ചേമ്പിലത്തുമ്പത്ത്
കാറ്റിനെക്കാള്‍ വേഗമേറിയ
ഒരോര്‍മയുടെ പച്ചപോലെ
പമ്പരം താളത്തില്‍
കറങ്ങിത്തിരിഞ്ഞ്
ഒരേയൊരു പാവാടയുടെ
വൃത്തമൗനത്തില്‍
ഒരു പെണ്‍കുട്ടി:
എവിടെപ്പോകുന്നു?
ചെമ്മണ്ണുപാതയില്‍
പരിണാമവേദനയുടെ പൂജ്യം
നീളത്തില്‍ പായിച്ച്
ഭൂമിയെക്കാള്‍ നഗ്നനായി
പെണ്കുട്ടിയെക്കാള് വേഗത്തില്‍
കടലുതൊട്ട് തിരിച്ചുവന്ന്
പാറയില്‍ മുഖമമര്‍ത്തി
രാത്രിയെക്കാള്‍ വെളുത്തവനായ
ഒരു ആണ്‍കുട്ടി:
എന്തു കേള്‍ക്കുന്നു?
കടലില്‍ നിന്നും തിരിച്ചുവരുന്നവര്‍
കൊതുമ്പുവള്ളങ്ങളില്‍ നിന്ന്
കപ്പലുകള്‍ ഇറക്കിവെച്ച് മടങ്ങുന്നതില്‍
കൗതുകം കുരുങ്ങാതെ
മട്ടുപ്പാവിന്റെ മുകളില്‍ നിന്ന്
നഗരം കാണുന്നു.
ആരും വന്നുപോകാത്തതിനാല്‍
'പണ്ട് വഴിയായിരുന്നു'
എന്ന് ഖേദിച്ച്
കരിയിലകള്‍ക്കടിയില്‍
ചുരുണ്ടുകൂടിക്കിടക്കുന്ന
പ്രണയത്തെ ഓര്‍ക്കുന്നു.
5 comments:
wow :)
-കാറ്റിനേക്കാള്‍ വേഗമേറിയ ഓര്‍മയുടെ പച്ച-
എനിക്ക് ഇതു മതി
loved it!
വഡക്കോവ്സ്കിക്കും അപര്‍ണയ്ക്കും നന്ദി :)
കരിയിലകള്‍ക്കിടയിലെ ചുരുണ്ടുകൂടല്‍..
ഇതാണ് ഞാന്‍ കണ്ട അടുത്ത കാലത്ത നല്ല വരികള്‍.
Post a Comment