യാത്ര
വെളിച്ചങ്ങള്‍ക്കപ്പുറത്ത്, ചരക്കു തീവണ്ടിയില്‍ അകപ്പെട്ട ഏകാകിയായ യാത്രികന്റെ നിസഹായത പോലെ വാതില്‍ തുറന്നുകിടന്നു.
ആഞ്ഞിലിച്ചക്കക്കായി പ്ളാവില്‍ വലിഞ്ഞുകയറിയവനെ നീറുകടിച്ചതിന്റെ പാടുകള്‍ മുമ്പോട്ട് സഞ്ചരിച്ച ശരീരം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഒരു സംഭവത്തിന് ശേഷം അതിനെക്കുറിച്ച് ചിന്തിച്ചിരിക്കുന്നവന് സത്യത്തില്‍ നഷ്ടമാകുന്നത് ദിശാബോധമാണ്. മുന്നോട്ടു സഞ്ചരിച്ച ശരീരം എന്നെഴുതി മഷിയുണങ്ങുന്നതിന് മുമ്പ് സഞ്ചരിച്ചതെങ്ങോട്ട്? എന്ന ചോദ്യം ഉയര്‍ന്നു വരുന്നതങ്ങിനെയാണ്
കഥപറയാന്‍ ഞാന്‍ തയ്യാറാകുകയാണ്.
എന്റെ വീട് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. എന്റെ ദേശം എന്നു പറയണം. ഓരോകാലത്തും അനുഭവിക്കാന്‍ കഴിയുന്ന വലിപ്പത്തെയാണ് നമ്മള് ദേശം എന്നു പറയുന്നത്. വീടുണ്ടായിരുന്ന കാലത്തു മുഴുവന്‍ എന്റെ വലിപ്പം അതും അതിന്റെ ചുറ്റുപാടുമായിരുന്നു. അതുകൊണ്ട് എന്റെ ദേശം എന്റെ വീട്.
തുടങ്ങാം
നീന്താന്‍ ഇപ്പോഴുമറിയില്ല എന്നതാണ് വാസ്തവം. പക്ഷേ എനിക്കു പകരം അക്കരെപ്പോയവരും ചാമ്പയ്ക്കയുമായി എന്നെത്തേടി ഇക്കരെവന്നവനും കരിമ്പുകെട്ടുമായി പോയവനും ഞാനല്ലാതാകുന്നില്ലലോ. വീടിന് പുറകിലൂടെ നടന്നാല്‍ ആറ്റു തീരത്തെത്തും: അതാണ് പടിഞ്ഞാറേ വശം. വീടിന്റെ പുറകിലോട്ടുള്ള വഴി മാത്രമേ വശത്തിന്റെ പേരില്‍ അറിയപ്പെട്ടുള്ളൂ. മുന്നോട്ടുള്ള വഴിക്ക് നടവഴി എന്നായിരുന്നു പേര്. വശങ്ങളിലേക്ക് വഴിയില്ലായിരുന്നു.
ഞങ്ങളുടെ ആറിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ലംബമായാണ് ഒഴുകുന്നത് എന്നതാണ്. ശ്രദ്ധിച്ചിട്ടില്ല അല്ലേ? എല്ലാ പുഴകളും തിരശ്ചീനമായാണ് ഒഴുകുന്നത്. ആറിന് സ്വാഭാവികമായും അക്കരെയും ഇക്കരെയും ഉണ്ടായിരുന്നു. അക്കര മുഴുവന്‍ ചാമ്പക്കാടാണെന്നാണ് ഇവിടെനിന്ന് അവിടെ പോയിട്ടു വരുന്നവര്‍ പറയുന്നത്. അവരുടെ കഴുത്തില്‍ ചാമ്പക്കാ മാലകള്‍ സൂര്യന്മാരെ കോര്‍ത്ത മാല പോലെ തിളങ്ങി. അക്കരെ നിന്ന് ഇക്കരെ വരുന്നവരുടെ കരിമ്പിനോടുള്ള ആര്‍ത്തി കണ്ടാല്‍ അക്കരെ ചാമ്പക്കാ കാടുകള്‍ ഉണ്ടെന്ന് തോന്നുകില്ല. സ്ഥിരമായി ചാമ്പക്കാ തിന്നാനുള്ളപ്പോള്‍ കരിമ്പു പോലൊരു വിചിത്ര വസ്തു തിന്നാന്‍ ആരെങ്കിലും ആറു നീന്തിയെത്തുമോ?
