Saturday, December 15, 2007
വേറേതോ നഗരത്തിലിരുന്ന് പഴയകാലത്തിന്റെ കഞ്ചാവുബീഡികള്‍ വലിക്കുന്നവര്‍ക്കിടയില്‍, ആളൊഴിഞ്ഞ പ്ലാറ്റ്ഫോമുകള് കാട്ടുന്നത് എന്തത്ഭുതമാണ് ?
പതിവുപോലെ
മദ്യശാലതന്നെ ഇപ്പോഴും
ഓര്മ കട്ടപിടിച്ചു നില്ക്കുന്ന
ചിരിതന്നെ ഇപ്പോഴും
പഴയതുപോലെ തന്നെ എല്ലാം
കുടിക്കുന്നു
ചിരിക്കുന്നു
പറയാതെ പോകുന്നു പലതും
അവസാനത്തെ ട്രയിന്‍ പോയതിനു ശേഷം, കുട കണ്ടുപിടിക്കുന്നതിനു മുമ്പത്തെ മഴപോലെ, ആരും വെല്ലുവിളിക്കാനില്ലാതെ ആരെയും വെല്ലുവിളിക്കാനില്ലാതെ അതിവിദൂരമായ എന്തിനെയോ നോക്കിച്ചിരിച്ച്, ഞാനൊരു ഒഴിഞ്ഞ പെപ്സി ടിന് പ്ലാറ്റ്ഫോമില്‍ നിന്നും താഴേക്ക് തട്ടിയിട്ടു,
ഏതോ പടിഞ്ഞാറന്‍ പാട്ടുകാരനെ അനുകരിച്ചു
നീ പോയത് എന്നെ വേദനിപ്പിക്കുന്നില്ല
എല്ലാം പഴയതുപോലെ എന്നയറിവ്
സന്തോഷിപ്പിക്കുന്നില്ല
നീ പോയപ്പോള്‍ ഞാനാണു പോയതെന്ന്
ഞാന്‍ പറയില്ല
നമ്മള് കുടിച്ചുതീര്‍ത്ത രാത്രികള്‍ നാളെകളെ മുറിച്ചുകടക്കാനുള്ള ഒറ്റത്തടിപ്പാലമാണെന്ന് ഞാന്‍ പറയില്ല
'എനിക്കു പുല്ലാണെ'ന്ന് നീ പറയുമെന്ന് എനിക്കറിയാം അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തതും
പറയാന്‍ മറന്ന ഒരു തമാശ, നമ്മുടെ ഭൂതകാലത്തെ സാധൂകരിക്കുന്നത്:
"നീ പോയതിനു ശേഷം ഞാന്‍ തിരിച്ചെത്തുമ്പോള്‍, ഒരുവന്, കൂട്ടുകാരനായ ഒരുവന്, കക്കൂസിലിരുന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്നു, കമ്പിപ്പുസ്തകങ്ങള്‍ അവനു മടുത്തുവത്രെ, സ്വയംഭോഗത്തിന് സാധ്യത കൂടുതലുണ്ടത്രെ!!!!!"
ആരൊക്കെയോ മരിക്കുന്നുണ്ട്, മറക്കുന്നുമുണ്ട്.
Subscribe to:
Post Comments (Atom)
19 comments:
ദുഃഖത്തെ നിര്‍മമത്വം കൊണ്ട് ആദേശം ചെയ്യപ്പെട്ടിരിക്കുന്നു.കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വീര്യം കൂടിയ കമ്പിപ്പുസ്തകമാവുന്നതു പോലെ ജീവിതത്തിന്
സംഭവിക്കുന്ന വിപര്യയം...
വേദനിക്കുന്നു എന്നു പറയാന്‍ പോലും വേദനയാണ്.
:)
ഇത്രയും വലിയ തമാശ പറയണ്ടായിരുന്നു. വീര്യക്കൂടുതലല്ലല്ലോ പ്രതിഫലിക്കുന്നത്. വ്യഭിചരിക്കുന്നവന് വ്യഭിചരിക്കട്ടെ, എന്നാലും....
