Friday, November 7, 2008

അടിമുടിയുലഞ്ഞാകുലത

വെറുപ്പിന്റെ ഗുണപാഠഭിത്തിയില്‍
നിന്നിടയ്ക്കിടെ
തലപൊക്കിനോക്കും സ്നേഹമേ
നിന്റെയാകാശം നിന്റെ പാതാളം
എന്റെ ഭൂമിക്കുമേലെയും കീഴെയും
വീര്‍പ്പുമുട്ടിക്കഴിയുന്നുവോ?

പറഞ്ഞാല്‍ തീരാത്തത്ര ജീവിതങ്ങള്‍
നമുക്കിടയില്‍ വെളിച്ചമോ ഇരുട്ടോ
എന്നറിയാതെ ഞെട്ടറ്റുനില്‍ക്കുമ്പോള്‍

വീണുപോകുമോ
വീഴാതെ പോകുമോ
എന്നൊരുതുള്ളി
മേഘശാഖിയില്‍ പകച്ചിരിക്കുമ്പോള്‍

നിന്റെയുന്‍മാദം
എന്റെ ജലമോടും ഞരമ്പിലുറഞ്ഞ്
ചിരിപ്പെരുപ്പില്‍ നാം
തിരിച്ചിറങ്ങുമ്പോള്‍
കൂടില്ലാക്കിളികള്‍ നമ്മളില്‍നിന്ന്‌
ചിറകടിച്ചകലുന്നത്‌
നീയറിയുന്നുവോ?

എന്റെ വിരഹമേ എന്റെ മാത്രം വിരഹമേ
നിന്റെയാകാശം നിന്റെ പാതാളം
എന്റെ ഭൂമിക്കുമേലെയും കീഴെയും
വീര്‍പ്പുമുട്ടിക്കഴിയുന്നുവോ?

21 comments:

Sanal Kumar Sasidharan said...

എന്റെ പ്രണയമേ എന്റെ മാത്രം പ്രണയമേ....
എന്ന് ഒരൊറ്റവരിക്കവിത

Anonymous said...

വിരഹത്തില്‍ നിന്നും വിരഹത്തിലേക്ക് തുളുമ്പിയൊഴുകുന്ന പ്രണയമേ!
നീയില്ലാതെ ഞാനെങ്ങനെ?
നീയില്ലാതെ ഞാനെങ്ങനെ?

ഉപാസന || Upasana said...

അണ്ണാ ഇത് വായിച്ച് വെറ്തെ ഡള്‍ ആയി
;-)
ഉപാസന

ഓഫ് : ആ പ്രതിമ വില്‍പ്പനക്കാരന്റെ പോട്ടം കൊള്ളാം. അണ്ണനാണൊ..?

Latheesh Mohan said...

അണ്ണാ, ആ പ്രതിമയാണ് ഞാന്‍. അയാളെ വില്‍ക്കാന്‍ നടക്കുകയാണ്. അണ്ണന് വേണോ?

ഭൂമിപുത്രി said...

ഇതിനൊരു ഗസൽഛായകൊടുത്ത് മാറ്റിയെഴുതിനോക്കുമോ
ലതീഷ്?

Dinkan-ഡിങ്കന്‍ said...

കവിതായജ്ഞ പരിശ്രമം?

prathap joseph said...

kavitha marikkaathirikkunnathu neeyullathukontu maathramaanu latheesh

gi. said...

:)

gi. said...
This comment has been removed by the author.
Anonymous said...

വീണുപോകുമോ
വീഴാതെ പോകുമോ

Anonymous said...

പ്രിയ ലതീഷ്.. ഇത്തരം മടുപ്പിക്കുന്ന കവിതകള്‍ എഴുതാതിരിക്കുക...അഥവാ..എഴുതുന്നെങ്കില്‍ തന്നെ പ്രസിദ്ധീകരിക്കാതിരിക്കുക

Latheesh Mohan said...

ഇനിമുതല്‍ അങ്ങനെ ചെയ്യാം അനോണിമസ് :)

Thanx for the anonymous intimacy :) :)

വന്നുപോയവര്‍ക്കെല്ലാം നന്ദി :)

BS Madai said...

എന്തെഴുതണം, പ്രസിദ്ധീകരിക്കണം എന്നത് ബ്ലോഗ്ഗറുടെ സ്വാതന്ത്ര്യം - വായിക്കാ‍തിരിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന്റേത്. എഴുതരുത്, പബ്ലിഷ് ചെയ്യരുത് എന്നൊക്കെ പറയുന്നത് .....I dont think its a right approach.

yousufpa said...