ആറിനക്കരെ ഗോത്രങ്ങളുണ്ടാകാം എന്നത് പിന്നീട് കിട്ടിയ അറിവാണ്. അന്ന് ആറിനക്കരെ ചാമ്പക്കാടുകള്‍ മാത്രമായിരുന്നു; ദൂരെ ദൂരേക്ക് അകന്നു നില്ക്കുന്ന ചാമ്പക്കാടുകള്‍ മാത്രം. ഒരു ദിവസം ഞാന്‍ ആറ്റിലിറങ്ങാന്‍ തീരുമാനിച്ചു. എല്ലാരും നീന്തുമ്പോള്‍ എനിക്ക് കൊതിയടക്കാനായില്ല. നീന്തല്‍ പഠിച്ചെടുക്കേണ്ടുന്ന ഒന്നാണെന്ന് ആരും പറഞ്ഞില്ലെങ്കില്‍ ഞാനെങ്ങിനെ അറിയാന്‍? നീന്തുമ്പോള്‍ നീന്തുകയല്ല താഴുകയാണ് എന്നറിഞ്ഞില്ല.
നീന്തി നീന്തി ചെന്നപ്പോള്‍ ചെങ്കല്‍പ്പാറകളില്‍ ഉരസിയ ശരീരം നൂറായിരം ഗോത്രങ്ങള്‍ കണ്ടു. പായലും പരലും രണ്ടാണെന്നറിഞ്ഞു. എന്തോരം നീന്തിയെന്ന് ഇപ്പോള്‍ എങ്ങിനെ പറയാന്‍. പിന്നെ പലരോടും പറഞ്ഞു; ഞാന്‍ ആറിനക്കരെ പോയെന്ന്. കാറ്റിനോട് പോരിനിറങ്ങിയവര്‍ അതു കേട്ടില്ല. തിരുത്തിയത് അവളാണ്; നീ നീന്തിയത് പുഴയല്ല, കൈത്തോടാണത്രെ.
യാത്ര: ഒരടി മുന്നോട്ട് ഒരടി പിന്നോട്ട്
കടലിലേക്കായിരുന്നു യാത്ര. മൈതാനത്തിന്റെ നവദ്വാരങ്ങളെന്നോണം കടലിലേക്ക് വഴികള്‍ നീണ്ടു കിടന്നു. വഴിയരികില്‍ നിന്ന് പൂക്കളും അതിനപ്പുറത്തെ വീടുകളില്‍ നിന്ന് ആള്‍ക്കൂട്ടവും നോക്കുന്നതറിയാതെ ഞങ്ങള്‍ കടലിലേക്ക് നീണ്ടു. നമുക്ക് പിന്നിലോ മുന്നിലോ പ്രതിബന്ധങ്ങളില്ലല്ലോ എന്ന് കൈകോര്‍ത്തു പിടിച്ചു. കുടകൊണ്ട് മുഖം മറച്ച് ചേര്‍ന്നിരിക്കുന്നവരെ പരിഹസിച്ചു. അവളാണ് പറഞ്ഞത്(ഇനിയിത് ആവര്‍ത്തിക്കില്ല, എല്ലാം പറഞ്ഞത് അവളാണ്). കടലിനടിയില്‍ നമ്മളുമായി ബന്ധമില്ലാത്ത ഗോത്രങ്ങളുണ്ടത്രേ! -മൌനത്തിന്റെ ട്രൈഡാക്സുകള്‍ പൂത്തു നില്‍ക്കുന്നത്. കടല്പ്പാലങ്ങള് അടര്‍ന്നു വീഴുന്നത് അവരുടെ വസന്തങ്ങളിലേക്കാണത്രേ.
