Tuesday, January 29, 2008

അറിവുകളില്‍ നീയുണ്ടായിരുന്നില്ലല്ലോ

"എന്തറിയാം നദികളെക്കുറിച്ച്‌"
ഒഴുക്കില്‍ മുടിയിതളുകള്‍
കടല്‍പ്പറ്റാതെ കാത്തുകൊണ്ട്‌
അവള്‍ ചോദിക്കുന്നു.

"എല്ലാമറിയും
നദികളെക്കുറിച്ച്‌ എല്ലാമറിയും.
ഒഴുകിവന്ന ജഡങ്ങളെക്കുറിച്ചും
പലതുമറിയും"

"ആമസോണ്‍ കണ്ടിട്ടുണ്ടോ?
നൈല്‍?
ഗംഗയും യമുനയുമെങ്കിലും?"
അവള്‍ അങ്ങനെയാണ്‌
എന്റെ പുരാതനമായ
അഹങ്കാരത്തെ വകവെച്ചിട്ടേയില്ല
ഇന്നോളം.

"ഇല്ല, പേരുകളറിയില്ല
ഒഴുക്ക്‌ ലംബമോ തിരശ്ചീനമോ
എന്നുപോലുമറിയില്ല.
എങ്കിലും എല്ലാമറിയും
അറിവില്ലായ്മയെക്കുറിച്ചും
പലതുമറിയും".

ഏഴു നൂറ്റാണ്ടുകള്‍ക്കപ്പുറം
പെണ്ണായി കുളിച്ചു കയറാന്‍
ജലകുമിളകളില്‍ തപസ്സിരിക്കുന്ന
അമീബ പോലും കേട്ടു
തുള്ളിമുറിയാത്ത മഴയുടെ
ഹുങ്കാരം പോലെ
അവളുടെ പൊട്ടിച്ചിരി:-

"പുഴയ്ക്കപ്പുറം പച്ചപ്പുകളില്ല എന്നറിയുമോ?
ഗര്‍ഭപാത്രത്തില്‍ വെച്ചാരും
പ്രണയിക്കാറില്ല എന്നറിയുമോ?
ഗര്‍ഭിണിയിലും കാമമുണ്ട്‌
എന്നറിയുമോ?
മഹാലിംഗമേ, കല്ലാണ്ടവനേ
നിന്റെയമ്മയിലും നീയുണ്ട്‌ എന്നറിയുമോ?"

"അറിയേണ്ടതായിരുന്നു
ഒഴുക്ക്‌ നീതന്നെയാകുന്നതിന്‍മുമ്പ്‌
അറിയേണ്ടതായിരുന്നു".

Wednesday, January 23, 2008

അമ്മയെ ഓര്‍ക്കുവാനുള്ള കാരണങ്ങള്‍

കയ്യിലേക്ക്‌ പിന്തിരിഞ്ഞ്‌
പിന്തിരിഞ്ഞ്‌ പറക്കുന്ന
ഒരു വീശല്‍
മറവിയുടെ കോണില്‍
പൊടിതട്ടി കിടക്കുന്നുണ്ട്‌

ഒരു കൗമാരക്കാരിയുടെ
കൈ പിടിച്ച്‌
മൂന്നുവയസ്സുകാരനൊരുവന്‍
ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫ്രെയിമില്‍
കയറി നില്‍പ്പുണ്ട്‌

മുലപ്പാലിന്റെ ഗന്ധം
അങ്ങിങ്ങ്‌ വീണുകിടപ്പുണ്ട്‌

എത്ര ചീകിയാലും ഒതുങ്ങാത്ത
ആഫ്രിക്കന്‍ ജിപ്സിയുടെ മുടി,
എത്രയാഴത്തില്‍ ഉറങ്ങുമ്പോഴും
സ്വപ്നങ്ങളും ഉണര്‍ച്ചയും
കാത്തുവെക്കുന്ന കണ്ണുകള്‍,
കഴിഞ്ഞ ജന്മത്തില്‍
കഴുതയിലായിരുന്ന ചെവികള്‍

എന്നിവ നിനെക്കെവിടെ നിന്ന്‌
കിട്ടിയെന്ന്‌
ഒരായിരം കണ്ണാടികള്‍
കുശലം പറഞ്ഞ്‌
തോറ്റു പിന്മാറിയിട്ടുണ്ട്‌

എന്നിട്ടും
കാരണങ്ങള്‍
കുറവായിരുന്നു
ഇന്നലെ വരെ

അവസാനത്തെ സിഗരറ്റ്‌
ഒറ്റയ്ക്കു വലിച്ചു തീര്‍ത്തതിന്റെ
കോപം 'തായോളീ'
എന്ന സ്നേഹത്തിലേക്ക്
കൂട്ടുകാരനൊരുവന്‍
ചുരുക്കുന്നതു വരെ

Sunday, January 13, 2008

സാറ്റര്‍ഡേ നൈറ്റ് പാര്‍ട്ടിക്കു പോഗലാം, വരിയാ‍

1

യശോധരയുടെ മുറി, രാത്രി
(ഇന്റീരിയര്‍)


രാത്രിക്കുമീതെ പൊഴിയുന്ന പഴുത്തിലകള്‍
ഇരുട്ടില്‍ അവള്‍ക്ക്‌ പുതപ്പായില്ല.
ജലം ജലമാകുന്നതിനു മുമ്പ്‌
അവളില്‍ പെയ്തിരുന്നു.
തളംകെട്ടിക്കിടക്കുന്ന മഴ: യശോധര.

