Wednesday, March 26, 2008

ട്രോപ്പിക്കല്‍ മോണോലോഗ്‌

നിന്റെ ഏകാന്തത
എന്റേതു പോലെയല്ലാത്തതില്‍
ഞാനെത്രയ്ക്കു സന്തോഷിക്കുന്നുണ്ട്‌
എന്ന്‌ നീയറിയുമോ, സാദീ?

നിന്റെ ചരിത്രം എന്റെ ചരിത്രം പോലെ
അല്ലാത്തതില്‍ എന്തോരം
സങ്കടമുണ്ട്‌ എന്നറിയുമോ

(വെച്ചുമാറാന്‍ കഴിയാത്ത
ഒന്നിന്റെ സ്ഥായീഭാവം
നിന്നിലെയും എന്നിലെയും
സഞ്ചാരികളെ കളിയാക്കുകയാവണം)

മഞ്ഞുമൂടിക്കിടക്കുന്ന
നിന്റെ പട്ടാളക്കാരുടെ
ഞരമ്പുകളില്‍
അതിശൈത്യത്തിന്റെ
കപ്പലുകള്‍
ഓടിമറയുന്നത്‌
എന്റെ വൃദ്ധന്‍ കാണുന്നേയില്ല.

(ഉപേക്ഷിക്കപ്പെട്ട നഗരം
ഗിറ്റാറില്‍ ഒളിപ്പിച്ചു കടത്തിയ ഒപ്പിയം
എനിക്കുവേണ്ടി നീ ഓര്‍ഡര്‍ ചെയ്ത
അമേരിക്കന്‍ വിസ്കി
ഇന്ദ്രാപുരി ബാറിന്റെ റൂഫ്ടോപ്പില്‍
എന്റെ കൈതട്ടി മറിഞ്ഞ നിന്റെ വോഡ്ക:
നമ്മുടെ രൂപകങ്ങള്‍ക്ക്‌
മഞ്ഞുമലകളുടെ പഴക്കം)

മയക്കോവ്സ്കിയെ മറക്കൂ പെണ്ണേ
മരിച്ച ഞരമ്പിനെ ഉണര്‍ത്താതിരിക്കൂ
ജീവിതം ശീലമാക്കൂ
(നീ എന്തു സുന്ദരിയാണ്?
ഞാന്‍ എന്തു സുന്ദരനാണ്?)

ശംഖുമുഖം കടപ്പുറം
നിന്നെ കാത്തിരിക്കുന്നു.

Tuesday, March 18, 2008

പരിചയം

അത്രയ്ക്കടുത്ത
പരിചയമായിരുന്നു
കള്ളുകുടിച്ചിട്ടുണ്ട്‌
ചീട്ടുകളിച്ചിട്ടുണ്ട്‌
പാട്ടുകേട്ടിട്ടുണ്ട്‌
ഒരേ പെണ്ണിനെയോര്‍ത്ത്‌
ഒരേ മുറിയില്‍,

ഒരുമിച്ച്‌.

അവനാണ്‌
ഇന്നലെ
ഞരമ്പുമുറിച്ച്‌
കടന്നത്‌.

അവന്റെ അവസാനത്തെ കത്ത്‌
ലക്ഷ്മിയെന്നോ സരളയെന്നോ
പേരുള്ള
ഏതോ പെണ്ണിനാണ്‌.

തെണ്ടി,
അത്രയ്ക്കടുത്ത
പരിചയമായിരുന്നു.

