Thursday, January 1, 2009

ഭാരം, ഭയം

കുളിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍
ഒഴുക്കില്‍ പെടാന്‍ തുടങ്ങുന്നു
ഒഴുക്കിലൊതുങ്ങാന്‍
ഒഴുകിത്തുടങ്ങാന്‍
ഒരാള്‍ കയ്യും കാലും
വിട്ടുകൊടുക്കാന്‍ തുടങ്ങുന്നു

പുഴയരികിലിരുന്നാല്‍ കാണാം
ഒഴുക്കിനെതിരെയുള്ള കുളികള്‍
പന്തുപോലെ വീടുകള്‍
പശുക്കള്‍ പൂക്കള്‍
പുഴയരികിലിരുന്നാല്‍ കേള്‍ക്കാം
അക്കരെപ്പച്ചയില്‍
രാവിലെ എണീക്കുന്നതിന്റെ ഒച്ചകള്‍

കുളിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍
ഒഴുക്കില്‍ പെടാന്‍ തുടങ്ങുന്നു
എല്ലാം അയച്ചുവിട്ട്‌ ഒരാള്‍ രക്ഷപ്പെടുന്നു

പുഴയരികില്‍ നിന്നെണീറ്റ്‌
കാറ്റിനെതിരെ നടന്നാല്‍
ഒരാളെങ്കിലും ഒഴുകിപ്പോയല്ലോ
എന്ന സന്തോഷത്തില്‍ വീട്ടിലെത്താം
ഒഴുക്ക്‌ ഒരാളില്‍പെട്ടു
നാളമുതല്‍ അത്രയും കൂടുതലഴുക്കെന്ന്‌
വീടിനോട്‌ പറയാം

പുഴയരികിലിരുന്നാല്‍ കേള്‍ക്കാം
ഒഴുകിപ്പോയൊരാളെ
ഉമ്മവച്ചതിനെക്കുറിച്ച്‌
മീനുകള്‍ കാതടക്കി സംസാരിക്കുന്നത്‌

അപ്പോഴും കൊതി തോന്നും

ഭാരത്തെ പ്രതിയുള്ള വേവലാതികള്‍
വിട്ടുപോകുന്നില്ലെന്നിട്ടും

7 comments:

Jayesh/ജയേഷ് said...

ഞാന്‍ ഒഴുകിപ്പോകേണ്ടതായിരുന്നു

ഉപ ബുദ്ധന്‍ said...

പേടിയാകുന്നു.
ഇന്നലെയും കൂടുതല്‍ അഴുക്കുണ്ടെന്ന്
ആരോ പറയുന്നത് കേട്ടൂ!!!

മാണിക്യം said...

പുഴയരികിലിരുന്നാല്‍ കേള്‍ക്കാം
ഒഴുകിപ്പോയൊരാളെ
ഉമ്മവച്ചതിനെക്കുറിച്ച്‌
മീനുകള്‍ കാതടക്കി സംസാരിക്കുന്നത്‌

മീനുകള്‍ എന്താവും പറഞ്ഞത് ..
ആരെന്ന് കരുതിയാവും ഉമ്മ വച്ചത്?

യൂദാസിനെ പോലെ ഒറ്റുകൊടുക്കാനുമ്മയോ?
അതോ വികാര പരവശയായ കാമുകിയാം മത്സകന്യകയുടെ ചുംബനമോ?
അതോ നാട്ടാരുടെ അന്ത്യചുംബനമോ ?

“പുതു വത്സരാശംസകള്‍!”

gi. said...

ഭാരത്തെപ്രതിയുള്ള വേവലാതികൾ
തീരാൻ
ഒന്നൊഴുക്കിൽ‌പ്പെട്ടാൽ മാത്രം
മതി.

ഗുപ്തന്‍ said...

നിനക്കിത്തിരി ഭാരമുള്ളതാണ് നല്ലത്.. വേവലാതിയും.

ഒഴുക്കിനരികില്‍ വെറുതെ കുത്തിയിരിക്കുന്ന പാറക്കല്ലിന് ഭാരവുമില്ല വേവലാതിയുമില്ല. അതിന്റെ ഭാരം ഭൂമി വെറുതെ ചുമക്കുവല്ലേ :(

അയല്‍ക്കാരന്‍ said...

ഭാരമില്ലാത്തവരേ ഒഴുകിപ്പോകുന്നുള്ളൂ, ഭാരമുള്ളവര്‍ക്ക് അഴുകിപ്പോകാന്‍ തന്നെ വിധി

പകല്‍കിനാവന്‍ | daYdreaMer said...

പുഴയരികില്‍ നിന്നെണീറ്റ്‌
കാറ്റിനെതിരെ നടന്നാല്‍
ഒരാളെങ്കിലും ഒഴുകിപ്പോയല്ലോ
എന്ന സന്തോഷത്തില്‍ വീട്ടിലെത്താം
ഒഴുക്ക്‌ ഒരാളില്‍പെട്ടു
നാളമുതല്‍ അത്രയും കൂടുതലഴുക്കെന്ന്‌
വീടിനോട്‌ പറയാം

നല്ല ചിന്തകള്‍...ആശംസകള്‍ സുഹൃത്തേ...
ഒപ്പം ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു ....