ആരിലും ആകമാനം ഉണ്ടായിരിക്കാന്‍
ഇടയുള്ള ആസക്തികളെക്കുറിച്ച്,
ആരിലൂടെയും ആകമാനം നിറയാനുള്ള
ആസക്തികളുടെ അശക്തതയെക്കുറിച്ചാലോചിച്ച്
നടുവിന് കൈകൊടുത്ത്
ബീഡിവലിച്ച് നില്‍ക്കുകയായിരുന്നു
വഴിയരികില്‍ മറ്റൊരാള്‍
തുണിമറന്നുറങ്ങിപ്പോയ
ഏതോ മഴക്കാലരാത്രിയില്‍
വീടിറങ്ങിപ്പോന്നതാണ് താനെന്നും
ആകാശത്തിന് താഴെ വീടുകള്‍ക്കു പുറത്ത്
നഗ്നനായൊരാള്‍ ബീഡിവലിച്ചു നില്‍ക്കുന്നതിന്റെ
ചിത്രങ്ങള്‍,
തെരുവ് ഒരാഴ്ചപ്പതിപ്പാണെങ്കില്‍
അതിലച്ചടിക്കാറില്ലെന്നും
പഴയൊരു സുസ്വപ്നത്തിന്റെ നാനാര്‍ത്ഥങ്ങളില്‍
വഴിപിഴച്ചുപോയ അയാള്‍
ഓര്‍ത്തുകൊണ്ടേയിരുന്നു
ഭൂമിയിലേക്ക് തൂങ്ങിക്കിടക്കുന്ന
ലിംഗത്തിന്റെ ഭയാനകമായ കാഴ്ച
ഇതാ ഈ തെരുവിനെ ചിതറിക്കുന്നു
കട്ടിക്കണ്ണടവെച്ച പെണ്ണുങ്ങള്‍
കട്ടിമീശവച്ച ആണുങ്ങള്‍
കൗതുകം കച്ചവടമാക്കിയ
ആണ്‍പെണ്‍കുട്ടികള്‍
സോക്രട്ടീസിനും ഫ്രഞ്ച് വിപ്ലവത്തിനും ഇടയിലെ
പലതരം മുദ്രാവാക്യങ്ങള്‍,
ചിതറിയോടുന്നു
തൊണ്ടും കയറും കൊണ്ടുപോകുന്ന വള്ളങ്ങളും
ആളുകളെ കൊണ്ടുപോകുന്ന ബോട്ടുകളും
അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍
വെള്ളത്തില്‍ പൊങ്ങിക്കിടന്ന്
കൈവീശിയ
ജലാശയഭൂതകാലത്തെയോര്‍ക്കുന്നു
ആസക്തന്‍, അപ്പോള്‍
ബീഡിയേന്തിയ വലതുകൈപ്പത്തി
വായുവില്‍ അലര്‍മേല്‍വല്ലിയെ വരയ്ക്കുന്നു
നഗ്നമായ ഇടുപ്പ് ഇളകുന്നു
രണ്ടുകാലുകള്‍ക്കിടയില്‍
വായുവില്‍ പടര്‍ന്നുപോകുന്നു
ചെറുതായി ഇളകുന്നതിന്റെ ഉന്മാദം
ദൂരെനിന്ന് നോക്കുമ്പോള്‍
നൃത്തംചെയ്യുന്ന നിരവധിപ്പേര്‍ക്കിടയില്‍
ഒരാള്‍ ഓടുന്നു,
ചിതറിച്ചിതറിയോടുന്നു