പണ്ട് മലയിറങ്ങി വരുന്ന ഒരു ബസ്സില്‍ വിന്‍ഡോ ഷട്ടറുകള്‍ പൊക്കി വെച്ച് ഞാന്‍ പുറം ലോകം നോക്കിയിരിക്കുകയായിരുന്നു. ഷട്ടറിനടിയിലൂടെ എന്നിലേക്ക് ഒരു ചാറല്‍മഴ ചാഞ്ഞു. തലമുടി നനയാനുള്ള മഴ പോലും പെയ്തില്ല, അതിനുമുമ്പ് കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു; ഷട്ടര്‍ താഴ്തുക പിന്നിലെ സീറ്റുകള്‍ മഴ നനയുന്നു. മഴയ്ക്കായി കൊതിച്ച് ഇരുട്ടത്ത് വിറച്ചിരുന്ന എന്റെ സമീപത്തേക്ക് അവള് വരികയായിരുന്നു. ഏതു ഭാഷയിലാണ് അവള് ആദ്യമായി സംസാരിച്ചത്? ഏതു ഭാഷയാണ് അവള് സംസാരിക്കാതിരുന്നത്? അവള് ബാഗില്‍ നിന്ന് ബിയര്‍ ടിന് എടുത്ത് എനിക്കു നീട്ടി. പതിയെ പതിയ മഴ അവളായി; എന്നിലേക്കു ചാഞ്ഞു.
ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് അവള് പറഞ്ഞു. 'എടാ കടല്‍ ഓര്‍മ്മകളെ അടിച്ച് കരയ്ക്കിടുന്നുണ്ട്. ഞാനാദ്യമായി കടല്‍ കണ്ടത് കുഞ്ഞിപ്പെണ്ണായിരുന്നപ്പോഴാണ്. നിനക്കറിയ്യോ ഞാന്‍ കടലില്‍ അപ്പിയിട്ടിട്ടുണ്ട്'
കുട്ടികളുടെ അമ്പരപ്പ് എന്നെ വീശിയൊഴിഞ്ഞുപോയി. സാധാരണ ഇത്തരമൊരു വാക്യത്തിന്റെ അവസാനം പെണ്ണുങ്ങള് സൂക്ഷിക്കാറുള്ള നാണം കാണാത്തതിനാലുള്ള അമ്പരപ്പല്ല. കടലില്‍ അപ്പിയിടാന്‍ കഴിഞ്ഞ ഒരുവളോടുള്ള അസൂയയില്‍ നിന്നുണ്ടായ അമ്പരപ്പാണത്; ഹോ! എന്തൊരു മഹാഭാഗ്യമാണത്.
ഓര്‍ത്തിരുന്നപ്പോള്‍ അവളുടെ കണ്ണുകള്‍ ജലസ്പര്‍ശം കൊണ്ടുവന്നു: പോകണ്ടേ ആളുകള്‍ പോയി. കടല്‍ത്തീരത്ത് ഇപ്പോള്‍ രണ്ട് ചാരുകസേരയില്‍ നമ്മള് രണ്ടും മാത്രം.
പോകണ്ടേ എന്നു ചോദിച്ചെങ്കിലും പോകാന്‍ അവള്‍ക്ക് മനസ്സില്ലായിരുന്നു; പണ്ട് കടല്‍ക്കാക്കയ്ക്കു പുറകേ കടല്‍പ്പാലത്തില്‍ നിന്ന് ചാടിയതിന് ശേഷം അവള്‍ക്ക് പോകാന്‍ മനസ്സേ ഇല്ലായിരുന്നു. എങ്കിലും പെണ്ണുങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയില്‍ അവള് ചോദിച്ചു. പോകണ്ടേ ഇരുട്ടുന്നു. പോകണമെന്ന് എനിക്കുമുണ്ടായിരുന്നില്ല. എങ്കിലും ആണുങ്ങളുടെ ഉത്തരവാദിത്വം എന്ന നിലയില്‍ ഞാന്‍ എഴുന്നേറ്റു; പോകാം.
