Sunday, December 30, 2007

ഞാന്‍ വീണ്ടും വരും

കയറിവരുമ്പോള്‍
കാഴ്ചയുടെ തുമ്പത്ത്‌
ശവക്കൂനകള്‍ക്കു മേലേനാട്ടിയ
കുരിശുപോലെ
പഴയതിനെക്കാള്‍ പഴയതായ
ഒരുപള്ളി

'അരാജകവാദികളുടെ
രാജാവേ
നിന്റെ രാജ്യം വരേണമേ
സ്വര്‍ഗത്തിലും
ഭൂമിയിലെപ്പോലെ
നരകം വരേണമേ'

പ്രാര്‍ഥിച്ചിറങ്ങുമ്പോള്‍
പടവുകള്‍ക്കു കീഴേ
പഴയൊരു കാര്‍
കാത്തുകിടന്നിരുന്നു

അവള്‍ ചിരിച്ചു:
'ഉപേക്ഷിക്കപ്പെട്ടതാണ്‌
പ്രേതങ്ങളാണ്‌
മറിച്ചുവില്‍ക്കാന്‍
ബുദ്ധിമുട്ടായിരിക്കും'

പള്ളിവാങ്ങണമെന്നു തോന്നിയില്ല
അവനെ വാങ്ങാനാണ്‌ വന്നത്‌

വീടുപേക്ഷിച്ച്‌
ഓടിപ്പോയിരിക്കുന്നു
കുരിശുകളുടെ ആശാരി
ഭീരു.

Sunday, December 23, 2007

വൃത്തി

മരിച്ചവരുടെ ഓര്‍മകള്‍,
ആശുപത്രി മാലിന്യങ്ങള്‍
ദരിദ്രരുടെ പര്യമ്പുറങ്ങളില്‍
കൊണ്ടുചെന്നു തട്ടുന്ന
നഗരസഭാ ജീവനക്കാരന്റെ അശ്രദ്ധയോടെ,
ആരോ തൂത്തുവാരിയെടുക്കുന്നുണ്ട്‌.

നേരേ
കടല്‍നോക്കി
നടന്നുപോകുന്നുണ്ട്‌

അമ്മയുടെ മുലകള്‍ക്കിടയിലെ
സൂര്യോദയം
ഒന്നാം ക്ലാസിലെ രണ്ടാമത്തെ ബുക്കിന്റെ
മൂന്നാമത്തെ പേജിലെ നാലു കാക്കകള്‍,
മുഷ്ടിയില്‍ നിന്ന്‌
തിരിച്ചുപോയ ഗോട്ടികള്‍, ലങ്കോട്ടികള്‍
നൂറുനൂറായിരം മഴകള്‍
മഴപ്പാറ്റകള്‍, കുടകള്‍
കൂവലുകള്‍
കൈവെള്ളയിലെ
ലിംഗത്തിന്റെ രേഖാചിത്രം
പിണങ്ങിപ്പോകലുകള്‍
മടങ്ങിപ്പോകായ്മകള്‍
മറ്റുള്ളവരുടെ മരണങ്ങള്‍
ഉറ്റവരുടെ പ്രേതങ്ങള്‍.

മരിച്ചവരുടെ ഓര്‍മകള്‍,
ആരും സ്നേഹിക്കാനില്ലാത്തവരുടെ
ഉറക്കം ഞെട്ടലുകള്‍ പോലെ
മേതില്‍ രാധാകൃഷ്ണന്റെ
പഴുതാരയെപ്പോലെ,
ജീവിച്ചിരിക്കുന്നവരുടെ താരയിലേക്ക്‌
ഇന്ത്യന്‍ ഭരണഘടന ഭേദിച്ച്‌
കടന്നു വരുന്നു

മരിക്കാത്തവരുടെ ഓര്‍മകളിലേക്ക്‌
കയറിപ്പോകുന്നു
ഓര്‍മകളുടെ ഓര്‍മയായി തിരിച്ചെത്തുന്നു.

കടല്‍ കാണാനെത്തിയവര്‍ക്കൊപ്പം
ഒഴിഞ്ഞകൂടയുമായി
ഒരു നഗരസഭാ ജിവനക്കാരനും
തിരിച്ചുപോകുന്നു.