അവളുടെ ഉണര്‍ച്ചകള്‍ അറിയുവാന്‍ കഴിയുന്നത്രയും
ലോലഭാവത്തില്‍ ആരും ഒരിക്കലും
സിദ്ധാര്‍ഥനെ വരച്ചില്ല.

അതിനാല്‍, ഈ മുറിയില്‍
അവളുടെ മുറിയില്‍
അയാള്‍ തിരിഞ്ഞു കിടന്നുറങ്ങുന്നു.
ചുമരില്‍ മെഴുകുതിരി കത്തിനില്‍ക്കുന്നു

യശോധര (ആത്മഗതം): ഒരു മുറിയില്‍ എത്രായിരം പേര്‍
മരിക്കുന്നു. മുറിവിട്ടു പോകുന്നവളുടെ അവസ്ഥ
എന്താകുമോ എന്തോ?


തനിക്കും സിദ്ധാര്‍ഥനുമിടയിലെ വാതില്‍ക്കൊളുത്തില്‍
യശോധര ഒരു നിമിഷം നോക്കിനിന്നു
ഓടാമ്പലുകള്‍ താനേ തുറന്നു.

2

ഇടവഴി, രാത്രി
(എക്സ്റ്റീരിയര്‍)


ദുരദൂരേക്ക്‌ നീണ്ടു കിടക്കുന്ന കണ്ണെത്താവഴിയുടെ
അതിരുകളില്‍ നിന്ന്‌ അണ്ണാന്‍പൊത്തുകള്‍
യശോധരയെ നോക്കിപ്പകച്ചു.
അഴിച്ചിട്ട മുടിക്കുമുന്നില്‍ അവളുടെ നടത്തില്‍
ഉന്മാദം ഉപ്പിനു പോലുമില്ല എന്നറിഞ്ഞ്‌
ചെമ്പോത്തുകള്‍ കണ്ണുചിമ്മി
മൈഥുനം കഴിഞ്ഞ്‌ പൂച്ചക്കുട്ടിക്കായുടെ തുമ്പത്ത്‌
കണ്ണടച്ചിരുന്ന മഴ ഒറ്റ ഞെട്ടലില്‍
താഴെവീണു ചിതറി.

രണ്ട്‌ കള്ളന്മാര്‍ക്കു നടുവില്‍ ഒരു പ്രവാചകന്‍
രണ്ട്‌ കൂട്ടിക്കൊടുപ്പുകാര്‍ക്കിടയില്‍ ഒരു വേശ്യ
രണ്ട്‌ കോണ്‍സ്റ്റബിള്‍മാര്‍ക്കു നടവില്‍ ഒരു എസ്‌ ഐ
രണ്ട്‌ കവിതകള്‍ക്കു നടവില്‍ ഒരു നിരൂപകന്‍
എന്നിങ്ങനെ ജനക്കൂട്ടങ്ങള്‍ അവളെ കടന്നുപോയി.

രണ്ടില്‍ നിന്നും ഉയരുമ്പോള്‍ ഇല്ലാതാകുന്ന
ഏകാന്തതയുടെ മടുപ്പ്‌ അവളില്‍ മന്ദഹാസമായി

3

സിദ്ധാര്‍ഥന്റെ വീട്‌, പകല്‍
(എക്സ്റ്റീരിയര്‍)


കാറ്റ്‌ പലതും പറഞ്ഞു:-
ഓട്ടത്തിനിടയിലെ ഏകാന്തതയില്‍
കരള്‍ പറിഞ്ഞ്‌ ഒരു മുയല്‍ തോറ്റുകൊടുത്തുവെന്ന്‌
മാന്ത്രികവടി കളഞ്ഞുപോയതിന്റെ പിറ്റേന്ന്‌
ഒരു കുട്ടിച്ചാത്തന്‍ കുറുക്കനായെന്ന്‌
കാത്തിരുന്നു മുഷിഞ്ഞ പെണ്ണ്‌,
ദൂരെയെവിടെയോ ആണിനെക്കൊന്ന്‌
അമ്പലം പണിതെന്ന്‌

സിദ്ധാര്‍ഥന്‍ (ആത്മഗതം): ഹാ! കഷ്ടം കാതിനു കേള്‍ക്കാന്‍
കൊള്ളുന്നതൊന്നുമില്ലേ ഈ ഭൂമിയില്‍?