Monday, March 17, 2008

ഉടല്‍ജീവികള്‍

അവളുടെ തോളില്‍
പച്ചകുത്തിക്കിടപ്പുണ്ടായിരുന്നു
ഒരു തേള്‍
തേളോടു തോള്‍ ചേര്‍ന്ന്‌
ഞാന്‍ നടന്നിട്ടുണ്ടായിരുന്നു

മുലയിലും
തുടയിലും
കണ്ടിട്ടുണ്ട്‌
അതേ തേളിനെ

വിയര്‍ത്തു തുടങ്ങുമ്പോള്‍
കടലിലെറിയുന്ന തുഴയാണ്‌
ഞാനെന്നും
ആഴങ്ങളില്‍ എന്തുകൊണ്ടിത്ര
അപരിചിതത്വം എന്നും
വല്ലാതെ
സങ്കടം വന്നിട്ടുണ്ട്‌

വര്‍ഷങ്ങള്‍ക്കുശേഷം
ഇന്നലെ വീണ്ടും കാണുമ്പോള്‍
അവളുടെ തോളില്‍
രണ്ടു തേളുകള്‍

പോകാനവള്‍ക്ക്‌
തിടുക്കമുണ്ടായിരുന്നു

'നിന്റെ തോളിലെ
വസൂരിക്കലയ്ക്ക്‌
സൗഖ്യമല്ലേ'
എന്നൊന്ന്‌ ചിരിച്ചെന്നു വരുത്തി
അതിനിടയിലും

Tuesday, March 11, 2008

കാമമോഹിതം

പക

വിദൂരദേശങ്ങളില്‍ ഓര്‍മകൊരുത്ത്‌
പൊടിക്കാറ്റുപൊങ്ങും വിജനതയില്‍
ഒട്ടകത്തെ കാത്തു നില്‍ക്കുമ്പോള്‍
നീട്ടിയ കൈത്തലം
കടന്നുപോയ കറുത്ത കാര്‍
കാറില്‍ നിന്ന്‌ പുറപ്പെട്ടുപോയ
പെണ്‍പാട്ടുകള്‍

അതിനാല്‍

കാലകത്തി
നഗ്നയായിരിക്കും
നിനക്ക്‌
ഞാന്‍ തരേണ്ടത്‌
കോഴിമുട്ടയോ
തോക്കോ?

അല്ലെങ്കില്‍

ചോര കൊണ്ടുതന്നെയാവാം
ചോര കൊടുത്തു തന്നെയാവാം
കണക്കുകള്‍ പറഞ്ഞുതീര്‍ക്കുകയുമാവാം
അടിവസ്ത്രം തുളച്ചുപോയ വെടിയുണ്ട
നീ എന്തുചെയ്തു എന്നിപ്പോള്‍
പറയണം എന്നു മാത്രം

അതുമല്ലെങ്കില്‍

ദൈവമേ,
നിര്‍ത്താതെ പോയെത്ര
ശബ്ദശകടങ്ങള്‍
ഓര്‍മതെറ്റിയ ഞൊടിയിടയില്‍

പകക്കണക്കുകള്‍
എത്രയെഴുതേണം
തേഞ്ഞുതീരുന്നതിന്‍ മുമ്പ്‌?

Tuesday, March 4, 2008

ഒന്നും മറന്നിട്ടില്ല

പിരിഞ്ഞുപോയവള്‍
എന്തോമറന്ന്
തിരിച്ചെത്തി നോക്കുമ്പോള്‍
അവനുറങ്ങുന്നുണ്ടായിരുന്നു
ചുവരെഴുത്തുകള്‍
അതേപോലെയുണ്ടായിരുന്നു

ചാരാത്തവാതിലിലൂടെ കണ്ടു
എല്ലാം അതേപോലെ തന്നെ.
ജനാലയ്ക്കു പുറത്തെ
മഴത്താളം ശമിച്ചിട്ടില്ല
അടിയുടുപ്പുകളിലെ ചിതല്‍പുറ്റ്
അവനെയറിയുന്നില്ല
കടന്നല്‍ക്കൂട് ഇന്നലത്തെ കാറ്റിനും
വീണിട്ടില്ല.

അവനുണരില്ല നാളെയും.