Saturday, December 15, 2007

വേറേതോ നഗരത്തിലിരുന്ന് പഴയകാലത്തിന്റെ കഞ്ചാവുബീഡികള്‍ വലിക്കുന്നവര്‍ക്കിടയില്‍, ആളൊഴിഞ്ഞ പ്ലാറ്റ്ഫോമുകള്‍ കാട്ടുന്നത് എന്തത്ഭുതമാണ് ?പതിവുപോലെ
മദ്യശാലതന്നെ ഇപ്പോഴും
ഓര്‍മ കട്ടപിടിച്ചു നില്‍ക്കുന്ന
ചിരിതന്നെ ഇപ്പോഴും
പഴയതുപോലെ തന്നെ എല്ലാം

കുടിക്കുന്നു
ചിരിക്കുന്നു
പറയാതെ പോകുന്നു പലതും

അവസാനത്തെ ട്രയിന്‍ പോയതിനു ശേഷം, കുട കണ്ടുപിടിക്കുന്നതിനു മുമ്പത്തെ മഴപോലെ, ആരും വെല്ലുവിളിക്കാനില്ലാതെ ആരെയും വെല്ലുവിളിക്കാനില്ലാതെ അതിവിദൂരമായ എന്തിനെയോ നോക്കിച്ചിരിച്ച്‌, ഞാനൊരു ഒഴിഞ്ഞ പെപ്സി ടിന്‍ പ്ലാറ്റ്ഫോമില്‍ നിന്നും താഴേക്ക്‌ തട്ടിയിട്ടു,
ഏതോ പടിഞ്ഞാറന്‍ പാട്ടുകാരനെ അനുകരിച്ചു

നീ പോയത്‌ എന്നെ വേദനിപ്പിക്കുന്നില്ല
എല്ലാം പഴയതുപോലെ എന്നയറിവ്‌
സന്തോഷിപ്പിക്കുന്നില്ല
നീ പോയപ്പോള്‍ ഞാനാണു പോയതെന്ന്‌
ഞാന്‍ പറയില്ല
നമ്മള്‍ കുടിച്ചുതീര്‍ത്ത രാത്രികള്‍ നാളെകളെ മുറിച്ചുകടക്കാനുള്ള ഒറ്റത്തടിപ്പാലമാണെന്ന്‌ ഞാന്‍ പറയില്ല

'എനിക്കു പുല്ലാണെ'ന്ന്‌ നീ പറയുമെന്ന്‌ എനിക്കറിയാം അതുകൊണ്ടാണ്‌ ഞാന്‍ ഒന്നും പറയാത്തതും

പറയാന്‍ മറന്ന ഒരു തമാശ, നമ്മുടെ ഭൂതകാലത്തെ സാധൂകരിക്കുന്നത്‌:

"നീ പോയതിനു ശേഷം ഞാന്‍ തിരിച്ചെത്തുമ്പോള്‍, ഒരുവന്‍, കൂട്ടുകാരനായ ഒരുവന്‍, കക്കൂസിലിരുന്ന്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിക്കുന്നു, കമ്പിപ്പുസ്തകങ്ങള്‍ അവനു മടുത്തുവത്രെ, സ്വയംഭോഗത്തിന്‌ സാധ്യത കൂടുതലുണ്ടത്രെ!!!!!"

ആരൊക്കെയോ മരിക്കുന്നുണ്ട്‌, മറക്കുന്നുമുണ്ട്‌.

Wednesday, December 5, 2007

സീറോ പോയിന്റില്‍ ഗൃഹാതുരത്വം

ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ
ഹസ്തരേഖവായിച്ച്‌
രണ്ടു കണ്ണുകള്‍.
എന്തു പറഞ്ഞാണ്‌
ഇവനെ ഭയപ്പെടുത്തുക.
ആരുടെ അസാന്നിധ്യമാണ്‌
ഇവന്റെ ഏകാന്തത

----------

നിരീശ്വരന്റെ
ആത്മാവു തുളച്ച്‌
വൈദ്യുത കമ്പിയിലൂടെ
ദൈവത്തെ കാത്തിരിക്കുന്നവന്‍
ഓര്‍മ തെറ്റുന്നതിനിടയില്‍
സംശയാലുവായേക്കും.

ആ കത്ത്‌ അവള്‍ക്കു തന്നെ
കിട്ടിയിരുന്നെങ്കില്‍
എന്റെ മാന്യത
എത്ര നിര്‍ലജ്ജമായേനേ
എന്ന്‌ നാണിക്കുന്നതിനിടയിലും
ഒറ്റ മഴ എല്ലാ മഴകളും
സെപ്റ്റിക്‌ ടാങ്കിലൂടെ
ആദ്യകാമുകിയിലേക്ക്‌
കടലാസുവഞ്ചിയാകുമെന്ന്‌
ഈശ്വരന്‍ പോലും
സംശയാലുവായേക്കും.

