Thursday, August 28, 2008

മാമ്പൂ കണ്ടും കവിതകള്‍ കണ്ടും...

ഇടി, മിന്നല്‍, മഴ
ഇവയിലേതാണ്‌
ഇടിവെട്ടാതെ
മിന്നലേല്‍ക്കാതെ
മഴനനയാതെ
വീടു പറ്റുന്ന കുട്ടി?

2010ലെ ഒരു കവിത
2000ത്തിലെ ഒരു കവിതയോടിങ്ങനെ ചോദിച്ചാല്‍
അവര്‍ തമ്മില്‍
ഇടിയും
മിന്നലും
പേമാരിയും
ഉടലെടുത്താല്‍

തീവണ്ടികള്‍ക്കുമേല്‍ പെയ്യുന്ന മഴകള്‍
ഒരു നാടോടിയെയും നനയ്ക്കാറില്ല
എന്നു കള്ളം പറഞ്ഞ്

കേട്ടുകേള്‍വിയെക്കുറിച്ച്‌ തര്‍ക്കിച്ച്‌
വസ്തുതകളെക്കാള്‍
രംഗസജ്ജീകരണത്തില്‍ ഭ്രമിച്ചതാണ്‌
നിങ്ങള്‍ക്കു പറ്റിയ പറ്റ്‌
എന്നു ശകാരിച്ച്‌

എനിക്കു തന്നെ ബോധ്യമാകാത്ത
ന്യായങ്ങളില്‍
അവരെ രണ്ടുപേരെയും
വീട്ടിലേക്ക്‌ കൂട്ടിയാല്‍

ഒരായിരം തീവണ്ടികള്‍
രഹസ്യമായി ചിരിക്കുമോ?
ആ ചിരിയിലെ പരിഹാസം
മഴയറിയാതെ വഴിയറിയാതെ നില്‍ക്കുന്ന
2008ലെ എന്നെ
തിരിച്ചുവന്ന്‌ വേട്ടയാടുമോ?

നൂലഴിച്ചുവിട്ടേക്കാം
ഈ കുരുത്തംകെട്ട വിത്തുകളെ
ഭാവിയിലെ ചോദ്യങ്ങളുമായി
പോയിനോക്കിയിട്ടു വരെട്ടെ
അവറ്റകള്‍
ഭൂതകാലത്തിലെ
ഇടിയെ, മിന്നലിനെ, മഴയെ

7 comments:

Mahi said...

സ്ഥലകാലങ്ങളുടെയും മുന്‍ധാരണകളുടേയും ഉടയാടകളില്‍ ഞാനിനി എത്രകാലം ഒളിച്ചിരിക്കുമെന്ന്‌,ലതീഷ്‌ മുമ്പൊരു കവിതയില്‍ പറഞ്ഞതോര്‍മ വരുന്നു.അതുകൊണ്ടായിരിക്കാം മഴയറിയാതെ വഴിയറിയാതെ 2008 ലും നിങ്ങളിങ്ങനെ നില്‍ക്കുന്നത്‌.അതിലാളിത്യത്തിന്റെ ഉറപ്പിലും കവിതയുടെ നേര്‍വരകളിലും നിങ്ങള്‍ വിശ്വസിക്കാത്തത്‌.പരീക്ഷണങ്ങളുടെ പുതിയ വഴികളെ എന്നും തേടിക്കൊണ്ടിരിക്കുന്നത്‌.കുരുത്തും കെട്ട നിങ്ങളുടെ ഭാവന ഭാവിയിലെ ചോദ്യങ്ങളുമായി ഭൂത കാലത്തിലേക്ക്‌ എത്തി നോക്കുന്നത്‌.വസ്തുകളെക്കാള്‍ ഇവിടെയൊരു അക്ഷര പിശാച്ച്‌ കയറി കൂടിയിട്ടില്ലെ?

Latheesh Mohan said...

നന്ദി മഹീ. അത് തിരുത്തിയിട്ടുണ്ട്.

അനില്‍@ബ്ലൊഗ് said...

ലതീഷ്,
വായിച്ചു.
നാളെ ഒന്നൂടെ വായിച്ചു നോക്കാം.

ഓഫ്ഫ്:

ഇതു നിങ്ങളുടെ പടമാണൊ, പ്രൊഫൈലില്‍ കാണുന്നത്?

PIN said...

ഇനിയും മുളയ്ക്കാത്ത ആ വിത്തുകളെ തനിയെ വിടുന്നത് ശരിയണോ? ചെന്നുകൂടെ ഒരു കുടയുമായി പിന്നാലെ...

Dinkan-ഡിങ്കന്‍ said...

ഓഹ്! ശരിയെന്നാല്‍.. അങ്ങനാട്ടേ

അനിലൻ said...

കേട്ടുകേള്‍വിയെക്കുറിച്ച്‌ തര്‍ക്കിച്ച്‌
വസ്തുതകളെക്കാള്‍
രംഗസജ്ജീകരണത്തില്‍ ഭ്രമിച്ചതാണ്‌
നിങ്ങള്‍ക്കു പറ്റിയ പറ്റ്‌...

എക്കാലത്തേയും ഏറ്റവും വലിയ തെറ്റും അതുതന്നെ.

അല്ലേ?

വെള്ളെഴുത്ത് said...

വിജനത വായിച്ചു ഞെട്ടി. കവിതയുടെ ആകൃതിയും അതു നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥവും ഏതാണെന്ന് ആലോചിച്ച്. ഇപ്പോള്‍ തീര്‍ച്ചയായി, കവിതകള്‍ കെട്ടഴിച്ചു വിട്ട വിത്തുകളാണെന്ന്. അതിനു സ്ഥലകാലങ്ങളെക്കുറിച്ചുള്ള പരിഗണനയോ നിയതമായ ഗതിവിഗതികളോ ഇല്ലെന്ന്. മുളപ്പുകളെ നോക്കി വിത്തിനെ അറിയുക എളുപ്പമല്ലെന്ന്. അല്ലെങ്കില്‍ അറിയുന്നതെന്തിന്? യാഥാര്‍ത്ഥ്യത്തിലാണ് പൊടിപ്പുകള്‍. അപ്പൂപ്പന്‍ താടികള്‍ അതിനു പുറത്തെ നിഴലും.