ചാരാത്ത വാതിലിലൂടെ
കുറേനേരം നോക്കി നിന്നു

ഉണര്‍ത്തിയില്ല
ഞാനല്ലേയെന്ന്
ചോദിച്ചില്ല

Monday, March 3, 2008

ഹോട്ടല്‍ അന്നപൂര്‍ണ



നിന്നനില്‍പിന്‍ കാണാതായ
നിന്നെക്കുറിച്ച്‌
പരിപ്പുവട പ്രായത്തില്‍
അല്‍പം ഖിന്നനായിക്കളയാം
എന്നു കരുതിയാണ്‌
ഇവിടെ എത്തിയത്‌

എത്തിയപ്പോള്‍,
വാലുപക്ഷേപിച്ചു പോയ പല്ലി
എന്ന പഴയ ഉപമയില്‍
ഇവിടെ ഒന്നുമില്ല എന്നതിന്റെ സൂചന
മാത്രമാണ്‌ ജീവിതം
എന്നോമറ്റോ
അന്തരീക്ഷത്തിലേക്ക്‌ നോക്കി
ഒരു ചൂണ്ടുപലക മാത്രം

അതിനെ പിന്തുടര്‍ന്നു പോയാല്‍
ഒന്നുമില്ലാത്തിടത്ത്‌
ഇല്ലാത്ത കസേരകളില്‍
രണ്ടുപേര്‍ ഇപ്പോഴുമുണ്ട്‌
ഒരു കയ്യില്‍ ചായയും
മറുകയ്യില്‍ സിഗരറ്റും
രണ്ടു മസാലദോശയ്ക്ക്‌ ഓര്‍ഡറും
ഇ ഇ കമ്മിംഗ്സും
നാന്‍സി സിനാട്രയും
ചാരിത്രശൂന്യരെക്കുറിച്ചുള്ള ചര്‍ച്ചയും
ഊരും പേരുമില്ലാത്ത
മറ്റുചിലതുമുണ്ട്‌

ബ്രിട്ടീഷ്‌ ലൈബ്രറിയിലേക്കുള്ള
വഴിയായിരുന്നു അതൊരിക്കല്‍
എന്നുമുണ്ട്‌

അതൊന്നുമല്ല
ഇപ്പോഴത്തെ പ്രശ്നം
ഹോട്ടലും ലൈബ്രറിയുമൊക്കെ
ആകുന്നതിനു മുമ്പ്‌
ഈ കെട്ടിടങ്ങള്‍
എന്തായിരുന്നു എന്നതാണ്‌
വാലുപേക്ഷിച്ചു പോയ പല്ലി
എന്ന ഉപമയ്ക്ക്‌ മുമ്പ്‌
ഞാനും നീയും എന്തായിരുന്നു
എന്നതുപോലെ

സ്റ്റാറ്റ്യൂ ജംഗ്ഷനില്‍ നിന്ന്‌
ഒരു ഓട്ടോ പിടിച്ച്‌
'എങ്ങോട്ടാ'
എന്ന ചോദ്യത്തിനു മറുപടിയായി
'1969' എന്നു പറഞ്ഞാല്‍
അത്ര ക്രൂരമായ തമാശകള്‍
ഉള്‍ക്കൊള്ളാന്‍ മാത്രം
സഹൃദയനാകുമോ
അയാളിലെ അതിപുരാതനന്‍
എന്നതുമാണ്

ദിനോസാറിനും പല്ലിക്കുമിടയിലെ
ഹെയര്‍പിന്‍ വളവുകളില്‍ നിന്ന്
ഇന്ധനം നിറയ്ക്കുന്ന ഒരു ഓട്ടോ
അയാള്‍ക്കുണ്ടാകുമോ
എന്ന പ്രശ്നത്തെ
അയാളെ സമീപിക്കുന്നതിനു മുമ്പ്
നമ്മള്‍ അഭിമുഖീകരിച്ചില്ല
എന്നതുകൊണ്ട്
നമുക്ക് പ്രശ്നങ്ങള്‍ പൊതുവേ കുറവാണ്
എന്നതും ഒരു പ്രശ്നമാണ്