ഈശ്വരനും നിരീശ്വരനുമിടയില്‍
ഗൃഹാതുരത്വമല്ലാതെ
മറ്റെന്താണ്‌ ഗണ്‍പോയിന്റില്‍?

--------

ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ
ഭാവിയെക്കുറിച്ച്‌
എന്താണു പറയാനുള്ളത്‌.
ഇന്നത്തെ അന്നം
ഇവന്റെ കയ്യില്‍
കൊടുത്തയച്ചത്‌
ഏതു പൊട്ടന്‍ തെയ്യമാണ്‌?

Saturday, November 17, 2007

ആരാണ്‌ മൈതാനം സ്വപ്നം കാണുന്നത്‌?

ഒരു ചെളിപുരണ്ട പന്ത്‌
ഭിത്തിയില്‍ തട്ടി തിരിച്ചുവന്ന്‌
രണ്ടു കാലുകള്‍ക്കുള്ളില്‍
പമ്പരം കറങ്ങി
പുറംകാലില്‍ നിന്ന്‌
മുകളിലേക്കുയര്‍ന്ന്‌
തെരുവിന്റെ വീതിയില്‍
ആകാശമളന്ന്‌
ഭൂമിയില്‍ നിന്ന്‌
വീണ്ടും കുടഞ്ഞുയര്‍ന്ന്‌
തലയ്ക്കുമേല്‍ കിരീടമായി
മൂക്കിന്‍തുമ്പത്ത്‌ കിതച്ച്‌
അല്‍പനേരം എന്തോ ഓര്‍ത്തുനിന്ന്‌
മുന്നോട്ടാഞ്ഞ്‌
വീണ്ടും പിന്നാക്കം തെറിച്ച്‌
നെഞ്ചത്ത്‌ താണുരുണ്ട്‌
ഊക്കനടിയില്‍ പിടഞ്ഞ്‌
അധികദൂരം പോകാനാകാതെ
ഭിത്തിയില്‍ നിന്ന്‌ മുകളിലേക്ക്‌
ചിതറിയുയര്‍ന്ന്‌
ന്യൂട്ടനെ ശപിച്ച്‌ തിരിച്ചുവന്ന്‌
ഗോ‍‍‍‍ള്‍... എന്ന്‌ ആര്‍ത്തലമ്പി
നിരാലംബമായി ഒരു മൂലയില്‍.

എന്നിട്ടെന്താണ്‌
ഇരുവശത്തേക്കും
തിരിഞ്ഞുകിടന്ന്‌
കളിക്കാരനും പന്തും ഉറങ്ങി.

(എന്റെ പന്തേ, എന്റെ പന്തേ
എന്ന പാരവശ്യം
നാളേക്ക്‌ ബാക്കിയുണ്ടാകുമോ എന്തോ?)

Thursday, November 1, 2007

ഏതു കെട്ടുകഥയില്‍ നിന്നാണ്‌ ഒരു മഗല്ലനെ കിട്ടുക?

പന്തുപോലുരുണ്ടതീ ഭൂമി
എന്ന ഒന്നാംപാഠം
മറന്നിട്ടേയില്ല.

എങ്കിലും
പടിയിറങ്ങിപ്പോയ
സുഹൃത്തുക്കളാരും
തിരിച്ചെത്തിയിട്ടേയില്ലല്ലോ
ഇതേവരെ.

ജലജീവിതം രസിച്ച്‌
ഏകകോശങ്ങളിലേക്ക്‌
മുങ്ങാംകുഴിയിട്ടിരിക്കാം.
മത്സ്യകന്യകയില്‍
ഹരംകയറിയിരിക്കാം.
മുക്കുവനോട്‌
കടംകഥകള്‍
പറഞ്ഞിരിക്കുകയുമാവാം.

എങ്കിലും,
ജലത്തേക്കാള്‍
സാധ്യതകൂടിയ ഓര്‍മകള്‍
ആര്‍ക്കുമുണ്ടാവില്ലേ
എന്നെക്കുറിച്ച്‌?

Monday, October 22, 2007

പുരാതനം പക്ഷേ

ഇനിയിപ്പോള്‍
ആരും വരുവാനില്ല എന്ന്‌
നമ്മുടെ വീടിന്‌
പുതുമോടി മങ്ങുകയാണ്‌.

പരസ്പരം കണ്ടുതീര്‍ക്കാനുള്ള
ആര്‍ത്തിമൂലം
ചില്ലകള്‍കൊണ്ട്‌
നമ്മള്‍തീര്‍ത്ത വീട്‌
കാഴ്ചകളില്ലാതെ
വെയിലേല്‍ക്കുകയാണ്‌.

