Monday, April 27, 2009

ചിലന്തികള്‍ വില്‍പനയ്ക്ക്

 തിന്നാന്‍ പറ്റില്ലെങ്കില്‍ കൊല്ലരുത്
എന്നതിനാല്‍
എന്റെ മുറിയിലെ നാലു ചിലന്തികള്‍
ചന്തയില്‍ പട്ടുകോണകം ചുറ്റി
വില്‍ക്കാനും വാങ്ങാനും വരുന്നവരെ
വലവെച്ചുപിടിക്കുന്നു

എന്റെ ചിലന്തികള്‍
മനോഹരമായി പാടുമായിരുന്നു
ഉറക്കം വരാത്ത രാത്രികളില്‍
ജാനിസ് ജോപ്‌ളിനെയും
ആമി വൈന്‍ഹൌസിനെയും
നിശബ്ദതയിലേക്ക് നിര്‍ബന്ധിക്കുമായിരുന്നു

ഇത്രയധികം ചിറകുകളുണ്ടായിട്ടും
പറന്നുപോകാത്ത പക്ഷികളെയാണ്
നമ്മള്‍ ചിലന്തികളെന്ന് വിളിക്കുന്നതെന്ന്
വിശപ്പ് കണ്ടമാനം കൂടിയ
രാത്രികളില്‍ അശരീരി

പറക്കുക എന്നയാശയം അങ്ങനെയാണ്
മുറിയിലാകെ പരന്നത്
നമ്മള്‍ ചിലന്തികളെന്ന്
വിളിക്കുന്നവയ്ക്കിടയില്‍
പൊതുധാരണകള്‍ക്ക് വഴങ്ങാത്തവ ഉണ്ടെങ്കില്‍
എന്താവും? ആരു പാടും പിന്നെ? ആരിണചേരും?

അതിനാലാണ്
ഉത്തരം വില്‍ക്കുന്നവരുടേയും
ചോദ്യം വാങ്ങുന്നവരുടേയും
ചന്തയില്‍
എന്റെ ചിലന്തികള്‍

വന്നുവാങ്ങുക
വീട്ടിലേക്ക് കൂട്ടുക,
അശരീരികളെ അവഗണിച്ചാല്‍
പാട്ടുകേട്ടു മരിക്കാം
മറക്കുന്നതു വരെ

Monday, April 13, 2009

അസ്വസ്ഥത: ഒരു മഴക്കാല വിനോദം

തുടങ്ങുമ്പോള്‍ തന്നെ തുടങ്ങും
തീരുന്നതിനായുള്ള കാത്തിരിപ്പ്‌,
മഴക്കാലത്തിന്റെ രാത്രികള്‍

മറ്റൊന്നും ചെയ്യാനാകില്ല
ശ്രദ്ധ എല്ലാത്തില്‍ നിന്നും തെറ്റും

പുഴയിലൊറ്റയ്ക്ക്‌
രാത്രിമുറിച്ചു പോകുന്ന
വൃദ്ധന്‍ തോണിക്കാരന്റെ
ചിത്രത്തിലേക്ക്‌
ചെറിയ കുളിര്‌ ഊതിവിട്ടാല്‍
ഭിത്തിയില്‍ നിന്ന്‌
മുറിയിലാകെ പരക്കും
മലമുകളിലെ സത്രത്തില്‍
വീശിയടിക്കുന്ന ശീതക്കാറ്റ്‌

ദൂരെ നിന്ന്‌ നോക്കിയാല്‍
പലതിനെ ഉള്‍ക്കൊള്ളുന്ന,
ഉള്ളിലേക്ക്‌ പിരിഞ്ഞിറങ്ങുന്ന
ഒരു വലിയ ചിത്രം

കുന്ന്‌
കുന്നിന്‍ പുറത്തെ വീട്‌
തണുപ്പ്‌ ചിതറിവീഴുന്ന മുറ്റത്ത്‌
വാടിയ ചെമ്പരത്തിപ്പൂവുകള്‍ പോലെ
സിഗരറ്റു കൂടുകള്‍
മുറി
മുറിക്കുള്ളില്‍ തിരിഞ്ഞുമറിഞ്ഞുകിടക്കുന്ന
മറ്റൊരു കുന്ന്‌
കുന്നിന്‍ പുറത്തെ വീട്‌
വീടിന്റെ തുമ്പത്ത്‌ പറന്നു പോകുന്ന കാറ്റിനൊപ്പം
തിരിഞ്ഞു നോക്കുന്ന മെല്ലിച്ച പെണ്‍കുട്ടി

അതിനിടയില്‍ തീര്‍ന്നു പോകും
പല ചിത്രങ്ങളില്‍ ഒരു തണുപ്പുകാലം

തീരുമ്പോള്‍ തന്നെ തുടങ്ങും
തുടങ്ങുന്നതിനായുള്ള കാത്തിരിപ്പ്‌,
മഴക്കാലത്തിന്റെ രാത്രികള്‍

2

നെല്ലിപ്പടിയില്‍ നില്‍ക്കുന്നവരുടെ വിനോദങ്ങള്‍
അതിവിചിത്രമാണ്‌
നെല്ലിപ്പടിക്കു താഴത്തെ തണുപ്പ്‌
ഭയത്തെക്കുറിച്ച്‌ പിറുപിറുക്കുന്ന കഥകള്‍ അത്ര ഭയാനകമാണ്‌

Sunday, April 5, 2009

?

വരുന്ന വഴിയില്‍,

പച്ചപ്പായല്‍ പോലെ ഒരു പൂച്ചക്കുട്ടി
അല്ലെങ്കില്‍
പറന്നു പോകുന്നതിനെ പറ്റിയുള്ള
ദിവാസ്വപ്നം പോലെ
പിങ്ക് നിറത്തില്‍ ഒരു തത്തക്കൂട്
അതുമല്ലെങ്കില്‍
വെറുതേയിരിക്കുമ്പോള്‍
പതിഞ്ഞ താളത്തില്‍
എത്തിനോക്കിയിട്ടു പോകുന്ന
മറ്റേതോ കൌതുകം
വഴിയിലാകെ കൌതുകം

അതേക്കുറിച്ചപ്പോള്‍ നിന്നോട്
പറയണം എന്നു തോന്നി
‘ഹോ വെയില്‍‘ എന്ന്
ഇമ ചിമ്മിയടയും പോലെ
പാളിവീ‍ഴുകയായിരുന്നിരിക്കണം
നിന്റെ സമയ ശരീരം അപ്പോള്‍

വന്നുകൊണ്ടിരുന്ന വഴി
സ്വയം നിന്ന്
റിവേഴ്സ് ഗിയറിട്ട്
നിന്നിലേക്കുള്ള വഴിയായത്
അങ്ങനെയാണെങ്കില്‍

ആഹ്ലാദത്തിന്റെ അക്കരെകള്‍ തിരക്കി
വഴി എന്ന വ്യാജോക്തിയില്‍
അതുവരെ എന്നില്‍ നിന്ന്,
എന്നിലൂടെ
നീണ്ടുകൊണ്ടിരുന്നത്
എന്തു മായാജാലം?