സാകേതം ട്യൂഷന്‍ സെന്റെറില്‍ ത്രിസന്ധ്യയ്ക്ക്,
ജോസഫ് മാഷിന്റെ അനിയന്‍ ക്ളാസെടുക്കുമ്പോള്‍
ഉള്ളില്‍ നിന്നൊരു അക്ഷൌഹിണിപ്പട
കുലുങ്ങിയുണര്‍ന്ന് തെരുവിലേക്കോടുന്നു,
രാമായണം സീരിയല്‍ കാണുന്നു;
അവസാനത്തെ ഓവറിലെ
അവസാനത്തെ പന്തില്‍
വിധികാത്തു നില്‍ക്കുന്നവന്റെ
ഇളംനെഞ്ച് പിടയ്ക്കുന്നു : -
രാമന്‍ ആ വില്ല് ഉടയ്ക്കുമോ എന്തോ?
എത്ര കറുത്ത രാജാക്കന്‍മാരാണ് വന്നിരിക്കുന്നത്
മുട്ടാളന്‍മാര്‍, പാവം രാമന്‍ തോറ്റതു തന്നെ
കുഞ്ഞുമൈഥിലി കറുത്തരോമത്തില്‍ പിടഞ്ഞതു തന്നെ
ബലേ ബലബലേ ബലേ
കട്ടവില്ലുടഞ്ഞു, രാമന്‍ പണിതു
ഇനി നമ്മളാണ്, നമ്മുടേതാണ്
വെള്ളയ്ക്കാ പ്ളാവിലയില്‍ തുന്നിച്ചേര്‍ത്ത്
ചണച്ചരടുകൊണ്ട് പിന്നോട്ട് വളച്ചുകെട്ടി
നമ്മളുണ്ടാക്കിയ രഥങ്ങളില്‍
ആരൊക്കെയോ പൊടിപറത്തി
പാഞ്ഞു വരുന്നുണ്ട്
മഴയും വെയിലും മറന്ന്
ഈര്‍ക്കിലമ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും
പറക്കുന്നുണ്ട്
ഭൂമിവിട്ടുയരുകയാണെന്റെ
കരിമരുന്ന് നിറഞ്ഞുചിതറും
കാക്കാരശിനാടക ഞരമ്പുകള്‍
സ്കൂള്‍ തുറക്കുംവരെ യുദ്ധക്ഷീണമാണ്
ഊര്‍മിള വീട്ടില്‍ തന്നെയിരിക്കട്ടെ
ത്രിവര്‍ണത്തിലും ത്രികോണത്തിലുമാണ്
വനവാസം
6 comments:
വെള്ളയ്ക്കാ പ്ളാവിലയില്‍ തുന്നിച്ചേര്‍ത്ത്
ചണച്ചരടുകൊണ്ട് പിന്നോട്ട് വളച്ചുകെട്ടി
നമ്മളുണ്ടാക്കിയ രഥങ്ങളില്‍
ആരൊക്കെയോ പൊടിപറത്തി
പാഞ്ഞു വരുന്നുണ്ട്
....
കുട്ടിക്കളികളെന്ന് ലഘൂകരിച്ചുവിട്ട പലതും വിനാശകാരികളായി തിരിച്ചെത്തുന്നത് കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേയാണല്ലോ ലക്ഷ്മണാ!
ഇങ്ങനെമാത്രമേ ഇതെഴുതാവൂ എന്ന് ശാഠ്യം പിടിക്കുന്ന കവിത.
തികഞ്ഞ രാഷ്ട്രീയകവിത!
കുട്ടിക്കാലത്തെ ഇങ്ങിനെയെഴുതുമ്പോള്‍...
അന്ന് ഞാന്‍ കുട്ടിയായിരുന്നുവല്ലൊ
ഇന്നെനിക്ക് കുട്ടിയാവാനാവുന്നില്ലല്ലൊ...
ഗോപീകൃഷ്ണന് ശേഷം
മലയാളകവിത.
ബി ജെ പി ക്കു തൊട്ടുമുമ്പുള്ള എന്‍റെ കുട്ടിക്കാലത്ത് മൂവര്‍ണ്ണത്തില്‍ വരച്ചിരുന്ന ത്രികോണങ്ങള്‍ക്ക് ചുവപ്പുനിറമായിരുന്നു. കുലയ്ക്കാറായ വില്ലുകള്‍ ഉടയ്ക്കപ്പെട്ടിരുന്ന കാലം...ഊര്‍മ്മിള കൂടെ വന്നിട്ട് എന്താവാന്‍?
ത്രിവര്‍ണത്തിലും ത്രികോണത്തിലുമാണ്
വനവാസം
മതൃഭൂമിയില്‍ ഉണ്ണിയുടെ കുമ്പസാരം ഓര്‍മ വരുന്നു.നസീര്‍ക്ക പറഞ്ഞതിനോട് ഞാനും യോജിക്കുന്നു
ഇതിനേക്കാന്‍ കൂടിയ സാധ്യതയുള്ള കവിത ഇനി വരണം. ഒരോ ദിവസവും ഇങ്ങനെ കവിതയുമായി വന്ന് തൊടുന്നതിന് ഒരു ഫുള്‍ വാങ്ങിത്തരണം. ഒമ്പതിന് വൈകിട്ട് ആവട്ടെ :)
ലിബെറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അവസാന ഖണ്ഡിക വായിച്ചോ?
Post a Comment