നമ്മള് എവിടെയോ കൂട്ടിമുട്ടുന്നു.
നീയും വിഷ്ണുമാഷും ഇപ്പോള്‍ എനിക്ക് കവിതയില്‍ വല്ലാത്ത കൂട്ടാകുന്നു
'നീ പോയത് എന്നെ വേദനിപ്പിക്കുന്നില്ല
എല്ലാം പഴയതുപോലെ എന്നയറിവ്
സന്തോഷിപ്പിക്കുന്നില്ല
നീ പോയപ്പോള്‍ ഞാനാണു പോയതെന്ന്
ഞാന്‍ പറയില്ല
നമ്മള് കുടിച്ചുതീര്‍ത്ത രാത്രികള്‍ നാളെകളെ മുറിച്ചുകടക്കാനുള്ള ഒറ്റത്തടിപ്പാലമാണെന്ന് ഞാന്‍ പറയില്ല'
എന്തിനാണിങ്ങനെ കൊല്ലുന്നത്?
കുടിച്ചുതീര്‍ത്ത ഒരു രാത്രിയോര്ത്തിട്ട്,
വയറ്റില്‍ നിന്നൊരു കാളല്‍ കയറിവരുന്നു.
എല്ലാം പഴയതുപോലെയായി എന്നു പറഞ്ഞതു വെറുതെയായിരുന്നുവല്ലേ??
'എനിക്കു പുല്ലാണെ'ന്ന് നീ പറയുമെന്ന് എനിക്കറിയാം അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തതും...
ലതീഷ്,
അടച്ചുപൂട്ടി എന്നു വിചാരിക്കുന്ന പുസ്തകം അറിയാതെ തുറക്കപ്പെടുന്നത് ഇത്തരത്തിലുള്ള രേഖപ്പെട്ടുത്തലുകള് കാണുമ്പോഴാണ്.
ഞാനാണ് ഈ കവിത എഴുതിയതെന്ന് വിശ്വസിക്കുന്നു.
ഒരു കരിനീല സര്‍പ്പം കാലില്‍ ചുറ്റി തുടയിലൂടെ പൊക്കിളില്‍ ദംശിക്കുന്നതു പോലെ.
ലത്തീഷിന്റെ ലാത്തി(സ്ട്രൈക്കിംഗ് പവറെന്ന് അര്ത്ഥമെടുക്കുക്) പ്രഹരശേഷിയുള്ളത്.
@ വിത്സണ് & അനിലന്‍
നമ്മളു ജീവിക്കുന്ന കാലത്തിന്റെ പൊതുസ്വഭാവം കൊണ്ടാകണം കവിത ഇങ്ങനെ വ്യക്തിപരമാകുന്നത്. എന്നിട്ടും, ഇതെന്റെയാണെല്ലോ എന്നു നിങ്ങള്‍ക്കു തോന്നുന്നത് എന്നെ സന്തോഷിപ്പിക്കുന്നൂ. അത്രയ്ക്കു സമാനമായിരിക്കണം അനുഭവങ്ങള്‍. രണ്ടു കൊല്ലത്തിനു ശേഷമാണ് ഞാന്‍ മലയാളത്തില്‍ കവിത എഴുതുന്നത്, ഒരാള്‍ക്കു കൊടുത്ത വാക്കിന്റെ നിര്‍ബന്ധത്തില്‍ എഴുതിയതാണ്. ഈ ബ്ലോഗിലുള്ള മറ്റു കവിതകള്‍ക്കെല്ലാം നാലു കൊല്ലത്തിലധികം പഴക്കമുണ്ട്.
@ ദേവസേന:
രണ്ടു വഴിയാണ് മുന്നിലുള്ളത്. ഒന്നുകില്‍ കൊല്ലുക അല്ലെങ്കില്‍ കൊല്ലപ്പെടുക. രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാം പഴയതു പോലെയായി എന്നു ഞാന്‍ പറഞ്ഞിരുന്നുവോ?
