Friday, October 12, 2007

ശരിയാണ്‌
ചുരം കയറുന്നതുപോലെ
വിഷമകരമായ ഒരക്ഷരമാണ്‌ ഋ.
തലയില്ലാത്ത ഒരു പെണ്ണുടല്‍
ഓടിയെത്തുക എന്നത്‌
അതിലും വിഷമകരം.

അതൊക്കെ ഇപ്പോള്‍.
പണ്ടുപക്ഷേ
അത്രയേറെ കുഴപ്പമില്ലായിരുന്നു.
കൂടെ കിടന്നിട്ടുണ്ട്‌
ചിലരാത്രികളില്‍ ഋ.
വടിവുകള്‍ക്കു മേലേ
പിന്‍കഴുത്ത്‌ മണക്കാതിരുന്നപ്പോള്‍
'ശവഭോഗി' എന്ന വാക്കിനെ
ഓര്‍ത്തിരുന്നിട്ടുണ്ട്‌.
പതിയെ പതിയെ അതും ശീലമായി
'ശവയോഗി' എന്നായിരുന്നു
ശീലാനന്തരം ഓര്‍മകള്‍ എന്നുമാത്രം.

ഗന്ധര്‍വ നിഴല്‍കണ്ടു
വികാരം മുട്ടിയതിന്‌
നിലത്തുവീണുപോയ
ഒരു ശിരസ്സുണ്ടായിരുന്നു, പണ്ട്‌.
പിതാവിനുവേണ്ടി
പുത്രനാല്‍ ഛേദിക്കപ്പെടുകയും
പുത്രനുവേണ്ടി
പിതാവിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്ത
ആ ശിരസ്സിനെക്കുറിച്ചോര്‍ക്കുമ്പോള്‍
'ഓ ഫ്രോയിഡ്‌' എന്നു നമ്മള്‍
കാമാതുരരാകുന്നുണ്ട്‌, ഇപ്പോള്‍.

ശരിയാണ്‌
പഴംകഥകള്‍ അറിയാത്തവര്‍ക്കു പോലും
അറിയാവുന്ന ഒന്നാണത്‌;
ഋ അപകടകരമായ ഒരക്ഷരമാണ്‌.
ശിരസ്സില്ലാത്ത ഒരു പെണ്ണുടലായി
അതിനെ സങ്കല്‍പിക്കുമ്പോള്‍
കൂടുതല്‍ അപകടകരം.

എങ്കില്‍,
റിഷി എന്നെഴുതാമോ
ഋഷി എന്നതിന്‌ പകരം?

(ജനയുഗം ഓണപ്പതിപ്പ് - 2007)

7 comments:

Latheesh Mohan said...

കൂടെ കിടന്നിട്ടുണ്ട്‌
ചിലരാത്രികളില്‍ ഋ

വിഷ്ണു പ്രസാദ് said...

ശവഭോഗി ശവയോഗിയായി മാറുന്നത് നീ തിരിച്ചറിഞ്ഞല്ലോ.

simy nazareth said...

നന്നായിട്ടുണ്ട്!

K.P.Sukumaran said...

നന്നായിട്ടുണ്ട്

അനിലൻ said...

“ഋ”
പിന്നിലേയ്ക്ക് നടക്കാത്ത ഞണ്ട്.

അപരിചിതമായ ഇടങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന കവിത.
ലതീഷ്... സന്തോഷം.

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
ഭാവുകങ്ങള്‍

രാജ് said...

ലതീഷേ നന്നായിട്ടുണ്ട്.