എന്തൊക്കെയോ എവിടെയൊക്കെയോ ഒരിത് പടര്‍ന്നു.
അതിന് നോവെന്നോ ആകുലതയെന്നോ പേരിട്ടു വിളിക്കാം........

Anonymous said...

എഴുതുന്ന സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത് ഒരുതരം തടിതപ്പലാണ്`. എന്ത് തോന്ന്യാസവും എഴുതി പ്രസിദ്ധീകരിക്കാനുള്ളതല്ല ബ്ലോഗ്. ഭാഷയോടും സാഹിത്യത്തോടുമുള്ല ബഹുമാനം കൂടി കണക്കിലെടുക്കണം ....അല്ലാതെ ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യും വേണമെങ്കില്‍ സഹിച്ചോളൂ എന്ന സഗീറിയന്‍ നിലപാട് പ്രോല്സാഹനാര്‍ ഹമല്ല.

420 said...

അനോണിമസ്‌ അവര്‍കള്‍ക്ക്‌,
ഈ കവിത അങ്ങേയ്‌ക്ക്‌ എവിടംകൊണ്ടാണ്‌ തോന്ന്യാസമായി അനുഭവപ്പെട്ടതെന്ന്‌ അറിയാന്‍ താത്‌പര്യമുണ്ട്‌. എഴുതാനുള്ള സ്വാതന്ത്ര്യം എന്നുപറയുന്നത്‌ ഒരുതരം തപ്പലുമല്ല, എഴുതാനുള്ള സ്വാതന്ത്ര്യംതന്നെയാണെന്നാണ്‌ കരുതിയിരുന്നത്‌. ഭാഷ, സാഹിത്യം എന്നിവയെ ബഹുമാനിക്കേണ്ടവിധംകൂടി പറഞ്ഞുതരുമെന്നും, അതുവഴി ബ്ലോഗിനെയും മലയാളഭാഷ, സാഹിത്യം എന്നിവയെ മൊത്തത്തിലും ഐഎസ്‌ഓ നിലവാരത്തില്‍ എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.

she said...

എന്നാലും അനോണീ, ആ ‘സഗീറിയന്‍ നിലപാട്‘ എന്ന പ്രയോഗം കലക്കി കേട്ടോ! ചിരിപ്പിച്ചു കളഞ്ഞു ഹ ഹ. വൊക്കാബുലറിയിലേക്ക് ആഡ് ചെയ്തിട്ടുണ്ട് :)(സഗീര്‍ ഫാനാ താങ്കള്‍?)

ലതീഷ്, ഇതൊക്കെ ഒരു തമാശയല്ലേന്നേ!?

കവിത ഇഷ്‌ടപ്പെട്ടു. ചെറിയ ഒരു ഉലച്ചില്‍.

Anonymous said...
This comment has been removed by a blog administrator.
അനിലൻ said...

ലതീഷ്
സ്വാതന്ത്ര്യം എന്നൊരു വാക്ക് മലയാളത്തിലെന്നല്ല ഒരു ഭാഷയിലുമില്ല.

വീണുപോകുമോ
വീഴാതെ പോകുമോ
എന്നൊരുതുള്ളി
മേഘശാഖിയില്‍ പകച്ചിരിക്കുമ്പോള്‍

അത്തരം തുള്ളികള്‍ക്കെന്ത് സ്വാതന്ത്ര്യം!

ഓഫ്:
ഭാഷ, സാഹിത്യം, ബഹുമാനം.. ഇനി മറുപടി പറഞ്ഞാല്‍ ഇടി കൊറിയറില്‍ വരും, പറഞ്ഞില്ലെന്നു വേണ്ട.

sree said...

"സ്വാതന്ത്ര്യം എന്ന വാക്ക് മലയാളത്തില്‍ എഴുതുമ്പോള്‍ അതിന്റെ അര്‍ഥം എന്താണ്?"


ഹൊ! തോറ്റു :))

ഗുപ്തന്‍ said...

ഇതൊരു ചുമ്മാ കവിത എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ച്‌ വെറുതെ കമന്റാതെ നടന്നു. ഇന്നലെ വൈകിട്ട്‌ എനിക്കൊരുകാര്യം മനസ്സിലായി. ഈ കവിത ഞാൻ മനഃപാഠം പഠിച്ചു എന്ന് :)) (I dont mean that it is necessarily a compliment)

അതുകൊണ്ടല്ലേ ഒരിക്കലും കണ്ടിട്ടുകൂടിയില്ലാത്ത നിന്നെ എനിക്കിത്ര ഇഷ്ടം :)