ഉള്ള നമ്മുടെ ഇല്ലായ്മയില്‍
തുറന്നവീട്‌ പൂട്ടിക്കിടക്കയാണ്‌.

കത്തുന്ന അടുപ്പില്‍
നിന്നു നീയും
മരണമില്ലാത്ത മഴപ്പാറ്റയില്‍
നിന്നു ഞാനും
പറന്നേ പോകുകയാണ്‌.

പറക്കുന്നത്‌
പുതിയ ഒരാകാശവും
കണ്ടെത്താനല്ല എന്നറിയുമ്പോള്‍
നമ്മള്‍ ചിലപ്പോള്‍
തിരിച്ചെത്തിയേക്കാം;
വീണ്ടും
നമ്മുടെ തന്നെ നഗ്നതയില്‍
തീ പൂട്ടിയേക്കാം.

അപ്പോഴുമുണ്ടാകുമോ
നമ്മെക്കാള്‍ വലിയ
ഏകാന്തതയില്‍
നമ്മുടെ വീട്‌?

കാഴ്ചകള്‍ മടുത്താരും
മടങ്ങിവരാതിരിക്കില്ല
എന്ന പ്രാചീന നിസ്സംഗതയില്‍
അതിന്‌
അത്രകാലം കാത്തിരിക്കാനാവുമോ?

Monday, October 15, 2007

പള്‍പ്പ്‌ ഫിക്ഷന്‍


1

മഴപെയ്തു നിറഞ്ഞ
ഈ തെരുവ്‌
എന്റേതാണ്‌.
ഓരോ മൂലയിലും
എന്റെ ചാരന്മാരുണ്ട്‌.
അതിക്രമിച്ചവരൊക്കെ
വെടിയേറ്റു പിടഞ്ഞിട്ടുണ്ട്‌.

എന്റെ പേര്‌
ദീന്‍ദയാല്‍ റോഡ്രിഗ്യൂസ്‌
പേരുകേട്ടാല്‍ വിറയ്ക്കും
വിറപ്പിക്കും.

ഞാനാണ്‌ കാസനോവ
ഞാന്‍തന്നെ റാസ്പുട്ടിന്‍
വെളിച്ചം കാണുന്നിടത്ത്‌ കണ്ടില്ലേ
അവളാണ്‌ ഹെലന്‍
മുലക്കണ്ണിന്‍ കോണുതാഴ്ത്തി
എന്നെ വിളിക്കയാണ്‌.

തുടയിടുക്കില്‍
ഇന്നുരാത്രി കപ്പലടുക്കും.
ചരക്കുകള്‍ പലതും വരുവാനുണ്ട്‌.
അതിനുമുമ്പ്‌
അന്തര്‍വാഹിനി വെച്ചൊരു
കളിയുണ്ട്‌.

2

ഈ തെരുവ്‌ എന്റേതാണ്‌.
ഒരു രാജ്യദ്രോഹിയും
എന്റെ മച്ചാനല്ല.
സഹോദരിമാരെയും
അമ്മമാരെയും ഞാന്‍ സംരക്ഷിക്കും.
കലുങ്കിലിരുന്ന്‌ കമന്റടിക്കുന്നവനെ
കാച്ചിക്കളയും.
അടിവസ്ത്രമിടാതെ
രാത്രി നിരത്തിലിറങ്ങുന്നവന്‍
അകത്തു കിടക്കും.
മുഴുവന്‍ ദൈവങ്ങളും
നീണാള്‍ വാഴേണം.

ഞാനാണ്‌ നീതി
ഞാന്‍ തന്നെ സാരം
ഞാനുറങ്ങാറില്ല
എനിക്കു പേരില്ല


3

തെരുവില്‍ വെടിമുഴങ്ങി
സിനിമ കഴിഞ്ഞുവന്നവര്‍
ചിതറിയോടി.
അശാന്തനായ ഒരു ഭ്രാന്തന്‍
തെരുവിലേക്കിറങ്ങി.
മഴ അയാള്‍ക്കുമീതേ
പെയ്തുനിറഞ്ഞു.
..............

Friday, October 12, 2007

ശരിയാണ്‌
ചുരം കയറുന്നതുപോലെ
വിഷമകരമായ ഒരക്ഷരമാണ്‌ ഋ.
തലയില്ലാത്ത ഒരു പെണ്ണുടല്‍
ഓടിയെത്തുക എന്നത്‌
അതിലും വിഷമകരം.

