Sunday, January 13, 2008

സാറ്റര്‍ഡേ നൈറ്റ് പാര്‍ട്ടിക്കു പോഗലാം, വരിയാ‍

1

യശോധരയുടെ മുറി, രാത്രി
(ഇന്റീരിയര്‍)


രാത്രിക്കുമീതെ പൊഴിയുന്ന പഴുത്തിലകള്‍
ഇരുട്ടില്‍ അവള്‍ക്ക്‌ പുതപ്പായില്ല.
ജലം ജലമാകുന്നതിനു മുമ്പ്‌
അവളില്‍ പെയ്തിരുന്നു.
തളംകെട്ടിക്കിടക്കുന്ന മഴ: യശോധര.

അവളുടെ ഉണര്‍ച്ചകള്‍ അറിയുവാന്‍ കഴിയുന്നത്രയും
ലോലഭാവത്തില്‍ ആരും ഒരിക്കലും
സിദ്ധാര്‍ഥനെ വരച്ചില്ല.

അതിനാല്‍, ഈ മുറിയില്‍
അവളുടെ മുറിയില്‍
അയാള്‍ തിരിഞ്ഞു കിടന്നുറങ്ങുന്നു.
ചുമരില്‍ മെഴുകുതിരി കത്തിനില്‍ക്കുന്നു

യശോധര (ആത്മഗതം): ഒരു മുറിയില്‍ എത്രായിരം പേര്‍
മരിക്കുന്നു. മുറിവിട്ടു പോകുന്നവളുടെ അവസ്ഥ
എന്താകുമോ എന്തോ?


തനിക്കും സിദ്ധാര്‍ഥനുമിടയിലെ വാതില്‍ക്കൊളുത്തില്‍
യശോധര ഒരു നിമിഷം നോക്കിനിന്നു
ഓടാമ്പലുകള്‍ താനേ തുറന്നു.

2

ഇടവഴി, രാത്രി
(എക്സ്റ്റീരിയര്‍)


ദുരദൂരേക്ക്‌ നീണ്ടു കിടക്കുന്ന കണ്ണെത്താവഴിയുടെ
അതിരുകളില്‍ നിന്ന്‌ അണ്ണാന്‍പൊത്തുകള്‍
യശോധരയെ നോക്കിപ്പകച്ചു.
അഴിച്ചിട്ട മുടിക്കുമുന്നില്‍ അവളുടെ നടത്തില്‍
ഉന്മാദം ഉപ്പിനു പോലുമില്ല എന്നറിഞ്ഞ്‌
ചെമ്പോത്തുകള്‍ കണ്ണുചിമ്മി
മൈഥുനം കഴിഞ്ഞ്‌ പൂച്ചക്കുട്ടിക്കായുടെ തുമ്പത്ത്‌
കണ്ണടച്ചിരുന്ന മഴ ഒറ്റ ഞെട്ടലില്‍
താഴെവീണു ചിതറി.

രണ്ട്‌ കള്ളന്മാര്‍ക്കു നടുവില്‍ ഒരു പ്രവാചകന്‍
രണ്ട്‌ കൂട്ടിക്കൊടുപ്പുകാര്‍ക്കിടയില്‍ ഒരു വേശ്യ
രണ്ട്‌ കോണ്‍സ്റ്റബിള്‍മാര്‍ക്കു നടവില്‍ ഒരു എസ്‌ ഐ
രണ്ട്‌ കവിതകള്‍ക്കു നടവില്‍ ഒരു നിരൂപകന്‍
എന്നിങ്ങനെ ജനക്കൂട്ടങ്ങള്‍ അവളെ കടന്നുപോയി.

രണ്ടില്‍ നിന്നും ഉയരുമ്പോള്‍ ഇല്ലാതാകുന്ന
ഏകാന്തതയുടെ മടുപ്പ്‌ അവളില്‍ മന്ദഹാസമായി

3

സിദ്ധാര്‍ഥന്റെ വീട്‌, പകല്‍
(എക്സ്റ്റീരിയര്‍)


കാറ്റ്‌ പലതും പറഞ്ഞു:-
ഓട്ടത്തിനിടയിലെ ഏകാന്തതയില്‍
കരള്‍ പറിഞ്ഞ്‌ ഒരു മുയല്‍ തോറ്റുകൊടുത്തുവെന്ന്‌
മാന്ത്രികവടി കളഞ്ഞുപോയതിന്റെ പിറ്റേന്ന്‌
ഒരു കുട്ടിച്ചാത്തന്‍ കുറുക്കനായെന്ന്‌
കാത്തിരുന്നു മുഷിഞ്ഞ പെണ്ണ്‌,
ദൂരെയെവിടെയോ ആണിനെക്കൊന്ന്‌
അമ്പലം പണിതെന്ന്‌

സിദ്ധാര്‍ഥന്‍ (ആത്മഗതം): ഹാ! കഷ്ടം കാതിനു കേള്‍ക്കാന്‍
കൊള്ളുന്നതൊന്നുമില്ലേ ഈ ഭൂമിയില്‍?