@ അഭയാര്‍ഥി
നന്ദി, പ്രഹരശേഷി കുറയുമായിരിക്കും ;)
കവിതയുടെ തലക്കെട്ടുതന്നെ ഒരസ്സല് കവിതയാണ് കൂട്ടുകാര. ഒരു HaiKu
നീ കള്ളു കുടിച്ചു പറഞ്ഞതു മാത്രമെ എനിക്കൊര്‍മയുള്ളൂ ..നീയല്ലല്ലോ ഞാന്‍ ;)
കത്തുകള്‍ പോസ്റ്റ് ചെയ്യുക.മറുപടി കിട്ടും നിരാശാഭരിതനായ സുഹൃത്തേ...:)
നിരാശയില്ലെങ്കില് ഈ കവിതയുമില്ല.ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലിരുന്നിട്ട് വായ്യിക്കാന്‍ വരുന്നവരെ പെപ്സീടിന്ന് തട്ടിയിടുന്നപോലെ നിരാശയുടെ ആഴത്തീലേക്ക് തള്ളിയിടുന്നു.
മദ്യശാല, ഓര്‍മ്മ, തീവണ്ടി, നിന്നെ പിരിഞ്ഞ ഞാന്‍, നിന്നെ ഭയപ്പെടുന്ന ഞാന്‍,
കുടിച്ചു തീര്‍ത്ത രാത്രികള്‍ ഒരുവിധത്തിലും രാത്രി കടത്തില്ലെന്ന നോവ്..
നിന്നോട് പറയാന്‍ മറന്ന ഒരു ക്രൂരമായ തമാശ..
ഈ കവിത മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍..
ഈ കവിതയില്‍ ഞാനെന്തെക്കൊയോ കണ്ടെടുക്കുന്നു.
മനസ്സും ശരീരവും പിന്നെ പൊട്ടിയ കുറേ തൂണുകളും.
'എനിക്കു പുല്ലാണെ'ന്ന് നീ പറയുമെന്ന് എനിക്കറിയാം അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തതും“
കള്ളിന് പുറത്ത് പറയുന്നതിലെ പുല്ല് മനസ്സാണെന്ന് നിനക്കെന്നപോലെ എനിക്കുമറിയാ, എന്നിട്ടും ഞാന്‍ നിന്റെയും നീ എന്റേതുമാകുന്നത് ഈ മദ്യശാലയില്‍ വച്ച് മാത്രമാണല്ലോ സ്നേഹിതാ..
കച്ചവടത്ക്കരിക്കുന്ന കമ്മ്യൂണിസ്റ്റ് സാധ്യതകളെ നീട്ടി വച്ച കമ്പി വായനയിലേക്ക് നീ എന്നെ കൂട്ടി കൊണ്ടു പോകുമ്പോഴും അടുത്ത കക്കൂസില്‍ നിന്ന് ഒരു കിതപ്പുണരുന്നതും ഞാനറിയുന്നു.
ഇനി വയ്യടോ... എന്താ ഇതിന്റെ യൊരു ഇത്..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
കവിതക്കഭിപ്രായം പറയാന്‍ അന്നും ഇന്നും ധൈര്യം പോര..........
കവിത ഇഷ്ടമായി
വെള്ളെഴുത്ത്, ഇരിങ്ങല്‍, കുറുമാന്:
നന്ദി..
ലതീഷ്,
താങ്കളെ ഞാനറിയില്ല എന്നു പറഞ്ഞാല്‍ മനസാക്ഷിക്കുത്താവും
അറിയും എന്നു പറഞ്ഞാല്‍ നുണയും
ദു:ഖം
നീറുന്നു ലതീഷ്,
‘കണ്ണടച്ചാല്‍‘ നീറ്റല്‍
എല്ലാം പഴയതുപോലെയായി എന്നു പറഞ്ഞതു വെറുതെയായിരുന്നുവല്ലേ??
@ ചോപ്പ്, മുഹമ്മദ് :
നന്ദി..
Post a Comment