Wednesday, December 3, 2008

ഇനി നീ ഒളിക്ക്, ഞാന്‍ കണ്ടുപിടിക്കാം

മുകളിലേക്കുനോക്കി മഴ ഒഴിച്ചു തരുമ്പോഴും
ഇടത്തേകയ്യുടെ മടക്കില്‍
ഒളിച്ചിരിപ്പുണ്ടാകും സംഗീതം
പുറത്തുവച്ച്‌ കാണുമ്പോള്‍ കൈനിവര്‍ത്തി പറത്തിവിടും
---എത്രകാലമാണിങ്ങനെ ഒരേദിശയിലേക്ക്‌ എന്നതിനാല്‍
ഒരുകൂട്ടം മരച്ചില്ലകള്‍ പക്ഷികളിലേക്ക്‌ പറക്കുന്നതു പോലെ തോന്നും---

കാല്‍മുട്ടുകള്‍ ഇളകിമറിയുന്നത്‌
താഴേക്ക്‌ നോക്കി നില്‍ക്കുമ്പോഴും
മഴ കുടിക്കുന്നവന്റെയുള്ളിലെ ഉഷ്ണകാലം
മറവിയായി പുറത്തുണ്ടാവും
അകത്തേക്ക്‌ കടന്നിരിക്കുമ്പോള്‍
ചെവിയിലേക്ക്‌ മുലത്തണുപ്പ്‌
ഊതിത്തരും
---മലചുറ്റി വളര്‍ന്ന കാട്‌ മലയിറങ്ങുന്നവന്റെ തലയൊപ്പത്തില്‍
താഴേക്ക്‌ വളഞ്ഞുവളഞ്ഞ്‌ അരുവിപോലെ ഇറങ്ങിവരും---

ഇല്ലാത്തവയുടെ കുറ്റബോധങ്ങളാണ്‌ ഉണ്ടായിരുന്നവ
എന്ന താളം
ഒരു തോന്നല്‍പോലെ കൂടെവരും
നമ്മള്‍ ചേര്‍ന്നിരിക്കും
എത്രകുടിച്ചാലും തീര്‍ന്നുപോകില്ല ഈ മഴ, സംഗീതം,
പിരിയുമ്പോഴുള്ള തണുത്ത കാറ്റ്‌
---ഒന്നും ബാക്കിയുണ്ടാവില്ല ഒന്നും
നഗ്നത എന്ന വാക്കുപോലും---

ഉണ്ടായിരുന്നവയുടെ
തോന്നലുകളാണ്‌
ഇല്ലാത്തവയെന്ന്‌
അറിഞ്ഞിട്ടു തന്നെയാണെല്ലോ
ഈ ഒരുമിച്ചു കുടിക്കല്‍

2

ഒറ്റയ്ക്കേ നടന്നുപോകൂ
ഒറ്റയ്ക്കേ തിരിച്ചുവരൂ
ഒറ്റയ്ക്കേ പെയ്തൊഴിയൂ
---ചില്ലകളില്ലെങ്കില്‍ എത്രനിസ്സഹായം പക്ഷിജന്‍മം എന്ന്‌
മരച്ചുവട്ടിലിരുന്ന്‌ ആരോപാടിയത്‌ നമ്മളില്‍ ചിറകാകും
തൂവല്‍ പോലെ നാം മെലിയും---

അതിനാല്‍,

ഭൂപടത്തില്‍ നിന്ന്‌ അടുത്തവഴി
പുറത്തെടുത്ത്‌ കുടഞ്ഞു വിരിക്കുമ്പോള്‍
രണ്ടായേ ഉണ്ടാകൂ നമ്മള്‍

9 comments:

വരവൂരാൻ said...

എത്രകാലമാണിങ്ങനെ ഒരേദിശയിലേക്ക്‌ എന്നതിനാല്‍
ഒരുകൂട്ടം മരച്ചില്ലകള്‍ പക്ഷികളിലേക്ക്‌ പറക്കുന്നതു പോലെ തോന്നും

ആശംസകൾ

കല|kala said...

“മഴ ഒഴിച്ചുതരുമ്പോഴും..
പക്ഷികളിലേക്കു പറക്കുമ്പോഴും..
ഒറ്റ്യ്ക്കു പെയ്തൊഴിയുമ്പോഴും..
പുറ്ത്തെടുത്തുകുടഞ്ഞു ..
വിരിക്കുമ്പോഴും...........“
എന്താ‍.. ചന്തം...!!!

Mahi said...
This comment has been removed by the author.
gi. said...
This comment has been removed by the author.
gi. said...

ഒറ്റയ്ക്കേ നടന്നുപോകൂ
ഒറ്റയ്ക്കേ തിരിച്ചുവരൂ
ഒറ്റയ്ക്കേ പെയ്തൊഴിയൂ

Mahi said...

അല്ലെങ്കിലും നിനക്കൊരേ ദിശയിലേക്ക്‌ നടക്കാന്‍ എന്നും മടിയായിരുന്നല്ലൊ.ഒരേ ദിശയിലേക്ക്‌ നടന്ന ഞങ്ങള്‍ക്കിടയില്‍ നീ വഴിവിട്ടു നടന്നു.വഴികളുടെ അസാധാരണത്വങ്ങളെ ഉള്ളില്‍ മുളപ്പിച്ച്‌ കവിതയാക്കി.ഇല്ലാത്തതിന്റെ കുറ്റബോധങ്ങളും ഉണ്ടായിരുന്നവയുടെ തോന്നലുകളും നീ കവിതയില്‍ എഴുതിവെച്ചു.മനസിന്റെ ഭൂപടത്തില്‍ നിന്നും നീ ഒരായിരം വഴികളെ കുടഞ്ഞു പുറത്തേക്കിട്ടു അതു കണ്ട്‌ ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കുന്നു
ചില്ലകളില്ലെങ്കില്‍ എത്രനിസ്സഹായം പക്ഷിജന്‍മം എന്ന്‌
മരച്ചുവട്ടിലിരുന്ന്‌ ആരോപാടിയത്‌ നമ്മളില്‍ ചിറകാകും
തൂവല്‍ പോലെ നാം മെലിയും---
ഇതിനെന്റെ പ്രത്യേക അവാര്‍ഡ്‌

420 said...

ഞാനൊളിച്ചാല്‍ നീയല്ല,
ഞാന്‍പോലും കണ്ടുപിടിക്കില്ല.

ഒരുകൂട്ടം മരച്ചില്ലകള്‍ പക്ഷികളിലേക്ക്‌....

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു...
തൂവല്‍ പോലെ മെലിഞ്ഞു..
ഈ മഴനൂലുകള്‍ക്കൊപ്പം അലയുന്നു...

ഹാരിസ് said...

എന്തിനാണ് എന്തെങ്കിലും പറയുന്നത് എന്ന് എപ്പോഴും ആലോചിയ്ക്കും.എങ്ങനെയാണ് പറയുക എന്ന് വേവലാതിപ്പെടും.പിന്നെ ഒന്നും പറയാതെ പോകും.ഈ വാക്കുകളെ നിങ്ങള്‍ അന്വേഷിച്ചു പോകുന്നതല്ല എന്നു സ്പഷ്ടം.