പോകാതിരിക്കുകയായിരുന്നു ഭേദമെന്ന് ഇപ്പോള്‍ തോന്നുന്നു. നഷ്ടപ്പെട്ടതിനെക്കുറിച്ച് കിനാവുകാണുന്നതിനെ ആര്‍ക്കാണ് ന്യായീകരിക്കാനാവുക. പാതിവഴിയില്‍ വെച്ച് ഒറ്റയ്ക്ക് വഴിപിരിഞ്ഞു പോകുന്നതിന് മുമ്പ് അവള് പറഞ്ഞതു തന്നെ കേള്‍ക്കൂ: -
കൈത്തോടു കണ്ടു ഭ്രമിച്ചാല്‍ നഷ്ടപ്പെട്ടത് കൈത്തോടാണെല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. നിനക്ക് കടല്‍ കിട്ടാനുണ്ടല്ലോ. കൈത്തോടിനെ മറന്നുപോകാനിടയുണ്ട്. പക്ഷേ കടലുകണ്ട് ഭ്രമിച്ചാല്‍, കിട്ടുന്നത് കൈത്തോടാവും. ചെറുതാണല്ലോ കിട്ടിയത് എന്ന് നമ്മള് അതൃപ്തരാകേണ്ടി വരും. ചെറുതുകളുടെ ലോകമാവും പിന്നീട്
ഹാ! ചെറുതുകളുടെ ലോകം!!
14 comments:
നല്ല കഥ...കുറച്ച് കൂടി വിവരണം ഉണ്ടായിരുന്നെങ്കില്‍ ...
വീട് ദേശം എന്നിവയുടെ നിര്‍വ്വചനം എത്ര നന്നായി...ഈ വരികള്‍ക്കൊക്കെ വല്ലാത്ത ഭംഗി...
പിരിഞ്ഞുപോയവ/ര്‍
ഒട്ടേറെ ബാക്കിയാക്കുന്നുണ്ട്. ഒരു കരച്ചില് പൂത്തുനില്ക്കുന്നപോലെ. നേരമിരുട്ടുന്നു.
ഹരീ, ജീവനോടെ ഒക്കെ ഉണ്ടോ? പിരിഞ്ഞുപോയി എന്നാണ് ഞാന്‍ കരുതിയത് :) :)
അനോണിമസിനും ശിവയ്ക്കും നന്ദി
ലതീഷ്,
വായിക്കുന്നുണ്ട്.
:)
kolledaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa enne...............................................................................kalakiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
kalakkiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
ചരക്കുവണ്ടിയില്‍ അകപ്പെട്ട ഏകാകിയായ യാത്രികന്റെ നിസ്സഹായത എന്ന വാചകം എന്നെ ഉലച്ചുകളഞ്ഞു. എല്ല്ലാ മനുഷ്യരും കടന്നുപോയ അല്ലെങ്കില്‍ കടന്നുപോകേണ്ട ഒരു കടമ്പയാണ് അത് :)
ninneyonn koottimutteett naalukal kureyayi... sambhavam ugran...