4

യശോധര, യശോധര
(യശോധര)


കാറ്റില്‍ കടപുഴകിയ ആല്‍മരം
കെട്ടഴിഞ്ഞ കഥകള്‍
പാഠപുസ്തകത്തിലേക്ക്‌
പറക്കാത്ത കാറ്റുകള്‍

Saturday, January 5, 2008

പോസ്റ്റ്‌ ചെയ്യാത്ത കത്തുകള്‍ - 1

(ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും
)

ഇന്നലെ എഴുതിയതു മുഴുവന്‍
ഏതുഭാഷയിലാണ്‌
എന്നു കണ്ടെത്താനുള്ള
ശ്രമമായിരുന്നു ഇന്നുമുഴുവന്‍
അതിനിടയ്ക്കെപ്പോഴോ ആണ്‌ നിന്റെ ഭാഷ
കണ്ടുകിട്ടിയത്‌.

നിനക്കെഴുതിയിട്ട്‌, നീയെഴുതിയിട്ട്‌
എത്രകാലമായിരിക്കുന്നു?

നീ വന്നു താമസിച്ചിട്ടില്ലാത്ത
എന്റെയീ മുറി
പതിവുപോലെ
അലക്കാത്ത അടിവസ്ത്രങ്ങളാല്‍
നിറഞ്ഞിരിക്കുന്നു
ചിലപ്പോള്‍ അരികുകളിലേക്ക്‌
ചുരുണ്ടു ചുരുണ്ട്‌
മറ്റൊരു ചിത്രശലഭത്തിന്റെ
പുനര്‍ജന്മം പോലെ
അവ നിന്നെയോര്‍മിപ്പിക്കുന്നു.

ഭാഷയുടെ താളത്തിനൊത്ത്‌
തുള്ളാന്‍ കഴിയാതെ വരുമ്പോഴാണ്‌
ചിലപ്പോഴെങ്കിലും പുറത്തിറങ്ങുക
എത്ര തിന്നാലും നിറയാത്ത
തെരുവുകുട്ടിയുടെ വയറുപോലെ
നഗരം ഭക്ഷണശാലകളാല്‍
നിറഞ്ഞിരിക്കുന്നു.
നമ്മള്‍ പതിവായി താമസിക്കാറുണ്ടായിരുന്ന ഹോട്ടല്‍
ഇപ്പോഴൊരു സര്‍ക്കസ്‌ കൂടാരമാണ്‌.

(എത്രകാലമായി
അതിപ്രാചീനമായ
ആ സര്‍ക്കസിന്റെ
ചുവടുകളില്‍
നമ്മള്‍ ചിത്രശലഭങ്ങളായിട്ട്‌?)

ഞാനറിയൊത്തൊരു ജീവിതം
എനിക്കുമേലേ ജീവിക്കുന്നുണ്ട്‌
ഇപ്പോഴാരോ.
പിടിതരാത്തവിധം
വിദഗ്ധമായ ചുവടുവെപ്പുകളില്‍
അവന്റെ രാത്രികള്‍
എന്റെ ഉറക്കമില്ലായ്മയില്‍
കൂര്‍ക്കം വലിക്കുന്നു.

നീയിപ്പോള്‍ വരേണ്ടാ എന്ന്‌
ഞാന്‍ പറയുന്നത്‌
(പറയാന്‍ തുടങ്ങുന്നത്‌)
അതിനാലാണ്‌:
ജന്തുവിന്റെ ചലന നിയമങ്ങളോട്‌
കടുത്ത പുച്ഛം സൂക്ഷിക്കുന്ന
അവനെ ഭയക്കേണ്ടതുണ്ട്‌.

നിന്റെ വിശേഷങ്ങള്‍
അറിയാവുന്ന ഏതെങ്കിലും ഭാഷയില്‍
എഴുതുക; ദയവുചെയ്ത്‌
പുതിയ ഭാഷകള്‍ മറച്ചുവെക്കുക
എഴുതാനാവാതെ
ബോധത്തിനുള്ളില്‍
കുമിഞ്ഞുകൂടുന്ന
അറിയാവാക്കുകളുടെ
ദുര്‍ഗന്ധം
ഇപ്പോള്‍ തന്നെ
എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ തവണ നീ പോയപ്പോള്‍
ഞാന്‍ വാങ്ങിയ പുസ്തകം
നീ വായിച്ചു കഴിഞ്ഞുവോ?
അവളെ കൊന്നത്‌ അവന്‍
തന്നെയാണെന്ന്‌
ആ പുസ്തകവും പറയുന്നുണ്ടോ?

കഴിഞ്ഞ തവണ ഞാന്‍ പോയപ്പോള്‍
നീ വാങ്ങിയ പുസ്തകം
ഞാന്‍ വായിച്ചു കഴിഞ്ഞു
അവനെ കൊന്നത്‌ അവള്‍
തന്നെയെന്ന് ഈ പുസ്തകവും
പറയുന്നു..

(ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും
)