അതൊക്കെ ഇപ്പോള്‍.
പണ്ടുപക്ഷേ
അത്രയേറെ കുഴപ്പമില്ലായിരുന്നു.
കൂടെ കിടന്നിട്ടുണ്ട്‌
ചിലരാത്രികളില്‍ ഋ.
വടിവുകള്‍ക്കു മേലേ
പിന്‍കഴുത്ത്‌ മണക്കാതിരുന്നപ്പോള്‍
'ശവഭോഗി' എന്ന വാക്കിനെ
ഓര്‍ത്തിരുന്നിട്ടുണ്ട്‌.
പതിയെ പതിയെ അതും ശീലമായി
'ശവയോഗി' എന്നായിരുന്നു
ശീലാനന്തരം ഓര്‍മകള്‍ എന്നുമാത്രം.

ഗന്ധര്‍വ നിഴല്‍കണ്ടു
വികാരം മുട്ടിയതിന്‌
നിലത്തുവീണുപോയ
ഒരു ശിരസ്സുണ്ടായിരുന്നു, പണ്ട്‌.
പിതാവിനുവേണ്ടി
പുത്രനാല്‍ ഛേദിക്കപ്പെടുകയും
പുത്രനുവേണ്ടി
പിതാവിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്ത
ആ ശിരസ്സിനെക്കുറിച്ചോര്‍ക്കുമ്പോള്‍
'ഓ ഫ്രോയിഡ്‌' എന്നു നമ്മള്‍
കാമാതുരരാകുന്നുണ്ട്‌, ഇപ്പോള്‍.

ശരിയാണ്‌
പഴംകഥകള്‍ അറിയാത്തവര്‍ക്കു പോലും
അറിയാവുന്ന ഒന്നാണത്‌;
ഋ അപകടകരമായ ഒരക്ഷരമാണ്‌.
ശിരസ്സില്ലാത്ത ഒരു പെണ്ണുടലായി
അതിനെ സങ്കല്‍പിക്കുമ്പോള്‍
കൂടുതല്‍ അപകടകരം.

എങ്കില്‍,
റിഷി എന്നെഴുതാമോ
ഋഷി എന്നതിന്‌ പകരം?

(ജനയുഗം ഓണപ്പതിപ്പ് - 2007)

Sunday, October 7, 2007

ഗോത്രയാനം

ആണുങ്ങളും പെണ്ണുങ്ങളും
ഒരുമിച്ചു കുളിക്കുന്ന
പൊട്ടക്കിണറായ
ഞങ്ങളുടെ പുഴ
മുന്നറിയിപ്പില്ലാതെ
സീബ്രാവര കടക്കാതെ
കടലായി മാറി.

ഇഞ്ചയും താളിയുമായി
കുളിക്കാനെത്തിയവരും
കുളി കാണാനെത്തിയവരും
വീതിയിലൊഴുകുന്ന
പുഴകണ്ട്‌ പകച്ചു.

നേരംവെച്ചു കുളിച്ച്‌
ആറിനക്കരയിലെ
ഗോത്രങ്ങളുമായി ചിരിച്ചും
'ഇന്ന്‌ നേരത്തെയാണോ'
എന്ന്‌ കൈവീശിയും
ഉണ്ടാക്കിയെടുത്ത പരിചയങ്ങള്‍
കടലിനക്കരെയായി.

മാനത്തു കണ്ണനേയും
തുപ്പലുവെട്ടിയേയും
കുരുക്കാന്‍ വെച്ച
ചിരട്ടക്കെണിയില്‍
തിമിംഗലം, സ്രാവ്‌, അയല, മത്തി.

എഴുത്തോലയുമായി
പുഴകടന്നു പോയിരുന്ന
കുട്ടികള്‍
മറൈന്‍ ബയോളജിസ്റ്റുകളായി;
ഞണ്ടിനും കക്കയ്ക്കും കല്ലിന്മേക്കായ്ക്കും
ഹാ എന്തു രുചി!

കടല്‍ കടന്നെത്തിയവരോട്‌
നാണം, സന്ധി
ഉപ്പു സമരം.
സൂര്യന്‍ കടലില്‍ താഴുന്നു
കടലില്‍ നിന്ന്‌ പൊന്തുന്നു.
കപ്പല്‍ചേതം വന്നവരെക്കുറിച്ച്‌
കവിത, കഥ, കഥയില്ലായ്മ.
കടല്‍ക്കരയില്‍ കാമം
കടല്‍പ്പോലീസ്‌.

ഹോ എന്തെന്ത്‌
ചരിത്രസന്ധികളിലൂടെയാണ്‌
പിന്നീട്‌
ഞങ്ങളുടെ പുഴ-
പുഴയായിരുന്ന ഗ്രാമം.