ലതീഷ് താങ്കളുടെ കവിതകള്‍ അനുവാചകരില്‍ നിന്നും വേറൊരു സെന്‍സിറ്റിവിറ്റി ആവശ്യപ്പെടുന്നുണ്ട്.ചിലപ്പോഴെല്ലാം താങ്കള്‍ കവിതയില്‍ മേതിലിനെ ഓര്‍മിപ്പിക്കുന്നു.വരികളില്‍ ചിന്തകളേയും സംവാദങ്ങളേയും ചോദ്യങ്ങളേയും കുടിയിരുത്തുന്നു താങ്കള്‍.അവയുടെയെല്ലാം സ്വാഭാവികമായ ഒരു കണ്ടെത്തലാണ് താങ്കളുടെ കവിത. കൈത്തോട് നമുക്ക് കൈയെത്തി പിടിക്കാവുന്ന ദൂരത്തുള്ള പ്രകൃതിയിലെ ഒരു പ്രവാഹമാണ്.മുറിച്ചു കടക്കുന്തോറും ആഴങ്ങളിലേക്ക് മുങ്ങി കൊണ്ടിരിക്കുന്ന അശുഭാപ്തികരമായ കഴ്ചപ്പാടും ഗോത്ര സൂചനകളും ഈ മനുഷ്യ ജീവിതത്തെ അപനിര്മിക്കുന്നില്ലെ ? കടല്‍ നമ്മുടെ പരിമിതികള്‍ക്കപ്പുറത്ത് നില്ക്കുന്ന എവിടെക്കും ഒഴുകാത്ത ഒരാഴമാകുന്നു.അതില്‍ അപ്പിയിടാന്‍ കഴിയാത്തതിനേയും വലുതിനെ ആഗ്രഹിച്ച് ചെറുതില്‍ അസംതൃപ്തമാകേണ്ടി വരുമെന്ന് പറയുന്നുവെങ്കിലും ഹാ ചെറുതുകളുടെ ലോകം എന്നുള്ള അവസാന ഭഗത്തേയും കൂട്ടിവായിച്ചാല്‍ അസംതൃപ്തമെങ്കിലും ഈ ചെറിയ ജീവിതത്തിലും സന്തോഷം കണ്ടെത്താമെന്നറിഞ്ഞ ഇകുറുവിലും അറിയാത്ത ആഴിയേക്കാള്‍ എനിക്കിഷ്ടം എന്റെ നിളയെ എന്ന് പറഞ്ഞ എം ടിയിലും നമ്മളെത്തും.ദേശം മാത്രമല്ല ഒരാളുടെ ലോകവും അയാള്‍ അനുഭവിക്കുന്ന വലിപ്പം തന്നെയല്ലെ ? ഇതൊക്കെ എന്റെ വെറും തോന്നലുകളാകാം എന്തായാലും ഇതിനൊക്കെ അപ്പുറത്തേക്ക് ഈ കവിതയ്ക്ക് വളവുകളും വഴികളുമുണ്ട്
ഏകാന്തത... വേര്‍പാട്...
ഏകാന്തത... വേര്‍പാട്...
ഏകാന്തത... വേര്‍പാട്...
ഏകാന്തത... വേര്‍പാട്...
ആരാച്ചാര്‍!!!
:(
നല്ല വായനാ സുഖം.........
അപനിര്‍മാണം എന്ന വക്ക് തെറ്റായി ഉപയോഗിച്ചതായി തോന്നുന്നു.ആദ്യ വായനയുടെ അന്ധാളിപ്പും കുറച്ചു തിരക്കും കൊണ്ടുണ്ടായതാണ്.പരിമിതമായ അറിവു കൊണ്ട് കവിതയെ ഒരു പ്രത്യേക നിര്‍വചനത്തിലേക്ക് ഒതുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അവ മനസിലുണ്ടാക്കുന്ന നിശബ്ദമായ ആഴങ്ങളേയാണ്.എന്റെ കമെന്റ് കൊണ്ട് താങ്കളുടെ കവിതയെ ഞാനങ്ങനെ ചുരുക്കകയുണ്ടായൊ ? എന്തൊ അങ്ങനെ തോന്നുന്നു.അതുകൊണ്ടാണി കുമ്പസാരം
മഹീ: അങ്ങനെയൊന്നുമില്ല അല്ലെങ്കില്‍ അങ്ങനെയല്ലാതെ ഒന്നുമില്ല :) :)
വന്നുപോയവര്‍ക്കെല്ലാം നന്ദി.
Post a Comment