Monday, February 4, 2008

മഴയില്‍ ഒരുവന്‍

വീടു നഷ്ടപ്പെട്ടവന്റെ
ആകുലതകളിലേക്ക്‌
തെരുവ്‌
ഒരു വഴിയാത്രക്കാരനായി
കടന്നുവരും.

എത്ര നടന്നാലും ചെന്നെത്തുകില്ല
ഇനിയുമേറെയുണ്ടെല്ലോ എന്ന്‌
ഓരോ ദുരന്തവും ഓര്‍മിപ്പിക്കും.

രതിയും പ്രണയവും
വിയര്‍ത്തു തുടങ്ങുമ്പോഴെല്ലാം
സത്രങ്ങളും റസ്റ്റോറന്റുകളും
മോഹിപ്പിക്കും.
കടലും കവിതയും കേട്ടിരുന്നാലും
ഉള്ളില്‍, പിരിഞ്ഞുപോന്ന
വസന്തത്തിന്റെ കരിയിലകള്‍
പൊടിയാതെ കിടക്കും.

എന്നിട്ടും,
കയറിനിന്നിട്ടേയില്ല
ഒരു കടത്തിണ്ണയിലും
ഇതേവരെ.

കുടപിടിച്ച്‌ വേനല്‍ക്കാലം
നടന്നു പോകുന്നത്‌ കാണണം
ഓരോ മഴയിലും.

12 comments:

Latheesh Mohan said...

കുടപിടിച്ച്‌ വേനല്‍ക്കാലം
നടന്നു പോകുന്നത്‌ കാണണം
ഓരോ മഴയിലും

prasanth kalathil said...

ലെതീഷ്,
വീണ്ടും തെരുവ് !

പല കവിതകള്‍ക്കും പള്‍പ്പ്, പഴയ എഴുത്തുകള്‍‍ എന്നൊക്കെപ്പോലെ തെരുവ് എന്നൊരു കുറിപ്പുകൂടി ആവാം.

(ഓ. ടോ.: കോഴിക്കോടന്‍ രാത്രി കവിതയായില്ലേ ?)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എത്ര നടന്നാലും ചെന്നെത്തുകില്ല

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌..ഭാവനക്കപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ നേര്‍കാഴ്ചയായി തോന്നി...
ആശംസകള്‍

പ്രയാസി said...

കവിതയെക്കുറിച്ചു കവികള്‍ അഭിപ്രായം പറഞ്ഞോളും..
വന്ന സ്ഥിതിക്ക് ആ ചൂണ്ടു വിരല്‍ ഞാനങ്ങു ചൂണ്ടി..:)

വെള്ളെഴുത്ത് said...

വീടു നഷ്ടപ്പെട്ടവന്റെ ജീവിതത്തിലേയ്ക്ക് കയറിവരുന്ന തെരുവ്, വസന്തത്തിലെ കരിയിലകള്‍, മഴയത്ത് കുടപിടിച്ച് പോകുന്ന വേനല്‍..
ഒരു കടത്തിണ്ണയിലും കയറി നില്‍ക്കേണ്ടതില്ല. വിരുന്നുകാരനെ മുഷിപ്പിക്കാതെ നടന്നുകൊണ്ടേയിരിക്കുക..

siva // ശിവ said...

ഇനി ഞാനെന്തു പറയാന്‍.... എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

വിശാഖ് ശങ്കര്‍ said...

വെയില്‍ തീളപ്പിച്ചും, മഴ തണുപ്പിച്ചും നെഞ്ചില്‍ ഒരു തുളവീണ റേഡിയേറ്റര്‍....
നീയോ യാത്രയുടെ ഉഷ്ണത്തെ ഓര്‍മ്മിപ്പിക്കുന്നവന്‍.
തെരുവുകള്‍ മനസ്സിലൂടെ ചുട്ട് പഴുത്ത് കടന്നുപോകുന്നത് അറിയുന്നുണ്ട്...,അറിയുന്നുണ്ട്.

ശ്രീനാഥ്‌ | അഹം said...

:)

Latheesh Mohan said...

@ പ്രശാന്ത്: തെരുവൊക്കെ മടുത്തു തുടങ്ങി. ആ ലേബലിന്റെ ആവശ്യം ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല. നാലു വര്‍ഷത്തോളം മുമ്പെഴുതിയതാണ് ഇത്. അതുകൊണ്ടാണ് തെരുവിന്റെ അമിത സാന്നിധ്യം. കോഴിക്കോട് തന്നെയാണ് ഈ കവിത പോസ്റ്റ് ചെയ്യാന്‍ കാരണം :)

സാക്ഷരന്‍ said...

കുടപിടിച്ച്‌ വേനല്‍ക്കാലം
നടന്നു പോകുന്നത്‌ കാണണം
ഓരോ മഴയിലും

നന്നായിരിക്കുന്നു.ആശംസകള്

vadavosky said...

പിരിഞ്ഞുപോന്ന വസന്തത്തിന്റെ കരിയിലകള്‍ ഉള്ളില്‍ പൊടിയാതെ കിടക്കുന്നതുകൊണ്ടാണ്‌ കുടപിടിച്ച്‌ വേനല്‍ക്കാലം നടന്നുപോകുന്നത്‌ കാണാന്‍ കഴിയുന്നത്‌.