൊക്കിനോക്കുന്നത്‌ കാണുന്നില്ലേ
എ അയ്യപ്പനെയും
ചാള്‍സ്‌ ബുകോവ്സ്കിയെയും
മറ്റനേകം ഭ്രാന്തന്മാരെയും
കാണുന്നില്ലേ

കുടിച്ചുന്മത്തനായി
നിങ്ങള്‍ക്കുമുമ്പേ
അംഗുലം നീളമുള്ള
ആ സിഗരറ്റിനെ കടത്തിവിട്ടുകൊണ്ട്‌
വളരെ പതുക്കെയാണ്‌
നിങ്ങള്‍
ചുവപ്പുരാശി പടര്‍ന്ന
ആ ഫ്രെയിമിലേക്ക്‌ വരുന്നത്‌

ആര്‍ത്തലച്ചടിമുടി-
യഴിഞ്ഞുലഞ്ഞുകൊണ്ട്‌
കയ്യിലെ ബിയര്‍ കുപ്പി
അതിലേക്ക്‌
എടുത്തെറിയാന്‍ തോന്നുന്നില്ലേ?

അപ്പോഴറിയാം
ആര്‌
ആരെയാണ്‌
കണ്ടുകൊണ്ടിരുന്നതെന്ന്‌

Tuesday, May 13, 2008

പാര്‍ക്ക്‌

തെരുവിലേക്ക്‌ കരിയിലകളും
പൂക്കളും വാരിവാരിയിട്ട്‌
ഒരു ചാരുകസേര പതിയെ
കാലുകൊണ്ട്‌ മുന്നോട്ടു നീട്ടിനീട്ടിയിട്ട്‌
നിങ്ങളിരീക്കൂ നിങ്ങള്‍ മാത്രമിരിക്കൂ
എന്നൊരു തണല്‍മരം
വളരെക്കാലമായി
ഒറ്റയ്ക്കു പതിവായി
നടന്നു പോകുന്ന ഒരാളെ
കളിയാക്കുകയോ
എല്ലാം മനസ്സിലാകുന്നുണ്ട്‌
എന്ന്‌ ആശ്വസിപ്പിക്കുകയോ
ചെയ്യുന്നുണ്ട്‌

അയാള്‍ നടക്കുന്നത്‌
ഇരുന്നിരുന്ന്‌ ക്ഷീണിച്ചിട്ടാണെന്ന്‌
മരമറിയുമോ
അയാളുടെ നടപ്പിലെ
മടുപ്പറിയുമോ
നടന്നില്ലെങ്കില്‍ മടുക്കുമെന്നറിയുമോ

തിരിച്ചുചെന്ന്‌,
രണ്ടുപേര്‍ ചാരിനില്‍ക്കുന്ന
ഒരു മരത്തിന്റെ ചിത്രം
അയാള്‍ വീണ്ടുമെടുത്തു
നോക്കുമ്പോള്‍
വര്‍ഷങ്ങളായി നിന്നുപോയ
ഒരു കാക്കയുടെ പറക്കല്‍
മരത്തിന്റെ മുകളില്‍
ചിറകടിക്കുന്നു

വരൂ ഇരിക്കൂ എന്ന്‌ പറയുന്നുണ്ടാവണം
നിന്നനില്‍പില്‍ മരം
അറിയുന്നുണ്ടാവണം

എന്നും കാണുന്നതിന്റെ
പരിചയത്തില്‍
കൊരുത്തെടുക്കുന്നുണ്ടാവണം
കാലും ചിറകുമില്ലാത്ത
ഉടലറിയാത്ത
ഓര്‍മയില്‍ രക്തമോടാത്ത

ശീലങ്ങള്‍

Friday, May 9, 2008

കയറ്റിറക്കങ്ങള്‍

കോണിപ്പടി കയറിവരുന്ന
ശബ്ദങ്ങളൊക്കെ
എന്നെത്തിരക്കിയാണെന്നാണ്‌
വിചാരം.
കോണിപ്പടിക്കു മുകളില്‍
ഞാന്‍ മാത്രമല്ലേ ഉള്ളൂ.

കോണിപ്പടി കയറിവരുന്ന
ശബ്ദങ്ങളൊക്കെ
(തീര്‍ച്ചയായും
കാലടികളല്ല)
എവിടെപ്പോകുന്നു?

കോണിപ്പടി
കയറിയാലെത്തുക
കോണിപ്പടി
കയറിയെത്തുക
എന്റെ അസാന്നിധ്യത്തിലേക്കാണ്‌ എന്നോ

എനിക്കുതാഴെ കോണിപ്പടികള്‍ ഇല്ല
എന്നും വരുമോ?