4

യശോധര, യശോധര
(യശോധര)


കാറ്റില്‍ കടപുഴകിയ ആല്‍മരം
കെട്ടഴിഞ്ഞ കഥകള്‍
പാഠപുസ്തകത്തിലേക്ക്‌
പറക്കാത്ത കാറ്റുകള്‍

10 comments:

Latheesh Mohan said...

പെണ്ണറിയുമോ അവളറിയാതെ പോയ വഴികള്‍?

ഫസല്‍ ബിനാലി.. said...

ഹാ! കഷ്ടം കാതിനു കേള്‍ക്കാന്‍
കൊള്ളുന്നതൊന്നുമില്ലേ ഈ ഭൂമിയില്‍?
kollaam

Kuzhur Wilson said...

"ഓട്ടത്തിനിടയിലെ ഏകാന്തതയില്‍
കരള്‍ പറിഞ്ഞ്‌ ഒരു മുയല്‍ തോറ്റുകൊടുത്തുവെന്ന്‌"

കുഞ്ഞ് മുറിഞ്ഞ് രണ്ടാകാതിരിക്കാന്‍ രാജാവിന് മുന്നില്‍ കുഞ്ഞിനെ അവര്‍ എടുത്തോട്ടെ എന്ന് പറഞ്ഞ ഒരമ്മയുണ്ടല്ലോ ?

നീയിപ്പോള്‍ എഴുതുന്നത്, നിന്നെക്കൊണ്ട് ഇവ എഴുതിക്കുന്നത് എനിക്ക് വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകുന്നു.

മരിക്കാനാകുന്നില്ല

vadavosky said...

കവിത വായിക്കുമ്പോള്‍
കവി നീട്ടിപ്പിടിച്ച കത്തിമുനയിലാണെന്റെ കണ്ണ്‌.

അതുകൊണ്ട്‌ വാക്കുകളുടെ വിളുമ്പുകളില്‍ വിരല്‍ കൊണ്ട്‌ ചോര പൊടിയുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹാ! കഷ്ടം..........ഇതും കവിതയോ?

K.P.Sukumaran said...

(ആത്മഗതം): ഈ കവിത എന്ന് പറയുന്നത് എന്തായിരുന്നു ... ഓരോ മറവികളേ ...

sv said...

അവളുടെ ഉണര്‍ച്ചകള്‍ അറിയുവാന്‍ കഴിയുന്നത്രയും
ലോലഭാവത്തില്‍ ആരും ഒരിക്കലും
സിദ്ധാര്‍ഥനെ വരച്ചില്ല.

ഇരുട്ടില്‍ ഇന്നും അലയുന്നു..സിദ്ധാര്‍ഥന്‍..നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

420 said...

സുകുമാരാ,

''രണ്ട്‌ കള്ളന്മാര്‍ക്കു നടുവില്‍ ഒരു പ്രവാചകന്‍
രണ്ട്‌ കൂട്ടിക്കൊടുപ്പുകാര്‍ക്കിടയില്‍ ഒരു വേശ്യ
രണ്ട്‌ കോണ്‍സ്റ്റബിള്‍മാര്‍ക്കു നടവില്‍ ഒരു എസ്‌ ഐ
രണ്ട്‌ കവിതകള്‍ക്കു നടവില്‍ ഒരു നിരൂപകന്‍
എന്നിങ്ങനെ ജനക്കൂട്ടങ്ങള്‍ അവളെ കടന്നുപോയി''.

ഇതൊഴികെ
ഒന്നും എന്റെ തലയില്‍
കയറുന്നില്ല.

Latheesh Mohan said...

wils: രാജാവിന് മുന്നില്‍ കുഞ്ഞിനെ അവര്‍ എടുത്തോട്ടെ എന്ന് പറഞ്ഞ അമ്മയില്‍ വലിയ വിശ്വാസമില്ല ;) മരിക്കരുത്..

ഫസല്‍, വഡക്കോവ്സ്കി: നന്ദി

ഹരീ‍..തലയില്‍ കയറിക്കോളും ;)

സഗീര്‍, നമ്പൂതിരി: എന്തു ചെയ്യാന്‍!!

വിശാഖ് ശങ്കര്‍ said...

@വിപരീത യാനങ്ങളുടെ ഈ അസ്തിത്വ വിശകലനത്തില്‍
പൊതുവായ് ഉപേക്ഷിക്കപ്പെടുന്നത് നിസ്സഹായത മാത്രം...